ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

ചുംബനസമരം അഥവാ സദാചാരപോലീസിംഗിനെതിരേയുള്ള പ്രതിഷേധ സമരത്തോടുള്ള ദീപക് ശങ്കരനാരായണന്റെ അഴിമുഖത്തില്‍ എഴുതിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണിത്. കമന്റായി എഴുതി വന്നപ്പോള്‍ ഈ പരുവത്തിലായി….

ദീപക്കിന്റെ ലേഖനം – സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും.

ദീപകിന്റെ കുറിപ്പിലെ യുക്തികളെക്കാളും പ്രശ്നമുള്ളത് അതിന്റെ ടൈമിംഗിലാണ്. ഏതൊരഭിപ്രായ പ്രകടനത്തിനും അതിന്റെ ഒബ്ജക്റ്റിവിറ്റിക്കപ്പുറം ടൈമിംഗിനും പ്രസക്തിയുണ്ട്. സദാചാര പോലീസിംഗ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പക്ഷെ വര്‍ദ്ധിച്ചു വരുന്ന ഫാസിസ്റ്റ് മേല്‍നോട്ടങ്ങള്‍ക്കും അക്രമത്തിനും ഒരു സ്റ്റേറ്റ് മെഷിനറിയുടെ പിന്‍‌ബലം മോഡിയുടെ അരങ്ങേറ്റത്തോടെ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഫാസിസം കൊങ്ങയ്ക്ക് പിടിക്കുമ്പോള്‍ അതിന്റെ മുരള്‍ച്ചയുടെ തരംഗദൈര്‍ഖ്യത്തെപ്പറ്റി സൈദ്ധാന്തിക്കുന്നതില്‍ ഒരു അശ്ലീലം ചുവയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

1. ചുംബനം, പുരോഗമന രാഷ്ട്രീയം, നവ ലിബറിലിസം..

ഫ്യൂഡല്‍ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ സംഭാവനകളും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്, അതിനു പുരോഗമനപരമായ ഒരു തുടര്‍ച്ചയുടെ തലമുണ്ട്. വര്‍ഗ്ഗ, രാഷ്ട്ര, സ്വത്വ വിഭാഗീകരണങ്ങള്‍ക്കപ്പുറമാണ് ആ തുടര്‍ച്ചയുടെ ചക്രമുരുളുന്നത്. ഈ തുടര്‍ച്ചയുടെ ചരിത്രത്തിന്റെ, പുരോഗമാത്മകതയാണതിന്റെ രാഷ്ട്രീയവും എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ ഓരോ ചലനങ്ങളേയും അളക്കേണ്ടത്, അതിലെ പുരോഗമനദര്‍ശനങ്ങളെയും റിഗ്രസ്സീവായ ചലനങ്ങളെയും രാഷ്ട്രീയമായിത്തന്നെ വേര്‍തിരിച്ചു കാണേണ്ടത് ഈ തുടര്‍ച്ചയുടെ പച്ഛാത്തലത്തിലാണ്.

ഒരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശം കൊണ്ട് അശുദ്ധയാക്കപ്പെടുന്നവളാണ് സ്ത്രീ, അല്ലെങ്കില്‍ അവളുടെ ശരീരത്തിന്മേലുള്ള സ്പര്‍ശങ്ങള്‍ക്ക് തന്നെ അവകാശികളുണ്ട് എന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ കാഴചപ്പാടില്‍ ഒരു പാസ്സിവായ വസ്തുവിന്റെ സ്ഥാനമാണ് സ്ത്രീക്കുള്ളത്, ഉടമസ്ഥതില്‍ വയ്ക്കാനും (നെറുകയില്‍ സിന്ദൂരക്കുറി), ഉപയോഗിക്കാനും സം‌രക്ഷിക്കാനുമൊക്കെ ആയിട്ടുള്ള പാസ്സീവായ ഏജന്‍സി ഇല്ലാത്ത വെറും വസ്തു. ഈ സങ്കല്‍‌പ്പത്തെയാണ് ആക്റ്റീവായ ഒരു സ്ത്രീ തകിടം മറിക്കുന്നത്. ഒരു പുരുഷനെ ചുംബിച്ചതുകൊണ്ടോ (പുരുഷനാല്‍ ചുംബിക്കപ്പെട്ടതുകൊണ്ടോ) അതുപോലെ സ്പര്‍ശിച്ചതുകൊണ്ടോ അശുദ്ധയാകാന്‍ വിസമ്മതിക്കുന്ന, സ്വതന്ത്രമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഏജന്‍സിയുള്ള സ്ത്രീ തകരാറിലാക്കുന്നത് ഈ സിസ്റ്റത്തെയാണ്. സംസ്കാരം തകര്‍ന്നേ എന്നു നിലവിളിച്ചുകൊണ്ട് സദാചാര ഗുണ്ടായിസം അരങ്ങേറുന്നതും സ്വാഭാവികം. സദാചാരം വാളോങ്ങുന്നത് സ്ത്രീയുടെ ഏജന്‍സിക്കു നേരെയാണ്, അതു തന്നെയാണ് സദാചാരത്തിന്റെ രാഷ്ട്രീയവും.

പരസ്യമായി ചുംബനമുള്‍പ്പടെയുള്ള ആക്റ്റീവായ പ്രവര്‍ത്തികളില്‍ പുരോഗമനാത്മകത വരുന്നത് പാസീവായ ഏജന്‍സിയില്ലാത്ത അവസ്ഥയില്‍ നിന്നും പുരുഷനു തുല്യമായ, സ്വാതന്ത്ര്യം സ്വയം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ എത്തുന്നു എന്നിടത്താണ്. നിലവിലുള്ള ഫ്യൂഡല്‍ കാഴ്ചപ്പാടില്‍ നിന്നും പുരോഗമനപരമായ മുന്നോട്ടു പോക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തു തന്നെയാകട്ടെ, അത് നവ ലിബറല്‍ ചുറ്റുപാടുകളാണെങ്കില്‍ തന്നെയും അതില്‍ പരിഭവപ്പെടാനോ ആവലാതിപ്പെടാനോ ഒന്നുമില്ല, കാരണം ഈ പുരോഗമനാത്മകത നവ ലിബറലിസത്തിന്റെ എക്ലൂസിവ് പ്രോപ്പര്‍ട്ടിയായി സമ്മതിച്ചു കൊടുക്കേണ്ടതായ ഒന്നല്ല, മാത്രമല്ല ഇത്തരം തുടര്‍ച്ചകളെ നവ ലിബറല്‍ മൂല്യങ്ങളെന്ന ക്ലീഷെകളില്‍കൊണ്ടു കെട്ടുന്ന ഉപരിപ്ലവകരമായ കാഴ്ചപ്പാടുകളെ തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂഡല്‍ യുക്തികളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊന്ന്, ഈ പുരോഗമനപരതയുടെ തുടര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഏറ്റവും താഴേക്കിടയിലുള്ള അധകൃത വര്‍ഗ്ഗങ്ങളുമായിരിക്കും, കാരണം പരാശ്രിതത്വം പേറുന്ന വിഭാഗങ്ങളെന്ന നിലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും അവര്‍ തന്നെയാണ്, കുറച്ചുകൂടി സൂക്ഷമമായിപ്പറഞ്ഞാല്‍ അതിനുള്ളിലെ സ്ത്രീകളും. തകരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളാകുമ്പോള്‍ അതിന്റെ ഗുണം അധകൃത വര്‍ഗ്ഗങ്ങള്‍ക്കുകൂടിയാകും ആശ്വാസം പകരുക.

2. പ്രതിഷേധങ്ങളും ക്ലാസും (വര്‍ഗ്ഗവും)

ദീപക് ചൂണ്ടിക്കാട്ടിയ മോറല്‍ പോലീസിങ്ങിലെ വര്‍ഗ്ഗീകരണത്തോടു യോജിപ്പുള്ള ഭാഗം ഇതരങ്ങേറുന്ന ഭൗതിക ഇടങ്ങള്‍ ഗ്രാമങ്ങളും അവിടുത്തെ ഇരകള്‍ ഈ അധകൃത വര്‍ഗ്ഗവുമാണെന്നതിനോടാണ്, എന്നാല്‍ ഇതില്‍ ഇസ്ലാമിക്/ ഹൈന്ദവ ഫണ്ടമെന്റെലിസ്റ്റുകളുടെ പങ്ക് ഭിന്നമായി അടയാളപ്പെടുത്തിയതിനോട് യോജിപ്പില്ല. ഒന്നാമതായി ഭൗതിക ഇടങ്ങളെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് പരാശ്രിതക്കൂട്ടങ്ങളില്‍ സ്വാഭാവികമായും രൂപപ്പെടുന്ന കമ്യൂണിറ്റി മെന്റാലിറ്റിയിലൂടെയാണ്. നിലനില്പിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ ഗോത്രപരതയുടെ പരിണിതി പ്രത്യക്ഷമായ ഒരു പോലീസിങ്ങിന്റെ നിര്‍മ്മിതിയിലായിരിക്കുമെന്നത് പല ഗോത്രപഠനങ്ങളില്‍ നിന്നും നിരീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മോറല്‍ പോലീസിംഗ് എന്നത് ഗോത്രപരതയുടെ സവിശേഷതകളിലൊന്നായിട്ടാണു മനസ്സിലാക്കേണ്ടത്, അതില്‍ ഹൈന്ദവ/ഇസ്ലാമിക വേര്‍തിരിവുകള്‍ക്ക് പ്രത്യേകിച്ചു സ്ഥാനമില്ല, തുടങ്ങി വച്ചത് ഇതിലേതെങ്കിലും ഒരു കൂട്ടരാണെന്നു പറയുന്നതിലും യുക്തിയില്ല.

നേരെ മറിച്ച് മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസുകളുടെ ഭൗതിക ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണ്, മാത്രവുമല്ല അവിടങ്ങളില്‍ താരതമ്യേനെ പരാശ്രയ വിധേയമായ ഒരു ഗോത്രപരത പ്രത്യക്ഷമായി അസാധ്യവുമാണ് കാരണം ഇവിടെ പരാശ്രിതത്വം തന്നെയാണ് വലിയ ഒരു അളവുവരെ ഇല്ലാതായിട്ടുള്ളത്. ഈ പരാശ്രിതത്വത്തിന്റെ അഭാവം (മൊത്തത്തിലുള്ള അഭാവമല്ല) സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം തന്നെയാകണം ഗ്രാമങ്ങളില്‍ നിന്നും ഭൗതികമായ ഒരു പറിച്ചു നടലിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഗ്രാമ ഇതര ഇടങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കുള്ള ആവിഷ്കാരം സാധ്യമാക്കുന്നത് അവിടങ്ങളില്‍ പ്രത്യക്ഷമായി ഇല്ലാത്ത കമ്യൂണിറ്റി മെന്റാലിറ്റിയും അതിനോടനുബന്ധമായി വരുന്ന പോലീസിംഗുമാണ്. മറ്റു പല രീതികളില്‍ ലൂസായിട്ടുള്ള കമ്യൂണിറ്റികള്‍ രൂപപ്പെടുമെങ്കിലും അതിനു ഗ്രാമങ്ങളിലെ പരാശ്രയ സ്വാഭാവത്തില്‍ നിന്നും വരുന്ന തരത്തിലുള്ള പോലീസിങ്ങിനെ ഉല്പാദിപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ അത്തരം പോലീസിങ്ങിനെ ചെറുക്കുക എന്നതായിരിക്കും ഇവിടങ്ങളിലെ സ്വാഭാവികമായ പ്രതികരണം. ഗോത്രപരതയുടെ ഭാഗമായ മൂല്യങ്ങള്‍ ഇവിടെ ഒരു പരിധിവരെ നിലനിര്‍ത്തിപ്പോരുന്നത് വര്‍ഗ്ഗത്തെയും, ഭൗതിക ഇടങ്ങളെയും മറികടക്കുകയും ചെയ്യുന്ന ഒന്നുകൊണ്ടായിരിക്കും. ഇവിടെയാണ് മതം പ്രസക്തിയാര്‍ജ്ജിക്കുന്നത്. സംഘപരിവാറിന്റെ പോലീസിംഗിന്റെ മാര്‍ഗ്ഗങ്ങളായി സ്വാഭാവികമായും മതവും ദേശീയതയുമൊക്കെ കടന്നു വരുന്നതും. സംഘപരിവാറിനെ, ഫ്യൂഡല്‍ മൂല്യങ്ങളുടെ സം‌രക്ഷകര്‍ എന്ന നിലയില്‍ അധികാരം കൈയ്യാളുന്ന ഒരു ഗോത്രവര്‍ഗ്ഗമായാണു മനസ്സിലാക്കേണ്ടത്, അവരുടെ ഗോത്രപരതയുടെ വ്യാപന മേഘലകളായി അവര്‍ കാണുന്നത് ഈ ഗ്രാമ ഇതര ഇടങ്ങളെയാണ്. വര്‍ഗ്ഗങ്ങളെ മറികടന്നു തങ്ങളുടെ പോലീസിംഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് മതവും സംസ്കാരവും ഇവിടെ ഇവര്‍ക്ക് തുണയാകുന്നത്.

ക്യാപ്പിറ്റലിസത്തില്‍ നവ ലിബറലിസത്തിന്റെ പ്രേരകങ്ങള്‍ സാമ്പത്തികമാണെന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായ പരാശ്രിതത്വമില്ലായ്മ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകളാണു തുറന്നിടുന്നത്. ആ സ്വാതന്ത്യത്തിന്റെ അനുശീലനത്തില്‍ നിരുത്തരവാദപരമായതും അല്ലാത്തതുമായ പോരായ്മകളുമുണ്ടാകുന്നതുകൊണ്ടു മാത്രം ഈ ഉല്‍‌പാദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലാതാകുന്നില്ല. ഇത് നേരത്തെ സൂചിപ്പിച്ച നവോത്ഥാനമുള്‍പ്പടെയുള്ള പുരോഗമനാത്മകതയുടെ തുടര്‍ച്ചയുടെ ഭാഗമായി തിരിച്ചറിയേണ്ടതുമാണ്. ഗോത്ര വര്‍ഗ്ഗ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ആ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും അതിന്റെ ഇമ്പാക്റ്റ് അധകൃത വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടാകുമെങ്കിലും അനിവാര്യമാണ്. സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നതും ഇതു തന്നെയാണ്.

3. സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്നതിലെ രാഷ്ട്രീയം.

പരസ്യമായ ചുംബനത്തിനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ടിയുള്ള സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്ന ദീപക്കിന്റെ യുക്തിയോടും യോജിക്കുന്നില്ല. ദീപക് പറയുന്നത്

a.”പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്”

b. “മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.”

c. ” രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം.”

ഒരു മധ്യവര്‍ഗ്ഗ പ്രതികരണമായതു കൊണ്ട് തീര്‍ച്ചയായും അതില്‍ ക്ലാസുണ്ടാകും, അത് ദീപക് തന്നെ തിരിച്ചറിഞ്ഞ പോലെ ഇഷ്യുവിന്റെ ക്ലാസ് സ്വഭാവമല്ല, മറിച്ച് പ്രതികരിക്കുന്ന ആളുകള്‍ ആ ക്ലാസിലുള്ള ആളുകളായതുകൊണ്ടു മാത്രമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് പുരോഗമനത്തിന്റെ മാനങ്ങളില്‍ മുന്നേറ്റം വരുന്നത് ആ സ്വാതന്ത്ര്യത്തിനു വികസിക്കാനുള്ള ഇടങ്ങളുള്ളിടത്താണ്, നേരത്തെ സൂചിപ്പിച്ചതു പോലെ അതിനുള്ള ഇടങ്ങളില്ലാത്തിടത്ത് അത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇവിടെ ക്ലാസ് എന്നത് ഒരു കണ്‍സേണേ ആകേണ്ട കാര്യമില്ല. ഇവിടെ ക്ലാസുണ്ട് എന്ന നിരീക്ഷണം, സോ വാട്ട്? എന്ന ഒറ്റ് ചോദ്യത്തില്‍ തകര്‍ന്നു പോകുന്ന യുക്തിയേ ഈ ക്ലാസ് കണ്‍‌സേണിനുള്ളൂ, കാരണം ഈ പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുരോഗനമാത്മകയ്ക്ക് ക്ലാസുമായി ബന്ധമില്ല. ഇഷ്യുവിനെ അവഗണിച്ചിട്ട് ഇഷ്യു മുന്നോട്ടു വച്ച ആളിനെ ആധാരമാക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്, അത് നീ മിശ്രവിവാഹം കഴിച്ചിട്ടു മതി മിശ്രവിവാഹത്തിനു വേണ്ടി സംസാരിക്കുന്നത് എന്നു പറയുന്ന ഫാലസിയുടെ മറ്റൊരു വേര്‍ഷനാണ്. മറ്റൊരു അപകടമുള്ളത്, മധ്യവര്‍ഗ്ഗത്തില്‍ നിന്നും ട്രിഗര്‍ ചെയ്യപ്പെടാവുന്ന എല്ലാ പ്രതിഷേധങ്ങളെയും ഇത്തരത്തില്‍ കുറച്ചുകാണാനുള്ള സാധ്യത ഇത്തരം അനാലിസിസുകളില്‍ ഉണ്ടെന്നതാണ്

4. അരാഷ്ട്രീയത, ആം ആദ്മി, സംഘ പരിവാര്‍

ദീപക് പറയുന്നു.

“വീണ്ടും ഡല്‍ഹി റേപ്പെടുക്കുക – ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു”

ആം ആദ്മി പാര്‍ട്ടിയുടെ സദാചാരഗുണ്ടായിസം ഡല്‍ഹി നിവാസികള്‍ക്ക് പരിചിതമാണ്, അവര്‍ അതില്‍ പങ്കാളികളുമാണ്,. കറുത്ത വര്‍ഗ്ഗക്കാരെ സദാചാരം പഠിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ആം ആദ്മിക്കാര്‍ തന്നെയായിരുന്നല്ലോ അവരെന്നും പുരുഷാധിപത്യത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചു പോന്നിട്ടുള്ളത്. ആം ആദ്മിയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്ര അടിത്തറ പുരുഷാധിപത്യ യാഥാസ്ഥിതികതയുടേതായിരിക്കും, കാരണം സമൂഹം അഥവാ പരിഷ്കൃതനല്ലാത്ത മനുഷ്യന്‍ അഥവാ ആം ആദ്മി, അതാണ്.

ലോകത്തെവിടെയും ഈ അപരിഷ്കൃത ആം ആദ്മി പുരോഗമന ആശയങ്ങളുടെ കൂടെ നിലയുറപ്പിച്ചതായി ചരിത്രമില്ല. അവന്റെ കൂടപ്പിറപ്പായ മൊറാലിറ്റി മാത്രമേ അവന് മനസ്സിലാകൂ. ഒബ്ജക്റ്റിവിറ്റി അവനു ചെകുത്താന്റെ സന്തതിയായിരിക്കും. അതുകൊണ്ടാണ് കറുത്തവന്റെ മൊറാലിറ്റി അവനു ചെകുത്താനു തുല്യമായി അനുഭവപ്പെടുന്നത്. എന്തിന്, സാമ്പത്തിക അഴിമതി പോലും അവന് മനസ്സിലാകണമെങ്കില്‍ അത് മൊറാലിറ്റിയുടെ ഭാഷയില്‍ അവതരിപ്പിക്കപ്പെടണം. അഴിമതിക്കെതിരെ അവന്‍ തെരുവിലിറങ്ങിയത് ഇതേ മൊറാലിറ്റിയുടെ ഗാന്ധിയന്‍-അണ്ണാ ഹസ്സാരെ ഭാഷയില്‍ ഗര്‍ജ്ജിച്ചുകൊണ്ടായിരുന്നു. അതായത് സാമ്പത്തിക അഴിമതിയെ ഒരു മോറല്‍ ഇഷ്യുവായി കാണാനായതുകൊണ്ടു മാത്രമാണ് അവനു പ്രതികരിക്കാനായത്, ഒരു കണക്കിനു സദാചാരവാദ സമരം തന്നെയായിരുന്നു അവരുടെ അഴിമതിവിരുദ്ധ സമരം.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗങ്ങളുടെ പച്ഛാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഈ മൊറാലിറ്റിയെ മറികടക്കാനായതാണ് അതിന്റെ പ്രസക്തി. മൊറാലിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം അവയെ നിരാകരിക്കുകയും, അതിലുപരി യാഥാസ്ഥിതികപുരുഷാധിപത്യ മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അതിനു വളരാനായി എന്നിടത്താണ് അതിന്റെ വിജയം (ഇതിനെ ഒരു മോറല്‍ ഇഷ്യു മാത്രമായി കണ്ട നല്ലൊരു വിഭാഗവുമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല). സൈബര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ഡിസ്കോര്‍സിന്റെ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ സംഭവിച്ചതും ഫെമിനിസ്റ്റുകള്‍ എന്നു സ്വയം ഐഡന്റിഫൈ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ഒരു ഘട്ടത്തെ മറികടക്കാനായി എന്നതും ഈ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടിയാണ്.

ഇവിടെയാണ് ദീപക്കിന്റെ നിരീക്ഷണത്തിലെ പോരായ്മ കിടക്കുന്നത്. കേജ്റിവാള്‍ നയിച്ച ആം ആദ്മി മുന്നേറ്റത്തിലെ സദാചാര മനോഭാവം മോഡിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചുവെങ്കില്‍, ഡല്‍ഹി ബലാത്സംഗ പ്രതിഷേധങ്ങള്‍ക്ക് മോഡി വിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ ഒരു ഡിസ്കോര്‍സിനെ നിലനിര്‍ത്താനായി എന്നത് ദീര്‍ഘകാല ദൃഷ്ടിയില്‍ പുരോഗമനപരമായ ഒന്നു തന്നെയാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചുംബന-സദാചാരവിരുദ്ധ സമരത്തെ കാണേണ്ടതും. ഇതിനു തെളിവാണ് ഈ സമരത്തിനെ എതിര്‍ത്ത ഹൈന്ദവ/ഇസ്ലാമിക സദാചാരഗുണ്ടകളുടെ ഐക്യപ്പെടല്‍. ഇതൊരു പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടല്‍ കൂടിയാണെന്നു വ്യക്തമാകുന്നതോടെ ഫാസിസത്തിന്റെ സ്വഭാവം കൂടുതല്‍ തെളിമയോടുകൂടി കാഴ്ചപ്പെടുകയാണിവിടെ. നരേന്ദ്രമോഡി പിന്‍‌പറ്റുന്നതും ഇതേ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണെന്ന സത്യത്തെ അധികം നാള്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണിതിന്റെ രാഷ്ട്രീയ സാധ്യത.

5. പ്രയോറിറ്റികളുടെ രാഷ്ട്രീയം.
ദീപക്കിന്റെ മറ്റൊരു നിരീക്ഷണം പ്രയോറിറ്റികളുടേതാണ്. കേരളത്തിലെ മോറല്‍ പോലീസിംഗ് പരമ്പരകളെ കണക്കിലെടുത്താല്‍ താരതമ്യേനെ നിസ്സാരപ്പെട്ട ഒന്നിനു കിട്ടുന്ന പ്രതികരണം, ഇത് മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, സ്ത്രീകള്‍ക്ക് ഇതിലും വലിയ ഇഷ്യുകളുണ്ടെന്നും ചുംബനമല്ല പ്രയോറിറ്റിയെന്നതുമായ വാദങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ താരതമ്യങ്ങള്‍ക്ക് ഇവടെ പ്രസക്തിയില്ല കാരണം ഇവിടെ നമ്മള്‍ പല ചോയ്സുകള്‍ മുന്നില്‍ വച്ചിട്ട് അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്, അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ മാത്രമേ പ്രയോറിറ്റികള്‍ അപ്ലൈ ചെയ്യാനാകൂ. ഇവിടെ ഒരു സംഭവം ട്രിഗര്‍ ചെയ്ത് ഒരു ഇഷ്യു, അതിലൂടെ പത്തിവിടര്‍ത്തിയ ഫാസിസവും അതിനെതിരേയുള്ള പ്രതിരോധ സമരവും വിഷയമാകുന്നിടത്ത് പ്രയോറിറ്റികളുടെ താരതമ്യ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല അത് ഒരു ഡിസ്ട്രാക്ഷനുമാണ്.

ദീപക് ഉന്നയിക്കുന്ന വാദങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്, അത് പല തലങ്ങളിലാണെന്നു മാത്രം…

പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റുകള്‍

ഇതൊരു പ്രതികരണക്കുറിപ്പാണ്‌.

റേപ്പ് നടക്കുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുമൂലമുള്ള പ്രലോഭനങ്ങള്‍ക്കൊണ്ടാണെന്നുള്ള ധാരണകള്‍, കുറ്റം റേപ്പ് ചെയ്തവനില്‍ നിന്നും റേപ്പ് ചെയ്യപ്പെട്ടവളിലേക്കു തന്ത്രപൂര്‍‌വ്വം മാറ്റിയെടുക്കുന്നു. സ്ത്രീയുടെ ശരീരം കണ്ടാല്‍ ഉടനെ തന്നെ അതൊരു വസ്തുവാണെന്നും ആ വസ്തുവിനു ജീവനോ, അവകാശങ്ങളോ ഇല്ലാത്തതുകൊണ്ട് അതിനെ അവകാശപ്പെടാനും, സം‌രക്ഷിക്കാനും, ഉപയോഗിക്കുവാനുള്ള അവസരമായി കണക്കാക്കുന്ന ധാരണകളുമായി നടക്കുന്ന ഓരോ പുരുഷനും ഒരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണു. അത്തരമൊരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റിനെ പരിചയപ്പെടുത്തുന്നു.

ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ കുറിപ്പ്

http://www.vallikkunnu.com/2012/12/please-rape-me.html

വള്ളിക്കുന്നു പറയുന്നു..

“സമൂഹത്തില്‍ കള്ളന്മാരുണ്ട്‌ എന്ന് തിരിച്ചറിയുന്നത്‌ കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരെ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാരെക്കെതിരെയുള്ള ശിക്ഷാ നടപടികളോളം തന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.”

വീടിന്റെ വാതില്‍ കുറ്റിയിട്ടാല്‍ കള്ളന്മാരെ പ്രലോഭിപ്പിക്കാതിരിക്കാം, അതുപോലെ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ റെപ്പിസ്റ്റുകളെ പ്രലോഭിപ്പിക്കാതിരിക്കാമെന്നു. അതായത് സ്ത്രീയെന്നു പറയുന്നത് ജീവനില്ലാത്ത വീടു പോലൊരു വസ്തു മാത്രമാണെന്നു പറഞ്ഞു വച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. വസ്തുക്കള്‍ക്കെന്ത് അവകാശം?, അതിന്മേലാണു അവകാശം. വസ്തുക്കള്‍ക്കളെയാകുമ്പോള്‍ സം‌രക്ഷിക്കുകയും വേണം.
ഇയാള്‍ വെറുമൊരു മരക്കിഴങ്ങനൊന്നുമല്ല ഒന്നാന്തരം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണ്.
ദേ കിടക്കുന്നു പൊട്ടെന്‍‌ഷ്യല്‍ റേപ്പിസ്റ്റിന്റെ മറ്റൊരു പീസ്

രതിഷേധ ജ്വാലകള്‍ക്കിടയില്‍ മുംബെയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഢനത്തിനെതിരെ പ്രതികരിക്കുന്നതിനു വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌ നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്‌.. കാമോദ്ധീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. ‘സ്റ്റോപ്പ്‌ റേപ്പ്’ എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ശരീരത്തിന്റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം ‘സ്റ്റോപ്പ്‌ റേപ്പ്’ എന്നല്ല ‘പ്ലീസ് റേപ്പ് മി’ എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചു പറയുന്നത്!! (ആ ഫോട്ടോ ഇവിടെ നല്‍കി ഹിറ്റ് കൂട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല).

നഗ്നശരീരം കണ്ടാല്‍ ഉടനെ റേപ്പ് മീ റേപ്പ് മീ എന്നാണു അതു പറയുന്നത് എന്നു സ്ത്രീയെ വസ്തുവായു മാത്രം കാണുന്ന റേപ്പിസ്റ്റുകള്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ഇത്തരം മരക്കിഴങ്ങന്മാരായ ഫാസിസ്റ്റുകളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കളയാം എന്ന വ്യാമോഹമൊന്നുമില്ല. വളരെ ഓബ്‌വ്യസ്സായ കാര്യങ്ങളാണ്‌ എങ്കിലും പറയാതെ വയ്യ.

ഒരു സ്ത്രീ നഗ്നയാകുമ്പോള്‍ അത് വെറുമൊരു നഗ്ന ശരീരം മാത്രമാകുന്നില്ല, എല്ലാ അവകാശങ്ങളും ഉള്ള സ്ത്രീ തന്നെയാണ്‌ . അവളുടെ അനുവാദമില്ലാതെ ഒന്നും തന്നെ സാധ്യമല്ലെന്നു തിരിച്ചറിയാന്‍ അല്പം ജനാധിപത്യബോധം മാത്രം മതി. അതിലുപരി നഗ്നത എന്നത് ലൈം‌ഗീക വേഴ്ചയ്ക്കുള്ള ഇന്‍‌വിറ്റേഷനാണെന്ന തെറ്റിദ്ധാരണ തന്നെ വരുന്നത് ഇവിടെ ഉപയോഗിക്കപ്പെടാനായി സന്നദ്ധപ്പെട്ടുവരുന്ന ഒരു വസ്തുവായിമാത്രം നഗ്നതയെ മനസ്സിലാക്കിയിരിക്കുന്ന പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തില്‍ നിന്നുമാണു്‌. ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് മതങ്ങളും.

റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ മോശമായിക്കാണുന്നതും ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്‌. ഉപയോഗിക്കപ്പെട്ട വസ്തുവെന്ന നിലയ്ക്ക് വീണ്ടും സ്ത്രീയുടെ വസ്തുവല്‍ക്കരണം തന്നെയാണിത്. മറ്റൊന്നു ‘ചാരിത്ര്യം നഷ്ടപ്പെട്ട’ എന്ന പ്രയോഗം, ഇവിടെയും ഉപയോഗിക്കപ്പെട്ട വസ്തുവെന്ന പാട്രിയാര്‍ക്കല്‍ വാല്യൂ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.
പരസ്പര അനുവാദത്തോടുകൂടിയ ലൈംഗീകതയില്‍പ്പോലും തുല്യത നമ്മുടെ വാല്യൂ സിസ്റ്റം സ്ത്രീക്ക് കൊടുക്കുന്നില്ല. ലൈംഗീകതയ്ക്കൊടുവില്‍ അതു പുരുഷന്റെ വിജയമായാണു കാഴ്ചപ്പെടുന്നത്.

മാറേണ്ടത് പാട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റമാണ്‌. അല്ലാത്തിടത്തോളം ഇത്തരം പൊട്ടന്‍‌ഷ്യല്‍ റേപ്പെസ്റ്റുകള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും.

വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!

മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!

പണ്ട് ഭൂമി ഉരുണ്ടതാനെന്നു പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയ മതാധികാരികളൊക്കെ ഇന്നു മറ്റൊരു സത്യം കേട്ടപ്പോള്‍ വീണ്ടു തുള്ളുകയാണു, കൂടെ തുള്ളാന്‍ കുറേ ഏമ്പോക്കികളും. 

സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു. മനുഷ്യാവകാ‍ശലംഘനത്തെ പ്രോത്സാഹിപ്പിക്കാനും തെരുവിലിറങ്ങുന്ന വിചിത്രമായ കാഴ്ചയാണു നമ്മുടെ നാട്ടില്‍ ഏഴാ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ ഇപ്പോഴരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സഭാധികാരികള്‍ ഇതു പറയുന്നത് മനസ്സിലാക്കാം. മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് സഭയെങ്ങനെ സഹിക്കും, അതും സ്വാതന്ത്ര്യത്തെ മുട്ടുതല്ലിയൊടിച്ച് ‘മുടന്തന്‍ സ്വാതന്ത്ര്യത്തെ‘ കുഞ്ഞാടുകള്‍ക്കു വലിയൊരു ഔദാര്യമെന്ന മട്ടില്‍ കൊടുത്തു ശീലിച്ച സഭാധികാരികള്‍ക്ക് യഥാര്‍ത്ഥ സ്വാ‍തന്ത്ര്യം പേടിസ്വപ്നമാകുന്നതില്‍ അത്ഭുതപ്പേടേണ്ടതില്ല. ഒലിച്ചു പോകുന്നത് അധികാരമാകുമ്പോള്‍ പ്രത്യേകിച്ചും.

മനുഷ്യാവകാശങ്ങളെയോ ജനാധിപത്യ അവകാശങ്ങളെയോ അംഗീകരിക്കാത്തവര്‍ക്ക് ആ സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള അവകാശമില്ല. സഭയ്ക്കു ഇതംഗീകരിക്കാത്ത കുഞ്ഞാടുകളുമായി ഇന്ത്യ വിട്ടുപോകാനുള്ള അവകാശമുണ്ട്, കാട്ടിലേക്കോ, വത്തിക്കാനിലേക്കോ..

ഇതിനെ പിന്തുണച്ചുകൊണ്ട് കെ.എസ്.യു. കോമാളികളും തെരുവിലിറങ്ങിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ക്കും പെട്ടെന്നു ജനാധിപത്യവും, മനുഷ്യാവകാശങ്ങളും ഹറാമാ‍യിരിക്കുന്നു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു കുരുതികൊടുക്കാന്‍ ഇവര്‍ക്കു ‘മനുഷ്യാവകാശങ്ങളെ’ മാത്രമേ കിട്ടിയുള്ളോ? എരണം കെട്ട വര്‍ഗ്ഗം.

മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കുതിരകയറ്റത്തിനുനേരെയുള്ള പ്രതിഷേധംകൂടിയാണീ കുറിപ്പ്.

Kerals.com turns out be mafialand

We have been hearing of cyber crimes for a while, but little did we think that the dark shadow looming over our head could morph into such a demon charging on you.
It might have come as a surprise to many of the users of kerals.com, that they were trespassing into mafialand, wooed by the glitter of the stolen contents – photos, literature et al from various malayalam blogs, if not by the porn let loose in their sister concerns (malayalampadam.com).
The mafia colurs started to break free after one of the bloggers reported theft. Threats, abuse, stalking followed on to the bloggers who refused to get frightened by the mafia lord, one Mr ShivKumar in this case, and his accomplices.

Incidently ShivKumar and co have everything going against them, but the goons they are, simply mocks at the law
1. Content theft, copyright violations
2. Threat/ abuse mails
3. Cyber stalking
4. New movies made available for download on their sites illegally
5. The notorious link to the porn industry.
6. Fake addresses on their registrations.

Read the full story here : http://myinjimanga.blogspot.com/2008/06/stealing-threat-cyber-stalking-abuse.html

As it turns out Mr. Shivkumar has now felt the heat and has resorted to play into tamil sentiments with a fake story (see http://injipennu.com/). With all the mafia background coming to surface this did not come as a surprise.

Inji need to be commended for her stand and should not let hese criminals get away with thier act. Sue them Inji !!

This post is in protest against the harassement meted out to those who raised their voices. I condemn these fascist attacks against the democratic rights of netziens and join my fellow bloggers in their protests.

സാരിയും പീഡനവും.

ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍‌മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.

മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.

സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.

ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.

രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?

രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.

സൌന്ദര്യവും ലോഹിതദാസും

അവിട്ടം നാളില്‍ സൂര്യ റ്റി.വി. യില്‍ ലോഹിതദാസുമായുള്ള അഭിമുഖത്തിന്റെ കുറച്ചു ഭാഗം കാണാനിടയായി. ലോഹിതദാസ് സിനിമയായ കന്മദത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ലോഹിതദാസ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണു്.
ഒന്ന്:
ചോദ്യം കന്മദത്തിലെ മഞ്ചുവാര്യരുടെ കഥാപാത്രത്തെപ്പറ്റിയായിരുന്നു. ശക്തമായ ഒരു കഥാപാത്രമായിരുന്നിട്ടുകൂടി ഒടുവില്‍ മോഹന്‍ലാലിന്റെ നായകപാത്രത്തിനോടു കീഴടങ്ങുന്നതിനെക്കുറിച്ച്.
ലോഹിതദാസിന്റെ മറുപടി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൊതിവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴമയുടെ മഹത്വവല്‍ക്കരണത്തിലൂടെയായിരുന്നു. ഏതൊരു സ്ത്രീയുടേയും ആത്യന്തികാഭിലാഷം പുരുഷനു കീഴടങ്ങുക എന്നതു തന്നെയാണു. തനിക്കു കീഴടങ്ങാന്‍ പറ്റിയ ഒരു പുരുഷനെ കണ്ടെത്തിയ മഞ്ചു പിന്നീടു ശാന്തയാണു, അതിനു മുന്‍പു വരെയുള്ള പ്രകടനമെല്ലാം(തന്റേടവും മറ്റും) ഒരു മറയാണു് (അന്ത്യാഭിലാഷത്തിലേക്കുള്ള). അന്ത്യാഭിലാഷം (കീഴടങ്ങല്‍) സഫലമാകുന്നതോടെ ആ മറ നീങ്ങുന്നു.
ഇതിനോടു ചേര്‍ത്ത്, സ്ത്രീ-പുരുഷ സംഘര്‍ഷം അനാവശ്യമാണെന്നും, രണ്ടു പേരും തുല്യരാണെന്നും, പുരുഷനു കീഴടങ്ങുക ആത്യന്തിക കര്‍മ്മമാണെങ്കിലും സംഘര്‍ഷമല്ല മറിച്ച് സ്ത്രീ-പുരുഷ ലയനമാണു സംഭവമെന്നൊക്കെ സുഖിപ്പിക്കുന്ന വാക്കുകളും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
സ്ത്രീയും പുരുഷനും തുല്യരാണു, എന്നാലും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരു നൂറ്റാണ്ടു കൂടുതല്‍ തുല്യനാണെന്ന്!
ചുരുക്കിപ്പറഞ്ഞാല്‍ ഒരേ സമയം സ്ത്രീ-പുരുഷ തുല്യതയെന്ന ആധുനിക ആശയങ്ങളെ അംഗീകരിക്കുകയും, അതും പഴമയിലെ കാഴ്ചപ്പാടിനുതകുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു വരുത്താനുള്ള ശ്രമവുമാണിവിടെ.
ലോഹിതദാസുള്‍പ്പടെ പലരും പഴമയുടെ റൊമാന്റിക്സാണു. ഇതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ പഴമയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ചാല്‍ പോരെ? ശരികളും തെറ്റുകളുമൊക്കെ കാലചക്രത്തിലൂടെ മാറ്റത്തിനു വിധേയപ്പെടുമെന്നിരിക്കെ പഴയ തെറ്റുകളെ (അന്നത്തെ ശരികളെ) വെള്ളപൂശേണ്ടതുണ്ടോ ?
ഈ ഒരു വിഷയത്തില്‍ മാത്രമല്ല, നമ്മൂടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട പല കാര്യങ്ങളിലും കണ്ടുവരുന്ന പൊതുവായ ഒന്നാണിതു്.
തെറ്റുകളെ മനസ്സിലാക്കി തിരുത്തി മുന്നേറുന്ന സമൂഹത്തിനു ആ തെറ്റുകളേറ്റു പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തെറ്റുകള്‍ വരുത്താത്ത പെര്‍ഫെക്റ്റായ ഒരു സമൂഹമാണെന്നെന്തിനാണിത്ര വാശി. നമ്മള്‍ മനുഷ്യരല്ലെന്നുണ്ടോ?
 

രണ്ട്:
നാണം എന്നത് സ്ത്രീയുടെ സൌന്ദര്യത്തിന്റെ ഭാഗമാണു (ലജ്ജയ്ക്കും ഈ പറയുന്നത് ബാധകമാണു). അതു സ്ത്രീയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. നാണിക്കുന്നതിലെന്താണു തെറ്റ്. പുരുഷനും നാണിക്കുന്നുണ്ടല്ലോ! – ഇതായിരുന്നു രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാതല്‍.
പക്ഷെ ഇതിലൊക്കെ രസകരമായിത്തൊന്നിയത് ഇതിനായദ്ദേഹം നിരത്തിയ ഉദ്ദാഹരണമാണു്. കുട്ടികള്‍ നാണിക്കുന്നത് കാണാന്‍ നല്ല ചന്തമല്ലേ, നമ്മളതിഷ്ടപ്പെടുന്നില്ലേ. സത്യത്തില്‍ ചോദ്യം ചോദിച്ചയാള്‍ക്കുത്തരം മുട്ടിപ്പോയി.

കുട്ടികളുടെ നാണം മാത്രമല്ല, കുസൃതികളുള്‍പ്പടെ എല്ലാ പ്രവര്‍ത്തികളും നമ്മളിഷ്ടപ്പെടുന്നതാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല.  അത് സൌന്ദര്യാ‍ത്മകമായി തോന്നുന്നത് വാത്സല്യം മൂലവും നമ്മളതിഷ്ടപ്പെടുന്നതുകൊണ്ടുമാണു്. ഇഷ്ടപ്പെടാത്തവരുടെ നാണവും കുസൃതിയും ഒന്നും സൌന്ദര്യാത്മകമായി ഭവിക്കുമെന്നു തോന്നുന്നില്ല.
കുട്ടികളുടെ ഒരു പ്രവര്‍ത്തിയുമായി താരതമ്യപ്പെടുത്തുക വഴി തന്റെ കാഴ്ചപ്പാടിനുതകുന്ന തെറ്റായ ഒരുദ്ദാഹരണം സൌകര്യപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ബോധപൂര്‍വ്വമാണെന്നു പറയുന്നില്ല, എന്നാല്‍ അങ്ങിനെ ആകാനുള്ള സാധ്യതയില്ലെന്നില്ല.

നാണം സ്ത്രീയുടെ മാത്രം സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണോ അതോ പുരുഷന്‍ നാണിക്കുമ്പോ‍ള്‍ പുരുഷന്റെ സൌന്ദര്യവും വര്‍ദ്ധിപ്പിക്കുമോ? നാണിച്ചു നില്‍ക്കുന്ന പുരുഷനെ ഇഷ്ടപ്പെടുന്നതാരാണു് ? ആരുമില്ലെന്നര്‍ഥമില്ല, എന്നാല്‍ ആ ഇഷ്ടപ്പെടലിന്റെ കാര്യകാരണങ്ങളെക്കുറിച്ചന്വേഷിക്കുന്നത് രസകരമായിരിക്കും.
നാണത്തില്‍ വിധേയത്വത്തിന്റെ ഒരംശമുണ്ട്. ഒരു പക്ഷെ പുരുഷനതിഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം (നാണമല്ല വിധേയത്വം) നാണത്തില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്. നമ്മുടെ മേധാവിത്വമുറപ്പിക്കുന്ന ഏതു ഭാവവും നമ്മളിഷ്ടപ്പെടുക സ്വാഭാവികം മാത്രം, അതുവഴി അതില്‍ സൌന്ദര്യം ദര്‍ശിക്കുന്നതും. ഇപ്പറഞ്ഞതില്‍നിന്നും ഇഷ്ടപ്പെടുന്നവ മാത്രമാണു സൌന്ദര്യാത്മകമായി ഭവിക്കുന്നുവെന്നര്‍ഥമാക്കേണ്ടതില്ല, എന്നാല്‍ ഇഷ്ടപ്പെടുന്നതൊക്കെ അങ്ങിനെ ഭവിക്കുമെന്നുമാത്രം.

സൌന്ദര്യമെന്നത് സബ്ജക്റ്റീവായ ഒന്നാണല്ലോ. കാലം ചുരുളഴിയുന്നതിനനുസരിച്ച നമ്മുടെ സൌന്ദര്യ സങ്കല്പ്ങ്ങള്‍ക്കും മാറ്റം സംഭവിക്കുമന്നതില്‍ സംശയമില്ല.

male gaze ഉം സാരിത്തുമ്പും

ഇഞ്ചിയുടെ വേലി പോസ്റ്റിലെ കമന്റുകാളാണീ പോസ്റ്റിനു പ്രേരകമായത്.

സാരിത്തുമ്പ് അറിയാതെ മാറുമ്പോള്‍ സംഭവിക്കുന്ന പുരുഷനോട്ടത്തിനെ പുരുഷ വര്‍ഗ്ഗത്തിന്റെ male gaze ആയി വ്യാഖ്യാനിക്കുന്നതിലൊരുപാകത കാണുന്നു. രണ്ടും രണ്ടാണെന്നാണു പറയാന്‍ ശ്രമിക്കുന്നത്

അതിനല്പം പിറകോട്ടു പോകണം. വേട്ടയാടിയും വേട്ടയാടപ്പെട്ടും കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ചുറ്റുമുള്ള ചലനങ്ങളെപ്പറ്റി ജാഗരൂപനാകുവാന്‍ പഠിച്ചത് വേട്ടയാടപ്പെടുന്ന ഇര എന്ന നിലയ്ക്കാണു. നേരിയ ഒരു ചലനം, അതു കരിയില അനങ്ങുന്നതായാലും വൈക്കോല്‍കൂനിലെ അനക്കമായാലും, എന്തിനു സാരിത്തുമ്പു മാറുമ്പോഴുള്ള ചലനമായാലും അതു നമ്മുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ പോന്നതാണു, മാത്രമല്ല ഇതിനു ആണ്‍-പെണ്‍ ഭേദമുണ്ടാവുകയുമില്ല. ഈ നോട്ടം തികച്ചും involuntary ആയിട്ടുള്ള reflex action മാത്രമാണുതാനും. ഇഞ്ചിയുടെ കൂടെയുണ്ടായിരുന്നതൊരനുജത്തിയായിരുന്നേലും ഇതേ നോട്ടം തന്നെയാവുമുണ്ടാവുക. അതുകൊണ്ടാണു പറഞ്ഞത്, ഇതിനെ ഒഴിവാക്കണമെങ്കില്‍ നേരത്തെ കൂട്ടി ബോധപൂര്‍വ്വമായൊരു തയ്യാറെടുപ്പു വേണം. അതായത് സാരിത്തുമ്പിതാ മാറാന്‍ പോകുന്നുവെന്നു സ്ത്രീക്കു മുന്നറിയിപ്പു തരാന്‍ കഴിയണം 🙂

male gaze എന്നത് ഇഞ്ചി പറഞ്ഞ പോലെ മുന്തിയ വര്‍ഗ്ഗത്തിന്റെ നോട്ടമാണെന്നു തോന്നുന്നില്ല. പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ മാത്രമേ അങ്ങിനെയൊരു വാദത്തിനു പ്രസക്തിയുള്ളൂ. കേരളമുള്‍പ്പടെ ചിലയിടങ്ങളില്‍ ഇപ്പോഴും ഇങ്ങനെയുള്ള ഫ്യൂടല്‍ അവശിഷ്ടങ്ങളുണ്ടെന്നു സമ്മതിക്കുന്നു. എങ്കിലും ഇതും ഇഞ്ചിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലന്നാണു തോന്നുന്നത്. വിമതന്‍ ഉന്നയിച്ച male gaze എന്നത് പൊതുവേ പുരുഷവര്‍ഗ്ഗത്തിന്റെ ലൈംഗീഗതയുടെ കറപുരണ്ട നോട്ടമാണെന്നാണു തോന്നുന്നത്. സ്ത്രീ ശരീരത്തോടുള്ള ആസക്തിപൂണ്ട നോട്ടം. എങ്കിലും ആനോട്ടത്തിലെപ്പോഴും ആസക്തിയുണ്ടാവണമെന്നില്ല. പല വര്‍ണ്ണങ്ങളുള്ള നോട്ടമായിതിനെ കാണാമെന്നാണെന്റെ പക്ഷം. വിഷയം അല്പം നീണ്ട വിശകലനമര്‍ഹിക്കുന്ന തായതുകൊണ്ടതിലേക്കു കടക്കുന്നില്ല. മാത്രമല്ല മംസിയുള്‍പ്പടെ പലരും അതിനെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് (male gaze) ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും എന്നതാണു ഇതിനെ involuntary ആയിട്ടുള്ള ആദ്യത്തെ നോട്ടത്തില്‍ നിന്നും വേര്‍തിരിക്കുന്നത്.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവര്‍ഗ്ഗം എന്തുകൊണ്ട് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ഈ involuntary പ്രതികരണത്തെ male gaze ആയി വ്യാഖ്യാനിക്കുന്നു ? സത്യത്തില്‍ അതിനുള്ള ഉത്തരം ഇഞ്ചി തന്നെ പറഞ്ഞ പോലെ മറ്റൊരു പ്രതിരോധം തന്നെ. സ്ത്രീ-പുരുഷ സാമൂഹ്യ കല്പനകളില്‍ വേട്ടയാടുന്നവനും-ഇരയും എന്നുള്ള സമവാക്യം പഴയ ഫ്യൂടല്‍ സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ സ്ത്രീ മനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ തെളിവാണു.