മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും
ജൂലൈ 18, 2010 20അഭിപ്രായങ്ങള്‍
മുഖം മറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും
മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.
സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.
പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.
സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു വാസ്ഥവം. സ്ത്രീയുടെ മുഖം കണ്ടാല്‍ കാമമിളകാനും, ബലാത്കാരം ചെയ്യാനുമുള്ള പുരുഷന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടു മുഖം മറയ്ക്കാതിരിക്കുന്നതിനു പകരം ആ അവകാശത്തെ താന്‍ മാനിക്കുന്നുവെന്നു സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മത-പുരുഷമേധാവിത്ത അധികാരങ്ങളിലൂടെ ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണു മുഖം മറയ്ക്കലും, അതിന്റെ ന്യായീകരണവും സ്ത്രീപക്ഷങ്ങളില്‍ നിന്നു പോലും കേള്‍ക്കേണ്ടി വരുന്നത്.
സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന അല്ലെങ്കില്‍ പിറകോട്ടു വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുന്ന വാദങ്ങള്‍ പൊളിച്ചടക്കപ്പെടുക തന്നെവേണം. ഇത് വ്യക്തിസ്വാതന്ത്ര്യമല്ലെന്നും, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്യുപയോഗം മാത്രമാണെന്നും, ഇതിനെ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടുകാണാന്‍ സാധിക്കില്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത ആ സമൂഹത്തിലെ ഓരേ വ്യക്തിക്കുമുണ്ട്.
ഈ ഒരു പച്ഛാത്തലത്തിലാണു ഫ്രാന്‍സില്‍ പൊതു നിരത്തില്‍ മുഖം മറയ്ക്കുല്‍ നിരോധനം വായിക്കപ്പെടേണ്ടത്.
മറ്റൊരു വാര്‍ത്തhttp://timesofindia.indiatimes.com/world/uk/British-MP-says-he-wont-meet-veiled-Muslim-women/articleshow/6181092.cms
മുഖം മറയ്ക്കുന്ന സ്ത്രീ ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ തീര്‍ത്തും ഒഫെന്‍സീവാണെന്നതാണു മറ്റൊരു വസ്തുത. പുരുഷന്മാരെല്ലാം ആഭാസന്മാരാണെന്നൊരു പരോക്ഷ പ്രഖ്യാപനമാണു അതു ചെയ്യുന്നത്, ഇതെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. മുഖം മറയ്ക്കുന്ന സ്ത്രീയോടു സംസാരിക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടിഷ് എം. പി. യുടെ നിലപാടു അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികവുമാണു. “എന്റെ മുഖം നിന്നെ ഞാന്‍ കാണിക്കില്ല, ഇനി ഇതുകണ്ട് നിനക്ക് കാമമിളകി എന്നെ ബലാത്കാരം ചെയ്യാന്‍ വരെ മടിക്കാത്ത ആഭാസനല്ലേ നീ ?“ എന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെ കാണാന്‍ വിസമ്മതിക്കുന്നതില്‍, ഈ ആഭാസവല്‍ക്കരണത്തോടുള്ള നിരാകരണം മാത്രമല്ല, മുഖം മറയ്ക്കലെന്ന സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധവും കൂടിയുണ്ട്.
മുസ്ലീങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ മാത്രെമേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു കഴിയൂ എന്നൊരു വാദം നിലവിലുണ്ട്. അതുമൊരു ട്രാപ്പാണു. വ്യക്തിസ്വാതന്ത്ര്യമെങ്ങിനെ സ്ത്രീവിരുദ്ധത്യ്ക്കായി മറയാക്കപ്പെടുന്നു, അത്രയും കഴമ്പേ ഒള്ളൂ ഈ വാദങ്ങള്‍ക്കും.
പുതിയ അഭിപ്രായങ്ങള്‍