വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!