അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും
ഒക്ടോബര് 5, 2018 1 അഭിപ്രായം
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ആകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിന്മേലുള്ള പ്രതികരണം അതിൽ പ്രധാനമെന്ന് തോന്നുന്ന മൂന്ന് കാര്യങ്ങൾ മൂന്ന് പോസ്റ്റുകളിലായി കുറിക്കാമെന്നു വിചാരിക്കുന്നു
1. അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും
2. ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?
3. ആർ. എസ്.എസ്സിന്റെ മലക്കം മറിച്ചിലിന് പിന്നിലെ രാഷ്ട്രീയം
അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും
സുപ്രീം കോടതി വിധി ഒരു വിഭാഗം അയ്യപ്പഭക്തരെ നിരാശരാക്കിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. അവർക്ക് അങ്ങിനെ നിരാശപ്പെടാനും, പ്രതികരിക്കാനും, പ്രതിഷേധിക്കാനും ന്യായമായും അവകാശമുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഈ പ്രതിഷേധം കൊണ്ട് ആവർ എന്താണ് പുറം ലോകത്തിനു നൽകുന്ന സന്ദേശം എന്ന് ഈ വിധി മൂലം ഉണ്ടായിട്ടുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. ശബരിമലയിൽ അയ്യപ്പഭക്തരായ മറ്റൊരു വിഭാഗം സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇവരെന്തിനെതിർക്കണം? പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചരിയാണെന്നും അതിന്റെ ഭാഗമായി വന്നിട്ടുള്ള ആചാരമാണെന്നുമൊക്കെയാണ് ഇതിലെല്ലാം തന്നെ ഉയർത്തിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് 41 ദിവസത്തെ വൃതം അനുഷ്ഠിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വാദം. ഇതിൽ കഴമ്പില്ല കാരണം അത് തീരുമാനിക്കേണ്ടത് അയ്യപ്പഭക്തയായ സ്ത്രീയാണ്, അവർ 41 ദിവസത്തെ വൃതം തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല എന്ന് പറഞ്ഞുകഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ആർത്തവം അശുദ്ധമാണെന്ന സ്ത്രീവിരുദ്ധ വാദം ആദ്യഘട്ടങ്ങളിൽ പരാമർശിച്ച് കണ്ടെങ്കിലും ഇത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ പ്രബലമായും നിലനിൽക്കുന്നത് അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യത്തിന്മേലുള്ള ഭീഷണി മാത്രമാണ്.
യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് കളങ്കം സംഭവിക്കുന്നു എന്ന് വാദിക്കുമ്പോൾ അതിൻറെ അർത്ഥം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ മുടക്കാൻ സാധാരണ മനുഷ്യരെക്കൊണ്ട് നിഷ്‌പ്രയാസം സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്, അതായത് സ്ത്രീകളുടെ സാന്നിധ്യത്തിൽ അയ്യപ്പൻ വെറുമൊരു ദുർബ്ബലനായ മനുഷ്യനേക്കാളും ബലഹീനൻ ആണെന്നാണ് ഇവർ പറയാതെ പറയുന്നത്. ആർത്തവത്തിന്റെ കാര്യമെടുത്താലും ഇത് തന്നെയാണ് ആർത്ഥമാക്കപ്പെടുന്നത്. അതായത് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്ന ഭക്തർക്ക് അയ്യപ്പൻറെ ശക്തിയിൽ വിശ്വാസമില്ല എന്നുമാത്രമല്ല സ്ത്രീസാന്നിധ്യത്തിൽ വികാരത്തിനടിമപ്പെട്ടു പോകുമോ എന്ന് ആശങ്കപ്പെടുന്നിടത്ത് അയ്യപ്പനെ അങ്ങനങ്ങോട്ട് വിശ്വാസിക്കാൻ തങ്ങൾ ഒരുക്കമല്ല എന്നുകൂടിയാണ് അവർ പറയുന്നത്. അങ്ങിനെ വരുമ്പോൾ അയ്യപ്പ-അവിശ്വാസികൾ എന്ന വിശേഷണമാകും യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്ന ഇക്കൂട്ടർക്ക് കൂടുതൽ ചേരുക.
അയ്യപ്പ-അവിശ്വാസികൾക്ക് വിശ്വാസം ആചാരങ്ങളിലാണ് അയ്യപ്പനിലല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസം നിലനിർത്താനുള്ള അവകാശം ഇക്കൂട്ടർക്കുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെയും മറ്റൊരു കൂട്ടം അയ്യപ്പഭക്തർക്ക്, സ്ത്രീസാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കുകയില്ല എന്ന് വിശ്വസിക്കാനും അവകാശമുണ്ട്, അതുകൊണ്ട് തന്നെ ശബരിമലയിലെ സുപ്രീം കോടതി വിധിയെ ഇവർ സ്വാഗതം ചെയ്യുന്നു. അയ്യപ്പനിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്ന, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന ഇക്കൂട്ടക്കാണ് അയ്യപ്പ വിശ്വാസികൾ എന്ന വിശേഷണം ചേരുക.
(രണ്ടാമത്തെ വിഷയം അടുത്ത പോസ്റ്റിൽ )
പിങ്ബാക്ക് ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ? | കാറ്റ് :: The Breeze