അസ്തിത്വം

അസ്തിത്വത്തിന്റെ അപ്രസക്തി.

എന്താണെന്റെ പ്രസക്തി ? അല്ലേല്‍ വക്കാരി പറഞ്ഞ പോലെ ഞാനാരുവേ.. പോട്ടെ എന്താണു മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രസക്തി. ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ ഗൌരിക്കുട്ടി അടുത്തു വന്നു കൌതുകത്തോടെ നില്‍ക്കുന്നു. ഞാനവളോടു് ചോദിച്ചു ‘എന്താടീ മനുഷ്യന്റെ പ്രസക്തി?’ അവള്‍ ചിരിച്ചു കാണിച്ചു. ഇതിലും മനോഹരമായുത്തരം തരാനാര്‍ക്കു കഴിയും. ‘child is the father of man’ എന്നു പണ്ടാരോ പറഞ്ഞതെത്ര സത്യം.

ഭൂമിയില്‍ ജീവനുടലെടുത്തില്ലായിരുന്നില്ലെങ്കിലോ ?
ഒരു ചുക്കും സംഭവിക്കില്ലായിരിക്കാം. ഭൂമി പിന്നേയും കറങ്ങും. സ്വന്തം അച്ചുതണ്ടിലും, സൂര്യനു ചുറ്റും, ഒന്നുമറിയാത്തവളെപ്പോലെ, മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാരം താങ്ങുവാനില്ലാതെ.
ഏതോ ഒരു ഡെല്‍റ്റാ റ്റീയിലെ അബദ്ധം!
ആ അബദ്ധം തന്നെയാണു മനുഷ്യന്റെ പ്രസക്തിയും
അബദ്ധങ്ങളുടെ പ്രസക്തിയും
ഈ പോസ്റ്റിന്റേയും

തിരിഞ്ഞുനോക്കിച്ചിരിക്കുവാന്‍..

അബദ്ധങ്ങള്‍ വിളിച്ചുകൂവാനുള്ള തൊലിക്കട്ടി എന്നെത്തന്നെ അതിശയിപ്പിക്കാറുണ്ട്. ഇന്നത്തെ ചിന്തകളൊക്കെ നാളെ തിരിഞ്ഞു നോക്കുമ്പോള്‍ അബദ്ധങ്ങളായിരുന്നുവെന്നു മനസ്സിലാകുന്ന സ്ഥിരം കാഴ്ച. ചമ്മലുമാറ്റാന്‍ ഒരു വഴിയേയുള്ളൂ. ഉടഞ്ഞ വിഗ്രഹങ്ങളെനോക്കിച്ചിരിക്കുക. അങ്ങനെ അവസാനത്തെ ചിരിയും സ്വന്തമാക്കുക.
അബദ്ധങ്ങളുടെ പ്രസക്തി !
തെറ്റു തിരുത്തിയതിന്റെ അഹങ്കാരം !