സാരിയും പീഡനവും.

ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍‌മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.

മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.

സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.

ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.

രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?

രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.