ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഒന്നാം ഭാഗം – അയ്യപ്പ വിശ്വാസിയും, അയ്യപ്പ അവിശ്വാസിയും

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അയ്യപ്പ-അവിശ്വാസികളും ചില മത സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്, ഒപ്പം ബി.ജെ.പി യും കോൺഗ്രസും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ ഒരുങ്ങുകയാണ്. ഇവരുടെയൊക്കെ വാദങ്ങളിൽ പൊതുവായിട്ടുള്ളത് മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടേണ്ടതില്ല എന്നും അത് തീരുമാനിക്കേണ്ടത് വിശ്വാസികളാണ് എന്നതുമാണ്. ശബരിമല കേസിലെ വിധി പ്രാധാന്യമർഹിക്കുന്നത് ഈ ഒരു കാര്യത്തിലാണ്, അതായത് ഭരണഘടന അതിന്റെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കാനായി കോടതിക്ക് ഇടപെടാം എന്ന സുപ്രധാനമായ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്നത്, ഇത് 1951 ലെ The State Of Bombay vs Narasu Appa Mali കേസ് തൊട്ട് പിന്തുടർന്നു പോന്ന നയത്തെയാണ് അട്ടിമറിക്കുന്നത്. 1951 വിധി ഫണ്ടമെന്റൽ റൈറ്റ്സിനു മുകളിൽ മറ്റു വ്യക്തിനിയമങ്ങൾക്ക് അധികാരം നൽകുക വഴി ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കുന്നതിൽ ഒരു പരാജയമായിരുന്നു. ഈ നയം തിരുത്തുന്ന ഒന്ന് എന്ന നിലയിലും ഇപ്പോഴത്തെ വിധി ചരിത്രപ്രാധാന്യമുള്ളതാണ്. ഇതിനെ വ്യക്തമായി മനസ്സിലാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റെ നിലനിപ്പിന്റെ തന്നെ ആവശ്യകതയാണ്.

ഓരോ വ്യക്തിക്കും ഒരിന്ത്യൻ പൗരനായി മറ്റാർക്കും അടിമപ്പെടാതെ ജീവിക്കുവാനുള്ള അവകാശം ലഭിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ഫണ്ടമെന്റൽ റൈറ്റ്സ് എന്ന ഉറപ്പിന്മേലാണ്, ഓരോ വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യ പരിഗണനയും, തന്റെ വ്യക്തിപരമായ സ്‌പേസിലുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അഭിപ്രായ പ്രകടനത്തിനും, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും, ഇഷ്ടമുള്ള വിശ്വാസങ്ങൾ വച്ച് പുലർത്താനും ഒക്കെ സാധിക്കുന്നത് ഭരണഘടന ഈ അവകാശങ്ങൾ ഉറപ്പുവരുത്തുന്നത് കൊണ്ടാണ്. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നടപ്പിലാക്കാൻ പറ്റിയ ഒരു ഫ്രേംവർക്ക് സാധ്യമാകുന്നത് തന്നെ ഒരാളുടെയും അവകാശങ്ങൾ മറ്റൊരാൾക്ക് മുകളിലല്ല എന്ന അടിസ്ഥാന തത്വം ഈ ഫ്രേംവർക്കിൽ അന്തർലീനമായതുകൊണ്ടാണ്, അതായത് നിയമത്തിനു മുന്നിലും, ആവകാശങ്ങളിലുമുള്ള ‘തുല്യത’ എന്ന ഘടകമാണ് ഇത് സാധ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഇനി ഭക്തിയുടെ കാര്യത്തിലേക്കു വരികയാണെങ്കിൽ ഈ തുല്യത ബാധകമാക്കാതെ ഓരോ മനുഷ്യർക്കും അവരവരുടെ ഭക്തിയെ നിലനിർത്തിക്കൊണ്ട് പോകാനാകില്ല. ഒരാളുടെ ഭക്തിജീവിതത്തിനുള്ള സ്വാതന്ത്ര്യം (ഭക്തി മാത്രമല്ല മറ്റേതു കാര്യത്തിലായാലും) ഒരിക്കലും മറ്റൊരാളുടെ ഭക്തിജീവിതത്തിലുള്ള സ്വാതന്ത്ര്യത്തെ ധ്വംസിക്കുന്നതാകരുത് എന്നത് ഒരു അടിസ്ഥാന ജനാധിപത്യ മൂല്യം മാത്രമല്ല മറിച്ച് എല്ലാവർക്കും തുല്യത ഉറപ്പുവരുത്താനുള്ള മാർഗ്ഗം കൂടിയാണ്. ഒരു അയ്യപ്പ-അവിശ്വാസി മറ്റൊരു അയ്യപ്പ വിശ്വാസിയുടെ ശബരിമലയിൽ കയറാനുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുമ്പോൾ അവിടെ തകരുന്നത് തുല്യത എന്ന അടിസ്ഥാന ഘടകമാണ്, അത് തകരുമ്പോൾ തകരുന്നത് എല്ലാവർക്കും തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഭക്തിജീവിതം നയിക്കുവാനുള്ള അവസരം ഒരുക്കുന്ന ഫ്രയിംവർക്കാണ്. അതായത് നഷ്ടം രണ്ട് കൂട്ടർക്കുമാണ് എന്ന കാര്യം മനസ്സിലാക്കാതെ പോകുന്നതാണ് ഇവിടെ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. എല്ലാവർക്കും സ്വാതന്ത്ര്യം എന്നത് നടപ്പിലാക്കാൻ നമ്മൾ പാലിക്കേണ്ട ഏറവും കുറഞ്ഞ നിയമം അത് മറ്റൊരാളുടെ മൂക്കിൻ തുമ്പത്തിനപ്പുറം പോകാനനുവദിക്കാതിരിക്കുക എന്നതാണ്, അത് ലംഘിക്കുന്ന പക്ഷം തകരുന്നത് നമ്മുടെ കൂടി സ്വാന്തന്ത്ര്യമാണ്, കാരണം ആ ലഭിക്കുന്ന താൽക്കാലിക വിജയത്തിന്, ആ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഫ്രയിംവർക്കിന്റെ അഭാവത്തിൽ, അധികം നാൾ നിലനിൽക്കാനാകില്ല.

ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല എന്നാതാണ് ആത്യന്തികമായും മനസ്സിലാക്കേണ്ട കാര്യം. അവസാനത്തെ മനുഷ്യനും തുല്യ അവകാശങ്ങളും അവസരങ്ങളും ഒരുക്കുന്നതാണ് ജനാധിപത്യം, ആ അവസാനത്തെ മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നിടത്താണ് ജനാധിപത്യം പുലരുന്നത്, അതായത് ഭൂരിപക്ഷ അഭിപ്രായങ്ങൾ ന്യൂനപക്ഷങ്ങൾക്കു മേൽ അടിച്ചെല്പിക്കുന്നതിലല്ല ജനാധിപത്യമുള്ളത്. ഭരണഘടന നമുക്ക് ഈ ജനാധിപത്യം ഉറപ്പുവരുത്തുന്നത് ഈ ഫണ്ടമെന്റൽ റൈറ്റ്സിലൂടെയാണ്. നമ്മൾ ഇന്നനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും കാത്ത് സംരക്ഷിക്കുന്നത് ഭരണഘടനയാണ്, അതിനു മുകളിൽ ഭക്തിക്കെന്നല്ല ഒന്നിനും തന്നെ സ്ഥാനം വരാൻ പാടില്ല, അങ്ങിനെ വരുന്ന പക്ഷം തകരുന്നത് നമ്മുടെ ജനാധിപത്യത്തെ താങ്ങി നിർത്തുന്ന ഫ്രയിംവർക്ക് തന്നെയാണ്, ഫാസിസത്തിലേക്ക് പിന്നെ അധികം ദൂരമുണ്ടാവില്ല. ഭരണഘടനയ്ക്ക് സാധാരണ ഗതിയിൽ ഭക്തിയുടെ കാര്യത്തിലോ മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടേണ്ട ആവശ്യമില്ല, എന്നാൽ ഒരു പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സിനെ ബാധിക്കുന്ന വിഷയമാണെങ്കിൽ ഭരണഘടന ഇടപെട്ടേ മതിയാകൂ, മറിച്ച് വാദിക്കുന്നത് ജനാധിപത്യത്തിനു വില കല്പിക്കാത്ത ഒരു മനോനിലയിൽ നിന്നുകൊണ്ട് മാത്രമേ സാധിക്കൂ, കോൺഗ്രസ് – ബി.ജെ.പി. നേതൃത്വങ്ങൾ ഈ വിഷയത്തിലെടുക്കുന്ന നിലപാടുകൾ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കുവാനുള്ള ജനാധിപത്യബോധം അവർക്കില്ലാത്തതാണ് മറ്റൊരു ദുരന്തം,  ഇതിനെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് ഓരോ ജനാധിപത്യവാദിക്കും മുൻപിലുള്ള പ്രധാന ദൗത്യം.

(മൂന്നാമത്തെ വിഷയം അടുത്ത പോസ്റ്റിൽ)

Advertisements

അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ആകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിന്മേലുള്ള പ്രതികരണം അതിൽ പ്രധാനമെന്ന് തോന്നുന്ന മൂന്ന് കാര്യങ്ങൾ മൂന്ന് പോസ്റ്റുകളിലായി കുറിക്കാമെന്നു വിചാരിക്കുന്നു

1. അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

2. ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

3. ആർ. എസ്.എസ്സിന്റെ മലക്കം മറിച്ചിലിന് പിന്നിലെ രാഷ്ട്രീയം

അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

സുപ്രീം കോടതി വിധി ഒരു വിഭാഗം അയ്യപ്പഭക്തരെ നിരാശരാക്കിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. അവർക്ക് അങ്ങിനെ നിരാശപ്പെടാനും, പ്രതികരിക്കാനും, പ്രതിഷേധിക്കാനും ന്യായമായും അവകാശമുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഈ പ്രതിഷേധം കൊണ്ട് ആവർ എന്താണ് പുറം ലോകത്തിനു നൽകുന്ന സന്ദേശം എന്ന് ഈ വിധി മൂലം ഉണ്ടായിട്ടുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. ശബരിമലയിൽ അയ്യപ്പഭക്തരായ മറ്റൊരു വിഭാഗം സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇവരെന്തിനെതിർക്കണം? പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചരിയാണെന്നും അതിന്റെ ഭാഗമായി വന്നിട്ടുള്ള ആചാരമാണെന്നുമൊക്കെയാണ് ഇതിലെല്ലാം തന്നെ ഉയർത്തിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് 41 ദിവസത്തെ വൃതം അനുഷ്ഠിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വാദം. ഇതിൽ കഴമ്പില്ല കാരണം അത് തീരുമാനിക്കേണ്ടത് അയ്യപ്പഭക്തയായ സ്ത്രീയാണ്, അവർ 41 ദിവസത്തെ വൃതം തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല എന്ന് പറഞ്ഞുകഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ആർത്തവം അശുദ്ധമാണെന്ന സ്ത്രീവിരുദ്ധ വാദം ആദ്യഘട്ടങ്ങളിൽ പരാമർശിച്ച് കണ്ടെങ്കിലും ഇത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ പ്രബലമായും നിലനിൽക്കുന്നത് അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യത്തിന്മേലുള്ള ഭീഷണി മാത്രമാണ്.

യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് കളങ്കം സംഭവിക്കുന്നു എന്ന് വാദിക്കുമ്പോൾ അതിൻറെ അർത്ഥം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ മുടക്കാൻ സാധാരണ മനുഷ്യരെക്കൊണ്ട് നിഷ്‌പ്രയാസം സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്, അതായത് സ്ത്രീകളുടെ സാന്നിധ്യത്തിൽ അയ്യപ്പൻ വെറുമൊരു ദുർബ്ബലനായ മനുഷ്യനേക്കാളും ബലഹീനൻ ആണെന്നാണ് ഇവർ പറയാതെ പറയുന്നത്. ആർത്തവത്തിന്റെ കാര്യമെടുത്താലും ഇത് തന്നെയാണ് ആർത്ഥമാക്കപ്പെടുന്നത്. അതായത് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്ന ഭക്തർക്ക് അയ്യപ്പൻറെ ശക്തിയിൽ വിശ്വാസമില്ല എന്നുമാത്രമല്ല സ്ത്രീസാന്നിധ്യത്തിൽ വികാരത്തിനടിമപ്പെട്ടു പോകുമോ എന്ന് ആശങ്കപ്പെടുന്നിടത്ത് അയ്യപ്പനെ അങ്ങനങ്ങോട്ട് വിശ്വാസിക്കാൻ തങ്ങൾ ഒരുക്കമല്ല എന്നുകൂടിയാണ് അവർ പറയുന്നത്. അങ്ങിനെ വരുമ്പോൾ അയ്യപ്പ-അവിശ്വാസികൾ എന്ന വിശേഷണമാകും യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്ന ഇക്കൂട്ടർക്ക് കൂടുതൽ ചേരുക.

അയ്യപ്പ-അവിശ്വാസികൾക്ക് വിശ്വാസം ആചാരങ്ങളിലാണ് അയ്യപ്പനിലല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസം നിലനിർത്താനുള്ള അവകാശം ഇക്കൂട്ടർക്കുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെയും മറ്റൊരു കൂട്ടം അയ്യപ്പഭക്തർക്ക്, സ്ത്രീസാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കുകയില്ല എന്ന് വിശ്വസിക്കാനും അവകാശമുണ്ട്, അതുകൊണ്ട് തന്നെ ശബരിമലയിലെ സുപ്രീം കോടതി വിധിയെ ഇവർ സ്വാഗതം ചെയ്യുന്നു. അയ്യപ്പനിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്ന, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന ഇക്കൂട്ടക്കാണ് അയ്യപ്പ വിശ്വാസികൾ എന്ന വിശേഷണം ചേരുക.

(രണ്ടാമത്തെ വിഷയം അടുത്ത പോസ്റ്റിൽ )

ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും

ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും: ദീപക് ശങ്കരനാരായണന് ഒരു വിയോജനക്കുറിപ്പ്

http://ml.naradanews.com/2016/11/sabarimala-women-entry-discourse/

ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മാതൃഭൂമി വാരികയില്‍ ദീപക് ശങ്കരനാരായണനെഴുതിയ ലേഖനത്തോട് കൂടുതലും യോജിപ്പാണുള്ളത്, വിയോജിപ്പുള്ള മൂന്ന് കാര്യങ്ങള്‍ ചുവടെ.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അത്രയ്ക്ക് നവോത്ഥാനപരമല്ല

ശബരിമലയിലെ സ്ത്രീപ്രവേശം അത്രയ്ക്ക് നവോത്ഥാനപരമല്ല എന്ന നിരീക്ഷണത്തിലെ പ്രശ്നം ലിംഗനീതി എന്ന ആധുനികതയുടെ കാഴ്ചപ്പാടിനെ കേരളീയ നവോത്ഥാനവുമായി ബന്ധിപ്പിക്കുന്നതിലെ പോരായ്മയാണ്. ലിംഗസമത്വത്തിന്റേതായ ഒരു ധാര കേരളീയ നവോത്ഥാന ചരിത്രത്തില്‍ കണ്ടെടുക്കാനാകില്ല. കാരണം നമ്മുടെ നവോത്ഥാനത്തില്‍ ആധുനികതയുടെ സ്വാധീനം സമഗ്രമായ രീതിയിലായിരുന്നില്ല, അഥവാ ആധുനികതയെ സ്വീകരിക്കാന്‍ സജ്ജമായ ഒരു ഭൗതിക സാഹചര്യം ഇവിടെ ഇല്ലായിരുന്നു.

“നമുക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാരാണ്” എന്ന നാരായണഗുരുവിന്റെ നിരീക്ഷണം നവോത്ഥാനം സാധ്യമാക്കുന്നതില്‍ കോളണിവാഴ്ചയുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തില്‍ ശാസ്ത്ര-സാങ്കേതിക-കമ്പോള വ്യവസായിക വിപ്ലവങ്ങളുടെ ഒരു ഭൗതികപരിസരവും അതിന്റേതായ ചലനാത്മകതയും നിലനിന്നിരുന്ന അന്തരീക്ഷം ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ വികസിക്കുന്നതിനനുയോജ്യമായി ഭവിച്ചു എന്നു വേണം മനസ്സിലാക്കാന്‍.

എന്നാല്‍ ഇവിടേക്കു വരുമ്പോള്‍ ഫ്യൂഡല്‍ നാടുവാഴിത്തവുമായി സന്ധിയിലേര്‍പ്പെട്ട കോളോണിയല്‍ ഭരണം ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നും കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ തന്നെ ആധുനികതയുടെ ആശയങ്ങള്‍ക്കനുയോജ്യമായ ഒരു സാഹചര്യം ഇവിടെ നിലനിന്നിരുന്നില്ല. ഇതിന്റെ ഫലമായി നവോത്ഥാനം അക്കാലത്തെ ഏറ്റവും വലിയ പ്രശ്നമായ ജാതിയമായ അടിച്ചമര്‍ത്തിലിനെ മാത്രം സംബോധന ചെയ്യുന്നതിലേക്കു ചുരുങ്ങുകയും അതിന്റെ പാത മതകീയമായ നവീകരണത്തിലൂടെ വഴി തിരിച്ചു വിടുകയും ചെയ്യപ്പെട്ടതോടുകൂടി ജാതിവ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങളിലേക്ക് കടക്കാതെ ജാതിവിവേചനങ്ങള്‍ക്കൊരു ശമനം എന്ന നിലയിലേക്ക് ചുരുക്കപ്പട്ടു.

പറഞ്ഞു വന്നത് ലിംഗസമത്വം പോലുള്ള ആധുനിക ആശയങ്ങള്‍ നമ്മുടെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. ചാന്നാര്‍ ലഹള പോലും ലിംഗസമത്വത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് ജാതീയമായ അടിച്ചമര്‍ത്തലിനെതിരെയായിരുന്നുവെന്നും ഓര്‍ക്കുക. അതായത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലടങ്ങിയിട്ടുള്ളത് ലിംഗനീതിയുടെ രാഷ്ട്രീയമാണ്. അത് നവോത്ഥാന ചരിത്രത്തേക്കാൾ ആധുനികതയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ആർ എസ് എസിന്റെ നിലപാട്

ആറെസ്സെസ്സ് ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഒരു വന്‍ ഹെജമണിക് സാമ്പത്തിക സാധ്യത കാണുന്നു എന്ന നിരീക്ഷണത്തോടും വിയോജിപ്പുകളുണ്ട്. ഒന്നാമതായി ആറെസ്സെസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യവഹാരങ്ങളില്‍ ഇടപെടുന്ന രീതിക്ക് ഒരു പ്രത്യേകതയുണ്ട് എന്നു കാണാം. എങ്ങിനെ വീണാലും നാലു കാലില്‍ നില്‍ക്കാനുള്ള മുന്‍‌കരുതലാണത്.

ഗാന്ധി വധം തൊട്ട് സംഝോധാ എക്സ്പ്രസ്, മെലഗാവ് സ്ഫോടനങ്ങള്‍ തുടങ്ങി ഏതെടുത്താലും പ്രതിസ്ഥാനത്ത് ഔദ്യോഗികമായി ആറെസ്സെസ്സ് വരില്ല. ഇപ്പറഞ്ഞ പാതകങ്ങളിലെ പ്രതികളുടെ രാഷ്ട്രീയവും പരിവാറിന്റെ രാഷ്ട്രീയവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെങ്കില്‍ക്കൂടി ഇവരെ ആസൂത്രിതമായി തന്നെ ഔദ്യോഗിക സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നിയമപരമായ മുന്‍‌കരുതലെന്ന നിലയില്‍ മാത്രമല്ല, ഇത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം സം‌വാദതലത്തില്‍ താര്‍ക്കിക കുയുക്തിക്കായി പ്രയോജനപ്പെടുന്നു.

ജാതിയെ എതിര്‍ക്കുന്ന ഒരു സംഘി, നിരീശ്വരവാദിയായി ഒന്നോ രണ്ടു പേര്‍, അവര്‍ണ്ണനില്‍ നിന്നൊരു പൂജാരി, ഒരു വാവര് സ്വാമി, അയിത്തത്തെ എതിര്‍ക്കുന്നു എന്ന് ഏതെങ്കിലും ഒരവസരത്തില്‍ പറഞ്ഞിട്ടുളള ഒരാൾ, ഒരു മുസ്ലിം മെമ്പര്‍, ഒരു ക്രൈസ്തവന്‍, സംഘപരിവാറിന് സം‌വാദ വ്യവഹാരങ്ങളില്‍ അലറാനുള്ള കോപ്പിന് ഇത്തരത്തിലുള്ള ഒരേയൊരു വ്യതിചലനം മതി.

ശബരിമലയിലെ സ്ത്രീപ്രവേശത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഒരേയൊരു പ്രസ്താവന വ്യതിചലനമെന്ന നിലയില്‍ ബാക്കി വച്ചിട്ടുണ്ടെന്നതിനപ്പുറം സംഘപരിവാര്‍ ഇതിനു മുന്‍‌കൈ എടുക്കുമെന്നോ പ്രവര്‍ത്തിക്കുമെന്നോ കരുതുന്നത് അബദ്ധമായിരിക്കും. രാഹുല്‍ ഈശ്വറിന്റെ നിലപാടു പോലും ഇക്കാര്യത്തില്‍ ലിംഗനീതിക്കെതിരാണ് എന്നതും ശ്രദ്ധ്യേയമാണ്. മാറ്റങ്ങള്‍ക്കു വേണ്ടി ആറെസ്സെസ്സോ സംഘപരിവാറോ ഏതെങ്കിലും കാലത്ത് നിലകൊണ്ട ചരിത്രമുണ്ടോ ?

ഇനി ഇറങ്ങുകയാണ് വേണ്ടത്; പക്ഷെ, ആര്, എപ്പോഴാണിറങ്ങേണ്ടത്? 

ശബരിമലയില്‍ നിന്നല്ല ഫ്യൂഡല്‍ യുക്തികളുടെ ഭൗതിക ശരീരങ്ങളായ ആരാധനാലയങ്ങളില്‍ നിന്നെല്ലാം തന്നെ ഇറങ്ങുകയാണ് വേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പുരുഷമേല്‍കോയ്മയുടെ പ്രതീകമെന്നുപോലും വിശേഷിപ്പിക്കാവുന്ന ക്ഷേത്രങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലിംഗവിവേചനത്തിന്റെ ഉല്പാദനകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു എന്നു വരുമ്പോള്‍ പ്രത്യേകിച്ചും.

ക്ഷേത്രത്തില്‍ പോവുക എന്നത് അധികാരത്തിന്റെ ഒരു ആചാരം എന്ന നിലയില്‍ അധികാരത്തെ തന്നെയാണ് പുനരുത്പാദിപ്പിക്കുന്നത്. തീര്‍ച്ചയായും ഇറങ്ങുക തന്നെയാണ് വേണ്ടത്, സ്ത്രീകള്‍ മാത്രമല്ല സ്ത്രീ-പുരുഷഭേദമെന്യേ എല്ലാവരും ഇറങ്ങുന്നതു തന്നെയാണ് പുരോഗമനം.

എന്നാലിവിടെ ലിംഗപരമായ അസമത്വം നിലനില്‍ക്കുന്ന പരിസരത്ത് അതിനെ പ്രതിരോധിക്കുന്ന അവസരത്തില്‍ വരുന്ന ആഹ്വാനം സ്ത്രീകളോടു മാത്രമാകുന്നത് അനവസരപരമെന്നേ വിശേഷിപ്പിക്കാനാകൂ. ഇത് മറ്റൊരു തരത്തില്‍ സ്ത്രീയുടെ ബാധ്യത കൂടിയാണെന്നു വരുന്നു. സാംസ്കാരിക ബാധ്യതകള്‍ സ്ത്രീക്കു മേലാകുന്നതു പോലെ പുരോഗമന ബാധ്യതയും സ്ത്രീയുടെ മാത്രമാകുന്നു എന്നു വരുന്നു.

മറ്റൊന്ന് ഇവിടെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ സ്ത്രീക്ക് പ്രവേശനാനുമതി നിഷേധിക്കുമ്പോള്‍ അത് പരിഹരിക്കാതെയുള്ള ഇറങ്ങിപ്പോക്ക് ആര്‍ത്തവ അശുദ്ധിയെ പരോക്ഷമായി നീതീകരിക്കുകയും നിലനിര്‍ത്തുന്നതിനുമേ സഹായിക്കൂ. സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ജൈവമായ ഒരു പ്രക്രീയയെ അശുദ്ധമായി കണക്കാക്കുന്ന ഒരു സ്ഥിതിയെ അവശേഷിപ്പിക്കുന്നത്, അതിന്മേല്‍ നിലനില്‍ക്കുന്ന അനീതികളെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള അവസരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആദ്യം ഇക്കാര്യം പരിഹരിക്കണം, എന്നിട്ടാവാം ഇറങ്ങിപ്പോക്ക്.

ബലാത്സംഗം ഒരു കുറ്റമല്ല

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹത്തില്‍ ബലാത്സംഗം, ബൈ ഇറ്റ് സെല്‍ഫ് കുറ്റമാകുന്നില്ല. കൃത്യം ചെയ്യുന്നത് അധികാരപ്പെട്ടവരാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ് കുറ്റമാണൊ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. നീതിന്യായ വ്യവസ്ഥയ്ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടൊന്നുമില്ല താനും.കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മനേക ഗാന്ധി പറഞ്ഞതിന്റെ അര്‍ഥവും മറ്റൊന്നുമല്ല. ബലാത്സംഗം ഒരു കുറ്റമല്ലാത്തതുകൊണ്ടാണ് ഭാരതത്തില്‍ അത് സംഭവിക്കുന്നില്ല എന്ന് ആര്‍. എസ്സ്. എസ്സ് തലവനും വിളിച്ചു കൂവുന്നത്.

ബലാത്സംഗം ചെയ്യാന്‍ അധികാരമില്ലാത്ത ഒരാള്‍ അത് ചെയ്യുമ്പോള്‍ കുറ്റം അധികാരധ്വംസനത്തിന്റേതാണ് അല്ലാതെ ബലാത്സംഗമല്ല അവിടെ കുറ്റമാകുന്നത്, അയാള്‍ കുറ്റവാളിയാകുന്നതും ആ നിലയ്ക്കാണ്.ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ ഇവിടെ ഇരയായ സ്ത്രീയും കുറ്റവാളിയാകുന്നു എന്നതാണ്, അത് പക്ഷെ തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ്. ചാരിത്ര്യം, പരിശുദ്ധി തുടങ്ങിയ പുരുഷനിര്‍മ്മിത സാംസ്കാരികമൂല്യങ്ങളുടെ സൂക്ഷിപ്പുകാരി എന്ന നിലയിലെ പരാജയമാണ് സ്ത്രീയെ ഇവിടെ കുറ്റവാളിയാക്കുന്നത്. ഇവിടെയും അധികാരപ്പെട്ടിട്ടില്ലാത്തവര്‍ ലൈം‌ഗീകമായി ഇടപെടുമ്പോഴാണ് ഈ മൂല്യങ്ങള്‍ക്ക് കളങ്കം സംഭവിക്കുന്നത്. പരസ്പരസമ്മതത്തോടെയുള്ള ലൈം‌ഗീകവേഴ്ചയായാലും മേല്‍‌പറഞ്ഞ മൂല്യങ്ങള്‍ സം‌രക്ഷിക്കുന്നതില്‍ സ്ത്രീ പരാജയപ്പെടുന്നൂ, ആ നിലയ്ക്ക് കളങ്കപ്പെട്ടവള്‍ ! എന്നതിലേക്ക് അവളുടെ ഐഡന്റിറ്റി എന്നന്നേയ്ക്കുമായി മാറുന്നു. ഈ അവസരത്തില്‍ അവള്‍ക്കുമുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്ന് ആത്മഹത്യ, രണ്ടാമത്തേത് കൃത്യത്തിന്റെ തമസ്കരണം. മിക്കവാറും ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നത് ഇതിനോടു ചേര്‍ത്ത് വായിക്കാം. ഇനി മൂന്നാമതൊരു മാര്‍ഗ്ഗം കൂടി സമൂഹം നിര്‍ദ്ദേശിക്കുന്നുണ്ട്, അത് ബലാത്സംഗം ചെയ്ത പുരുഷനെക്കൊണ്ട് അവളെ കെട്ടിക്കുക എന്നതാണ്, അതോടെ അധികാരധ്വംസനം എന്ന കുറ്റത്തിനു പ്രതിക്രീയയും ആകുന്നു. അടിമഗോപി ബലാത്സംഗവുമായി ബന്ധപ്പെട്ട നീതിനിര്‍‌വഹണത്തിന് സൗദി അറേബ്യയെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു കണ്ടു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ശിക്ഷ വിധിക്കുന്ന നാടാണ്. ഇവിടെ രണ്ട് സംസ്കാരങ്ങളിലെ ഐക്യപ്പെടല്‍ യാദൃശ്ചികമല്ല, സംഘിത്തം ഒരു മനോഭാവമാണ്, അതിന് മതത്തിന്റെ പുറമേയുള്ള വ്യത്യസ്തത ഒരു തടസ്സമല്ല.

സ്വന്തം ശരീരത്തിന്റെ ഉടമസ്ഥ സ്ത്രീയാകുന്നത് അവളുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രമാണ്, അധികാരത്തിന്റെ തുറന്ന ഇടങ്ങളില്‍ അതിനു അവകാശികളും ഉടമസ്ഥരും വേറെയുണ്ട്. അവള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് അവര്‍ തീരുമാനിക്കും. ഈ ഉടമസ്ഥതയെ ധിക്കരിച്ച് മുഖം മറയ്ക്കാതിരിക്കുകയോ, ജീന്‍സോ ലെഗ്ഗിം‌ഗ്സോ ധരിക്കുന്ന പക്ഷം അത് പരിശുദ്ധി / ചാരിത്ര്യ സം‌രക്ഷണം എന്ന ഉത്തരവാദിത്തത്തില്‍ നിന്നുമുള്ള പിന്‍‌തിരിയല്‍ ആണെന്നും, അതിനാല്‍ തന്നെ അതിന്റെ ഭവിഷ്യത്തുകള്‍ക്ക് (ബലാത്സംഗം ഉള്‍പ്പടെ) ഉത്തരവാദിയും അവള്‍ ആകുന്നു എന്നതാണ് തീര്‍പ്പ്. സ്ത്രീക്ക് സ്വന്തം ശരീരത്തിന്‍‌മേല്‍ പോലും അവകാശമില്ലാത്തിടത്ത് സ്ത്രീയുടെ ഏജന്‍‌സിക്ക് എന്ത് പ്രസക്തി ? ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത ഒരു സമൂഹത്തിന് അതിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശമാണുള്ളത് ? സ്ത്രീയുടെ വസ്ത്രധാരണത്തില്‍ ഇടപെടുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതിഷേധിക്കാന്‍ എന്ത് അവകാശം ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കരിരുത് എന്ന് വാശി പിടിക്കുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതികരിക്കാന്‍ എന്തവകാശം ? ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ക്ക് ബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശം ?സ്ത്രീയെ ഒരു വ്യക്തിയായി പരിഗണിക്കാത്ത സമൂഹം, ഒരു ഉപഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്ന സമൂഹം, ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹം, അതിന്റെ സംസ്കാരത്തെ”മഹത്തായ സംസ്കാരം” എന്നൊക്കെ വിശേഷിപ്പിക്കുകയും “നമ്മുടെ സംസ്കാരത്തിനു നിരക്കാത്തത്”, “സംസ്കാരത്തിനു ചേരാത്തത്” തുടങ്ങിയ പ്രയോഗങ്ങള്‍ സംസ്കാരമലം‌താങ്ങികളില്‍ നിന്നും കേള്‍ക്കുമ്പോള്‍ എടുത്തോണ്ട് പോയി വല്ല സെപ്റ്റിക് ടാങ്കിലും തള്ള്, കുറച്ച് കീടനാശിനിയും തളിക്ക് എന്നു പറയാന്‍ തോന്നിയാല്‍ അതൊരു കുറ്റമാകുമോ ?

ബലാത്സംഗം ഒരു കുറ്റമല്ല, നമ്മുടെ മഹത്തായ സംസ്കാരത്തില്‍ !

വയറ്റിനുള്ളില്‍ കയറ്റാവുന്നതും വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണം.

ബീഫ് നിരോധനം നടപ്പിലാക്കിയാല്‍ അനുസരിക്കും, അല്ലേലും ഞങ്ങളാരും കഴിക്കാറില്ല, ഞങ്ങടെ വീട്ടിലിത് കേറ്റാറുമില്ല“….

 

അടിമഗോപിയുടെ വാക്കുകളാണ്. കഴിക്കാറില്ല എന്നാണ്, കഴിച്ചിട്ടില്ല എന്നല്ല. സ്യൂറിച്ചിലായിരുന്നപ്പോള്‍ കഴിച്ചത് വേറൊരു ഭക്ഷണവും കിട്ടാതിരുന്നപ്പോഴാണ്. പോര്‍ക്കും ബീഫും മാത്രമായിരുന്നു ചോയ്സുകള്‍. പോര്‍ക്ക് കഴിക്കുന്ന പ്രശ്നമേയില്ല, അതിനാല്‍ ബീഫ് കഴിച്ചു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, പശുവിനെ ഉത്തരേന്ത്യയിലെ ചില ഹിന്ദുക്കള്‍ ഗോമാതാവായി കരുതുന്നതുപോലെ ഉള്ള കാരണങ്ങളല്ല വീട്ടില്‍ കയറ്റാത്തതിനു പിന്നില്‍, അങ്ങിനെയായിരുന്നെങ്കില്‍ ഗോമാതാവിനു പകരം പോര്‍ക്കായിരുന്നല്ലോ കഴിക്കേണ്ടിയിരുന്നത്.

അപ്പോള്‍ വീട്ടില്‍ കയറ്റാത്തതെന്തുകൊണ്ടായിരിക്കും ? കൈ കൊണ്ട് തൊടാം ഉരുട്ടി വായിലിട്ട് ചവച്ചരച്ച് വയറ്റിനുള്ളിലാക്കാം, പക്ഷെ വീട്ടില്‍ കയറ്റില്ല. വയറ്റിനുള്ളില്‍ കയറ്റാവുന്നതും എന്നാല്‍ വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണമാകുന്നു ബീഫ്!

പൊതുവേ സവര്‍ണ്ണരില്‍ നിന്നും വരുന്ന ഇത്തരം കസര്‍ത്തുകള്‍, ജാതി ഇന്‍‌ഡയറക്റ്റായി വെളിപ്പെടുത്തുന്ന പൊങ്ങച്ചത്തിന്റെ ഭാഗമായി മിക്കവരും തള്ളിക്കളയാറുണ്ട് കാരണം വീട്ടില്‍ കയറ്റാത്ത അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പാചകം ചെയ്യാത്ത സാധനം പുറത്തു നിന്നും പരിഹാസമുളവാക്കുന്ന ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയിലാണ് “ഞങ്ങളിത് വീട്ടില്‍ വയ്ക്കാറില്ല” എന്ന് കാച്ചുന്നത്. എന്നാല്‍ ഇതില്‍ പൊങ്ങച്ചത്തിനപ്പുറം ജാതിവ്യവസ്ഥയുടെ ഉല്പന്നമായ തൊട്ടു-തീണ്ടിക്കൂടായ്മയ്ക്കും അതിന്റെ പ്രകടനത്തിനും മാന്യത കല്പിച്ചു കൊടുക്കുന്നു എന്നു വരുന്നിടത്ത് ഇതിലെ സാംസ്കാരിക ജീര്‍ണ്ണതയെ തുറന്നു കാട്ടേണ്ടതുണ്ട്.

ഉപേക്ഷിക്കലും അധികാരവും

ഇന്ത്യന്‍ ജാതിവ്യവസ്ഥയേയും അതിന്റെ നെടും തൂണായ ബ്രാഹ്മണിസത്തേയും പറ്റി മിനിമം ധാരണയുള്ളവര്‍ക്ക് ബ്രാഹ്മണിസം എങ്ങിനെയാണ് “ശുദ്ധി-അശുദ്ധി” ദ്വന്ദങ്ങളിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വേദിക് കാലഘട്ടങ്ങളില്‍ ബീഫ് ഭക്ഷിച്ചിരുന്ന ബ്രാഹ്മണര്‍ പിന്നീടതുമാത്രമല്ല മാംസാഹാരം തന്നെ ഉപേക്ഷിച്ചത് അഹിംസയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്ന ബുദ്ധമതത്തെ കടത്തിവെട്ടാനായിരുന്നുവെന്ന് അംബെദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന ഏതു വസ്തുവിന്റെയും സാംസ്കാരിക മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നതോടെ, തിരസ്കരിക്കപ്പെട്ടതെന്ന നിലയില്‍ അത് രണ്ടാംകിടയായി മാറുന്നു. അതോടൊപ്പം ഉപേക്ഷിക്കപ്പെട്ടത് സ്വീകരിക്കുന്നവന്‍ രണ്ടാകിടക്കാരനാക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധമതത്തെ രണ്ടാം കിടമാക്കാന്‍ ബീഫ് മാത്രമല്ല മാംസാഹാരം തന്നെയും ഉപേക്ഷിക്കാന്‍ ബ്രാഹ്മണന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഉപേക്ഷിക്കലിലൂടെ ബ്രാഹ്മണ്യം തങ്ങളുടെ അധീശത്വവും അതിലൂടെ അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു.

ഉപേക്ഷിക്കപ്പെടുന്നവ രണ്ടാം കിടമാവുന്നു എന്നു മാത്രമല്ല ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നത്, അത് ബ്രാഹ്മണിസത്തിന്റെ “ശുദ്ധി”, “ശുദ്ധം” തുടങ്ങിയ അപരവല്‍ക്കരണ ഉപകരണങ്ങളുടെ ഇരയാവുകയും അതിലൂടെ അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ അശുദ്ധമാക്കപ്പെട്ടതൊക്കെയാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതും തീണ്ടിയാല്‍ ശുദ്ധികലശം നടത്തേണ്ടതുമാകുന്നത്.

ശുദ്രനായ വയലാര്‍ രവിയുടെ മകന്‍ തീണ്ടിയ ഗുരുവായൂരമ്പലം അശുദ്ധമാകുന്നത് ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. ശുദ്രന്‍ തൊട്ട കിണറ് അശുദ്ധമാണ്, തീണ്ടിയ അമ്പലം അശുദ്ധമാണ്, ശുദ്രനില്‍ താഴെയുള്ളവന്റെ നിഴല്‍ തീണ്ടിയാല്‍ പോലും ബ്രാഹ്മണന്‍ അശുദ്ധനാക്കപ്പെടുന്നു.

ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും എഫക്റ്റീവായ അധീശത്വ ഉപകരണമാണ് “ശുദ്ധി” എന്ന പരികല്പന, അതിനാലാണ് “വെജിറ്റേറിയന്‍” എന്ന് പോരാഞ്ഞിട്ട് “ശുദ്ധ-വെജിറ്റേറിയന്‍” എന്ന പ്രയോഗം വരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ആകുന്നവര്‍ക്ക് “ശുദ്ധി” ഒരു വിഷയമല്ല, എന്നാല്‍ ബ്രാഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനെ ബ്രാഹ്മണന്റെ ഭക്ഷണമെന്ന നിലയില്‍ “ശുദ്ധി”യുമായി ചേര്‍ത്തു വയ്ക്കേണ്ടതുണ്ട്. ഇത് ബ്രാഹ്മണ്യത്തെ വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുന്നവരില്‍ നിന്നും വേറിട്ട് അടയാളപ്പെടുത്തുന്നതോടൊപ്പം മറ്റു ഭക്ഷണങ്ങളെ പരോക്ഷമായി അശുദ്ധമാക്കുകയും ചെയ്യുന്നു.

ശുദ്ധി” എന്നത് ബ്രാഹ്മണ്യത്തിന്റെ അടയാളമെന്ന നിലയില്‍ അതിനെ പിന്‍‌പറ്റുന്നവരെ ബ്രാഹ്മണ്യവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടാനുള്ള ഒരു സാധ്യത സൃഷ്ഠിക്കുന്നുണ്ട്. വ്യാജമായ ഒരു സവര്‍ണ്ണ മേധാവിത്വ അനുഭൂതി ഇത്തരത്തിലുള്ള ബ്രാഹ്മണിക് മൂല്യങ്ങളെ പിന്‍‌പറ്റുന്നതിലൂടെ അബ്രാഹ്മണര്‍ക്ക് ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നിടത്ത്, ബ്രാഹ്മണിക അധീശത്വവും അതിന്റെ അടയാളങ്ങളും സാംസ്കാരിക മേല്‍ക്കൈ ഉറപ്പാക്കുന്നു. വെജിറ്റേറിയനാവുന്നതിലും, അതു പോലെ ബീഫ് വീട്ടില്‍ വയ്ക്കാതിരിക്കുന്നതിലും “ശുദ്ധി” യുടെ പിന്‍‌പറ്റലും അതിലൂടെയുള്ള സവര്‍ണ്ണമായ അധികാരത്തിന്റെ പിന്‍‌പറ്റലുമാണ് ഈ ഉപേക്ഷിക്കലിലൂടെ സാധിച്ചെടുക്കുന്നത്. “വീടിനുള്ളില്‍ കയറ്റില്ല” എന്നാണ് അധികാരം മുഴച്ച് നില്‍‌ക്കുന്ന പ്രയോഗം, ദളിതനോടു തീണ്ടാരം കല്പിക്കുന്ന ഒരു സവര്‍ണ്ണ മാടമ്പിയുടെ സ്വരം നിങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നമ്മുടെ ചരിത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നു സാരം.

പരിഹാസം – ഹെജമണിയുടെ ഉപകരണം

പെണ്‍കോന്തന്‍” എന്ന പ്രയോഗം ഭാര്യയുമായി ജനാധിപത്യപരമായ സമ്പര്‍ക്കം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്കുമേല്‍ ആക്ഷേപരൂപേണെയാണ് പ്രയോഗിക്കപ്പെടുന്നത്, ഇതിലൂടെ പുരുഷാധിപത്യ സമൂഹം സ്ത്രീക്ക് മെല്‍ ആധിപത്യം പുലര്‍ത്താന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നുണ്ട്. പരിഹാസം ഹെജമണിയുടെ ഒരു ടൂളാണ്. “വീടിനുള്ളില്‍ കയറ്റില്ല” എന്ന പ്രയോഗത്തില്‍ പരിഹാസത്തിന്റെ അംശം കടന്നു വരുന്നുണ്ട്. അധീശവര്‍ഗ്ഗ മൂല്യങ്ങള്‍ ഒരു സാംസ്കാരിക ഹെജിമണിയായി മാറുന്നതോടെ, അശുദ്ധമാക്കപ്പെടുന്ന വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ഭക്ഷണശീലങ്ങളെല്ലാം തന്നെ അപരവല്‍ക്കരിക്കപ്പെടുകയും സാംസ്കാരിക ഡിസ്കോര്‍സില്‍ ഇതിനെ അത്തരത്തില്‍ സ്ഥാപിച്ചെടുക്കുന്ന പ്രയോഗങ്ങള്‍ നിലവില്‍ വരികയും ചെയ്യും. “വീട്ടില്‍ കയറ്റില്ല” എന്ന സവര്‍ണ്ണ പ്രയോഗം വീട്ടില്‍ കയറ്റുന്നവരെ കുറ്റക്കാരാക്കുകയും, അവരെ പരിഹാസവിധേയരാക്കുകയും ചെയ്യുന്നുണ്ട്. ക്രമേണ ബീഫ് ഭക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന പൊതുബോധത്തിലേക്ക് നയിക്കുകയും, അവര്‍ണ്ണരെക്കൂടി “വീട്ടില്‍ കയറ്റാറില്ല” എന്ന് പറയിപ്പിക്കുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

കേരളത്തിലെ സവര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അധീശത്വം നിലനിര്‍ത്താന്‍ ബീഫ് ഉപേക്ഷിക്കാന്‍ മടി കാണിക്കാന്‍ സാധ്യതയില്ല, കാരണം അതിനു നല്‍കുന്ന പ്രാധാന്യം പേരിലെ ജാതിവാലുകള്‍ക്ക് കല്പിക്കുന്ന പ്രാധാന്യത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ബീഫ് നിരോധനത്തെ അവര്‍ സ്വാഗതം ചെയ്യാനാണ് കൂടുതല്‍ സാധ്യത, അടിമ ഗോപിയുടെ വാക്കുകള്‍ ഇതിനു തെളിവുമാണ്. ഇതിനെ ഒരു പക്ഷെ തിരിച്ചറിഞ്ഞുകൊണ്ട് ഇഫക്റ്റീവായി ചെറുക്കാന്‍ സൈബര്‍-സോഷ്യല്‍ മീഡിയകള്‍ക്കു മാത്രമായിരിക്കും സാധിക്കുക.

ചെറുത്ത് നില്പ്പ്

അടിമഗോപിയുടെ “വീട്ടില്‍ കയറ്റാറില്ല” പ്രയോഗത്തെ തിരിച്ചറിയാനും “ആര്‍ യൂ എ കാസ്റ്റീസ്റ്റ് മിസ്റ്റര്‍ ഗോപി ?” എന്നു ചോദിക്കാനുമുള്ള ആര്‍ജ്ജവം അത് കേട്ട് നിന്ന ഒരു റിപ്പോട്ടര്‍ക്കും ഇല്ലാതെ പോയതെന്തുകൊണ്ട് ? ഉത്തരം ലളിതമാണ്, ഹെജമണിയില്‍ ഈ പ്രയോഗം നിലവിലുള്ളതാണ്, അതീനെ അത്തരത്തിലല്ലാതെ തിരിച്ചറിയണമെങ്കില്‍ വെള്ളം വേറെ കുടിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഹെജമണിയെ ചോദ്യം ചെയ്യുന്ന ഒരു കാഴ്ച എന്നെങ്കിലും കണ്ടതായി ആര്‍ക്കും ഓര്‍മ്മകാണില്ല, കാരണം അങ്ങിനെയൊന്നില്ല എന്നതുതന്നെ. ജാതിയെപ്പറ്റി ഏതെങ്കിലും മുഖ്യധാരാ മാധ്യമം സംസാരിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, കാരണം അതിനെപ്പറ്റി പറയാന്‍ അവര്‍ണ്ണനില്‍ നിന്നൊരു റെപ്രസെന്റേഷന്‍ അവിടെ ഇല്ലായിരുന്നു, അഥവാ അധികാരത്തിന്റെ ഇടങ്ങളില്‍ അവര്‍ണ്ണനു സ്ഥാനമില്ലായിരുന്നു. ഇതിനെ മാറ്റി മറിക്കുന്നതാണ് സൈബര്‍-സോഷ്യല്‍ മീഡിയയിലെ ജനാധിപത്യസാധ്യതകള്‍. മുഖ്യധാര ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന പല വിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങളില്ലാത്ത ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും പിന്നീട് മുഖ്യധാരയ്ക്കും അവഗണിക്കാനാവാതെ വരികയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ബീഫ് ഫെസ്റ്റിവലുകളും, ബീഫിന്റെ രാഷ്ട്രീയവും, ബീഫ് നിരോധനത്തിലെ ഫാസിസവും ഒക്കെ സൈബര്‍ മീഡിയ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഒരു പഴ സാമ്പിൾ ഇവിടെയുണ്ട്.

കേരളത്തില്‍ കുടപിടിക്കുന്നതെന്തിന് ?

ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ നേരിട്ടത്, മഹാരാഷ്ട്രയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നതെന്തിനു എന്ന് പരിഹസിച്ചുകൊണ്ടാണ്. ഈ നിരോധനം ഇങ്ങ് കേരളത്തിലെത്തിയിട്ട് മതി ഇവിടെ പ്രതിഷേധിക്കുന്നത് എന്ന് പറയുന്നവര്‍ ഈ നിരോധനത്തിലെ ഫാസിസത്തെ കുറച്ചുകാണുന്നു എന്നു പറയേണ്ടി വരും. പ്രതിഷേധം ആസന്നമാകുന്ന ഫാസിസത്തോടാണ് എന്നു മനസ്സിലാക്കാതെയാണ് ഇത്തരം വെള്ളെഴുത്തു ബാധിച്ച നിരീക്ഷണങ്ങള്‍ വരുന്നത്.

ഇപ്പോഴത്തെ ബീഫ് നിരോധനത്തിനു രണ്ട് വശങ്ങളുണ്ട്. മഹാരാഷ്ട്രയില്‍ നിരോധിച്ചത് പശുവിന്റെ ഇറച്ചി മാത്രമല്ല, കാള, പോത്ത് തുടങ്ങിയവയെല്ലാം തന്നെ നിരോധിച്ചത്, ഇന്ത്യന്‍ മുസ്ലിമിനെ അപരവല്‍ക്കരിക്കല്‍ എന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനു വീണു കിട്ടിയ വിജയവും, ഇന്ത്യന്‍ സെക്കുലറിസത്തിനേറ്റ തിരിച്ചടിയുമാണെന്നതാണ് ഒന്നാമത്തേത്. ഇന്ത്യയെ കൂടുതല്‍ മതകീയമാക്കുക എന്ന രാഷ്ട്രീയത്തിന്റെ വിജയം, പ്രത്യേകിച്ചും സംഘപരിവാരം അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം തന്നെയാണ്. ബീഫ് നിരോധനം മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. രണ്ടാമത്തേത് ബ്രാഹ്മണിക് അധീശത്വത്തിനും, അതിന്റെ ഭാഗമായ, ഇന്ത്യന്‍ ഭരണഘടന തന്നെ നിരോധിച്ച, തൊട്ടു-തീണ്ടിക്കൂടായ്മയ്ക്ക് സ്റ്റേറ്റ് എന്ന സം‌വിധാനം നല്‍‌കുന്ന ഒത്താശയും പരിരക്ഷയുമാണ്. രണ്ടിടത്തും ഇതിന്റെ ഇര വ്യക്തിസ്വാതന്ത്ര്യമാണ്, ഭൂരിപക്ഷ ഫാസിസം ഒരു എതിര്‍പ്പുമില്ലാതെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നവരോട് മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമേ നിവര്‍ത്തിയുള്ളൂ.

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല

കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

അഹങ്കാരത്തിന്റെ ഭാഷ.

റീയാലിറ്റി ഷോകളില്‍ ആങ്കര്‍മാരുടെ പരിധികള്‍ എന്തൊക്കെയായിരിക്കണമെന്നു നടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ പരാമര്‍ശവും അതിലുപരി ഇതേ വേദിയില്‍ വച്ചു തന്നെ അവിടെ സന്നിഹിതയായിരുന്ന രഞ്ജിനി ഹരിദാസിനെ അനുകരിച്ച് ജഗതി നടത്തിയ മിമിക്രി പ്രകടനവും സൈബര്‍സ്പേസില്‍ ഒരു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ തനിക്കുണ്ടായ അനുഭവവും പ്രതിഷേധവും അടങ്ങിയ കുറിപ്പ് രഞ്ജിനി ഡെക്കാന്‍ ക്രോണിക്കള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (http://www.deccanchronicle.com/tabloid/glam-sham/exercising-our-rights-028). രഞ്ജിനിയുടെ ഈ കുറിപ്പിനുള്ള മറുപടിയായി ബ്ലോഗര്‍ ബെര്‍ളി തോമസ് തന്റെ ബര്‍ളിത്തരങ്ങല്‍ എന്ന ബ്ലോഗില്‍ എഴുതിയ കുറിപ്പ് (http://berlytharangal.com/?p=7623) നല്ലൊരു വിഭാഗം മലയാളികളുടെയും അഭിപ്രായം കൂടിയാണെന്നു വേണം രണ്ടു കുറിപ്പുകള്‍ക്കും കിട്ടിയ പ്രതികരണങ്ങളില്‍ (കമന്റുകളില്‍) നിന്നും മനസ്സിലാകുന്നത്. ബെര്‍ളിയുടെ കുറിപ്പിലെ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകള്‍ രേഖപ്പെടുത്താനാണീ മൂന്നാം കുറിപ്പ്.

ബര്‍ളി പോസ്റ്റിലെ വാദങ്ങള്‍ ഇങ്ങനെ സംഹരിക്കാം
1. രഞ്ജിനി മലയാള ഭാഷയോടു ചെയ്യുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതല്ല.
2. വെറും മൂന്നു മാസം കൊണ്ടു മലയാളികളല്ലാത്തവര്‍ക്കുവരെ മലയാളം വെള്ളം പോലെ സംസാരിക്കാന്‍ കഴിയുമ്മെന്നിരിക്കെ, രഞ്ജിനിക്കു അത് സാധിക്കാത്തത് അശ്ലീലമാണു.
3. ജഗതിയുടെ വിമര്‍ശനം ആവതാരകരെപ്പറ്റിയായിരുന്നെന്നും രഞ്ജിനിയെപ്പറ്റിയാണെന്നു രഞ്ജിനിക്കു തോന്നിയത് അവരുടെ പ്രഫഷണലിസമില്ലായ്മയുടെ തെളിവാണു.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പരാമര്‍ശം ശരിയല്ല.
5. രഞ്ജിനിയെ വിമര്‍ശിച്ച ജഗതി നേടിയ കൈയ്യടിയെ രഞ്ജിനി മാനിക്കുകയാണു വേണ്ടത്, ജനങ്ങളുടെ ഹിതം (ജനാധിപത്യം) മാനിച്ചു രഞ്ജിനി നന്നാവുകയാണു വേണ്ടത്.
6. ജഗതി പ്രകടിപ്പിഅച്ചത് വലിയ ഒരു വിഭാഗം മലയാളികളുടെയും വികാരമാണു.
7. ഇതെല്ലാം മനസ്സിലാക്കി രഞ്ജിനി നന്നാവുകയാണു വേണ്ടത്.
8. ജഗതിക്കു അറ്റന്‍ഷന്‍ ഇരന്നു വാങ്ങേണ്ട ഗതികേടൊന്നുമില്ല.
9. മലയാളികള്‍ക്ക് ജഗതി മഹാനായ നടനാണു. ഒരു ലജണ്ട് ആണു.
10. നട്ടെല്ലു ആണത്തം തുടങ്ങിയെ അപൂര്‍വ്വ സവിശേഷതകള്‍ ഉള്ള ആളാണു ജഗതി.

ഓരോന്നായി പരിശോധിക്കാം.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെങ്കിലും കണ്ടക്സ്റ്റില്‍ നോക്കുമ്പൊള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഏഷ്യാനെറ്റ് വെറും നാഷണിലപ്പുറം ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രക്ഷേപണമുള്ള ഒരു ചാനലെന്ന നിലയ്ക്ക് ആ പരാമര്‍ശം ആ നിലയ്ക്കു മനസ്സിലാക്കിയാല്‍ വലിയ കുഴപ്പമൊന്നും സംഭവിക്കുമെന്നു തോന്നുന്നില്ല.

5. ആരെയും വിമര്‍ശിക്കാനുള്ള ജഗതിയുടെ ജനാധിപത്യ അവകാശത്തെ അംഗീകരിക്കുന്നു, അതു രഞ്ജിനിയും അംഗീകരിച്ചത് പക്ഷെ ബര്‍ളി കണ്ടില്ല എന്നു തോന്നുന്നു, രഞ്ജിനിവിമര്‍ശനം ജഗതിയുടെ ‘overstepping’നെപ്പറ്റിയായിരുന്നു. വേദിയിലെ ജഗതിയുടെ രഞ്ജിനിയെ അനുകരിച്ചുള്ള ഇളകിയാട്ടത്തിലൂടെ പുറത്തു വന്നതു ജഗതിയുടെ ഉള്ളിലുള്ള അസഹിഷ്ണുതയാണെന്നു കാണാന്‍ അത്രയ്ക്കു ബുദ്ധിമുട്ടുണ്ടോ ? ഈ തരത്തിലൊരു ഇളകിയാട്ട മിമിക്രിക്കു ജഗതിക്കു ജനാധിപത്യ അവകാശമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണുത്തരം. എന്നാല്‍ ഇത് അസഹിഷ്ണുത പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ രഞ്ജിനി സൂചിപ്പിച്ച പോലെ ‘overstepping’ ആകുന്നു എന്നതില്‍ സംശയമില്ല. ആ ‘overstepping’നെ വിമര്‍ശിക്കാന്‍ രഞ്ജിനിക്കും അവകാശമുണ്ട്. നടന്ന സംഭവത്തെ രഞ്ജിനിയും വിമര്‍ശിച്ചു ! അത്രതന്നെ.

8. ജഗതി നടത്തിയ ആട്ടം അറ്റെന്‍ഷനു വേണ്ടിയായിരുന്നില്ലെന്ന വാദത്തോടു യോജിക്കുന്നു. ഇതു തികച്ചും അസഹിഷ്ണുതയുടെ പ്രകടനം മാത്രമായിരുന്നു.

9. ജഗതി ഒരു മഹാനായ നടനാണെന്നു ബര്‍ളിക്കും അതുപോലെ ഒരുപാടു പേര്‍ക്കും വിശ്വസിക്കാനും അഭിപ്രായപ്പെടാനുമുള്ള അവകാശത്തെ മാനിച്ചു കൊണ്ടു തന്നെ വിയോജിക്കട്ടെ. ഒരു സാധാരണ നടനില്‍ കവിഞ്ഞുള്ള മാഹാത്മ്യമൊന്നും അദ്ദേഹം അഭിനയിച്ചു പൊലിപ്പിച്ചു കണ്ടിട്ടില്ല എന്നു അഭിപ്രായമുള്ളത് എനിക്കുമാത്രമല്ലെന്നും അറിഞ്ഞിരിക്കുക. ഇവിടെ മറ്റൊരാളുടെ അഭിപ്രായം കൂടിക്കാണുക. (https://plus.google.com/111606901862545416356/posts/eK13nAQwvwF?authuser=0)

3. ജഗതി രഞ്ജിനിയെ പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല എന്നത് ശരിയാണു. എന്നാല്‍ അവിടെ ജഗതി നടത്തിയ മിമിക്രി പ്രകടനം രഞ്ജിനിയെ ഉദ്ദേശിച്ചല്ല എന്നു കരുതുന്നവരല്ല ഈ പറഞ്ഞ മലയാളിക്കൂട്ടം, രണ്ടു കുറിപ്പുകളിലെയും കമന്‍റ്റുകള്‍ വായിച്ചല്‍ ഇവര്‍ക്കെല്ലാം ഒരു പോലെ ബോധ്യപ്പെട്ട ഒന്നു രഞ്ജിനിക്കു കണക്കിനു കിട്ടിയെന്നു തന്നെയാണു. അവര്‍ക്കു ബോധ്യപ്പെട്ടത് രഞ്ജിനിക്കും ബോധ്യപ്പെട്ടത് ആരുടെ തെറ്റാണു ?

10. ജഗതിയുടെ നട്ടെല്ലും ആണത്തവും !..കുറച്ചു നാള്‍ മുന്‍പ് ജഗതിയുടെ നട്ടെല്ലു വളഞ്ഞു മാപ്പിരന്ന സംഭവം മറക്കാറായിട്ടില്ല. (http://www.doolnews.com/thilakan-suspended-frome-amma.html)
എന്താണു ബര്‍ളി ആണത്തം കൊണ്ടുദ്ദേശിച്ചത് ? ആണിനു മാത്രമുള്ള ഈ സംഭവം എങ്ങിനെയാണു സിദ്ധിക്കുന്നത് ? ആണായി പിറക്കാന്‍ കഴിയുന്നതില്‍ ഈ ആണായി പിറന്നവന്റെ കോണ്ട്രിബ്യൂഷന്‍ എന്താണു ? അങ്ങു പിറന്നു പോയി എന്നതില്ക്കവിഞ്ഞു വല്ലതും ? ജാതിവാല്‍, കുടുംബപ്പേരു, കുലമഹിമ ഒക്കെ പോലെ ഒഴുകി വരുന്ന കോണകങ്ങള്‍ സ്വന്തമെന്നു കരുതി എടുത്ത് അലക്കി പറമ്പത്ത് ഉണക്കാനിടുന്നതു പോലെയല്ലാതെ വല്ല അധ്വാനവും ?
ഒരു പെണ്ണിനു ആണത്തം ആവാമോ ? ആവാമെങ്കില്‍ അതിനെ പിന്നെയും ആണിന്റെ വര്‍ഗ്ഗം ചേര്‍ത്തു വിളിക്കുന്നത് ഷോവനിസമല്ലെങ്കില്‍ പിന്നെന്താണു ?

2,6 അന്യഭാഷക്കാര്‍ വരെ മൂന്നുമാസം കൊണ്ടു നല്ല മലയാളം സംസാരിക്കുമ്പോള്‍ എന്തുകൊണ്ടു രഞ്ജിനിക്കായിക്കൂടായെന്ന നിര്‍ബന്ധത്തില്‍ ഒരു ജനാധിപത്യവിരുദ്ധത വരുന്നുണ്ടല്ലോ ബര്‍ളീ. രഞ്ജിനി എന്നെപ്പോലെ അല്ലെങ്കില്‍ നമ്മളെപ്പോലെ നല്ല മലയാളം സംസാരിക്കണമെന്നു ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇതിലൊരു നിര്‍ബന്ധബുദ്ധി വേണോ? ഭാഷ ഏതു രീതിയില്‍ രഞ്ജിനി സംസാരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം രഞ്ജിനിക്കു വിടുന്നതല്ലേ അതിന്റെ മര്യാദ. നല്ലൊരു വിഭാഗം ജനത്തിന്റെയും വികാരമിതാണെങ്കില്‍പ്പോലും അതു നല്ലൊരു വിഭാഗത്തിന്റെ ജനാധിപത്യബോധമില്ലായ്മയുടെ പ്ര‌ശ്നം മാത്രമല്ലേ ആകുന്നുള്ളൂ. ഇതിന്റെ നടത്തിപ്പുകാര്‍ക്കു രഞ്ജിനിയുടെ മലയാളത്തില്‍ പരിഭവമില്ലെങ്കില്‍ അതില്‍ രഞ്ജിനി മലയാളത്തിന്റെ സ്വീകാര്യതയും അടങ്ങിയിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍.

ബാക്കിയുള്ള പരാമര്‍ശങ്ങളെക്കുറിച്ചു …….
ഒരു വിഭാഗം ജനങ്ങള്‍ക്കു രഞ്ജിനിയെ അത്രയ്ക്കങ്ങോട്ടു പിടിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ പോന്ന കമന്‍റ്റുകളാണു രണ്ടു കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഈ പറഞ്ഞ കമന്‍റ്റുകളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

ഒന്നു: ഇതവള്‍ക്കു കിട്ടേണ്ടിയിരുന്നു എന്ന രീതിയിലുള്ള കമന്‍റ്റുക, അതായത് അഹങ്കാരം ! അടുക്കളയിലും പറമ്പത്തും കാണുന്ന നമ്മുടെ അടക്കവും ഒതുക്കവും ശാലീന സൗന്ദര്യവും തുളുമ്പുന്ന, അതിലുപരി കല്യാണയോഗ്യവതികളായ പെണ്ണുങ്ങളുടെ മഹത്വ‌വല്‍ക്കരണം സിനിമകളിലെ സ്ഥിരം അമ്മമാരുടെയും (കവിയൂര്‍ പൊന്നമ്മ മുതല്‍…)അച്ഛന്മാരിലൂടെയും കേട്ടു ശീലിച്ച മലയാളിക്കു അതിലൂടെ സ്ഥാപിച്ചെടുക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളെ തിരിച്ചറിയാനായെന്നു വരില്ല. അങ്ങിനെ അടക്കവും ഒതുക്കവുമില്ലാത്തതും അതിലുപരി സ്വന്തം അഭിപ്രായം വരെയുള്ള രഞ്ജിനി നല്ല ചുട്ട അടി നമ്മുടെ ജഗതിയമ്മാവന്റെ കൈയ്യില്‍ നിന്നും വാങ്ങുമ്പോള്‍ കൈയ്യടിച്ചു പോകും.

രണ്ട്: ഈ അഹങ്കാരത്തിന്റെ പുറത്ത് നമ്മുടെ സ്വന്തം ഭാഷയെക്കൂടി വികൃതമാക്കിയാലോ ? രണ്ടാമതൊരു വിഭാഗം രഞ്ജിനിയുടെ അഹങ്കാരത്തെ അംഗീകരിച്ച മട്ടുണ്ട്, അവര്‍ക്ക് രഞ്ജിനി ഭാഷയോടു ചെയ്യുന്ന ക്രൂരതയാണു സഹിക്കന്‍ പറ്റാത്തത്. ഈ പറയുന്ന ക്രൂരതയിലെന്തെങ്കിലും കാര്യമുണ്ടോ ?

ഒന്നാമതായി ഒരു ഭാഷയും അതിന്റെ ഉച്ചാരണവും വ്യാകരണവും ഉണ്ടാക്കിയിട്ടു ഉപയോഗിച്ചു തുടങ്ങിയവയല്ല. മറിച്ചു ഉപയോഗിച്ചു പോന്ന ഭാഷയുടെ ഉച്ചാരണവും വ്യാകരണവുമൊക്കെ ഡോക്കുമെന്‍റ്റു ചെയ്യപ്പെടുകയുമാണുണ്ടായിട്ടുള്ളത്. പത്തഞൂറു കൊല്ലം പഴക്കമുള്ള ഭാഷകള്‍ എങ്ങിനെയാണുച്ചരിച്ചിരുന്നത് എന്നൂഹിക്കാനേ കഴിയൂ. വാക്കുകളുടെയും ഉച്ചാരണങ്ങളുടെയും വകഭേദങ്ങള്‍ പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതു പോലെ ആക്സന്‍റ്റും. ഇന്നിന്ന കണക്കൊക്കെ ഉച്ചരിച്ചാല്‍ അതു ഭാഷയെ സംവേദനയോഗ്യവും പഠനയോഗ്യവുമാക്കും എന്നു പറയുന്നതില്‍ തെറ്റില്ല. അതിലുപരി ഒരു വ്യതിചലനവും പാടില്ല എന്നു പറയുന്നതില്‍ കാര്യമില്ലെന്നു മാത്രമല്ല, അതു ഭാഷയുടെ സ്വാഭാവികമായ പരിണാമത്തെ തടഞ്ഞു നിര്‍ത്തലുമാണു. സംവേദനായോഗ്യത നിലനിര്‍ത്തിക്കൊണ്ടു ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയേ ഒരു ജനാധിപത്യ സമൂഹത്തിനു കഴിയുകയുള്ളൂ. സംവേദനായോഗ്യമല്ലാത്ത മാറ്റങ്ങള്‍ക്കായുസ്സുണ്ടാവില്ല, അല്ലാത്തവ ഭാഷയുടെ ഭാഗമാവുകയും ചെയ്യാനിടയുണ്ട്. മലയാളികള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ വരുന്ന ആക്സന്‍റ്റ് സ്വാഭാവികവും അതില്‍ കുറവുകാണേണ്ട ആവശ്യവുമില്ല, ഒരു സായിപ്പും അതൊരു കുറവാണെന്നു പറയാനിടയില്ല. ഇനി പറഞ്ഞാല്‍ തന്നെ വകവയ്ക്കേണ്ട കാര്യവുമില്ല. ഇങ്ങിനെയൊക്കെയാണു പല വിഭാഗങ്ങള്‍ ഉച്ചരിക്കുന്നത് എന്നു പറഞ്ഞു വയ്ക്കാം, പഠിപ്പിക്കാം, അതിനപ്പുറം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണു. കുറച്ചു നാള്‍ മുന്‍പ് ശ്രീമതി ടീച്ചറിന്റെ ഉച്ചാരണത്തെയും ആക്സന്‍റ്റിനെയും കളിയാക്കി കിട്ടിയ മെയിലുകളിലും ഇതേ ജനാധിപത്യവിരുദ്ധ ധ്വനി തന്നെയാണു കാണാന്‍ കഴിയുക..
രഞ്ജിനിയുടെ കാര്യത്തില്‍ ഉച്ചാരണത്തെക്കാളുപരി അവര്‍ കൊണ്ടുവരുന്നത് ഒരുതരം സ്റ്റൈലൈസേഷന്‍ ആണു. സംവേദനായോഗ്യമല്ലാത്ത ഭാഷാ ശൈലിയൊന്നും രഞ്ജിനി അവലംബിച്ചിട്ടില്ല. കേരളത്തിലെ പ്രാദേശികമായ ഉച്ചാരനണങ്ങളിലെയും ആക്സന്‍റ്റുകളിലെയും വ്യതിയാനം വച്ചു നോക്കുമ്പൊള്‍ രഞ്ജിനിയുടേതു നിസ്സാരമായ വ്യതിയാനം മാത്രമാണെന്നിരിക്കെ ഇതില്‍ പിടിച്ചു കയറുന്നതില്‍ പന്തികേടുണ്ട്. തിരുവനന്തപുരത്തുകാരും തൃശൂര്‍ക്കാരും വള്ളുവനാട്ടുകാരനുമൊക്കെ മറ്റവന്റെ ഭാഷ വികൃതമാണെന്നു പറയാത്തത് അവിടെ അപ്പുറത്തുള്ളവന്റെ കരുത്തു കണ്ടിട്ടല്ലേ ? ഇവിടെ ഒരു ‘വെറും പെണ്ണ്’ തനിക്കു ശരിയെന്നു തോന്നുന്ന ശൈലി ഉപയോഗിക്കുമ്പോള്‍ അതിനെ വികൃതമെന്നു വിളിക്കാനുള്ള ധൈര്യവും മെല്‍പ്പറഞ്ഞ ആണത്തവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല.

മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.
സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.

പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.

സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു  വാസ്ഥവം.  സ്ത്രീയുടെ മുഖം കണ്ടാല്‍ കാമമിളകാനും, ബലാത്കാരം ചെയ്യാനുമുള്ള പുരുഷന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടു മുഖം മറയ്ക്കാതിരിക്കുന്നതിനു പകരം ആ അവകാശത്തെ താന്‍ മാനിക്കുന്നുവെന്നു സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മത-പുരുഷമേധാവിത്ത അധികാരങ്ങളിലൂടെ ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണു മുഖം മറയ്ക്കലും, അതിന്റെ ന്യായീകരണവും സ്ത്രീപക്ഷങ്ങളില്‍ നിന്നു പോലും കേള്‍ക്കേണ്ടി വരുന്നത്.

സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന അല്ലെങ്കില്‍ പിറകോട്ടു വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുന്ന വാദങ്ങള്‍ പൊളിച്ചടക്കപ്പെടുക തന്നെവേണം.  ഇത് വ്യക്തിസ്വാതന്ത്ര്യമല്ലെന്നും, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്യുപയോഗം മാത്രമാണെന്നും, ഇതിനെ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടുകാണാന്‍ സാധിക്കില്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത ആ സമൂഹത്തിലെ ഓരേ വ്യക്തിക്കുമുണ്ട്.

ഈ ഒരു പച്ഛാത്തലത്തിലാണു ഫ്രാന്‍സില്‍ പൊതു നിരത്തില്‍ മുഖം മറയ്ക്കുല്‍ നിരോധനം വായിക്കപ്പെടേണ്ടത്.
മറ്റൊരു  വാര്‍ത്തhttp://timesofindia.indiatimes.com/world/uk/British-MP-says-he-wont-meet-veiled-Muslim-women/articleshow/6181092.cms

മുഖം മറയ്ക്കുന്ന സ്ത്രീ ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ തീര്‍ത്തും ഒഫെന്‍സീവാണെന്നതാണു മറ്റൊരു വസ്തുത. പുരുഷന്മാരെല്ലാം ആഭാസന്മാരാണെന്നൊരു പരോക്ഷ പ്രഖ്യാപനമാണു അതു ചെയ്യുന്നത്, ഇതെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. മുഖം മറയ്ക്കുന്ന സ്ത്രീയോടു സംസാരിക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടിഷ് എം. പി. യുടെ നിലപാടു അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികവുമാണു. “എന്റെ മുഖം നിന്നെ ഞാന്‍ കാണിക്കില്ല, ഇനി ഇതുകണ്ട് നിനക്ക് കാമമിളകി എന്നെ ബലാത്കാരം ചെയ്യാന്‍ വരെ മടിക്കാത്ത ആഭാസനല്ലേ നീ ?“ എന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെ കാണാന്‍ വിസമ്മതിക്കുന്നതില്‍, ഈ ആഭാസവല്‍ക്കരണത്തോടുള്ള നിരാകരണം മാത്രമല്ല, മുഖം മറയ്ക്കലെന്ന സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധവും കൂടിയുണ്ട്.

മുസ്ലീങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ മാത്രെമേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു കഴിയൂ എന്നൊരു വാദം നിലവിലുണ്ട്. അതുമൊരു ട്രാപ്പാണു. വ്യക്തിസ്വാതന്ത്ര്യമെങ്ങിനെ സ്ത്രീവിരുദ്ധത്യ്ക്കായി മറയാക്കപ്പെടുന്നു, അത്രയും കഴമ്പേ ഒള്ളൂ ഈ വാദങ്ങള്‍ക്കും.