സൌന്ദര്യവും ലോഹിതദാസും

അവിട്ടം നാളില്‍ സൂര്യ റ്റി.വി. യില്‍ ലോഹിതദാസുമായുള്ള അഭിമുഖത്തിന്റെ കുറച്ചു ഭാഗം കാണാനിടയായി. ലോഹിതദാസ് സിനിമയായ കന്മദത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ലോഹിതദാസ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണു്.
ഒന്ന്:
ചോദ്യം കന്മദത്തിലെ മഞ്ചുവാര്യരുടെ കഥാപാത്രത്തെപ്പറ്റിയായിരുന്നു. ശക്തമായ ഒരു കഥാപാത്രമായിരുന്നിട്ടുകൂടി ഒടുവില്‍ മോഹന്‍ലാലിന്റെ നായകപാത്രത്തിനോടു കീഴടങ്ങുന്നതിനെക്കുറിച്ച്.
ലോഹിതദാസിന്റെ മറുപടി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൊതിവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴമയുടെ മഹത്വവല്‍ക്കരണത്തിലൂടെയായിരുന്നു. ഏതൊരു സ്ത്രീയുടേയും ആത്യന്തികാഭിലാഷം പുരുഷനു കീഴടങ്ങുക എന്നതു തന്നെയാണു. തനിക്കു കീഴടങ്ങാന്‍ പറ്റിയ ഒരു പുരുഷനെ കണ്ടെത്തിയ മഞ്ചു പിന്നീടു ശാന്തയാണു, അതിനു മുന്‍പു വരെയുള്ള പ്രകടനമെല്ലാം(തന്റേടവും മറ്റും) ഒരു മറയാണു് (അന്ത്യാഭിലാഷത്തിലേക്കുള്ള). അന്ത്യാഭിലാഷം (കീഴടങ്ങല്‍) സഫലമാകുന്നതോടെ ആ മറ നീങ്ങുന്നു.
ഇതിനോടു ചേര്‍ത്ത്, സ്ത്രീ-പുരുഷ സംഘര്‍ഷം അനാവശ്യമാണെന്നും, രണ്ടു പേരും തുല്യരാണെന്നും, പുരുഷനു കീഴടങ്ങുക ആത്യന്തിക കര്‍മ്മമാണെങ്കിലും സംഘര്‍ഷമല്ല മറിച്ച് സ്ത്രീ-പുരുഷ ലയനമാണു സംഭവമെന്നൊക്കെ സുഖിപ്പിക്കുന്ന വാക്കുകളും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
സ്ത്രീയും പുരുഷനും തുല്യരാണു, എന്നാലും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരു നൂറ്റാണ്ടു കൂടുതല്‍ തുല്യനാണെന്ന്!
ചുരുക്കിപ്പറഞ്ഞാല്‍ ഒരേ സമയം സ്ത്രീ-പുരുഷ തുല്യതയെന്ന ആധുനിക ആശയങ്ങളെ അംഗീകരിക്കുകയും, അതും പഴമയിലെ കാഴ്ചപ്പാടിനുതകുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു വരുത്താനുള്ള ശ്രമവുമാണിവിടെ.
ലോഹിതദാസുള്‍പ്പടെ പലരും പഴമയുടെ റൊമാന്റിക്സാണു. ഇതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ പഴമയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ചാല്‍ പോരെ? ശരികളും തെറ്റുകളുമൊക്കെ കാലചക്രത്തിലൂടെ മാറ്റത്തിനു വിധേയപ്പെടുമെന്നിരിക്കെ പഴയ തെറ്റുകളെ (അന്നത്തെ ശരികളെ) വെള്ളപൂശേണ്ടതുണ്ടോ ?
ഈ ഒരു വിഷയത്തില്‍ മാത്രമല്ല, നമ്മൂടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട പല കാര്യങ്ങളിലും കണ്ടുവരുന്ന പൊതുവായ ഒന്നാണിതു്.
തെറ്റുകളെ മനസ്സിലാക്കി തിരുത്തി മുന്നേറുന്ന സമൂഹത്തിനു ആ തെറ്റുകളേറ്റു പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തെറ്റുകള്‍ വരുത്താത്ത പെര്‍ഫെക്റ്റായ ഒരു സമൂഹമാണെന്നെന്തിനാണിത്ര വാശി. നമ്മള്‍ മനുഷ്യരല്ലെന്നുണ്ടോ?
 

രണ്ട്:
നാണം എന്നത് സ്ത്രീയുടെ സൌന്ദര്യത്തിന്റെ ഭാഗമാണു (ലജ്ജയ്ക്കും ഈ പറയുന്നത് ബാധകമാണു). അതു സ്ത്രീയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. നാണിക്കുന്നതിലെന്താണു തെറ്റ്. പുരുഷനും നാണിക്കുന്നുണ്ടല്ലോ! – ഇതായിരുന്നു രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാതല്‍.
പക്ഷെ ഇതിലൊക്കെ രസകരമായിത്തൊന്നിയത് ഇതിനായദ്ദേഹം നിരത്തിയ ഉദ്ദാഹരണമാണു്. കുട്ടികള്‍ നാണിക്കുന്നത് കാണാന്‍ നല്ല ചന്തമല്ലേ, നമ്മളതിഷ്ടപ്പെടുന്നില്ലേ. സത്യത്തില്‍ ചോദ്യം ചോദിച്ചയാള്‍ക്കുത്തരം മുട്ടിപ്പോയി.

കുട്ടികളുടെ നാണം മാത്രമല്ല, കുസൃതികളുള്‍പ്പടെ എല്ലാ പ്രവര്‍ത്തികളും നമ്മളിഷ്ടപ്പെടുന്നതാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല.  അത് സൌന്ദര്യാ‍ത്മകമായി തോന്നുന്നത് വാത്സല്യം മൂലവും നമ്മളതിഷ്ടപ്പെടുന്നതുകൊണ്ടുമാണു്. ഇഷ്ടപ്പെടാത്തവരുടെ നാണവും കുസൃതിയും ഒന്നും സൌന്ദര്യാത്മകമായി ഭവിക്കുമെന്നു തോന്നുന്നില്ല.
കുട്ടികളുടെ ഒരു പ്രവര്‍ത്തിയുമായി താരതമ്യപ്പെടുത്തുക വഴി തന്റെ കാഴ്ചപ്പാടിനുതകുന്ന തെറ്റായ ഒരുദ്ദാഹരണം സൌകര്യപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ബോധപൂര്‍വ്വമാണെന്നു പറയുന്നില്ല, എന്നാല്‍ അങ്ങിനെ ആകാനുള്ള സാധ്യതയില്ലെന്നില്ല.

നാണം സ്ത്രീയുടെ മാത്രം സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണോ അതോ പുരുഷന്‍ നാണിക്കുമ്പോ‍ള്‍ പുരുഷന്റെ സൌന്ദര്യവും വര്‍ദ്ധിപ്പിക്കുമോ? നാണിച്ചു നില്‍ക്കുന്ന പുരുഷനെ ഇഷ്ടപ്പെടുന്നതാരാണു് ? ആരുമില്ലെന്നര്‍ഥമില്ല, എന്നാല്‍ ആ ഇഷ്ടപ്പെടലിന്റെ കാര്യകാരണങ്ങളെക്കുറിച്ചന്വേഷിക്കുന്നത് രസകരമായിരിക്കും.
നാണത്തില്‍ വിധേയത്വത്തിന്റെ ഒരംശമുണ്ട്. ഒരു പക്ഷെ പുരുഷനതിഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം (നാണമല്ല വിധേയത്വം) നാണത്തില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്. നമ്മുടെ മേധാവിത്വമുറപ്പിക്കുന്ന ഏതു ഭാവവും നമ്മളിഷ്ടപ്പെടുക സ്വാഭാവികം മാത്രം, അതുവഴി അതില്‍ സൌന്ദര്യം ദര്‍ശിക്കുന്നതും. ഇപ്പറഞ്ഞതില്‍നിന്നും ഇഷ്ടപ്പെടുന്നവ മാത്രമാണു സൌന്ദര്യാത്മകമായി ഭവിക്കുന്നുവെന്നര്‍ഥമാക്കേണ്ടതില്ല, എന്നാല്‍ ഇഷ്ടപ്പെടുന്നതൊക്കെ അങ്ങിനെ ഭവിക്കുമെന്നുമാത്രം.

സൌന്ദര്യമെന്നത് സബ്ജക്റ്റീവായ ഒന്നാണല്ലോ. കാലം ചുരുളഴിയുന്നതിനനുസരിച്ച നമ്മുടെ സൌന്ദര്യ സങ്കല്പ്ങ്ങള്‍ക്കും മാറ്റം സംഭവിക്കുമന്നതില്‍ സംശയമില്ല.