വയറ്റിനുള്ളില്‍ കയറ്റാവുന്നതും വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണം.

ബീഫ് നിരോധനം നടപ്പിലാക്കിയാല്‍ അനുസരിക്കും, അല്ലേലും ഞങ്ങളാരും കഴിക്കാറില്ല, ഞങ്ങടെ വീട്ടിലിത് കേറ്റാറുമില്ല“….

 

അടിമഗോപിയുടെ വാക്കുകളാണ്. കഴിക്കാറില്ല എന്നാണ്, കഴിച്ചിട്ടില്ല എന്നല്ല. സ്യൂറിച്ചിലായിരുന്നപ്പോള്‍ കഴിച്ചത് വേറൊരു ഭക്ഷണവും കിട്ടാതിരുന്നപ്പോഴാണ്. പോര്‍ക്കും ബീഫും മാത്രമായിരുന്നു ചോയ്സുകള്‍. പോര്‍ക്ക് കഴിക്കുന്ന പ്രശ്നമേയില്ല, അതിനാല്‍ ബീഫ് കഴിച്ചു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, പശുവിനെ ഉത്തരേന്ത്യയിലെ ചില ഹിന്ദുക്കള്‍ ഗോമാതാവായി കരുതുന്നതുപോലെ ഉള്ള കാരണങ്ങളല്ല വീട്ടില്‍ കയറ്റാത്തതിനു പിന്നില്‍, അങ്ങിനെയായിരുന്നെങ്കില്‍ ഗോമാതാവിനു പകരം പോര്‍ക്കായിരുന്നല്ലോ കഴിക്കേണ്ടിയിരുന്നത്.

അപ്പോള്‍ വീട്ടില്‍ കയറ്റാത്തതെന്തുകൊണ്ടായിരിക്കും ? കൈ കൊണ്ട് തൊടാം ഉരുട്ടി വായിലിട്ട് ചവച്ചരച്ച് വയറ്റിനുള്ളിലാക്കാം, പക്ഷെ വീട്ടില്‍ കയറ്റില്ല. വയറ്റിനുള്ളില്‍ കയറ്റാവുന്നതും എന്നാല്‍ വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണമാകുന്നു ബീഫ്!

പൊതുവേ സവര്‍ണ്ണരില്‍ നിന്നും വരുന്ന ഇത്തരം കസര്‍ത്തുകള്‍, ജാതി ഇന്‍‌ഡയറക്റ്റായി വെളിപ്പെടുത്തുന്ന പൊങ്ങച്ചത്തിന്റെ ഭാഗമായി മിക്കവരും തള്ളിക്കളയാറുണ്ട് കാരണം വീട്ടില്‍ കയറ്റാത്ത അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പാചകം ചെയ്യാത്ത സാധനം പുറത്തു നിന്നും പരിഹാസമുളവാക്കുന്ന ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയിലാണ് “ഞങ്ങളിത് വീട്ടില്‍ വയ്ക്കാറില്ല” എന്ന് കാച്ചുന്നത്. എന്നാല്‍ ഇതില്‍ പൊങ്ങച്ചത്തിനപ്പുറം ജാതിവ്യവസ്ഥയുടെ ഉല്പന്നമായ തൊട്ടു-തീണ്ടിക്കൂടായ്മയ്ക്കും അതിന്റെ പ്രകടനത്തിനും മാന്യത കല്പിച്ചു കൊടുക്കുന്നു എന്നു വരുന്നിടത്ത് ഇതിലെ സാംസ്കാരിക ജീര്‍ണ്ണതയെ തുറന്നു കാട്ടേണ്ടതുണ്ട്.

ഉപേക്ഷിക്കലും അധികാരവും

ഇന്ത്യന്‍ ജാതിവ്യവസ്ഥയേയും അതിന്റെ നെടും തൂണായ ബ്രാഹ്മണിസത്തേയും പറ്റി മിനിമം ധാരണയുള്ളവര്‍ക്ക് ബ്രാഹ്മണിസം എങ്ങിനെയാണ് “ശുദ്ധി-അശുദ്ധി” ദ്വന്ദങ്ങളിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വേദിക് കാലഘട്ടങ്ങളില്‍ ബീഫ് ഭക്ഷിച്ചിരുന്ന ബ്രാഹ്മണര്‍ പിന്നീടതുമാത്രമല്ല മാംസാഹാരം തന്നെ ഉപേക്ഷിച്ചത് അഹിംസയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്ന ബുദ്ധമതത്തെ കടത്തിവെട്ടാനായിരുന്നുവെന്ന് അംബെദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന ഏതു വസ്തുവിന്റെയും സാംസ്കാരിക മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നതോടെ, തിരസ്കരിക്കപ്പെട്ടതെന്ന നിലയില്‍ അത് രണ്ടാംകിടയായി മാറുന്നു. അതോടൊപ്പം ഉപേക്ഷിക്കപ്പെട്ടത് സ്വീകരിക്കുന്നവന്‍ രണ്ടാകിടക്കാരനാക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധമതത്തെ രണ്ടാം കിടമാക്കാന്‍ ബീഫ് മാത്രമല്ല മാംസാഹാരം തന്നെയും ഉപേക്ഷിക്കാന്‍ ബ്രാഹ്മണന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഉപേക്ഷിക്കലിലൂടെ ബ്രാഹ്മണ്യം തങ്ങളുടെ അധീശത്വവും അതിലൂടെ അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു.

ഉപേക്ഷിക്കപ്പെടുന്നവ രണ്ടാം കിടമാവുന്നു എന്നു മാത്രമല്ല ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നത്, അത് ബ്രാഹ്മണിസത്തിന്റെ “ശുദ്ധി”, “ശുദ്ധം” തുടങ്ങിയ അപരവല്‍ക്കരണ ഉപകരണങ്ങളുടെ ഇരയാവുകയും അതിലൂടെ അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ അശുദ്ധമാക്കപ്പെട്ടതൊക്കെയാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതും തീണ്ടിയാല്‍ ശുദ്ധികലശം നടത്തേണ്ടതുമാകുന്നത്.

ശുദ്രനായ വയലാര്‍ രവിയുടെ മകന്‍ തീണ്ടിയ ഗുരുവായൂരമ്പലം അശുദ്ധമാകുന്നത് ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. ശുദ്രന്‍ തൊട്ട കിണറ് അശുദ്ധമാണ്, തീണ്ടിയ അമ്പലം അശുദ്ധമാണ്, ശുദ്രനില്‍ താഴെയുള്ളവന്റെ നിഴല്‍ തീണ്ടിയാല്‍ പോലും ബ്രാഹ്മണന്‍ അശുദ്ധനാക്കപ്പെടുന്നു.

ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും എഫക്റ്റീവായ അധീശത്വ ഉപകരണമാണ് “ശുദ്ധി” എന്ന പരികല്പന, അതിനാലാണ് “വെജിറ്റേറിയന്‍” എന്ന് പോരാഞ്ഞിട്ട് “ശുദ്ധ-വെജിറ്റേറിയന്‍” എന്ന പ്രയോഗം വരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ആകുന്നവര്‍ക്ക് “ശുദ്ധി” ഒരു വിഷയമല്ല, എന്നാല്‍ ബ്രാഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനെ ബ്രാഹ്മണന്റെ ഭക്ഷണമെന്ന നിലയില്‍ “ശുദ്ധി”യുമായി ചേര്‍ത്തു വയ്ക്കേണ്ടതുണ്ട്. ഇത് ബ്രാഹ്മണ്യത്തെ വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുന്നവരില്‍ നിന്നും വേറിട്ട് അടയാളപ്പെടുത്തുന്നതോടൊപ്പം മറ്റു ഭക്ഷണങ്ങളെ പരോക്ഷമായി അശുദ്ധമാക്കുകയും ചെയ്യുന്നു.

ശുദ്ധി” എന്നത് ബ്രാഹ്മണ്യത്തിന്റെ അടയാളമെന്ന നിലയില്‍ അതിനെ പിന്‍‌പറ്റുന്നവരെ ബ്രാഹ്മണ്യവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടാനുള്ള ഒരു സാധ്യത സൃഷ്ഠിക്കുന്നുണ്ട്. വ്യാജമായ ഒരു സവര്‍ണ്ണ മേധാവിത്വ അനുഭൂതി ഇത്തരത്തിലുള്ള ബ്രാഹ്മണിക് മൂല്യങ്ങളെ പിന്‍‌പറ്റുന്നതിലൂടെ അബ്രാഹ്മണര്‍ക്ക് ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നിടത്ത്, ബ്രാഹ്മണിക അധീശത്വവും അതിന്റെ അടയാളങ്ങളും സാംസ്കാരിക മേല്‍ക്കൈ ഉറപ്പാക്കുന്നു. വെജിറ്റേറിയനാവുന്നതിലും, അതു പോലെ ബീഫ് വീട്ടില്‍ വയ്ക്കാതിരിക്കുന്നതിലും “ശുദ്ധി” യുടെ പിന്‍‌പറ്റലും അതിലൂടെയുള്ള സവര്‍ണ്ണമായ അധികാരത്തിന്റെ പിന്‍‌പറ്റലുമാണ് ഈ ഉപേക്ഷിക്കലിലൂടെ സാധിച്ചെടുക്കുന്നത്. “വീടിനുള്ളില്‍ കയറ്റില്ല” എന്നാണ് അധികാരം മുഴച്ച് നില്‍‌ക്കുന്ന പ്രയോഗം, ദളിതനോടു തീണ്ടാരം കല്പിക്കുന്ന ഒരു സവര്‍ണ്ണ മാടമ്പിയുടെ സ്വരം നിങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നമ്മുടെ ചരിത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നു സാരം.

പരിഹാസം – ഹെജമണിയുടെ ഉപകരണം

പെണ്‍കോന്തന്‍” എന്ന പ്രയോഗം ഭാര്യയുമായി ജനാധിപത്യപരമായ സമ്പര്‍ക്കം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്കുമേല്‍ ആക്ഷേപരൂപേണെയാണ് പ്രയോഗിക്കപ്പെടുന്നത്, ഇതിലൂടെ പുരുഷാധിപത്യ സമൂഹം സ്ത്രീക്ക് മെല്‍ ആധിപത്യം പുലര്‍ത്താന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നുണ്ട്. പരിഹാസം ഹെജമണിയുടെ ഒരു ടൂളാണ്. “വീടിനുള്ളില്‍ കയറ്റില്ല” എന്ന പ്രയോഗത്തില്‍ പരിഹാസത്തിന്റെ അംശം കടന്നു വരുന്നുണ്ട്. അധീശവര്‍ഗ്ഗ മൂല്യങ്ങള്‍ ഒരു സാംസ്കാരിക ഹെജിമണിയായി മാറുന്നതോടെ, അശുദ്ധമാക്കപ്പെടുന്ന വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ഭക്ഷണശീലങ്ങളെല്ലാം തന്നെ അപരവല്‍ക്കരിക്കപ്പെടുകയും സാംസ്കാരിക ഡിസ്കോര്‍സില്‍ ഇതിനെ അത്തരത്തില്‍ സ്ഥാപിച്ചെടുക്കുന്ന പ്രയോഗങ്ങള്‍ നിലവില്‍ വരികയും ചെയ്യും. “വീട്ടില്‍ കയറ്റില്ല” എന്ന സവര്‍ണ്ണ പ്രയോഗം വീട്ടില്‍ കയറ്റുന്നവരെ കുറ്റക്കാരാക്കുകയും, അവരെ പരിഹാസവിധേയരാക്കുകയും ചെയ്യുന്നുണ്ട്. ക്രമേണ ബീഫ് ഭക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന പൊതുബോധത്തിലേക്ക് നയിക്കുകയും, അവര്‍ണ്ണരെക്കൂടി “വീട്ടില്‍ കയറ്റാറില്ല” എന്ന് പറയിപ്പിക്കുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

കേരളത്തിലെ സവര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അധീശത്വം നിലനിര്‍ത്താന്‍ ബീഫ് ഉപേക്ഷിക്കാന്‍ മടി കാണിക്കാന്‍ സാധ്യതയില്ല, കാരണം അതിനു നല്‍കുന്ന പ്രാധാന്യം പേരിലെ ജാതിവാലുകള്‍ക്ക് കല്പിക്കുന്ന പ്രാധാന്യത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ബീഫ് നിരോധനത്തെ അവര്‍ സ്വാഗതം ചെയ്യാനാണ് കൂടുതല്‍ സാധ്യത, അടിമ ഗോപിയുടെ വാക്കുകള്‍ ഇതിനു തെളിവുമാണ്. ഇതിനെ ഒരു പക്ഷെ തിരിച്ചറിഞ്ഞുകൊണ്ട് ഇഫക്റ്റീവായി ചെറുക്കാന്‍ സൈബര്‍-സോഷ്യല്‍ മീഡിയകള്‍ക്കു മാത്രമായിരിക്കും സാധിക്കുക.

ചെറുത്ത് നില്പ്പ്

അടിമഗോപിയുടെ “വീട്ടില്‍ കയറ്റാറില്ല” പ്രയോഗത്തെ തിരിച്ചറിയാനും “ആര്‍ യൂ എ കാസ്റ്റീസ്റ്റ് മിസ്റ്റര്‍ ഗോപി ?” എന്നു ചോദിക്കാനുമുള്ള ആര്‍ജ്ജവം അത് കേട്ട് നിന്ന ഒരു റിപ്പോട്ടര്‍ക്കും ഇല്ലാതെ പോയതെന്തുകൊണ്ട് ? ഉത്തരം ലളിതമാണ്, ഹെജമണിയില്‍ ഈ പ്രയോഗം നിലവിലുള്ളതാണ്, അതീനെ അത്തരത്തിലല്ലാതെ തിരിച്ചറിയണമെങ്കില്‍ വെള്ളം വേറെ കുടിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഹെജമണിയെ ചോദ്യം ചെയ്യുന്ന ഒരു കാഴ്ച എന്നെങ്കിലും കണ്ടതായി ആര്‍ക്കും ഓര്‍മ്മകാണില്ല, കാരണം അങ്ങിനെയൊന്നില്ല എന്നതുതന്നെ. ജാതിയെപ്പറ്റി ഏതെങ്കിലും മുഖ്യധാരാ മാധ്യമം സംസാരിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, കാരണം അതിനെപ്പറ്റി പറയാന്‍ അവര്‍ണ്ണനില്‍ നിന്നൊരു റെപ്രസെന്റേഷന്‍ അവിടെ ഇല്ലായിരുന്നു, അഥവാ അധികാരത്തിന്റെ ഇടങ്ങളില്‍ അവര്‍ണ്ണനു സ്ഥാനമില്ലായിരുന്നു. ഇതിനെ മാറ്റി മറിക്കുന്നതാണ് സൈബര്‍-സോഷ്യല്‍ മീഡിയയിലെ ജനാധിപത്യസാധ്യതകള്‍. മുഖ്യധാര ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന പല വിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങളില്ലാത്ത ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും പിന്നീട് മുഖ്യധാരയ്ക്കും അവഗണിക്കാനാവാതെ വരികയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ബീഫ് ഫെസ്റ്റിവലുകളും, ബീഫിന്റെ രാഷ്ട്രീയവും, ബീഫ് നിരോധനത്തിലെ ഫാസിസവും ഒക്കെ സൈബര്‍ മീഡിയ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഒരു പഴ സാമ്പിൾ ഇവിടെയുണ്ട്.

കേരളത്തില്‍ കുടപിടിക്കുന്നതെന്തിന് ?

ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ നേരിട്ടത്, മഹാരാഷ്ട്രയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നതെന്തിനു എന്ന് പരിഹസിച്ചുകൊണ്ടാണ്. ഈ നിരോധനം ഇങ്ങ് കേരളത്തിലെത്തിയിട്ട് മതി ഇവിടെ പ്രതിഷേധിക്കുന്നത് എന്ന് പറയുന്നവര്‍ ഈ നിരോധനത്തിലെ ഫാസിസത്തെ കുറച്ചുകാണുന്നു എന്നു പറയേണ്ടി വരും. പ്രതിഷേധം ആസന്നമാകുന്ന ഫാസിസത്തോടാണ് എന്നു മനസ്സിലാക്കാതെയാണ് ഇത്തരം വെള്ളെഴുത്തു ബാധിച്ച നിരീക്ഷണങ്ങള്‍ വരുന്നത്.

ഇപ്പോഴത്തെ ബീഫ് നിരോധനത്തിനു രണ്ട് വശങ്ങളുണ്ട്. മഹാരാഷ്ട്രയില്‍ നിരോധിച്ചത് പശുവിന്റെ ഇറച്ചി മാത്രമല്ല, കാള, പോത്ത് തുടങ്ങിയവയെല്ലാം തന്നെ നിരോധിച്ചത്, ഇന്ത്യന്‍ മുസ്ലിമിനെ അപരവല്‍ക്കരിക്കല്‍ എന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനു വീണു കിട്ടിയ വിജയവും, ഇന്ത്യന്‍ സെക്കുലറിസത്തിനേറ്റ തിരിച്ചടിയുമാണെന്നതാണ് ഒന്നാമത്തേത്. ഇന്ത്യയെ കൂടുതല്‍ മതകീയമാക്കുക എന്ന രാഷ്ട്രീയത്തിന്റെ വിജയം, പ്രത്യേകിച്ചും സംഘപരിവാരം അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം തന്നെയാണ്. ബീഫ് നിരോധനം മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. രണ്ടാമത്തേത് ബ്രാഹ്മണിക് അധീശത്വത്തിനും, അതിന്റെ ഭാഗമായ, ഇന്ത്യന്‍ ഭരണഘടന തന്നെ നിരോധിച്ച, തൊട്ടു-തീണ്ടിക്കൂടായ്മയ്ക്ക് സ്റ്റേറ്റ് എന്ന സം‌വിധാനം നല്‍‌കുന്ന ഒത്താശയും പരിരക്ഷയുമാണ്. രണ്ടിടത്തും ഇതിന്റെ ഇര വ്യക്തിസ്വാതന്ത്ര്യമാണ്, ഭൂരിപക്ഷ ഫാസിസം ഒരു എതിര്‍പ്പുമില്ലാതെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നവരോട് മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമേ നിവര്‍ത്തിയുള്ളൂ.

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല

കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരുമ്പോള്‍ എന്തിനാണ് അടുക്കളയും ചുമന്നുകൊണ്ട് വരുന്നത് ?

http://malayal.am/node/22714

 

വി. ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ആദ്യമായി വേദിയിലവതരിപ്പിക്കപ്പെട്ടത് 1929 ലായിരുന്നു. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന വൈവാഹിക സംബന്ധിയായ ദുരാചാരങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങളുടെ തുടക്കം കുറിക്കല്‍ എന്നതിലുപരി നവോത്ഥാന ബോധത്തിന്റെ തന്നെയുള്ള തുടക്കമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു അരങ്ങറ്റമായിരുന്നു അത്. “നമ്പൂതിരിയെ മനുഷ്യനാക്കുക”, “അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക” തുടങ്ങിയ ആഹ്വാനങ്ങള്‍ ആ കാലഘട്ടത്തിന്റെ മറ്റു സംഭാവനകളാണ്. അടുക്കളയുടെ ഫ്യൂഡല്‍ മതിലുകള്‍ക്കുള്ളില്‍ നിന്നും പുരോഗമനാത്മകതയുടെ അരങ്ങിലേക്കുള്ള ആഹ്വാനം അടയാളപ്പെടുത്തിയ ആ ഘട്ടത്തില്‍ നിന്നും നമുക്ക് എത്ര ദൂരം സഞ്ചരിക്കാനായി എന്നു വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന പൊങ്കാല മഹാമഹങ്ങളുടെ മറവിലുള്ള സ്ത്രീവിരുദ്ധ ഘോഷങ്ങള്‍.

ആചാരങ്ങളുടെ ബലിയാടുകള്‍

ആചാരങ്ങളുടെ ബലിയാടുകള്‍, പ്രത്യേകിച്ചും മതാചാരങ്ങളുടെ, എന്നും സ്ത്രീകള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കേണ്ട യാഥാര്‍ത്ഥ്യം, പക്ഷെ ഒരു ഞെട്ടലും ഉളവാക്കില്ലെന്നു മാത്രമല്ല ഇതൊക്കെ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. മതത്തെയും സംസ്കാരത്തെയും സം‌രക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്റെ ആചാരങ്ങള്‍. സ്ത്രീ മുഖം മറച്ചില്ലെങ്കില്‍ പുരുഷനു നിയന്ത്രണം പോകും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്, ‘മുഖം മറയ്ക്കുക‘, അടിച്ചേല്പ്പിക്കുന്നതോ മതാചാരമെന്ന നിലയില്‍, സ്ത്രീവിരുദ്ധമാണെങ്കിലും ആചാരമെന്ന നിലയില്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മതത്തോടുള്ള വിമര്‍ശനമായും, അതുവഴി ആ മതസ്വത്വം പേറുന്നവരോടുള്ള ആക്രമണമായി ചിത്രീകരിച്ചു കൊണ്ട് അതിനെ നേരിടാന്‍ സ്ത്രീകളെ തന്നെ അണിനിരത്താന്‍ മതാധികാരങ്ങള്‍ക്കു സാധിക്കുന്നതിലൂടെ സ്ത്രീ തന്നെ ബലിയാടാക്കപ്പെടുന്നു. ഇതേ നീതിബോധമാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ അവളുടെ വസ്ത്രധാരണത്തില്‍ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്. പുരുഷന്റെ വൈകല്യങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ നീതിബോധം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ മതം വഹിക്കുന്ന പങ്കും നിസ്സാരമല്ല.

സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍

പടുവൃദ്ധന്മാരെക്കൊണ്ട് നമ്പൂതിരിയുവതികളെ കെട്ടിക്കുന്ന ആചാരമുണ്ടായിരുന്നു, വിധവകള്‍ക്ക് പുനര്‍ വിവാഹം നിഷേധിച്ചിരുന്ന ആചാരങ്ങള്‍, ‘സതി‘ യെന്ന ‘മനോഹരമായ‘ വേറൊന്ന്, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് മറ്റൊന്ന്. മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇതേ മതാധികാരം തന്നെ. ചുരീധാര്‍ധാരികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് പ്രശ്നം വച്ചു കണ്ടുപിടിച്ച നാടാണ്. ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (Female genital mutilation) മറ്റൊന്ന്‍. ഋതുമതികളായ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മതസംസ്കാരം അതിന്റെ ബീഭത്സമായ സ്ത്രീവിരുദ്ധതയുടെ അധികാര ധാര്‍ഷ്ട്യം പുറത്തെടുക്കുന്നു. അമ്പലം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ പോട്ടെ, വീടുനുള്ളില്‍ തന്നെ സ്ത്രീയെ കുറ്റവാളിയാക്കുന്നതില്‍ മതാധികാരം പ്രത്യേകശ്രദ്ധയാണ് ചെലുത്തുന്നത്. അടുക്കളയില്‍ പോലും പ്രവേശിപ്പിക്കാതെ പ്രത്യേകം മുറികളിലടച്ചിടുന്ന സമ്പ്രദായം വരെയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അനിവാര്യമായും മതം പ്രത്യക്ഷമായോ പരോക്ഷമായോ കടന്നു വരുന്നുണ്ട്. അത് അങ്ങിനെയാവുകയേ തരമുള്ളൂ കാരണം “പുരുഷനാല്‍, പുരുഷനുവേണ്ടി, പുരുഷന്റെ സൃഷ്ടിയാകുന്നു മതമെന്ന അധികാരസ്ഥാപനം”. “Religion is an institution of power created by men, for men and of men”

ദി പൊളിറ്റിക്കല്‍ ഇന്ത്യന്‍ തരുന്ന ലിസ്റ്റ് ചുവടെ
http://www.thepoliticalindian.com/women-not-allowed/
മറ്റൊന്ന് http://www.foxnews.com/travel/2013/01/09/no-women-allowed-tourist-destinations-where-females-are-forbidden/

ആധുനിക ഇന്ത്യയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ആര്‍. എസ്. എസ്. എന്ന സംഘടനയും പെടുന്നു. ആര്‍ എസ് എസ് എന്നാല്‍ ‘രാഷ്ട്രീയ “സ്വയം” സേവകര്‍’ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. “സ്വയം” ഒന്നിനും തീരുമാനനെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്തതുകൊണ്ടായിരിക്കാം അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്, പകരമായി രൂപവല്‍ക്കരിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പേര് ‘രാഷ്ട്ര സേവികാ സമിതി‘ എന്നാണ്, അതായത് ‘സ്വയം’ സേവകരല്ല. രാഷ്ട്രീയ സ്വയം സേവകരിലെ ‘സ്വയം‘ എന്ന വിശേഷണം സ്ത്രീകള്‍ക്ക് ബാധകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അടുക്കള മാഹാത്മ്യം.

ഋതുമതികളാകുന്ന സമയത്തൊഴികെ സ്ത്രീയുടെ തട്ടകം എന്നും അടുക്കളയായിരുന്നു. ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കുക എന്നത് ഭാര്യയുടെ പ്രാഥമിക ചുമതലകളിലൊന്നാണ്, അതൊകൊണ്ടു തന്നെ അടുക്കള എന്ന സ്ഥാപനത്തിനു അതിന്റേതായ ഭരണക്രമവും ജെണ്ടറില്‍ അധിഷ്ഠിതമായ മൂല്യങ്ങളും വന്നു ചേരുന്നുണ്ട്. ഒന്നാമതായും വീടിനുള്ളിലെ പാചകം സ്ത്രീയുടെ മാത്രം ചുമതലയാകുന്നു, അതോടൊപ്പം രുചിയുള്ള ഭക്ഷണത്തിനു ടാര്‍ഗറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. ‘അമ്മയുണ്ടാക്കിയ ഭക്ഷണ‘ത്തിന്റെ രുചി ഒരു സാംസ്കാരിക ഉല്പന്നമെന്ന നിലയില്‍, അത് മരുമകളായി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ മുന്നില്‍ സാംസ്കാരികമായി അസാധ്യമായ ഒരു ടാര്‍ഗറ്റ്, അടുക്കള എന്ന സ്ഥാപനത്തിലൂടെ സെറ്റ് ചെയ്യുന്നുണ്ട്. അവിടെ അനിവാര്യമായ തോല്‍‌വിക്ക് വിധേയപ്പെടുന്ന സ്ത്രീക്കുമേല്‍ അധികാരം ഒരു കുരുക്ക് കൂടിയിടുന്നു. കുറ്റബോധങ്ങളെ സൃഷ്ഠിക്കുകയും അതുവഴി വിധേയത്തം ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നത് അധികാരത്തിന്റെ രീതിയാണ്, മതാധികാരം പ്രത്യേകിച്ചും ഇതിന്റെ ഉദ്ദാഹരണമാണ്

അടുക്കളയെന്ന നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീയെ കുരുക്കിയിടാന്‍ പ്രാപ്തമായ മൂല്യബോധങ്ങളും കുറവല്ല. ചില കാരണവന്മാര്‍ തലേന്ന് പാചകം ചെയ്ത ഭക്ഷണം കഴിക്കില്ല, എല്ലാം ഫ്രഷ് ആയിരിക്കണമെന്നു നിര്‍ബന്ധമത്രെ! മിക്സിയിലരച്ച കൂട്ടുകള്‍ക്ക് ഇക്കൂട്ടര്‍ക്ക് രുചി കുറവാകുന്നു, അരകല്ലില്‍ അരച്ചുതന്നെ ഉണ്ടാക്കണം. സ്ത്രീയുടെ അദ്ധ്വാനഭാരം കുറയ്ക്കുന്ന യന്ത്രവല്‍‌ക്കരണത്തെയൊക്കെ ക്വാളിറ്റിയുടെ മറവില്‍ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. ഒരു തരം ഫ്യൂഡല്‍ നോസ്റ്റാള്‍ജിയ പാരമ്പര്യരീതിയിലുള്ള പാചകങ്ങളോട് ഇന്നും നമ്മള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്. ആധുനിക അടുക്കളയില്‍ ഇലക്ട്രിക് യന്ത്രങ്ങള്‍ കടന്നുകയറിയത് സമൂഹത്തില്‍ മൊത്തത്തില്‍ കടന്നുകൂടിയ മാറ്റങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍

മൊബിലിറ്റിയും പാചകവും

ഒട്ടുമിക്ക പൊതു ഇടങ്ങളും സ്ത്രീക്ക് നിഷിദ്ദമായിരിക്കുമ്പോഴും, സ്വകാര്യ ഇടം എന്ന നിലയില്‍ അടുക്കള എന്ന സ്ഥാപനം ഇതില്‍ പെടുന്നില്ല എന്നിരിക്കിലും, പൊതു ഇടങ്ങളിലെ പാചകം പക്ഷെ സ്ത്രീക്ക് നിഷിദ്ദമാണ്. ഈ നിഷേധത്തിനു പാചകവുമായി ബന്ധമില്ല, മറിച്ച് ഇത് സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവുമായിട്ടാണു ബന്ധപ്പെട്ടുകിടക്കുന്നത്. സ്ത്രീക്കുമേലുള്ള ഉടമസ്ഥത സൃഷ്ടിക്കുന്ന മൊബിലിറ്റിയുടെ നിഷേധമാണിവിടെ പ്രകടമാകുന്നത്. വീടു വിട്ട് പുറത്തേക്ക്, അത് സ്വന്തം വീട്ടിലേക്കാണെങ്കില്‍ പോലും അകമ്പടിയായി അമ്മായിയപ്പന്‍ അല്ലെങ്കില്‍ ഒരു ആണ്‍തുണ ഒരു പതിവ് കാഴ്ചയായിരുന്നു. സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകുന്നത് അപമാനമായി കണ്ടിരുന്ന ഒരു മൂല്യബോധത്തില്‍ നിന്നും നാം ഭാഗികമായെങ്കിലും പുറത്തു വന്നത് ഈ അടുത്ത കാലത്താണ്. സ്ത്രീക്ക് കൈവന്ന ഈ മൊബിലിറ്റി പക്ഷെ നിലനില്പിന്റെ ഭാഗമായി വന്നതായിട്ടു വേണം മനസ്സിലാക്കാന്‍, കാരണം അത് പ്രത്യേകിച്ച് സ്ത്രീയുടെ മൊബിലിറ്റി എന്ന വിപുലമായ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമായി വന്നതല്ല, അതുകൊണ്ടു തന്നെ പുരുഷന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സാരമായ മാറ്റമൊന്നും ഇതിനു വരുത്താനുമായിട്ടില്ല, അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയുടെ ചുമതലകളില്‍ നിന്നും പ്രത്യേകിച്ച് ഇളവുകളൊന്നും നേടിയെടുക്കാനായിട്ടില്ല.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്.

ഈ പച്ഛാത്തലത്തിലാണ് പൊങ്കാല ഉത്സവങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും അതില്‍ സ്ത്രീയുടെ മൊബിലിറ്റിയുടെ ഉള്‍ച്ചേരലും പരിശോധിക്കേണ്ടത്. സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള പൊതുവിടങ്ങളിലൊന്ന് അമ്പലങ്ങളാണ്. മതമെന്ന അധികാരസ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് വിധേയത്വ പ്രകടനത്തിനു മാത്രമായുള്ള നിയന്ത്രിത പൊതു ഇടങ്ങളായാണ് അമ്പലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ മതാധികാരത്തിന്റെയും അതുവഴി സംസ്കാരത്തിന്റെയും ഭൗതികസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ട്. അത് ഡിസ്കോര്‍സില്‍ ഇടപെടുന്നത് ഈ സാംസ്കാരിക ഹെജമണിയെ പുനരുത്‌പാദിപ്പിക്കാന്‍ മാത്രമാകുന്നതിനാല്‍ അത്തരത്തിലുള്ള ഒരു ഡിസ്കോര്‍സായിട്ടാണ് പൊങ്കാല മഹാമഹങ്ങള്‍ വായിക്കപ്പെടേണ്ടത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സൃഷ്ഠിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ പൊതു ഇടങ്ങള്‍ സാംസ്കാരിക ഹെജമണിയുടെ പുനരുത്‌പാദനം മാത്രമാണ് സാധ്യമാക്കുന്നത്. അമ്പലങ്ങളില്‍ നിന്നും വേറിട്ടൊരു പൊതു ഇടം എന്ന പ്രതീതി സ്രഷ്ഠിക്കുമ്പൊഴും അവിടെയും സ്ത്രീ എന്ന ജെണ്ടറിന്റെ അംഗീകൃതമായ സാംസ്കാരിക ചുമതലയായി പാചകത്തെ പുനരുദ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് അടുക്കളയില്‍ നിന്നും പുറത്തുള്ള ഒരു അരങ്ങിലേക്കല്ല സ്ത്രീ കടക്കുന്നത്, മറിച്ച ആ അരങ്ങിനെ അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ പരിഹാസ്യതയും അപകടവും.

അടുക്കളയും ചുമന്നുകൊണ്ട് എന്തിനു അരങ്ങത്തു വരുന്നു എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങളിലൊക്കെ ഇതിനെ ഭക്തിയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രാര്‍ത്ഥിക്കാനാണെന്ന ലളിതവും നിര്‍ദ്ദോഷകരവുമെന്നു തോന്നിപ്പിക്കുന്ന യുക്തികളിലെ പരിഹാസ്യത കിടക്കുന്നത് ഇത് ദൈവമെന്ന സങ്കല്പത്തെ തന്നെ പരിഹാസ്യമാക്കുന്നു എന്നിടത്താണ്. പ്രാര്‍ത്ഥന എന്ന കൈക്കൂലി കൊടുത്താല്‍ മാത്രം പ്രസാദിക്കുന്ന ദൈവം ഒരു കൈക്കൂലിക്കാരന്റെ പരിവേഷമാണ് സൃഷ്ടിക്കുന്നതെങ്കില്‍ പാടിപ്പുകഴ്ത്തലില്‍ പ്രസാദിക്കുന്ന ദൈവം കോമാളി എന്ന പരിവേഷമാണ് സൃഷ്ടിക്കുന്നത്.

ഭക്തിയെന്ന കേവലയുക്തിയിലെ പരിഹാസ്യത ഭക്തരെ ബാധിക്കാറില്ല കാരണം വിമര്‍ശനങ്ങളെ നേരിടാന്‍ അവര്‍ക്ക് ഹെജമണിയുടെ യുക്തി മാത്രമായിരിക്കും ആശ്രയം. അതിനപ്പുറം വിമര്‍ശനത്തെ മനസ്സിലാക്കണമെങ്കില്‍ പോലും വ്യക്തിയെന്ന നിലയില്‍ ബൗദ്ധികമായി വികാസം പ്രാപിക്കേണ്ടതുണ്ട്. ബൗദ്ധികമായ ഒരു പ്രയത്നവും ആവശ്യപ്പെടാത്ത ഒരു അവസ്ഥ, അഥവാ മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ ഹെജമണിയുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് ഏറ്റുപാടുന്ന ഒന്ന്, ഒരു മോബ് സൃഷ്ഠിക്കുന്ന അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന ഉന്മാദോത്തമായ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബൗദ്ധിക അധ്വാനത്തെ അപ്രസക്തമാക്കുന്ന ഒരു അന്തരീക്ഷം അഥവാ യുക്തിയുടെ അഭാവം അടയാളപ്പെടുത്തുന്ന ഒന്ന്, ഫാസിസത്തിന്റെ കടന്നുവരവിനു ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ഠിക്കുന്ന കാഴ്ച, ഒട്ടും നല്ല അനുഭവമല്ല പ്രദാനം ചെയ്യുന്നത്