സ്വാതന്ത്ര്യം എന്ന സംജ്ഞയ്ക്കുള്ള നിര്‍വചനം പലപ്പോഴും പരാജയപ്പെടുന്നത് കൂടുതല്‍ ആഴമേറിയ ഉള്‍നോട്ടങ്ങളിലാണ്. സ്വാതന്ത്ര്യത്തിന്റെ പരിമിതികളെപ്പറ്റി ബോധ്യം കൂടി വരുന്തോറും അതിന്റെ അര്‍ഥങ്ങളെ വീണ്ടും ചികഞ്ഞെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.
സ്വാതന്ത്ര്യത്തിന് ഇന്നു നല്‍കിപ്പോരുന്ന പ്രാധാന്യം, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നതാണ്. ഒരു ജനാധിപത്യ സമൂഹം തങ്ങളില്‍ സ്വയമര്‍പ്പിക്കുന്ന അവകാശം. അതിനാലാകണം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യവും, അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്ര്യവും പരമപ്രധാനമാകുന്നത്. ഓരോ അഭിപ്രായവും ഓരോ സാധ്യതകളാണ്. മുന്നോട്ടുവയ്ക്കുന്നത്, കൂടെ സൃഷ്ടിക്കപ്പേടുന്നത് ആ സാധ്യതകളുടെ ഇടവും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളെ മാറ്റത്തിന്റെ തോണികളാക്കി വികസിപ്പിക്കുമ്പോഴാണല്ലോ ജനാധിപത്യം ചലനാത്മകമാകുന്നത്.
ഇടങ്ങളെ ക്രിയാത്മകമായി ചൂഷണം ചെയ്യേണ്ടതുണ്ട് എന്നു സമ്മതിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മറ്റൊരു ചോദ്യമുണ്ട്. എല്ലായിപ്പോഴും അങ്ങിനെ സംഭവിക്കാറുണ്ടോ ? ഇല്ല എന്നു തന്നെയാണു ചരിത്രം.സാധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണ്ണായക പങ്കുണ്ട്. കേരളത്തെപ്പോലെ രാഷ്ട്രീയപ്രക്ഷുബ്ദമായ സാമൂഹ്യ അന്തരീക്ഷങ്ങളില്‍ സാധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളോടൊപ്പം മാധ്യമങ്ങളും ഭാഗഭാക്കാകുമ്പോള്‍, കേരളത്തിനു പുറത്ത് ഇത് ഏറെക്കുറേ മാധ്യമങ്ങള്‍ മാത്രമാണു നിര്‍വ്വഹിക്കുന്നത്. അതായത് മുതല്‍മുടക്കുള്ളവര്‍ കോര്‍പ്പൊറേറ്റുകളാകുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന ലഭിക്കുന്നത് സ്വാഭാവികം മാത്രം. അരാഷ്ട്രീയവല്‍ക്കരണത്തിലേക്കുള്ള അധഃപതനം അനിവാര്യ ദുരന്തവും.
പറഞ്ഞു വന്നത് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാകുന്നതിലെ അപകടത്തെക്കുറിച്ചാണ്.(മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണെന്നാണല്ലോ വയ്പ്). ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം, അതു വോട്ടു ചെയ്യുമ്പോള്‍ മാത്രമായി ചുരുങ്ങുന്നതിന്റെ, അല്ലെങ്കില്‍ ചുരുക്കുന്നതിന്റെ അപകടത്തെക്കുറിച്ചു. ഉപരിവര്‍ഗ്ഗത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ഒരു ഔപചാരികത മാത്രമായി തിരഞ്ഞെടുപ്പ് അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയുള്ളില്‍ കുടിയേറിയ ഫാസിസ്റ്റ് ഭൂതത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
ബുദ്ധിജീവികളും മാധ്യമങ്ങളും.
സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ (പരമ്പരാഗത മാധ്യമങ്ങളെയാണുദ്ദേശിച്ചത്, ആധുനിക മാധ്യമമായ ബ്ലോഗ് ഒരു അപവാദം) ഇടം നേടാറില്ല, എന്നാല്‍ ബുദ്ധിജീവികളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അങ്ങിനെയല്ല, സാധാരണക്കാരന്‍ ഉറ്റുനോക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയും.
സാധാരണക്കാരന്‍ തന്നേക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവനെന്ന നിലയിലോ (അതങ്ങിനെയാവണമെന്നില്ല), ഒരു വഴികാട്ടിയെന്ന നിലയിലോ ബുദ്ധിജീവികളെക്കാണുമ്പോള്‍, മാധ്യമങ്ങളാകട്ടെ ഇതിനെ തന്ത്രപൂര്‍വ്വം ഉപരിവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ജനാധിപത്യത്തിന്റെ ചലനാത്മകതയെ മാധ്യമങ്ങള്‍ മാത്രം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥിതിയില്‍ ബുദ്ധിജീവികളെയും അതുവഴി അഭിപ്രായങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നിടത്ത് നമ്മളറിയാതെ കുടിയേറിയ ഫാസിസ്റ്റ് ഭൂതം പത്തിവിരിക്കുന്നു.
ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ. ഈ ഒരു ആശ്രിതത്വമാണ് മാധ്യമങ്ങളുടെ അധികാരത്തെ സമ്പൂര്‍ണ്ണമാക്കുന്നതും, അഭിപ്രായങ്ങളെ സ്വാധീക്കുകയെന്നത് ക്ലേശകരമല്ലാത്ത പ്രവൃത്തിയാക്കി മാറ്റുന്നതും. ഇപ്രകാരം അഭിപ്രായങ്ങളെ സ്വാധീനിക്കുക വഴി ബുദ്ധിജീവികള്‍ എന്തു പറയണമെന്നും, എന്തു പറയരുതെന്നും മാത്രമല്ല മാധ്യമ അധികാരത്തിന്റെ പരിധിക്കുള്ളില്‍ വരുന്നത്, ബുദ്ധിജീവിയെന്നു വിളിക്കപ്പെടാനുള്ള മാനദണ്ഡം കൂടിയാണ്. അതായത് സ്വീകാര്യതയുടെ ഈ മാനദണ്ഡങ്ങള്‍ പരിപാലിച്ചാല്‍ മാത്രമേ മാധ്യമങ്ങളൊരുക്കുന്ന വരേണ്യവേദിയില്‍ സ്ഥാനം നേടാനാകൂ.
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു ഹിതകരമല്ലാതെ വരുന്നത് അവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രീയ അനിശ്ചിതത്തങ്ങളുമാണ്. മുംബായ് സംഭവം നടന്ന നാളുകളില്‍ മാധ്യമങ്ങളുണര്‍ത്തിവിട്ട അരാഷ്ട്രീയത നമ്മള്‍ കണ്ടതാണ്. ഭീകരതയുടെ കാരണങ്ങളെ(രാഷ്ട്രീയത്തെ) വിഷയമാക്കാന്‍ വിസമ്മതിച്ച പാടവം, ഒരിക്കല്‍പ്പോലും അത് ചര്‍ച്ചചെയ്യപ്പേടേണ്ടതേയില്ലെന്ന ശാഠ്യം എത്ര ബീഭത്സമായിരുന്നുവെന്ന് ഓര്‍ക്കുക.(കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്കു നേരെ കൂടിയായിരുന്നല്ലോ ഭീകരര്‍ നിറയൊഴിച്ചത്)
ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പരണത്തു വെച്ച്, നാടു പട്ടാളം ഭരിക്കട്ടെ, നോ സെക്യൂരിറ്റി – നൊ ടാക്സ്, തുടങ്ങി ഉപരിവര്‍ഗത്തിന്റെ ഇന്‍സ്റ്റന്റ് അരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമായാണ് മാധ്യമങ്ങള്‍ മുംബെ സംഭവത്തെ ഉപയോഗിച്ചത്. അരാഷ്ട്രീയതയെ ഒറ്റമൂലിയാക്കി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പഴുതുകളത്രയുമടച്ച് നിഷ്ഠുരമായ അധികാരമാണ് കുടിയിരുത്തപ്പെടുന്നത്. ഏതുതരം ഉപജാപങ്ങള്‍ക്കും വഴങ്ങുന്ന ഒരു ജനതയും നിസാരമായി സൃഷ്ടിക്കപ്പെടും.
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മോഡി അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാകുന്നത്. കോര്‍പ്പറേറ്റ് അധികാരങ്ങളെയും അവരുടെ ചൂഷണങ്ങളെയും ചെറുക്കുന്ന ഇടതു പാര്‍ട്ടികള്‍ അവര്‍ക്കു അനഭിമതരുമാകുന്നു.
കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധമാകുന്നതില്‍ വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ സാധാരണക്കാരന്‍ ഇപ്പോഴും മാതൃകാസ്ഥാനത്ത് വാഴ്ത്തുന്ന ബുദ്ധിജീവികളുടെ മേല്‍, കോര്‍പറേറ്റ് മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയായി രൂപപ്പെടുമ്പോള്‍ ഫാസിസത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞേ മതിയാകൂ.
നിരന്തരം തങ്ങളുടെ ഇടതുവിരുദ്ധത തെളിയിക്കേണ്ട ബാധ്യത, ആവശ്യപ്പെടാതെ തന്നെ വെളിപ്പെടുത്തേണ്ട ബാധ്യത, ഒളിഞ്ഞും തെളിഞ്ഞും ഇടതുവിദ്ധത ദ്യോതിപ്പിക്കുന്ന വാക്കുകളിലെ അഭയം, സ്വീകാര്യതയുടെ ഈ കടമ്പകളേക്കാള്‍ ഭീകരം പക്ഷെ തങ്ങളുടെ ഇടതുപക്ഷാനുഭാവം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്താണ്. ഇടതുപക്ഷമെന്നു പറയുമ്പോള്‍ സി പി യെമ്മെന്നു മാത്രം വായിക്കപ്പെടേണ്ടതല്ല എന്നാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഇടതുപക്ഷമെന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണെന്നു വായിക്കുന്നതുചിതമായിരിക്കും.
അതായത് ഉള്ളില്‍ സി പി എം അനുഭാവിയായിരിക്കുമ്പോഴും ഒരു സി പി എം അനുഭാവിയെന്നു മുദ്രകുത്തപ്പെടാതെ വായിക്കപ്പെടാനും കേള്‍ക്കപ്പെടാനുമുളള നിതാന്ത ജാഗ്രത പാലിക്കേണ്ടി വരുന്നത് ആത്യന്തികമായി സ്വാതന്ത്ര്യം നിഷേധിക്കല്‍ തന്നെയാണ്, അതു കൊണ്ടു തന്നെ ഫാസിസവും.
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, നഷ്ടമാവുന്നത് ഇടങ്ങളുടെ സാധ്യതകളാണ്, ജനാധിപത്യത്തിന്റെ ചലനാത്മകതയും.
പുതിയ അഭിപ്രായങ്ങള്‍