ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും

ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും: ദീപക് ശങ്കരനാരായണന് ഒരു വിയോജനക്കുറിപ്പ്

http://ml.naradanews.com/2016/11/sabarimala-women-entry-discourse/

ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മാതൃഭൂമി വാരികയില്‍ ദീപക് ശങ്കരനാരായണനെഴുതിയ ലേഖനത്തോട് കൂടുതലും യോജിപ്പാണുള്ളത്, വിയോജിപ്പുള്ള മൂന്ന് കാര്യങ്ങള്‍ ചുവടെ.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അത്രയ്ക്ക് നവോത്ഥാനപരമല്ല

ശബരിമലയിലെ സ്ത്രീപ്രവേശം അത്രയ്ക്ക് നവോത്ഥാനപരമല്ല എന്ന നിരീക്ഷണത്തിലെ പ്രശ്നം ലിംഗനീതി എന്ന ആധുനികതയുടെ കാഴ്ചപ്പാടിനെ കേരളീയ നവോത്ഥാനവുമായി ബന്ധിപ്പിക്കുന്നതിലെ പോരായ്മയാണ്. ലിംഗസമത്വത്തിന്റേതായ ഒരു ധാര കേരളീയ നവോത്ഥാന ചരിത്രത്തില്‍ കണ്ടെടുക്കാനാകില്ല. കാരണം നമ്മുടെ നവോത്ഥാനത്തില്‍ ആധുനികതയുടെ സ്വാധീനം സമഗ്രമായ രീതിയിലായിരുന്നില്ല, അഥവാ ആധുനികതയെ സ്വീകരിക്കാന്‍ സജ്ജമായ ഒരു ഭൗതിക സാഹചര്യം ഇവിടെ ഇല്ലായിരുന്നു.

“നമുക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാരാണ്” എന്ന നാരായണഗുരുവിന്റെ നിരീക്ഷണം നവോത്ഥാനം സാധ്യമാക്കുന്നതില്‍ കോളണിവാഴ്ചയുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തില്‍ ശാസ്ത്ര-സാങ്കേതിക-കമ്പോള വ്യവസായിക വിപ്ലവങ്ങളുടെ ഒരു ഭൗതികപരിസരവും അതിന്റേതായ ചലനാത്മകതയും നിലനിന്നിരുന്ന അന്തരീക്ഷം ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ വികസിക്കുന്നതിനനുയോജ്യമായി ഭവിച്ചു എന്നു വേണം മനസ്സിലാക്കാന്‍.

എന്നാല്‍ ഇവിടേക്കു വരുമ്പോള്‍ ഫ്യൂഡല്‍ നാടുവാഴിത്തവുമായി സന്ധിയിലേര്‍പ്പെട്ട കോളോണിയല്‍ ഭരണം ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നും കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ തന്നെ ആധുനികതയുടെ ആശയങ്ങള്‍ക്കനുയോജ്യമായ ഒരു സാഹചര്യം ഇവിടെ നിലനിന്നിരുന്നില്ല. ഇതിന്റെ ഫലമായി നവോത്ഥാനം അക്കാലത്തെ ഏറ്റവും വലിയ പ്രശ്നമായ ജാതിയമായ അടിച്ചമര്‍ത്തിലിനെ മാത്രം സംബോധന ചെയ്യുന്നതിലേക്കു ചുരുങ്ങുകയും അതിന്റെ പാത മതകീയമായ നവീകരണത്തിലൂടെ വഴി തിരിച്ചു വിടുകയും ചെയ്യപ്പെട്ടതോടുകൂടി ജാതിവ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങളിലേക്ക് കടക്കാതെ ജാതിവിവേചനങ്ങള്‍ക്കൊരു ശമനം എന്ന നിലയിലേക്ക് ചുരുക്കപ്പട്ടു.

പറഞ്ഞു വന്നത് ലിംഗസമത്വം പോലുള്ള ആധുനിക ആശയങ്ങള്‍ നമ്മുടെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. ചാന്നാര്‍ ലഹള പോലും ലിംഗസമത്വത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് ജാതീയമായ അടിച്ചമര്‍ത്തലിനെതിരെയായിരുന്നുവെന്നും ഓര്‍ക്കുക. അതായത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലടങ്ങിയിട്ടുള്ളത് ലിംഗനീതിയുടെ രാഷ്ട്രീയമാണ്. അത് നവോത്ഥാന ചരിത്രത്തേക്കാൾ ആധുനികതയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ആർ എസ് എസിന്റെ നിലപാട്

ആറെസ്സെസ്സ് ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഒരു വന്‍ ഹെജമണിക് സാമ്പത്തിക സാധ്യത കാണുന്നു എന്ന നിരീക്ഷണത്തോടും വിയോജിപ്പുകളുണ്ട്. ഒന്നാമതായി ആറെസ്സെസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യവഹാരങ്ങളില്‍ ഇടപെടുന്ന രീതിക്ക് ഒരു പ്രത്യേകതയുണ്ട് എന്നു കാണാം. എങ്ങിനെ വീണാലും നാലു കാലില്‍ നില്‍ക്കാനുള്ള മുന്‍‌കരുതലാണത്.

ഗാന്ധി വധം തൊട്ട് സംഝോധാ എക്സ്പ്രസ്, മെലഗാവ് സ്ഫോടനങ്ങള്‍ തുടങ്ങി ഏതെടുത്താലും പ്രതിസ്ഥാനത്ത് ഔദ്യോഗികമായി ആറെസ്സെസ്സ് വരില്ല. ഇപ്പറഞ്ഞ പാതകങ്ങളിലെ പ്രതികളുടെ രാഷ്ട്രീയവും പരിവാറിന്റെ രാഷ്ട്രീയവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെങ്കില്‍ക്കൂടി ഇവരെ ആസൂത്രിതമായി തന്നെ ഔദ്യോഗിക സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നിയമപരമായ മുന്‍‌കരുതലെന്ന നിലയില്‍ മാത്രമല്ല, ഇത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം സം‌വാദതലത്തില്‍ താര്‍ക്കിക കുയുക്തിക്കായി പ്രയോജനപ്പെടുന്നു.

ജാതിയെ എതിര്‍ക്കുന്ന ഒരു സംഘി, നിരീശ്വരവാദിയായി ഒന്നോ രണ്ടു പേര്‍, അവര്‍ണ്ണനില്‍ നിന്നൊരു പൂജാരി, ഒരു വാവര് സ്വാമി, അയിത്തത്തെ എതിര്‍ക്കുന്നു എന്ന് ഏതെങ്കിലും ഒരവസരത്തില്‍ പറഞ്ഞിട്ടുളള ഒരാൾ, ഒരു മുസ്ലിം മെമ്പര്‍, ഒരു ക്രൈസ്തവന്‍, സംഘപരിവാറിന് സം‌വാദ വ്യവഹാരങ്ങളില്‍ അലറാനുള്ള കോപ്പിന് ഇത്തരത്തിലുള്ള ഒരേയൊരു വ്യതിചലനം മതി.

ശബരിമലയിലെ സ്ത്രീപ്രവേശത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഒരേയൊരു പ്രസ്താവന വ്യതിചലനമെന്ന നിലയില്‍ ബാക്കി വച്ചിട്ടുണ്ടെന്നതിനപ്പുറം സംഘപരിവാര്‍ ഇതിനു മുന്‍‌കൈ എടുക്കുമെന്നോ പ്രവര്‍ത്തിക്കുമെന്നോ കരുതുന്നത് അബദ്ധമായിരിക്കും. രാഹുല്‍ ഈശ്വറിന്റെ നിലപാടു പോലും ഇക്കാര്യത്തില്‍ ലിംഗനീതിക്കെതിരാണ് എന്നതും ശ്രദ്ധ്യേയമാണ്. മാറ്റങ്ങള്‍ക്കു വേണ്ടി ആറെസ്സെസ്സോ സംഘപരിവാറോ ഏതെങ്കിലും കാലത്ത് നിലകൊണ്ട ചരിത്രമുണ്ടോ ?

ഇനി ഇറങ്ങുകയാണ് വേണ്ടത്; പക്ഷെ, ആര്, എപ്പോഴാണിറങ്ങേണ്ടത്? 

ശബരിമലയില്‍ നിന്നല്ല ഫ്യൂഡല്‍ യുക്തികളുടെ ഭൗതിക ശരീരങ്ങളായ ആരാധനാലയങ്ങളില്‍ നിന്നെല്ലാം തന്നെ ഇറങ്ങുകയാണ് വേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പുരുഷമേല്‍കോയ്മയുടെ പ്രതീകമെന്നുപോലും വിശേഷിപ്പിക്കാവുന്ന ക്ഷേത്രങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലിംഗവിവേചനത്തിന്റെ ഉല്പാദനകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു എന്നു വരുമ്പോള്‍ പ്രത്യേകിച്ചും.

ക്ഷേത്രത്തില്‍ പോവുക എന്നത് അധികാരത്തിന്റെ ഒരു ആചാരം എന്ന നിലയില്‍ അധികാരത്തെ തന്നെയാണ് പുനരുത്പാദിപ്പിക്കുന്നത്. തീര്‍ച്ചയായും ഇറങ്ങുക തന്നെയാണ് വേണ്ടത്, സ്ത്രീകള്‍ മാത്രമല്ല സ്ത്രീ-പുരുഷഭേദമെന്യേ എല്ലാവരും ഇറങ്ങുന്നതു തന്നെയാണ് പുരോഗമനം.

എന്നാലിവിടെ ലിംഗപരമായ അസമത്വം നിലനില്‍ക്കുന്ന പരിസരത്ത് അതിനെ പ്രതിരോധിക്കുന്ന അവസരത്തില്‍ വരുന്ന ആഹ്വാനം സ്ത്രീകളോടു മാത്രമാകുന്നത് അനവസരപരമെന്നേ വിശേഷിപ്പിക്കാനാകൂ. ഇത് മറ്റൊരു തരത്തില്‍ സ്ത്രീയുടെ ബാധ്യത കൂടിയാണെന്നു വരുന്നു. സാംസ്കാരിക ബാധ്യതകള്‍ സ്ത്രീക്കു മേലാകുന്നതു പോലെ പുരോഗമന ബാധ്യതയും സ്ത്രീയുടെ മാത്രമാകുന്നു എന്നു വരുന്നു.

മറ്റൊന്ന് ഇവിടെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ സ്ത്രീക്ക് പ്രവേശനാനുമതി നിഷേധിക്കുമ്പോള്‍ അത് പരിഹരിക്കാതെയുള്ള ഇറങ്ങിപ്പോക്ക് ആര്‍ത്തവ അശുദ്ധിയെ പരോക്ഷമായി നീതീകരിക്കുകയും നിലനിര്‍ത്തുന്നതിനുമേ സഹായിക്കൂ. സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ജൈവമായ ഒരു പ്രക്രീയയെ അശുദ്ധമായി കണക്കാക്കുന്ന ഒരു സ്ഥിതിയെ അവശേഷിപ്പിക്കുന്നത്, അതിന്മേല്‍ നിലനില്‍ക്കുന്ന അനീതികളെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള അവസരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആദ്യം ഇക്കാര്യം പരിഹരിക്കണം, എന്നിട്ടാവാം ഇറങ്ങിപ്പോക്ക്.