അഹങ്കാരത്തിന്റെ ഭാഷ.
ഓഗസ്റ്റ് 24, 2011 3അഭിപ്രായങ്ങള്‍
റീയാലിറ്റി ഷോകളില്‍ ആങ്കര്‍മാരുടെ പരിധികള്‍ എന്തൊക്കെയായിരിക്കണമെന്നു നടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ പരാമര്‍ശവും അതിലുപരി ഇതേ വേദിയില്‍ വച്ചു തന്നെ അവിടെ സന്നിഹിതയായിരുന്ന രഞ്ജിനി ഹരിദാസിനെ അനുകരിച്ച് ജഗതി നടത്തിയ മിമിക്രി പ്രകടനവും സൈബര്‍സ്പേസില്‍ ഒരു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ തനിക്കുണ്ടായ അനുഭവവും പ്രതിഷേധവും അടങ്ങിയ കുറിപ്പ് രഞ്ജിനി ഡെക്കാന്‍ ക്രോണിക്കള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (http://www.deccanchronicle.com/tabloid/glam-sham/exercising-our-rights-028). രഞ്ജിനിയുടെ ഈ കുറിപ്പിനുള്ള മറുപടിയായി ബ്ലോഗര്‍ ബെര്‍ളി തോമസ് തന്റെ ബര്‍ളിത്തരങ്ങല്‍ എന്ന ബ്ലോഗില്‍ എഴുതിയ കുറിപ്പ് (http://berlytharangal.com/?p=7623) നല്ലൊരു വിഭാഗം മലയാളികളുടെയും അഭിപ്രായം കൂടിയാണെന്നു വേണം രണ്ടു കുറിപ്പുകള്‍ക്കും കിട്ടിയ പ്രതികരണങ്ങളില്‍ (കമന്റുകളില്‍) നിന്നും മനസ്സിലാകുന്നത്. ബെര്‍ളിയുടെ കുറിപ്പിലെ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകള്‍ രേഖപ്പെടുത്താനാണീ മൂന്നാം കുറിപ്പ്.
ബര്‍ളി പോസ്റ്റിലെ വാദങ്ങള്‍ ഇങ്ങനെ സംഹരിക്കാം
1. രഞ്ജിനി മലയാള ഭാഷയോടു ചെയ്യുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതല്ല.
2. വെറും മൂന്നു മാസം കൊണ്ടു മലയാളികളല്ലാത്തവര്‍ക്കുവരെ മലയാളം വെള്ളം പോലെ സംസാരിക്കാന്‍ കഴിയുമ്മെന്നിരിക്കെ, രഞ്ജിനിക്കു അത് സാധിക്കാത്തത് അശ്ലീലമാണു.
3. ജഗതിയുടെ വിമര്‍ശനം ആവതാരകരെപ്പറ്റിയായിരുന്നെന്നും രഞ്ജിനിയെപ്പറ്റിയാണെന്നു രഞ്ജിനിക്കു തോന്നിയത് അവരുടെ പ്രഫഷണലിസമില്ലായ്മയുടെ തെളിവാണു.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പരാമര്‍ശം ശരിയല്ല.
5. രഞ്ജിനിയെ വിമര്‍ശിച്ച ജഗതി നേടിയ കൈയ്യടിയെ രഞ്ജിനി മാനിക്കുകയാണു വേണ്ടത്, ജനങ്ങളുടെ ഹിതം (ജനാധിപത്യം) മാനിച്ചു രഞ്ജിനി നന്നാവുകയാണു വേണ്ടത്.
6. ജഗതി പ്രകടിപ്പിഅച്ചത് വലിയ ഒരു വിഭാഗം മലയാളികളുടെയും വികാരമാണു.
7. ഇതെല്ലാം മനസ്സിലാക്കി രഞ്ജിനി നന്നാവുകയാണു വേണ്ടത്.
8. ജഗതിക്കു അറ്റന്‍ഷന്‍ ഇരന്നു വാങ്ങേണ്ട ഗതികേടൊന്നുമില്ല.
9. മലയാളികള്‍ക്ക് ജഗതി മഹാനായ നടനാണു. ഒരു ലജണ്ട് ആണു.
10. നട്ടെല്ലു ആണത്തം തുടങ്ങിയെ അപൂര്‍വ്വ സവിശേഷതകള്‍ ഉള്ള ആളാണു ജഗതി.
ഓരോന്നായി പരിശോധിക്കാം.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെങ്കിലും കണ്ടക്സ്റ്റില്‍ നോക്കുമ്പൊള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഏഷ്യാനെറ്റ് വെറും നാഷണിലപ്പുറം ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രക്ഷേപണമുള്ള ഒരു ചാനലെന്ന നിലയ്ക്ക് ആ പരാമര്‍ശം ആ നിലയ്ക്കു മനസ്സിലാക്കിയാല്‍ വലിയ കുഴപ്പമൊന്നും സംഭവിക്കുമെന്നു തോന്നുന്നില്ല.
5. ആരെയും വിമര്‍ശിക്കാനുള്ള ജഗതിയുടെ ജനാധിപത്യ അവകാശത്തെ അംഗീകരിക്കുന്നു, അതു രഞ്ജിനിയും അംഗീകരിച്ചത് പക്ഷെ ബര്‍ളി കണ്ടില്ല എന്നു തോന്നുന്നു, രഞ്ജിനിവിമര്‍ശനം ജഗതിയുടെ ‘overstepping’നെപ്പറ്റിയായിരുന്നു. വേദിയിലെ ജഗതിയുടെ രഞ്ജിനിയെ അനുകരിച്ചുള്ള ഇളകിയാട്ടത്തിലൂടെ പുറത്തു വന്നതു ജഗതിയുടെ ഉള്ളിലുള്ള അസഹിഷ്ണുതയാണെന്നു കാണാന്‍ അത്രയ്ക്കു ബുദ്ധിമുട്ടുണ്ടോ ? ഈ തരത്തിലൊരു ഇളകിയാട്ട മിമിക്രിക്കു ജഗതിക്കു ജനാധിപത്യ അവകാശമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണുത്തരം. എന്നാല്‍ ഇത് അസഹിഷ്ണുത പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ രഞ്ജിനി സൂചിപ്പിച്ച പോലെ ‘overstepping’ ആകുന്നു എന്നതില്‍ സംശയമില്ല. ആ ‘overstepping’നെ വിമര്‍ശിക്കാന്‍ രഞ്ജിനിക്കും അവകാശമുണ്ട്. നടന്ന സംഭവത്തെ രഞ്ജിനിയും വിമര്‍ശിച്ചു ! അത്രതന്നെ.
8. ജഗതി നടത്തിയ ആട്ടം അറ്റെന്‍ഷനു വേണ്ടിയായിരുന്നില്ലെന്ന വാദത്തോടു യോജിക്കുന്നു. ഇതു തികച്ചും അസഹിഷ്ണുതയുടെ പ്രകടനം മാത്രമായിരുന്നു.
9. ജഗതി ഒരു മഹാനായ നടനാണെന്നു ബര്‍ളിക്കും അതുപോലെ ഒരുപാടു പേര്‍ക്കും വിശ്വസിക്കാനും അഭിപ്രായപ്പെടാനുമുള്ള അവകാശത്തെ മാനിച്ചു കൊണ്ടു തന്നെ വിയോജിക്കട്ടെ. ഒരു സാധാരണ നടനില്‍ കവിഞ്ഞുള്ള മാഹാത്മ്യമൊന്നും അദ്ദേഹം അഭിനയിച്ചു പൊലിപ്പിച്ചു കണ്ടിട്ടില്ല എന്നു അഭിപ്രായമുള്ളത് എനിക്കുമാത്രമല്ലെന്നും അറിഞ്ഞിരിക്കുക. ഇവിടെ മറ്റൊരാളുടെ അഭിപ്രായം കൂടിക്കാണുക. (https://plus.google.com/111606901862545416356/posts/eK13nAQwvwF?authuser=0)
3. ജഗതി രഞ്ജിനിയെ പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല എന്നത് ശരിയാണു. എന്നാല്‍ അവിടെ ജഗതി നടത്തിയ മിമിക്രി പ്രകടനം രഞ്ജിനിയെ ഉദ്ദേശിച്ചല്ല എന്നു കരുതുന്നവരല്ല ഈ പറഞ്ഞ മലയാളിക്കൂട്ടം, രണ്ടു കുറിപ്പുകളിലെയും കമന്‍റ്റുകള്‍ വായിച്ചല്‍ ഇവര്‍ക്കെല്ലാം ഒരു പോലെ ബോധ്യപ്പെട്ട ഒന്നു രഞ്ജിനിക്കു കണക്കിനു കിട്ടിയെന്നു തന്നെയാണു. അവര്‍ക്കു ബോധ്യപ്പെട്ടത് രഞ്ജിനിക്കും ബോധ്യപ്പെട്ടത് ആരുടെ തെറ്റാണു ?
10. ജഗതിയുടെ നട്ടെല്ലും ആണത്തവും !..കുറച്ചു നാള്‍ മുന്‍പ് ജഗതിയുടെ നട്ടെല്ലു വളഞ്ഞു മാപ്പിരന്ന സംഭവം മറക്കാറായിട്ടില്ല. (http://www.doolnews.com/thilakan-suspended-frome-amma.html)
എന്താണു ബര്‍ളി ആണത്തം കൊണ്ടുദ്ദേശിച്ചത് ? ആണിനു മാത്രമുള്ള ഈ സംഭവം എങ്ങിനെയാണു സിദ്ധിക്കുന്നത് ? ആണായി പിറക്കാന്‍ കഴിയുന്നതില്‍ ഈ ആണായി പിറന്നവന്റെ കോണ്ട്രിബ്യൂഷന്‍ എന്താണു ? അങ്ങു പിറന്നു പോയി എന്നതില്ക്കവിഞ്ഞു വല്ലതും ? ജാതിവാല്‍, കുടുംബപ്പേരു, കുലമഹിമ ഒക്കെ പോലെ ഒഴുകി വരുന്ന കോണകങ്ങള്‍ സ്വന്തമെന്നു കരുതി എടുത്ത് അലക്കി പറമ്പത്ത് ഉണക്കാനിടുന്നതു പോലെയല്ലാതെ വല്ല അധ്വാനവും ?
ഒരു പെണ്ണിനു ആണത്തം ആവാമോ ? ആവാമെങ്കില്‍ അതിനെ പിന്നെയും ആണിന്റെ വര്‍ഗ്ഗം ചേര്‍ത്തു വിളിക്കുന്നത് ഷോവനിസമല്ലെങ്കില്‍ പിന്നെന്താണു ?
2,6 അന്യഭാഷക്കാര്‍ വരെ മൂന്നുമാസം കൊണ്ടു നല്ല മലയാളം സംസാരിക്കുമ്പോള്‍ എന്തുകൊണ്ടു രഞ്ജിനിക്കായിക്കൂടായെന്ന നിര്‍ബന്ധത്തില്‍ ഒരു ജനാധിപത്യവിരുദ്ധത വരുന്നുണ്ടല്ലോ ബര്‍ളീ. രഞ്ജിനി എന്നെപ്പോലെ അല്ലെങ്കില്‍ നമ്മളെപ്പോലെ നല്ല മലയാളം സംസാരിക്കണമെന്നു ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇതിലൊരു നിര്‍ബന്ധബുദ്ധി വേണോ? ഭാഷ ഏതു രീതിയില്‍ രഞ്ജിനി സംസാരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം രഞ്ജിനിക്കു വിടുന്നതല്ലേ അതിന്റെ മര്യാദ. നല്ലൊരു വിഭാഗം ജനത്തിന്റെയും വികാരമിതാണെങ്കില്‍പ്പോലും അതു നല്ലൊരു വിഭാഗത്തിന്റെ ജനാധിപത്യബോധമില്ലായ്മയുടെ പ്രശ്നം മാത്രമല്ലേ ആകുന്നുള്ളൂ. ഇതിന്റെ നടത്തിപ്പുകാര്‍ക്കു രഞ്ജിനിയുടെ മലയാളത്തില്‍ പരിഭവമില്ലെങ്കില്‍ അതില്‍ രഞ്ജിനി മലയാളത്തിന്റെ സ്വീകാര്യതയും അടങ്ങിയിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍.
ബാക്കിയുള്ള പരാമര്‍ശങ്ങളെക്കുറിച്ചു …….
ഒരു വിഭാഗം ജനങ്ങള്‍ക്കു രഞ്ജിനിയെ അത്രയ്ക്കങ്ങോട്ടു പിടിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ പോന്ന കമന്‍റ്റുകളാണു രണ്ടു കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഈ പറഞ്ഞ കമന്‍റ്റുകളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.
ഒന്നു: ഇതവള്‍ക്കു കിട്ടേണ്ടിയിരുന്നു എന്ന രീതിയിലുള്ള കമന്‍റ്റുക, അതായത് അഹങ്കാരം ! അടുക്കളയിലും പറമ്പത്തും കാണുന്ന നമ്മുടെ അടക്കവും ഒതുക്കവും ശാലീന സൗന്ദര്യവും തുളുമ്പുന്ന, അതിലുപരി കല്യാണയോഗ്യവതികളായ പെണ്ണുങ്ങളുടെ മഹത്വവല്‍ക്കരണം സിനിമകളിലെ സ്ഥിരം അമ്മമാരുടെയും (കവിയൂര്‍ പൊന്നമ്മ മുതല്‍…)അച്ഛന്മാരിലൂടെയും കേട്ടു ശീലിച്ച മലയാളിക്കു അതിലൂടെ സ്ഥാപിച്ചെടുക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളെ തിരിച്ചറിയാനായെന്നു വരില്ല. അങ്ങിനെ അടക്കവും ഒതുക്കവുമില്ലാത്തതും അതിലുപരി സ്വന്തം അഭിപ്രായം വരെയുള്ള രഞ്ജിനി നല്ല ചുട്ട അടി നമ്മുടെ ജഗതിയമ്മാവന്റെ കൈയ്യില്‍ നിന്നും വാങ്ങുമ്പോള്‍ കൈയ്യടിച്ചു പോകും.
രണ്ട്: ഈ അഹങ്കാരത്തിന്റെ പുറത്ത് നമ്മുടെ സ്വന്തം ഭാഷയെക്കൂടി വികൃതമാക്കിയാലോ ? രണ്ടാമതൊരു വിഭാഗം രഞ്ജിനിയുടെ അഹങ്കാരത്തെ അംഗീകരിച്ച മട്ടുണ്ട്, അവര്‍ക്ക് രഞ്ജിനി ഭാഷയോടു ചെയ്യുന്ന ക്രൂരതയാണു സഹിക്കന്‍ പറ്റാത്തത്. ഈ പറയുന്ന ക്രൂരതയിലെന്തെങ്കിലും കാര്യമുണ്ടോ ?
ഒന്നാമതായി ഒരു ഭാഷയും അതിന്റെ ഉച്ചാരണവും വ്യാകരണവും ഉണ്ടാക്കിയിട്ടു ഉപയോഗിച്ചു തുടങ്ങിയവയല്ല. മറിച്ചു ഉപയോഗിച്ചു പോന്ന ഭാഷയുടെ ഉച്ചാരണവും വ്യാകരണവുമൊക്കെ ഡോക്കുമെന്‍റ്റു ചെയ്യപ്പെടുകയുമാണുണ്ടായിട്ടുള്ളത്. പത്തഞൂറു കൊല്ലം പഴക്കമുള്ള ഭാഷകള്‍ എങ്ങിനെയാണുച്ചരിച്ചിരുന്നത് എന്നൂഹിക്കാനേ കഴിയൂ. വാക്കുകളുടെയും ഉച്ചാരണങ്ങളുടെയും വകഭേദങ്ങള്‍ പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതു പോലെ ആക്സന്‍റ്റും. ഇന്നിന്ന കണക്കൊക്കെ ഉച്ചരിച്ചാല്‍ അതു ഭാഷയെ സംവേദനയോഗ്യവും പഠനയോഗ്യവുമാക്കും എന്നു പറയുന്നതില്‍ തെറ്റില്ല. അതിലുപരി ഒരു വ്യതിചലനവും പാടില്ല എന്നു പറയുന്നതില്‍ കാര്യമില്ലെന്നു മാത്രമല്ല, അതു ഭാഷയുടെ സ്വാഭാവികമായ പരിണാമത്തെ തടഞ്ഞു നിര്‍ത്തലുമാണു. സംവേദനായോഗ്യത നിലനിര്‍ത്തിക്കൊണ്ടു ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയേ ഒരു ജനാധിപത്യ സമൂഹത്തിനു കഴിയുകയുള്ളൂ. സംവേദനായോഗ്യമല്ലാത്ത മാറ്റങ്ങള്‍ക്കായുസ്സുണ്ടാവില്ല, അല്ലാത്തവ ഭാഷയുടെ ഭാഗമാവുകയും ചെയ്യാനിടയുണ്ട്. മലയാളികള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ വരുന്ന ആക്സന്‍റ്റ് സ്വാഭാവികവും അതില്‍ കുറവുകാണേണ്ട ആവശ്യവുമില്ല, ഒരു സായിപ്പും അതൊരു കുറവാണെന്നു പറയാനിടയില്ല. ഇനി പറഞ്ഞാല്‍ തന്നെ വകവയ്ക്കേണ്ട കാര്യവുമില്ല. ഇങ്ങിനെയൊക്കെയാണു പല വിഭാഗങ്ങള്‍ ഉച്ചരിക്കുന്നത് എന്നു പറഞ്ഞു വയ്ക്കാം, പഠിപ്പിക്കാം, അതിനപ്പുറം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണു. കുറച്ചു നാള്‍ മുന്‍പ് ശ്രീമതി ടീച്ചറിന്റെ ഉച്ചാരണത്തെയും ആക്സന്‍റ്റിനെയും കളിയാക്കി കിട്ടിയ മെയിലുകളിലും ഇതേ ജനാധിപത്യവിരുദ്ധ ധ്വനി തന്നെയാണു കാണാന്‍ കഴിയുക..
രഞ്ജിനിയുടെ കാര്യത്തില്‍ ഉച്ചാരണത്തെക്കാളുപരി അവര്‍ കൊണ്ടുവരുന്നത് ഒരുതരം സ്റ്റൈലൈസേഷന്‍ ആണു. സംവേദനായോഗ്യമല്ലാത്ത ഭാഷാ ശൈലിയൊന്നും രഞ്ജിനി അവലംബിച്ചിട്ടില്ല. കേരളത്തിലെ പ്രാദേശികമായ ഉച്ചാരനണങ്ങളിലെയും ആക്സന്‍റ്റുകളിലെയും വ്യതിയാനം വച്ചു നോക്കുമ്പൊള്‍ രഞ്ജിനിയുടേതു നിസ്സാരമായ വ്യതിയാനം മാത്രമാണെന്നിരിക്കെ ഇതില്‍ പിടിച്ചു കയറുന്നതില്‍ പന്തികേടുണ്ട്. തിരുവനന്തപുരത്തുകാരും തൃശൂര്‍ക്കാരും വള്ളുവനാട്ടുകാരനുമൊക്കെ മറ്റവന്റെ ഭാഷ വികൃതമാണെന്നു പറയാത്തത് അവിടെ അപ്പുറത്തുള്ളവന്റെ കരുത്തു കണ്ടിട്ടല്ലേ ? ഇവിടെ ഒരു ‘വെറും പെണ്ണ്’ തനിക്കു ശരിയെന്നു തോന്നുന്ന ശൈലി ഉപയോഗിക്കുമ്പോള്‍ അതിനെ വികൃതമെന്നു വിളിക്കാനുള്ള ധൈര്യവും മെല്‍പ്പറഞ്ഞ ആണത്തവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല.
പുതിയ അഭിപ്രായങ്ങള്‍