ക്ഷേത്രപ്രവേശനവും ലിംഗനീതിയും
ഏപ്രില്‍ 28, 2016 ഒരു അഭിപ്രായം ഇടൂ
മഹാരാഷ്ട്രയിലെ ശനിയമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശനം പൊരുതി നേടിയെടുത്തിരിക്കുന്നു. ഇതു മൂലം ബലാത്സംഗങ്ങള്‍ പെരുകുമെന്നാണ് ശങ്കരാചാര്യന്‍ സ്വരൂപാനന്ദ പ്രതികരിച്ചിരിക്കുന്നത്, കൂടാതെ ചില ഹിന്ദുത്വ സ്ത്രീ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരിക്കുന്നു.
റിച്വലുകളും അധികാരവും
ഈശ്വരവിശ്വാസികള്‍ക്ക് ദൈവം സര്‍വ്വശക്തനും മണ്ണിലും വിണ്ണിലും തുരുമ്പിലും കുടികൊള്ളുന്നനൊക്കെയാണ്, അതിനാല്‍തന്നെ എവിടുന്നു പ്രാര്‍ത്ഥിച്ചാലും വിളികേള്‍ക്കുന്നവനും, എന്നാല്‍ ആരാധനാലയങ്ങളില്‍ പോയി തന്നെ പ്രാര്‍ത്ഥിക്കേണ്ടി വരുന്നത് അധികാരത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന റിച്വല്‍ അഥവാ ആചാരം എന്ന നിലയ്ക്കാണ്. മതം എന്ന പുരുഷനിര്‍മ്മിത അധികാരസ്ഥാപനത്തിന്റെ ഒരു ഭൗതിക പ്രതിനിധാനമായിട്ടാണ് ആരാധനാലയങ്ങള്‍ വര്‍ത്തിക്കുന്നത്, അവിടെ വിശ്വാസികള്‍ ഭൗതികസാന്നിദ്ധ്യം കൊണ്ട് അധികാരത്തോടുള്ള വിധേയത്വ പ്രകടനം നടത്തുന്നത് പരസ്യമായ പ്രവര്‍ത്തി എന്ന നിലയ്ക്കാണ്, ഈ പരസ്യമായ വിധേയത്വ പ്രകടനത്തില്‍ അടങ്ങിയ റിച്വലൈസേഷന്‍ അധികാരത്തെ നിലനിര്‍ത്തുകയും പുനരുദ്പാതിപ്പിക്കുകയും ചെയ്യുന്നു. എഴുന്നേറ്റു നിന്ന്‍ ദേശീയഗാനം ആലപ്പിക്കുക, ചടങ്ങുകളിലെ ഈശ്വര പ്രാര്‍ത്ഥന, കാലു തൊട്ടു വണങ്ങല്‍, ബുര്‍ഖ ധരിക്കല്‍, നിസ്കാരം, വിവാഹ വേദികളിലെ ആചാരങ്ങള്‍, മരണാന്തര ചടങ്ങുകള്‍, വെടിക്കെട്ട് പൂരം തൊട്ട് ഭാരത് മാതാ കീ ജയ് വിളിയിലും പൊതുവായിട്ടുള്ളത് ഈ റിച്വലൈസേഷനാണ്.
മനുഷ്യനു മുകളില്‍, ജനാധിപത്യത്തിനും മുകളില്‍
അധികാരങ്ങള്‍ക്ക് തുടര്‍ച്ച കൈവരുന്നത് അവ വിമര്‍ശനങ്ങള്‍ക്കതീതമാകുമ്പോഴാണ്, ഈ ചോദ്യം ചെയ്യപ്പെടാതിരിക്കുക എന്ന അവസ്ഥ കൈവരുന്നതില്‍ അതിന്റെ സ്രോതസ്സുകളായി വര്‍ത്തിക്കുന്ന സങ്കല്പങ്ങളുടെയും ധാരണകളുടെയും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിലുള്ള പൊസിഷനിങ് വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യനു മുകളിലാണ് ദൈവ-മത-ദേശീയ സങ്കല്പ്പങ്ങളെ പൊസിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത്, അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കും ജനാധിപത്യത്തിനും അതിലിടപെടാനുള്ള സ്പേസ് പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടിരിക്കുന്നു. പിന്നെ അവശേഷിക്കുന്ന ഒരേ ഒരു സാധ്യത ഈ റിച്വലുകളുടെ ആദര്‍ശവല്‍ക്കരണമാണ്, അതോടുകൂടി അവ ഹെജമണിയുടെ ഭാഗമായി സാധാരണത്വം ആര്‍ജ്ജിക്കുകയും അതിന്റെ വിധേയത്വ-അടിമത്വ ഭാവങ്ങള്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.
എല്ലാ അധികാരങ്ങളും മോശമാണെന്നോ, എല്ലാ റിച്വലുകളും ഒരു പോലെയാണെന്നോ അല്ല, ഏന്നാല്‍ റിച്വലുകള്‍ ഒരു സാധ്യത ബാക്കിവയ്ക്കുന്നുണ്ട്, അത് റിച്വലുകള്‍ക്ക് അടിമപ്പെടാത്തവരെ അപരവല്‍ക്കരിക്കുക എന്നതാണ്. അപരന്മാരെ സൃഷ്ടിക്കുക ഫാസിസത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ശൈലിയാണെന്നിരിക്കെ ഈ റിച്വലുകള്‍ സൂക്ഷമായ പരിശോധനയും ജാഗ്രതയും ആവശ്യപ്പെടുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാത്തവനെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് ആക്രോശിക്കുന്ന സംഘപരിവാര്‍ ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം ഈ അപരവല്‍ക്കരണം വളരെ സ്വാഭാവികമായിട്ട് വരുന്ന ഒരു പ്രതികരണമാണെന്നതാണു വാസ്ഥവം.
ലിംഗനീതിയും റിച്വലുകളും
ഇവിടെ സ്ത്രീകള്‍ നടത്തുന്ന സമരം ഒരു കണക്കിനു നോക്കിയാല്‍ വിധേയത്തപ്രകടനത്തിനുള്ള അവകാശത്തിനു വേണ്ടിയാണ് എന്നിരിക്കുമ്പോഴും അതിന്റെ പ്രസക്തി വിഷയം ലിംഗനീതിയുടെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ്. അതായത് പുരുഷനു നിഷേധിക്കപ്പെടാത്തത്, സ്ത്രീയ്ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അവിടെ സ്ത്രീയ്ക്ക് മാത്രമായിട്ടൊരു വിലക്ക് എന്ന സന്ദര്‍ഭം സംജാതമാകുന്നുതോടുകൂടി വിഷയം ലിംഗപരമായ അനീതിയുടേതായി മാറുന്നു. ഒരു ഫ്യൂഡല്‍-പാട്രിയാര്‍ക്കല്‍ സിസ്റ്റത്തില്‍ ഈ അനീതി സ്വാഭാവികമാണെങ്കിലും അതിനു സഹവര്‍ത്തിക്കേണ്ടി വരുന്നത് ലിബറല്‍ മൂല്യങ്ങള്‍ക്ക് ഇടം നിഷേധിക്കാന്‍ കഴിയാത്ത കമ്പോള മുതലാളിത്തത്തോടാണ്. സഹവര്‍ത്തിത്തലിലെ നീക്കുപോക്കുകളുടെ ഭാഗമായി മാറി വരുന്ന സാമൂഹിക അവബോധങ്ങള്‍ ലിംഗപരമായ അനീതികളെ ചോദ്യം ചെയ്യുന്നിന്റെ ഫലമായി പുറത്തുവരുന്നത് സിസ്റ്റത്തില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളാണ്. സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെട്ട ക്ഷേത്രപരിസരത്തെ അയിത്തവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഈ നിലയ്ക്കാണ് പ്രസക്തമാകുന്നത്. ആദ്യമായിട്ടൊന്നുമല്ല ഇത്തരം വൈരുദ്ധ്യങ്ങള്‍ പുറത്തു ചാടുന്നത്, പക്ഷെ ഓരോ വൈരുദ്ധ്യവും ചെറുതെങ്കിലും മാറ്റങ്ങളിലായിരിക്കും കലാശിക്കുന്നത്, ഓരോ മാറ്റവും മൊത്തത്തിലുള്ള അവബോധങ്ങളെയും ചെറിയ തോതിലെങ്കിലും മാറ്റുന്നുണ്ട്. സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും മതത്തിനുള്ളില്‍ നിന്നും പിഴുതുകളയാന്‍ സാധ്യമാണോ അല്ലയോ എന്നതിലുപരി മതത്തിനുള്ളിലെ ലിംഗനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഓരോ മാറ്റവും മുന്നോട്ടുപോക്കാണ്, പുരോഗമനമാണ്, വലിയ മാറ്റങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ്, അതിനാല്‍ തന്നെ പ്രസക്തവും.
പുതിയ അഭിപ്രായങ്ങള്‍