വയറ്റിനുള്ളില്‍ കയറ്റാവുന്നതും വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണം.
മാര്‍ച്ച് 31, 2015 1 അഭിപ്രായം
അടിമഗോപിയുടെ വാക്കുകളാണ്. കഴിക്കാറില്ല എന്നാണ്, കഴിച്ചിട്ടില്ല എന്നല്ല. സ്യൂറിച്ചിലായിരുന്നപ്പോള്‍ കഴിച്ചത് വേറൊരു ഭക്ഷണവും കിട്ടാതിരുന്നപ്പോഴാണ്. പോര്‍ക്കും ബീഫും മാത്രമായിരുന്നു ചോയ്സുകള്‍. പോര്‍ക്ക് കഴിക്കുന്ന പ്രശ്നമേയില്ല, അതിനാല്‍ ബീഫ് കഴിച്ചു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, പശുവിനെ ഉത്തരേന്ത്യയിലെ ചില ഹിന്ദുക്കള്‍ ഗോമാതാവായി കരുതുന്നതുപോലെ ഉള്ള കാരണങ്ങളല്ല വീട്ടില്‍ കയറ്റാത്തതിനു പിന്നില്‍, അങ്ങിനെയായിരുന്നെങ്കില്‍ ഗോമാതാവിനു പകരം പോര്‍ക്കായിരുന്നല്ലോ കഴിക്കേണ്ടിയിരുന്നത്.
അപ്പോള്‍ വീട്ടില്‍ കയറ്റാത്തതെന്തുകൊണ്ടായിരിക്കും ? കൈ കൊണ്ട് തൊടാം ഉരുട്ടി വായിലിട്ട് ചവച്ചരച്ച് വയറ്റിനുള്ളിലാക്കാം, പക്ഷെ വീട്ടില്‍ കയറ്റില്ല. വയറ്റിനുള്ളില്‍ കയറ്റാവുന്നതും എന്നാല്‍ വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണമാകുന്നു ബീഫ്!
പൊതുവേ സവര്‍ണ്ണരില്‍ നിന്നും വരുന്ന ഇത്തരം കസര്‍ത്തുകള്‍, ജാതി ഇന്‍ഡയറക്റ്റായി വെളിപ്പെടുത്തുന്ന പൊങ്ങച്ചത്തിന്റെ ഭാഗമായി മിക്കവരും തള്ളിക്കളയാറുണ്ട് കാരണം വീട്ടില്‍ കയറ്റാത്ത അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പാചകം ചെയ്യാത്ത സാധനം പുറത്തു നിന്നും പരിഹാസമുളവാക്കുന്ന ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയിലാണ് “ഞങ്ങളിത് വീട്ടില്‍ വയ്ക്കാറില്ല” എന്ന് കാച്ചുന്നത്. എന്നാല്‍ ഇതില്‍ പൊങ്ങച്ചത്തിനപ്പുറം ജാതിവ്യവസ്ഥയുടെ ഉല്പന്നമായ തൊട്ടു-തീണ്ടിക്കൂടായ്മയ്ക്കും അതിന്റെ പ്രകടനത്തിനും മാന്യത കല്പിച്ചു കൊടുക്കുന്നു എന്നു വരുന്നിടത്ത് ഇതിലെ സാംസ്കാരിക ജീര്‍ണ്ണതയെ തുറന്നു കാട്ടേണ്ടതുണ്ട്.
ഉപേക്ഷിക്കലും അധികാരവും
ഇന്ത്യന്‍ ജാതിവ്യവസ്ഥയേയും അതിന്റെ നെടും തൂണായ ബ്രാഹ്മണിസത്തേയും പറ്റി മിനിമം ധാരണയുള്ളവര്‍ക്ക് ബ്രാഹ്മണിസം എങ്ങിനെയാണ് “ശുദ്ധി-അശുദ്ധി” ദ്വന്ദങ്ങളിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വേദിക് കാലഘട്ടങ്ങളില്‍ ബീഫ് ഭക്ഷിച്ചിരുന്ന ബ്രാഹ്മണര്‍ പിന്നീടതുമാത്രമല്ല മാംസാഹാരം തന്നെ ഉപേക്ഷിച്ചത് അഹിംസയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്ന ബുദ്ധമതത്തെ കടത്തിവെട്ടാനായിരുന്നുവെന്ന് അംബെദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന ഏതു വസ്തുവിന്റെയും സാംസ്കാരിക മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നതോടെ, തിരസ്കരിക്കപ്പെട്ടതെന്ന നിലയില്‍ അത് രണ്ടാംകിടയായി മാറുന്നു. അതോടൊപ്പം ഉപേക്ഷിക്കപ്പെട്ടത് സ്വീകരിക്കുന്നവന്‍ രണ്ടാകിടക്കാരനാക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധമതത്തെ രണ്ടാം കിടമാക്കാന്‍ ബീഫ് മാത്രമല്ല മാംസാഹാരം തന്നെയും ഉപേക്ഷിക്കാന്‍ ബ്രാഹ്മണന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഉപേക്ഷിക്കലിലൂടെ ബ്രാഹ്മണ്യം തങ്ങളുടെ അധീശത്വവും അതിലൂടെ അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു.
ഉപേക്ഷിക്കപ്പെടുന്നവ രണ്ടാം കിടമാവുന്നു എന്നു മാത്രമല്ല ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നത്, അത് ബ്രാഹ്മണിസത്തിന്റെ “ശുദ്ധി”, “ശുദ്ധം” തുടങ്ങിയ അപരവല്‍ക്കരണ ഉപകരണങ്ങളുടെ ഇരയാവുകയും അതിലൂടെ അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ അശുദ്ധമാക്കപ്പെട്ടതൊക്കെയാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതും തീണ്ടിയാല്‍ ശുദ്ധികലശം നടത്തേണ്ടതുമാകുന്നത്.
ശുദ്രനായ വയലാര്‍ രവിയുടെ മകന്‍ തീണ്ടിയ ഗുരുവായൂരമ്പലം അശുദ്ധമാകുന്നത് ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. ശുദ്രന്‍ തൊട്ട കിണറ് അശുദ്ധമാണ്, തീണ്ടിയ അമ്പലം അശുദ്ധമാണ്, ശുദ്രനില്‍ താഴെയുള്ളവന്റെ നിഴല്‍ തീണ്ടിയാല്‍ പോലും ബ്രാഹ്മണന്‍ അശുദ്ധനാക്കപ്പെടുന്നു.
ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും എഫക്റ്റീവായ അധീശത്വ ഉപകരണമാണ് “ശുദ്ധി” എന്ന പരികല്പന, അതിനാലാണ് “വെജിറ്റേറിയന്‍” എന്ന് പോരാഞ്ഞിട്ട് “ശുദ്ധ-വെജിറ്റേറിയന്‍” എന്ന പ്രയോഗം വരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ആകുന്നവര്‍ക്ക് “ശുദ്ധി” ഒരു വിഷയമല്ല, എന്നാല്‍ ബ്രാഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനെ ബ്രാഹ്മണന്റെ ഭക്ഷണമെന്ന നിലയില്‍ “ശുദ്ധി”യുമായി ചേര്‍ത്തു വയ്ക്കേണ്ടതുണ്ട്. ഇത് ബ്രാഹ്മണ്യത്തെ വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുന്നവരില്‍ നിന്നും വേറിട്ട് അടയാളപ്പെടുത്തുന്നതോടൊപ്പം മറ്റു ഭക്ഷണങ്ങളെ പരോക്ഷമായി അശുദ്ധമാക്കുകയും ചെയ്യുന്നു.
“ശുദ്ധി” എന്നത് ബ്രാഹ്മണ്യത്തിന്റെ അടയാളമെന്ന നിലയില്‍ അതിനെ പിന്‍പറ്റുന്നവരെ ബ്രാഹ്മണ്യവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടാനുള്ള ഒരു സാധ്യത സൃഷ്ഠിക്കുന്നുണ്ട്. വ്യാജമായ ഒരു സവര്‍ണ്ണ മേധാവിത്വ അനുഭൂതി ഇത്തരത്തിലുള്ള ബ്രാഹ്മണിക് മൂല്യങ്ങളെ പിന്‍പറ്റുന്നതിലൂടെ അബ്രാഹ്മണര്‍ക്ക് ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നിടത്ത്, ബ്രാഹ്മണിക അധീശത്വവും അതിന്റെ അടയാളങ്ങളും സാംസ്കാരിക മേല്‍ക്കൈ ഉറപ്പാക്കുന്നു. വെജിറ്റേറിയനാവുന്നതിലും, അതു പോലെ ബീഫ് വീട്ടില്‍ വയ്ക്കാതിരിക്കുന്നതിലും “ശുദ്ധി” യുടെ പിന്‍പറ്റലും അതിലൂടെയുള്ള സവര്‍ണ്ണമായ അധികാരത്തിന്റെ പിന്‍പറ്റലുമാണ് ഈ ഉപേക്ഷിക്കലിലൂടെ സാധിച്ചെടുക്കുന്നത്. “വീടിനുള്ളില്‍ കയറ്റില്ല” എന്നാണ് അധികാരം മുഴച്ച് നില്‍ക്കുന്ന പ്രയോഗം, ദളിതനോടു തീണ്ടാരം കല്പിക്കുന്ന ഒരു സവര്‍ണ്ണ മാടമ്പിയുടെ സ്വരം നിങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നമ്മുടെ ചരിത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നു സാരം.
പരിഹാസം – ഹെജമണിയുടെ ഉപകരണം
“പെണ്‍കോന്തന്‍” എന്ന പ്രയോഗം ഭാര്യയുമായി ജനാധിപത്യപരമായ സമ്പര്‍ക്കം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്കുമേല്‍ ആക്ഷേപരൂപേണെയാണ് പ്രയോഗിക്കപ്പെടുന്നത്, ഇതിലൂടെ പുരുഷാധിപത്യ സമൂഹം സ്ത്രീക്ക് മെല്‍ ആധിപത്യം പുലര്‍ത്താന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നുണ്ട്. പരിഹാസം ഹെജമണിയുടെ ഒരു ടൂളാണ്. “വീടിനുള്ളില്‍ കയറ്റില്ല” എന്ന പ്രയോഗത്തില്‍ പരിഹാസത്തിന്റെ അംശം കടന്നു വരുന്നുണ്ട്. അധീശവര്‍ഗ്ഗ മൂല്യങ്ങള്‍ ഒരു സാംസ്കാരിക ഹെജിമണിയായി മാറുന്നതോടെ, അശുദ്ധമാക്കപ്പെടുന്ന വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ഭക്ഷണശീലങ്ങളെല്ലാം തന്നെ അപരവല്‍ക്കരിക്കപ്പെടുകയും സാംസ്കാരിക ഡിസ്കോര്‍സില്‍ ഇതിനെ അത്തരത്തില്‍ സ്ഥാപിച്ചെടുക്കുന്ന പ്രയോഗങ്ങള്‍ നിലവില്‍ വരികയും ചെയ്യും. “വീട്ടില്‍ കയറ്റില്ല” എന്ന സവര്‍ണ്ണ പ്രയോഗം വീട്ടില്‍ കയറ്റുന്നവരെ കുറ്റക്കാരാക്കുകയും, അവരെ പരിഹാസവിധേയരാക്കുകയും ചെയ്യുന്നുണ്ട്. ക്രമേണ ബീഫ് ഭക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന പൊതുബോധത്തിലേക്ക് നയിക്കുകയും, അവര്‍ണ്ണരെക്കൂടി “വീട്ടില്‍ കയറ്റാറില്ല” എന്ന് പറയിപ്പിക്കുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
കേരളത്തിലെ സവര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അധീശത്വം നിലനിര്‍ത്താന്‍ ബീഫ് ഉപേക്ഷിക്കാന്‍ മടി കാണിക്കാന്‍ സാധ്യതയില്ല, കാരണം അതിനു നല്‍കുന്ന പ്രാധാന്യം പേരിലെ ജാതിവാലുകള്‍ക്ക് കല്പിക്കുന്ന പ്രാധാന്യത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ബീഫ് നിരോധനത്തെ അവര്‍ സ്വാഗതം ചെയ്യാനാണ് കൂടുതല്‍ സാധ്യത, അടിമ ഗോപിയുടെ വാക്കുകള്‍ ഇതിനു തെളിവുമാണ്. ഇതിനെ ഒരു പക്ഷെ തിരിച്ചറിഞ്ഞുകൊണ്ട് ഇഫക്റ്റീവായി ചെറുക്കാന്‍ സൈബര്‍-സോഷ്യല്‍ മീഡിയകള്‍ക്കു മാത്രമായിരിക്കും സാധിക്കുക.
ചെറുത്ത് നില്പ്പ്
അടിമഗോപിയുടെ “വീട്ടില്‍ കയറ്റാറില്ല” പ്രയോഗത്തെ തിരിച്ചറിയാനും “ആര്‍ യൂ എ കാസ്റ്റീസ്റ്റ് മിസ്റ്റര്‍ ഗോപി ?” എന്നു ചോദിക്കാനുമുള്ള ആര്‍ജ്ജവം അത് കേട്ട് നിന്ന ഒരു റിപ്പോട്ടര്‍ക്കും ഇല്ലാതെ പോയതെന്തുകൊണ്ട് ? ഉത്തരം ലളിതമാണ്, ഹെജമണിയില്‍ ഈ പ്രയോഗം നിലവിലുള്ളതാണ്, അതീനെ അത്തരത്തിലല്ലാതെ തിരിച്ചറിയണമെങ്കില്‍ വെള്ളം വേറെ കുടിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഹെജമണിയെ ചോദ്യം ചെയ്യുന്ന ഒരു കാഴ്ച എന്നെങ്കിലും കണ്ടതായി ആര്‍ക്കും ഓര്‍മ്മകാണില്ല, കാരണം അങ്ങിനെയൊന്നില്ല എന്നതുതന്നെ. ജാതിയെപ്പറ്റി ഏതെങ്കിലും മുഖ്യധാരാ മാധ്യമം സംസാരിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, കാരണം അതിനെപ്പറ്റി പറയാന്‍ അവര്‍ണ്ണനില്‍ നിന്നൊരു റെപ്രസെന്റേഷന്‍ അവിടെ ഇല്ലായിരുന്നു, അഥവാ അധികാരത്തിന്റെ ഇടങ്ങളില്‍ അവര്‍ണ്ണനു സ്ഥാനമില്ലായിരുന്നു. ഇതിനെ മാറ്റി മറിക്കുന്നതാണ് സൈബര്‍-സോഷ്യല്‍ മീഡിയയിലെ ജനാധിപത്യസാധ്യതകള്‍. മുഖ്യധാര ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന പല വിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങളില്ലാത്ത ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും പിന്നീട് മുഖ്യധാരയ്ക്കും അവഗണിക്കാനാവാതെ വരികയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ബീഫ് ഫെസ്റ്റിവലുകളും, ബീഫിന്റെ രാഷ്ട്രീയവും, ബീഫ് നിരോധനത്തിലെ ഫാസിസവും ഒക്കെ സൈബര്‍ മീഡിയ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഒരു പഴ സാമ്പിൾ ഇവിടെയുണ്ട്.
കേരളത്തില്‍ കുടപിടിക്കുന്നതെന്തിന് ?
ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ നേരിട്ടത്, മഹാരാഷ്ട്രയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നതെന്തിനു എന്ന് പരിഹസിച്ചുകൊണ്ടാണ്. ഈ നിരോധനം ഇങ്ങ് കേരളത്തിലെത്തിയിട്ട് മതി ഇവിടെ പ്രതിഷേധിക്കുന്നത് എന്ന് പറയുന്നവര്‍ ഈ നിരോധനത്തിലെ ഫാസിസത്തെ കുറച്ചുകാണുന്നു എന്നു പറയേണ്ടി വരും. പ്രതിഷേധം ആസന്നമാകുന്ന ഫാസിസത്തോടാണ് എന്നു മനസ്സിലാക്കാതെയാണ് ഇത്തരം വെള്ളെഴുത്തു ബാധിച്ച നിരീക്ഷണങ്ങള്‍ വരുന്നത്.
ഇപ്പോഴത്തെ ബീഫ് നിരോധനത്തിനു രണ്ട് വശങ്ങളുണ്ട്. മഹാരാഷ്ട്രയില്‍ നിരോധിച്ചത് പശുവിന്റെ ഇറച്ചി മാത്രമല്ല, കാള, പോത്ത് തുടങ്ങിയവയെല്ലാം തന്നെ നിരോധിച്ചത്, ഇന്ത്യന്‍ മുസ്ലിമിനെ അപരവല്‍ക്കരിക്കല്‍ എന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനു വീണു കിട്ടിയ വിജയവും, ഇന്ത്യന്‍ സെക്കുലറിസത്തിനേറ്റ തിരിച്ചടിയുമാണെന്നതാണ് ഒന്നാമത്തേത്. ഇന്ത്യയെ കൂടുതല്‍ മതകീയമാക്കുക എന്ന രാഷ്ട്രീയത്തിന്റെ വിജയം, പ്രത്യേകിച്ചും സംഘപരിവാരം അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം തന്നെയാണ്. ബീഫ് നിരോധനം മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. രണ്ടാമത്തേത് ബ്രാഹ്മണിക് അധീശത്വത്തിനും, അതിന്റെ ഭാഗമായ, ഇന്ത്യന്‍ ഭരണഘടന തന്നെ നിരോധിച്ച, തൊട്ടു-തീണ്ടിക്കൂടായ്മയ്ക്ക് സ്റ്റേറ്റ് എന്ന സംവിധാനം നല്‍കുന്ന ഒത്താശയും പരിരക്ഷയുമാണ്. രണ്ടിടത്തും ഇതിന്റെ ഇര വ്യക്തിസ്വാതന്ത്ര്യമാണ്, ഭൂരിപക്ഷ ഫാസിസം ഒരു എതിര്‍പ്പുമില്ലാതെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നവരോട് മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമേ നിവര്‍ത്തിയുള്ളൂ.
ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…
“ഭൂരിപക്ഷ ഫാസിസം ഒരു എതിര്‍പ്പുമില്ലാതെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നവരോട് മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമേ നിവര്‍ത്തിയുള്ളൂ.”
വളരെ വളരെ ശരി സുഹൃത്തെ. ചലിക്കുന്ന ശവ ശരീരങ്ങള്‍ പോലെ ആയിരിക്കുന്നു നമ്മുടെ ഭൂരിപക്ഷം ആള്‍ക്കാരും. പ്രതികരിക്കാന്‍ മറന്നു പോയവരോ പേടി മൂലം വിറങ്ങലിച്ചവരോ?
ഏതായാലും ഫാസിസം അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരുടെ പിന്‍ തലമുറകള്‍ അനുഭവിക്കും എന്ന് ചരിത്രം പഠിപ്പിക്കുന്നു.