തല തിരിഞ്ഞയൊരു ചികിത്സയും വിധേയത്വവും

മുസ്ലീം വനിതകള്‍ മുഖം മറയ്ക്കുന്ന കാഴ്ച കൂടുതലായി കണ്ടു വരുന്നുണ്ട്. കുറച്ചു ദിവസം മുമ്പ് ഹിന്ദു പത്രത്തിലൊരു ലേഖനവും, ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി ഇപ്പറയുന്ന വനിതകള്‍ തന്നെ കാണുന്നതിനെപ്പറ്റി..

ഇവിടെ രോഗി ആരാണു? പുരുഷനല്ലേ. സ്ത്രീയുടെ മുഖം ദര്‍ശിക്കുന്നതിലൂടെ മൃഗീയവാസനകള്‍ പുറത്തുവരുന്നുണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് പുരുഷനെയല്ലേ?. നിലവിലുള്ള സാമൂഹ്യക്രമത്തെ ഉള്‍ക്കൊള്ളുവാനും പാലിക്കുവാനുമുള്ള ബാധ്യത ആ സമൂഹത്തിലെ അംഗമായ പുരുഷനുണ്ട്. വയ്യെങ്കില്‍ മനുഷ്യരില്ലാത്ത വല്ല കാട്ടിലേക്കും മാറിപ്പാര്‍ക്കണം.
ഇതിനു പകരം സ്ത്രീകളെക്കൊണ്ട് മുഖം മറപ്പിക്കുന്നത് കാടത്തമാണു്.
ഈ തലതിരിഞ്ഞ ചികിത്സയ്ക്കു പിന്നില്‍ അധികാരത്തിന്റെ സ്വരമാണുള്ളതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. മതത്തിന്റെ നിലനില്‍പ്പുതന്നെ ഈ വിധത്തിലുള്ള പല അധികാരങ്ങളുടെ അവകാശം നിലനിറുത്തുന്നതിലൂടെയാണു.

സംഘടിതമല്ലാതിരുന്ന ഹിന്ദുമതത്തിനേയും ഒരു സംഘടിതരൂപത്തിലേക്കു കുടിയിരുത്താനുള്ള ശ്രമങ്ങള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ഹിന്ദുവനിതകള്‍ ധരിക്കേണ്ടുന്ന ‘വസ്ത്രക്രമങ്ങള്‍’ കോളെജുകളിലും മറ്റും നടപ്പിലാക്കാനുള്ള ശ്രമങ്ങളെപ്പറ്റി വായിച്ചതും ഇത്തരത്തിലുള്ള അധികാരം സ്വരൂപിക്കലിന്റെ ഭാഗമായിട്ടു വേണം കാണേണ്ടത്.
ഈ വിധത്തിലുള്ള ചൂഷണങ്ങള്‍ക്കുനേരെ പ്രതികരിക്കുന്നതിനു പകരം അവയ്ക്കുനേരെയൊരു വിധേയമനോഭാവം വച്ചു പുലര്‍ത്തുകയാണീ വിധേയര്‍ ചെയ്യുന്നത്. ഇവരെക്കൊണ്ടുതന്നെ ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി പറയിപ്പിക്കാന്‍ കഴിയുന്നത് മുമ്പ് പറഞ്ഞ അധികാരത്തിന്റെ പിന്‍ബലത്തിലാണു്. നാക്കു മുറിച്ചുകളയപ്പെട്ടാല്‍ മുറിഞ്ഞ നാക്കിന്റെ മേന്മയപ്പറ്റി പ്രഭാഷണം വരെ നടത്താന്‍ ഈ ഒരു മനോഭാവത്തിനു മാത്രമേ കഴിയൂ. ‘പട്ടേലരുടെ സെന്റിന്റെ മണം’ നുകരുന്ന തൊമ്മിയുടെ മുഖം.

ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ മാറ്റാതെയും, അധികാരത്തിന്റെ കേന്ദ്രങ്ങളെ വെല്ലുവിളിക്കാതെയും ഒരു നവോത്ഥാനത്തിനുള്ള സാധ്യത കാണുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ വരേണ്ടത് ഈ വിധേയരില്‍ നിന്നും അവരുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണു്. അടുത്ത കാലത്ത് ശബാനാ ആസ്മിയുടെ സ്വരം ഉയര്‍ന്നുകേട്ടെങ്കിലും അധികാരിവര്‍ഗ്ഗത്തിന്റെ ഗര്‍ജ്ജനത്തില്‍ മുങ്ങിപ്പോവുന്ന കാഴ്ചയാണു കാണേണ്ടി വന്നത്. നാളെ ഒരു പക്ഷെ അതേറ്റുപിടിക്കാന്‍ ആളുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.