ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍

പുരോഗമനാത്മകമായ ഫാസിസ്റ്റ്‌വിരുദ്ധ പ്രതിഷേധങ്ങളെയും സമരങ്ങളെയും അവ ഫസിസ്റ്റുകള്‍ക്ക് കണ്‍സോളിഡേഷനുള്ള അവസരമൊരുക്കുമെന്നും, അല്ലെങ്കില്‍ അവയൊക്കെ ‘അരാഷ്ട്രീയ’ മെന്നുമൊക്കെയുള്ള വികലവാദങ്ങളില്‍ പതിയിരിക്കുന്നത് ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍ തന്നെയാണ്.

ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാലിക പ്രസക്തി അവ ഫാസിസത്തിനു നേരെയുയുള്ള ചെറുത്ത് നില്പ്പിനെക്കൂടി അടയാളപ്പെടുത്തുന്നു എന്നതാണ്. ഐഡിയോളജിക്കലി ഫാസിസത്തിന്റെ സത്ത പേറുന്ന സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ ഭരണാരോഹണം ജനാധിപത്യസമൂഹത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുമ്പോഴും അവയോടുള്ള പ്രതികരണങ്ങളെ സംശയദൃഷ്ഠിയോടുകൂടി വിലയിരുത്തപ്പെടുന്നത് ചെറുതല്ലാത്ത അശ്ലീലമായാണ് കാഴ്ചപ്പെടുന്നത്.

മംഗലാപുരം പബ് അറ്റാക്കായാലും, ഘര്‍ വാപ്പസിയായാലും, സദാചാരയുണ്ടായിസം ആയാലും, ജനാധിപത്യസമരങ്ങളെയും പ്രതിഷേധങ്ങളെയും സംഘപരിവാര്‍ നേരിടുന്നത് ഭീതിജനകമായ അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതികളവലംബിച്ചു കൊണ്ടാണ്. ജനാധിപത്യപരമായ പ്രതിരോധങ്ങളുടെ സ്പേസിനെ പരിമിതപ്പെടുത്തുക എന്ന അടവ് വളരെ വിദഗ്ദമായിട്ടാണ് അത് സൃഷ്ഠിച്ചെടുക്കുന്നത്. ഈ ഭീകരതകാട്ടി പ്രതിഷേധങ്ങളെയും അവയുടെ സാധ്യതകളെയും ഇല്ലാതാക്കുമ്പോള്‍ വിജയിക്കുന്നത് സംഘപരിവാര്‍ ഫാസിസം തന്നെയാണ്.

ഫാസിസത്തിന്റെ സവിശേഷത അത് വ്യക്തികളുടെ ഏജന്‍സിയെ നിഷേധിക്കുന്നു എന്നിടത്താണ്, ഭൗതികമായ ഹിംസയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്, മനുഷ്യന്റെ ബൗദ്ധികവ്യവഹാരങ്ങളെയുള്‍പ്പടെ അതിന്റെ അധികാര ഹുങ്കിനു വിധേയമാക്കിക്കോണ്ട് അഭിപ്രായ-വ്യവഹാര സ്വാതന്ത്ര്യങ്ങളെ അത് നിഷേധിക്കുന്നു. സംഘപരിവാര്‍ ഫാസിസത്തോടുള്ള സ്റ്റേറ്റിന്റെ പരോക്ഷപിന്തുണ മോഡിയുടെ അധികാരോഹണത്തോടെ മാത്രം സംജാതമായ ഒന്നല്ല. നാമമാത്രമായി സെക്കുലര്‍ ആയിരിക്കുകയും മതത്തിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു സം‌വിധാനം, സ്റ്റേറ്റില്‍ തന്നെ അന്തര്‍ലീനമായ ഫാസിസത്തിന്റെ ദൃഷ്ടാന്തമാണ്. ‘മതവികാരം വൃണപ്പെടല്‍’ എന്ന അസഹിഷ്ണുത മതത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്, ഈ ഫാസിസത്തെയാണ് സ്റ്റേറ്റ് ഗ്ലോറിഫൈ ചെയ്തുകൊണ്ട് നിയമപരിരക്ഷ നല്‍കിപോന്നിട്ടുള്ളത്. മതസ്പര്‍ദ്ധയും അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള ഭീകരാന്തരീക്ഷളും തടയുക എന്നതാണിതിനു സ്റ്റേറ്റ് കണ്ടുപിടിച്ച ഫാസിസ്റ്റ് യുക്തി. ഇതുതന്നെയാണ് പ്രതിഷേധങ്ങള്‍ ഫാസിസ്റ്റ് ശക്തികളുടെ കണ്‍സോളിഡേഷനിലേക്കെത്തിക്കും എന്ന യുക്തിയും മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം കേവലയുക്തികളെ ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികളായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.

ചുബനസമരം തുടങ്ങിയപ്പോള്‍ അതിനെതിരെ ഉയര്‍ത്തപ്പെട്ട വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു എന്നോര്‍ക്കണം. പോസ്റ്റ് മോഡേണ്‍ ഉഡായിപ്പ് ലോജിക്കുകളുമായി സ്വത്വവാദികള്‍ വരെ മുന്നോട്ട് വന്നിരുന്നു, ഇത് ടാര്‍ഗറ്റ് ചെയ്യുന്നത് മുസ്ലിങ്ങളെയാണെന്നും, ക്ലാസ് ഒളിച്ചു കടത്തുന്നു എന്നൊക്കെയായിരുന്നു അത്തരം കേവലയുക്തികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പമ്പ ബസ് പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വികലവാദങ്ങളും ഈ വഴിക്കു തന്നെയാണ് പോകുന്നത്.
പമ്പ ബസ് പിടിക്കല്‍ പ്രതിഷേധം വെറും സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടി മാത്രമുള്ളതായി ചുരുക്കിക്കാണാനാണ് ചില കേവലയുക്തികള്‍ ശ്രമിച്ചത്, സഞ്ചാരസ്വാതന്ത്ര്യ നിരാകരണത്തിനു നിദാനമായത് അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയാണെന്നതൊന്നും ഉള്‍ക്കൊള്ളാതെ, രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട വിഷയമല്ല എന്ന സ്ത്രീവിരുദ്ധ യുക്തിപോലും മുന്നോട്ടു വയ്ക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റ് കണ്‍സോളിഡേഷന്‍ എന്ന ഫാസിസ്റ്റ് യുക്തിയുടെ ചുവടുപിടിച്ചായിരുന്നു ഇതും.

ഒരു സമരവും, ഒരു പ്രതിഷേധവും വിജയം മുന്നില്‍ കണ്ടുകൊണ്ട് മാത്രം രൂപപ്പെട്ടിട്ടുള്ളതല്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. ഓരോ പ്രതിഷേധത്തിനും അതിന്റെ ഇമ്മീഡിയറ്റ് ഇമ്പാക്റ്റിനപ്പുറം, അത് വിജയമായാലും പരാജയമായാലും പ്രസക്തിയുണ്ട്, അത് ഒറ്റപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാലും, സംഘടിത സമരങ്ങളായാലും, ഡിസ്കോര്‍സില്‍ അത് ഒരു സാധ്യത ഉല്‍‌പാദിപ്പിക്കുന്നുണ്ട്. പഴയ കാലത്തെ മീഡിയ തമസ്കരണങ്ങള്‍ക്ക് മുക്കിക്കളയാനും തടയാനുമാകുമായിരുന്ന അവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഇന്നത്തെ സൈബര്‍-സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനരീതിയെന്ന്‍ പല സൈദ്ധാന്തികരും ഇനിയും മനസ്സിലാക്കിയിട്ടില്ല. ഡിസ്കോര്‍സില്‍ നിക്ഷേപിക്കപ്പെടുന്ന സാധ്യതകളിലെ യുക്തികളുടെ പൂര്‍ണ്ണമായ ഇല്ലാതാക്കല്‍ ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല, സ്ത്രീപക്ഷ പുരോഗമനയുക്തികളില്‍ ഈ അടുത്ത കാലത്ത് ഉണ്ടായ വന്‍ കുതിപ്പ് മാത്രം മതി ഇത് മനസ്സിലാക്കാന്‍.

പ്രതിഷേധത്തിനുള്ള സ്പേസ്, അത് ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും ജനാധിപത്യരീതിയില്‍ നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യന്റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷിതമാണ്. അതിനു സമയപരിമിതികളോ ഭൗതികപരിമിതികളോ നിര്‍ണ്ണയിക്കുന്ന എല്ലാ യുക്തികളെയും ചെറുത്തു തോല്‍‌പ്പിക്കുക തന്നെ വേണം, കാരണം അടിസ്ഥാനപരമായി ഇത്തരം യുക്തികള്‍ സഹായിക്കുന്നത് ഫാസിസത്തെ തന്നെയാണ്. വിട്ടുകൊടുക്കപ്പെടുന്ന ഓരോ സ്പേസും ജനാധിപത്യത്തില്‍ നിന്നാണ് കവര്‍ന്നെടുക്കപ്പെടുന്നത്, അത് ആരു പ്രതിഷേധിക്കുന്നു എന്നതിനെ നോക്കി നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. പ്രതിഷേധങ്ങളെ തോല്‍‌വിയുടെയും വിജയത്തിന്റെയും അടിസ്ഥാനത്തിലുമല്ല അളക്കേണ്ടത്, ഡിസ്കോര്‍സില്‍ അതിന്റെ രേഖപ്പെടുത്തല്‍ തന്നെയാണ് അതിന്റെ കര്‍ത്തവ്യവും. അടവ് നയങ്ങളൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലനില്‍‌ക്കുമ്പോഴും അത് ഫാസിസത്തിനു പച്ചക്കൊടി കാട്ടിക്കൊണ്ടാകരുത്. ഫാസിസത്തോടുള്ള ചെറുത്ത് നില്പ് തുടങ്ങേണ്ടതും തുടരേണ്ടതും ഇത്തരം ഫാസിസ്റ്റ് യുക്തികളെ താങ്ങി നിര്‍ത്തുന്ന നിയമപരിരക്ഷകളെ ചോദ്യം ചെയ്തുകൊണ്ടു തന്നെയാവണം.

ആമുഖം nalanz
ആം ആദ്മി അല്ല

2 Responses to ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍

  1. Shafeek H. says:

    I am shafeek.. May I take this note to doolnews.com Nalanz.. I don’t have your number.. My mail is shafeekdoolnews@gmail.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: