പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍
ഡിസംബര്‍ 26, 2012 29അഭിപ്രായങ്ങള്‍
ഇതൊരു പ്രതികരണക്കുറിപ്പാണ്.
റേപ്പ് നടക്കുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുമൂലമുള്ള പ്രലോഭനങ്ങള്‍ക്കൊണ്ടാണെന്നുള്ള ധാരണകള്‍, കുറ്റം റേപ്പ് ചെയ്തവനില്‍ നിന്നും റേപ്പ് ചെയ്യപ്പെട്ടവളിലേക്കു തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുന്നു. സ്ത്രീയുടെ ശരീരം കണ്ടാല്‍ ഉടനെ തന്നെ അതൊരു വസ്തുവാണെന്നും ആ വസ്തുവിനു ജീവനോ, അവകാശങ്ങളോ ഇല്ലാത്തതുകൊണ്ട് അതിനെ അവകാശപ്പെടാനും, സംരക്ഷിക്കാനും, ഉപയോഗിക്കുവാനുള്ള അവസരമായി കണക്കാക്കുന്ന ധാരണകളുമായി നടക്കുന്ന ഓരോ പുരുഷനും ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണു. അത്തരമൊരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റിനെ പരിചയപ്പെടുത്തുന്നു.
ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ കുറിപ്പ്
http://www.vallikkunnu.com/2012/12/please-rape-me.html
വള്ളിക്കുന്നു പറയുന്നു..
“സമൂഹത്തില്‍ കള്ളന്മാരുണ്ട് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരെ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാരെക്കെതിരെയുള്ള ശിക്ഷാ നടപടികളോളം തന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.”
വീടിന്റെ വാതില്‍ കുറ്റിയിട്ടാല്‍ കള്ളന്മാരെ പ്രലോഭിപ്പിക്കാതിരിക്കാം, അതുപോലെ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ റെപ്പിസ്റ്റുകളെ പ്രലോഭിപ്പിക്കാതിരിക്കാമെന്നു. അതായത് സ്ത്രീയെന്നു പറയുന്നത് ജീവനില്ലാത്ത വീടു പോലൊരു വസ്തു മാത്രമാണെന്നു പറഞ്ഞു വച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. വസ്തുക്കള്‍ക്കെന്ത് അവകാശം?, അതിന്മേലാണു അവകാശം. വസ്തുക്കള്‍ക്കളെയാകുമ്പോള്‍ സംരക്ഷിക്കുകയും വേണം.
ഇയാള്‍ വെറുമൊരു മരക്കിഴങ്ങനൊന്നുമല്ല ഒന്നാന്തരം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണ്.
ദേ കിടക്കുന്നു പൊട്ടെന്‍ഷ്യല്‍ റേപ്പിസ്റ്റിന്റെ മറ്റൊരു പീസ്
രതിഷേധ ജ്വാലകള്‍ക്കിടയില്‍ മുംബെയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഢനത്തിനെതിരെ പ്രതികരിക്കുന്നതിനു വേണ്ടി ഒരു ഫോട്ടോ ഷൂട്ട് നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്.. കാമോദ്ധീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. ‘സ്റ്റോപ്പ് റേപ്പ്’ എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ശരീരത്തിന്റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം ‘സ്റ്റോപ്പ് റേപ്പ്’ എന്നല്ല ‘പ്ലീസ് റേപ്പ് മി’ എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചു പറയുന്നത്!! (ആ ഫോട്ടോ ഇവിടെ നല്‍കി ഹിറ്റ് കൂട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല).
നഗ്നശരീരം കണ്ടാല്‍ ഉടനെ റേപ്പ് മീ റേപ്പ് മീ എന്നാണു അതു പറയുന്നത് എന്നു സ്ത്രീയെ വസ്തുവായു മാത്രം കാണുന്ന റേപ്പിസ്റ്റുകള്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.
ഇത്തരം മരക്കിഴങ്ങന്മാരായ ഫാസിസ്റ്റുകളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കളയാം എന്ന വ്യാമോഹമൊന്നുമില്ല. വളരെ ഓബ്‌വ്യസ്സായ കാര്യങ്ങളാണ് എങ്കിലും പറയാതെ വയ്യ.
ഒരു സ്ത്രീ നഗ്നയാകുമ്പോള്‍ അത് വെറുമൊരു നഗ്ന ശരീരം മാത്രമാകുന്നില്ല, എല്ലാ അവകാശങ്ങളും ഉള്ള സ്ത്രീ തന്നെയാണ് . അവളുടെ അനുവാദമില്ലാതെ ഒന്നും തന്നെ സാധ്യമല്ലെന്നു തിരിച്ചറിയാന്‍ അല്പം ജനാധിപത്യബോധം മാത്രം മതി. അതിലുപരി നഗ്നത എന്നത് ലൈംഗീക വേഴ്ചയ്ക്കുള്ള ഇന്‍വിറ്റേഷനാണെന്ന തെറ്റിദ്ധാരണ തന്നെ വരുന്നത് ഇവിടെ ഉപയോഗിക്കപ്പെടാനായി സന്നദ്ധപ്പെട്ടുവരുന്ന ഒരു വസ്തുവായിമാത്രം നഗ്നതയെ മനസ്സിലാക്കിയിരിക്കുന്ന പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തില്‍ നിന്നുമാണു്. ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് മതങ്ങളും.
റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ മോശമായിക്കാണുന്നതും ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്. ഉപയോഗിക്കപ്പെട്ട വസ്തുവെന്ന നിലയ്ക്ക് വീണ്ടും സ്ത്രീയുടെ വസ്തുവല്‍ക്കരണം തന്നെയാണിത്. മറ്റൊന്നു ‘ചാരിത്ര്യം നഷ്ടപ്പെട്ട’ എന്ന പ്രയോഗം, ഇവിടെയും ഉപയോഗിക്കപ്പെട്ട വസ്തുവെന്ന പാട്രിയാര്‍ക്കല്‍ വാല്യൂ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.
പരസ്പര അനുവാദത്തോടുകൂടിയ ലൈംഗീകതയില്‍പ്പോലും തുല്യത നമ്മുടെ വാല്യൂ സിസ്റ്റം സ്ത്രീക്ക് കൊടുക്കുന്നില്ല. ലൈംഗീകതയ്ക്കൊടുവില്‍ അതു പുരുഷന്റെ വിജയമായാണു കാഴ്ചപ്പെടുന്നത്.
മാറേണ്ടത് പാട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റമാണ്. അല്ലാത്തിടത്തോളം ഇത്തരം പൊട്ടന്‍ഷ്യല്‍ റേപ്പെസ്റ്റുകള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും.
പുതിയ അഭിപ്രായങ്ങള്‍