ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

ചുംബനസമരം അഥവാ സദാചാരപോലീസിംഗിനെതിരേയുള്ള പ്രതിഷേധ സമരത്തോടുള്ള ദീപക് ശങ്കരനാരായണന്റെ അഴിമുഖത്തില്‍ എഴുതിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണിത്. കമന്റായി എഴുതി വന്നപ്പോള്‍ ഈ പരുവത്തിലായി….

ദീപക്കിന്റെ ലേഖനം – സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും.

ദീപകിന്റെ കുറിപ്പിലെ യുക്തികളെക്കാളും പ്രശ്നമുള്ളത് അതിന്റെ ടൈമിംഗിലാണ്. ഏതൊരഭിപ്രായ പ്രകടനത്തിനും അതിന്റെ ഒബ്ജക്റ്റിവിറ്റിക്കപ്പുറം ടൈമിംഗിനും പ്രസക്തിയുണ്ട്. സദാചാര പോലീസിംഗ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പക്ഷെ വര്‍ദ്ധിച്ചു വരുന്ന ഫാസിസ്റ്റ് മേല്‍നോട്ടങ്ങള്‍ക്കും അക്രമത്തിനും ഒരു സ്റ്റേറ്റ് മെഷിനറിയുടെ പിന്‍‌ബലം മോഡിയുടെ അരങ്ങേറ്റത്തോടെ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഫാസിസം കൊങ്ങയ്ക്ക് പിടിക്കുമ്പോള്‍ അതിന്റെ മുരള്‍ച്ചയുടെ തരംഗദൈര്‍ഖ്യത്തെപ്പറ്റി സൈദ്ധാന്തിക്കുന്നതില്‍ ഒരു അശ്ലീലം ചുവയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

1. ചുംബനം, പുരോഗമന രാഷ്ട്രീയം, നവ ലിബറിലിസം..

ഫ്യൂഡല്‍ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ സംഭാവനകളും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്, അതിനു പുരോഗമനപരമായ ഒരു തുടര്‍ച്ചയുടെ തലമുണ്ട്. വര്‍ഗ്ഗ, രാഷ്ട്ര, സ്വത്വ വിഭാഗീകരണങ്ങള്‍ക്കപ്പുറമാണ് ആ തുടര്‍ച്ചയുടെ ചക്രമുരുളുന്നത്. ഈ തുടര്‍ച്ചയുടെ ചരിത്രത്തിന്റെ, പുരോഗമാത്മകതയാണതിന്റെ രാഷ്ട്രീയവും എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ ഓരോ ചലനങ്ങളേയും അളക്കേണ്ടത്, അതിലെ പുരോഗമനദര്‍ശനങ്ങളെയും റിഗ്രസ്സീവായ ചലനങ്ങളെയും രാഷ്ട്രീയമായിത്തന്നെ വേര്‍തിരിച്ചു കാണേണ്ടത് ഈ തുടര്‍ച്ചയുടെ പച്ഛാത്തലത്തിലാണ്.

ഒരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശം കൊണ്ട് അശുദ്ധയാക്കപ്പെടുന്നവളാണ് സ്ത്രീ, അല്ലെങ്കില്‍ അവളുടെ ശരീരത്തിന്മേലുള്ള സ്പര്‍ശങ്ങള്‍ക്ക് തന്നെ അവകാശികളുണ്ട് എന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ കാഴചപ്പാടില്‍ ഒരു പാസ്സിവായ വസ്തുവിന്റെ സ്ഥാനമാണ് സ്ത്രീക്കുള്ളത്, ഉടമസ്ഥതില്‍ വയ്ക്കാനും (നെറുകയില്‍ സിന്ദൂരക്കുറി), ഉപയോഗിക്കാനും സം‌രക്ഷിക്കാനുമൊക്കെ ആയിട്ടുള്ള പാസ്സീവായ ഏജന്‍സി ഇല്ലാത്ത വെറും വസ്തു. ഈ സങ്കല്‍‌പ്പത്തെയാണ് ആക്റ്റീവായ ഒരു സ്ത്രീ തകിടം മറിക്കുന്നത്. ഒരു പുരുഷനെ ചുംബിച്ചതുകൊണ്ടോ (പുരുഷനാല്‍ ചുംബിക്കപ്പെട്ടതുകൊണ്ടോ) അതുപോലെ സ്പര്‍ശിച്ചതുകൊണ്ടോ അശുദ്ധയാകാന്‍ വിസമ്മതിക്കുന്ന, സ്വതന്ത്രമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഏജന്‍സിയുള്ള സ്ത്രീ തകരാറിലാക്കുന്നത് ഈ സിസ്റ്റത്തെയാണ്. സംസ്കാരം തകര്‍ന്നേ എന്നു നിലവിളിച്ചുകൊണ്ട് സദാചാര ഗുണ്ടായിസം അരങ്ങേറുന്നതും സ്വാഭാവികം. സദാചാരം വാളോങ്ങുന്നത് സ്ത്രീയുടെ ഏജന്‍സിക്കു നേരെയാണ്, അതു തന്നെയാണ് സദാചാരത്തിന്റെ രാഷ്ട്രീയവും.

പരസ്യമായി ചുംബനമുള്‍പ്പടെയുള്ള ആക്റ്റീവായ പ്രവര്‍ത്തികളില്‍ പുരോഗമനാത്മകത വരുന്നത് പാസീവായ ഏജന്‍സിയില്ലാത്ത അവസ്ഥയില്‍ നിന്നും പുരുഷനു തുല്യമായ, സ്വാതന്ത്ര്യം സ്വയം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ എത്തുന്നു എന്നിടത്താണ്. നിലവിലുള്ള ഫ്യൂഡല്‍ കാഴ്ചപ്പാടില്‍ നിന്നും പുരോഗമനപരമായ മുന്നോട്ടു പോക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തു തന്നെയാകട്ടെ, അത് നവ ലിബറല്‍ ചുറ്റുപാടുകളാണെങ്കില്‍ തന്നെയും അതില്‍ പരിഭവപ്പെടാനോ ആവലാതിപ്പെടാനോ ഒന്നുമില്ല, കാരണം ഈ പുരോഗമനാത്മകത നവ ലിബറലിസത്തിന്റെ എക്ലൂസിവ് പ്രോപ്പര്‍ട്ടിയായി സമ്മതിച്ചു കൊടുക്കേണ്ടതായ ഒന്നല്ല, മാത്രമല്ല ഇത്തരം തുടര്‍ച്ചകളെ നവ ലിബറല്‍ മൂല്യങ്ങളെന്ന ക്ലീഷെകളില്‍കൊണ്ടു കെട്ടുന്ന ഉപരിപ്ലവകരമായ കാഴ്ചപ്പാടുകളെ തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂഡല്‍ യുക്തികളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊന്ന്, ഈ പുരോഗമനപരതയുടെ തുടര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഏറ്റവും താഴേക്കിടയിലുള്ള അധകൃത വര്‍ഗ്ഗങ്ങളുമായിരിക്കും, കാരണം പരാശ്രിതത്വം പേറുന്ന വിഭാഗങ്ങളെന്ന നിലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും അവര്‍ തന്നെയാണ്, കുറച്ചുകൂടി സൂക്ഷമമായിപ്പറഞ്ഞാല്‍ അതിനുള്ളിലെ സ്ത്രീകളും. തകരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളാകുമ്പോള്‍ അതിന്റെ ഗുണം അധകൃത വര്‍ഗ്ഗങ്ങള്‍ക്കുകൂടിയാകും ആശ്വാസം പകരുക.

2. പ്രതിഷേധങ്ങളും ക്ലാസും (വര്‍ഗ്ഗവും)

ദീപക് ചൂണ്ടിക്കാട്ടിയ മോറല്‍ പോലീസിങ്ങിലെ വര്‍ഗ്ഗീകരണത്തോടു യോജിപ്പുള്ള ഭാഗം ഇതരങ്ങേറുന്ന ഭൗതിക ഇടങ്ങള്‍ ഗ്രാമങ്ങളും അവിടുത്തെ ഇരകള്‍ ഈ അധകൃത വര്‍ഗ്ഗവുമാണെന്നതിനോടാണ്, എന്നാല്‍ ഇതില്‍ ഇസ്ലാമിക്/ ഹൈന്ദവ ഫണ്ടമെന്റെലിസ്റ്റുകളുടെ പങ്ക് ഭിന്നമായി അടയാളപ്പെടുത്തിയതിനോട് യോജിപ്പില്ല. ഒന്നാമതായി ഭൗതിക ഇടങ്ങളെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് പരാശ്രിതക്കൂട്ടങ്ങളില്‍ സ്വാഭാവികമായും രൂപപ്പെടുന്ന കമ്യൂണിറ്റി മെന്റാലിറ്റിയിലൂടെയാണ്. നിലനില്പിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ ഗോത്രപരതയുടെ പരിണിതി പ്രത്യക്ഷമായ ഒരു പോലീസിങ്ങിന്റെ നിര്‍മ്മിതിയിലായിരിക്കുമെന്നത് പല ഗോത്രപഠനങ്ങളില്‍ നിന്നും നിരീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മോറല്‍ പോലീസിംഗ് എന്നത് ഗോത്രപരതയുടെ സവിശേഷതകളിലൊന്നായിട്ടാണു മനസ്സിലാക്കേണ്ടത്, അതില്‍ ഹൈന്ദവ/ഇസ്ലാമിക വേര്‍തിരിവുകള്‍ക്ക് പ്രത്യേകിച്ചു സ്ഥാനമില്ല, തുടങ്ങി വച്ചത് ഇതിലേതെങ്കിലും ഒരു കൂട്ടരാണെന്നു പറയുന്നതിലും യുക്തിയില്ല.

നേരെ മറിച്ച് മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസുകളുടെ ഭൗതിക ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണ്, മാത്രവുമല്ല അവിടങ്ങളില്‍ താരതമ്യേനെ പരാശ്രയ വിധേയമായ ഒരു ഗോത്രപരത പ്രത്യക്ഷമായി അസാധ്യവുമാണ് കാരണം ഇവിടെ പരാശ്രിതത്വം തന്നെയാണ് വലിയ ഒരു അളവുവരെ ഇല്ലാതായിട്ടുള്ളത്. ഈ പരാശ്രിതത്വത്തിന്റെ അഭാവം (മൊത്തത്തിലുള്ള അഭാവമല്ല) സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം തന്നെയാകണം ഗ്രാമങ്ങളില്‍ നിന്നും ഭൗതികമായ ഒരു പറിച്ചു നടലിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഗ്രാമ ഇതര ഇടങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കുള്ള ആവിഷ്കാരം സാധ്യമാക്കുന്നത് അവിടങ്ങളില്‍ പ്രത്യക്ഷമായി ഇല്ലാത്ത കമ്യൂണിറ്റി മെന്റാലിറ്റിയും അതിനോടനുബന്ധമായി വരുന്ന പോലീസിംഗുമാണ്. മറ്റു പല രീതികളില്‍ ലൂസായിട്ടുള്ള കമ്യൂണിറ്റികള്‍ രൂപപ്പെടുമെങ്കിലും അതിനു ഗ്രാമങ്ങളിലെ പരാശ്രയ സ്വാഭാവത്തില്‍ നിന്നും വരുന്ന തരത്തിലുള്ള പോലീസിങ്ങിനെ ഉല്പാദിപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ അത്തരം പോലീസിങ്ങിനെ ചെറുക്കുക എന്നതായിരിക്കും ഇവിടങ്ങളിലെ സ്വാഭാവികമായ പ്രതികരണം. ഗോത്രപരതയുടെ ഭാഗമായ മൂല്യങ്ങള്‍ ഇവിടെ ഒരു പരിധിവരെ നിലനിര്‍ത്തിപ്പോരുന്നത് വര്‍ഗ്ഗത്തെയും, ഭൗതിക ഇടങ്ങളെയും മറികടക്കുകയും ചെയ്യുന്ന ഒന്നുകൊണ്ടായിരിക്കും. ഇവിടെയാണ് മതം പ്രസക്തിയാര്‍ജ്ജിക്കുന്നത്. സംഘപരിവാറിന്റെ പോലീസിംഗിന്റെ മാര്‍ഗ്ഗങ്ങളായി സ്വാഭാവികമായും മതവും ദേശീയതയുമൊക്കെ കടന്നു വരുന്നതും. സംഘപരിവാറിനെ, ഫ്യൂഡല്‍ മൂല്യങ്ങളുടെ സം‌രക്ഷകര്‍ എന്ന നിലയില്‍ അധികാരം കൈയ്യാളുന്ന ഒരു ഗോത്രവര്‍ഗ്ഗമായാണു മനസ്സിലാക്കേണ്ടത്, അവരുടെ ഗോത്രപരതയുടെ വ്യാപന മേഘലകളായി അവര്‍ കാണുന്നത് ഈ ഗ്രാമ ഇതര ഇടങ്ങളെയാണ്. വര്‍ഗ്ഗങ്ങളെ മറികടന്നു തങ്ങളുടെ പോലീസിംഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് മതവും സംസ്കാരവും ഇവിടെ ഇവര്‍ക്ക് തുണയാകുന്നത്.

ക്യാപ്പിറ്റലിസത്തില്‍ നവ ലിബറലിസത്തിന്റെ പ്രേരകങ്ങള്‍ സാമ്പത്തികമാണെന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായ പരാശ്രിതത്വമില്ലായ്മ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകളാണു തുറന്നിടുന്നത്. ആ സ്വാതന്ത്യത്തിന്റെ അനുശീലനത്തില്‍ നിരുത്തരവാദപരമായതും അല്ലാത്തതുമായ പോരായ്മകളുമുണ്ടാകുന്നതുകൊണ്ടു മാത്രം ഈ ഉല്‍‌പാദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലാതാകുന്നില്ല. ഇത് നേരത്തെ സൂചിപ്പിച്ച നവോത്ഥാനമുള്‍പ്പടെയുള്ള പുരോഗമനാത്മകതയുടെ തുടര്‍ച്ചയുടെ ഭാഗമായി തിരിച്ചറിയേണ്ടതുമാണ്. ഗോത്ര വര്‍ഗ്ഗ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ആ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും അതിന്റെ ഇമ്പാക്റ്റ് അധകൃത വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടാകുമെങ്കിലും അനിവാര്യമാണ്. സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നതും ഇതു തന്നെയാണ്.

3. സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്നതിലെ രാഷ്ട്രീയം.

പരസ്യമായ ചുംബനത്തിനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ടിയുള്ള സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്ന ദീപക്കിന്റെ യുക്തിയോടും യോജിക്കുന്നില്ല. ദീപക് പറയുന്നത്

a.”പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്”

b. “മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.”

c. ” രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം.”

ഒരു മധ്യവര്‍ഗ്ഗ പ്രതികരണമായതു കൊണ്ട് തീര്‍ച്ചയായും അതില്‍ ക്ലാസുണ്ടാകും, അത് ദീപക് തന്നെ തിരിച്ചറിഞ്ഞ പോലെ ഇഷ്യുവിന്റെ ക്ലാസ് സ്വഭാവമല്ല, മറിച്ച് പ്രതികരിക്കുന്ന ആളുകള്‍ ആ ക്ലാസിലുള്ള ആളുകളായതുകൊണ്ടു മാത്രമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് പുരോഗമനത്തിന്റെ മാനങ്ങളില്‍ മുന്നേറ്റം വരുന്നത് ആ സ്വാതന്ത്ര്യത്തിനു വികസിക്കാനുള്ള ഇടങ്ങളുള്ളിടത്താണ്, നേരത്തെ സൂചിപ്പിച്ചതു പോലെ അതിനുള്ള ഇടങ്ങളില്ലാത്തിടത്ത് അത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇവിടെ ക്ലാസ് എന്നത് ഒരു കണ്‍സേണേ ആകേണ്ട കാര്യമില്ല. ഇവിടെ ക്ലാസുണ്ട് എന്ന നിരീക്ഷണം, സോ വാട്ട്? എന്ന ഒറ്റ് ചോദ്യത്തില്‍ തകര്‍ന്നു പോകുന്ന യുക്തിയേ ഈ ക്ലാസ് കണ്‍‌സേണിനുള്ളൂ, കാരണം ഈ പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുരോഗനമാത്മകയ്ക്ക് ക്ലാസുമായി ബന്ധമില്ല. ഇഷ്യുവിനെ അവഗണിച്ചിട്ട് ഇഷ്യു മുന്നോട്ടു വച്ച ആളിനെ ആധാരമാക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്, അത് നീ മിശ്രവിവാഹം കഴിച്ചിട്ടു മതി മിശ്രവിവാഹത്തിനു വേണ്ടി സംസാരിക്കുന്നത് എന്നു പറയുന്ന ഫാലസിയുടെ മറ്റൊരു വേര്‍ഷനാണ്. മറ്റൊരു അപകടമുള്ളത്, മധ്യവര്‍ഗ്ഗത്തില്‍ നിന്നും ട്രിഗര്‍ ചെയ്യപ്പെടാവുന്ന എല്ലാ പ്രതിഷേധങ്ങളെയും ഇത്തരത്തില്‍ കുറച്ചുകാണാനുള്ള സാധ്യത ഇത്തരം അനാലിസിസുകളില്‍ ഉണ്ടെന്നതാണ്

4. അരാഷ്ട്രീയത, ആം ആദ്മി, സംഘ പരിവാര്‍

ദീപക് പറയുന്നു.

“വീണ്ടും ഡല്‍ഹി റേപ്പെടുക്കുക – ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു”

ആം ആദ്മി പാര്‍ട്ടിയുടെ സദാചാരഗുണ്ടായിസം ഡല്‍ഹി നിവാസികള്‍ക്ക് പരിചിതമാണ്, അവര്‍ അതില്‍ പങ്കാളികളുമാണ്,. കറുത്ത വര്‍ഗ്ഗക്കാരെ സദാചാരം പഠിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ആം ആദ്മിക്കാര്‍ തന്നെയായിരുന്നല്ലോ അവരെന്നും പുരുഷാധിപത്യത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചു പോന്നിട്ടുള്ളത്. ആം ആദ്മിയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്ര അടിത്തറ പുരുഷാധിപത്യ യാഥാസ്ഥിതികതയുടേതായിരിക്കും, കാരണം സമൂഹം അഥവാ പരിഷ്കൃതനല്ലാത്ത മനുഷ്യന്‍ അഥവാ ആം ആദ്മി, അതാണ്.

ലോകത്തെവിടെയും ഈ അപരിഷ്കൃത ആം ആദ്മി പുരോഗമന ആശയങ്ങളുടെ കൂടെ നിലയുറപ്പിച്ചതായി ചരിത്രമില്ല. അവന്റെ കൂടപ്പിറപ്പായ മൊറാലിറ്റി മാത്രമേ അവന് മനസ്സിലാകൂ. ഒബ്ജക്റ്റിവിറ്റി അവനു ചെകുത്താന്റെ സന്തതിയായിരിക്കും. അതുകൊണ്ടാണ് കറുത്തവന്റെ മൊറാലിറ്റി അവനു ചെകുത്താനു തുല്യമായി അനുഭവപ്പെടുന്നത്. എന്തിന്, സാമ്പത്തിക അഴിമതി പോലും അവന് മനസ്സിലാകണമെങ്കില്‍ അത് മൊറാലിറ്റിയുടെ ഭാഷയില്‍ അവതരിപ്പിക്കപ്പെടണം. അഴിമതിക്കെതിരെ അവന്‍ തെരുവിലിറങ്ങിയത് ഇതേ മൊറാലിറ്റിയുടെ ഗാന്ധിയന്‍-അണ്ണാ ഹസ്സാരെ ഭാഷയില്‍ ഗര്‍ജ്ജിച്ചുകൊണ്ടായിരുന്നു. അതായത് സാമ്പത്തിക അഴിമതിയെ ഒരു മോറല്‍ ഇഷ്യുവായി കാണാനായതുകൊണ്ടു മാത്രമാണ് അവനു പ്രതികരിക്കാനായത്, ഒരു കണക്കിനു സദാചാരവാദ സമരം തന്നെയായിരുന്നു അവരുടെ അഴിമതിവിരുദ്ധ സമരം.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗങ്ങളുടെ പച്ഛാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഈ മൊറാലിറ്റിയെ മറികടക്കാനായതാണ് അതിന്റെ പ്രസക്തി. മൊറാലിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം അവയെ നിരാകരിക്കുകയും, അതിലുപരി യാഥാസ്ഥിതികപുരുഷാധിപത്യ മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അതിനു വളരാനായി എന്നിടത്താണ് അതിന്റെ വിജയം (ഇതിനെ ഒരു മോറല്‍ ഇഷ്യു മാത്രമായി കണ്ട നല്ലൊരു വിഭാഗവുമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല). സൈബര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ഡിസ്കോര്‍സിന്റെ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ സംഭവിച്ചതും ഫെമിനിസ്റ്റുകള്‍ എന്നു സ്വയം ഐഡന്റിഫൈ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ഒരു ഘട്ടത്തെ മറികടക്കാനായി എന്നതും ഈ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടിയാണ്.

ഇവിടെയാണ് ദീപക്കിന്റെ നിരീക്ഷണത്തിലെ പോരായ്മ കിടക്കുന്നത്. കേജ്റിവാള്‍ നയിച്ച ആം ആദ്മി മുന്നേറ്റത്തിലെ സദാചാര മനോഭാവം മോഡിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചുവെങ്കില്‍, ഡല്‍ഹി ബലാത്സംഗ പ്രതിഷേധങ്ങള്‍ക്ക് മോഡി വിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ ഒരു ഡിസ്കോര്‍സിനെ നിലനിര്‍ത്താനായി എന്നത് ദീര്‍ഘകാല ദൃഷ്ടിയില്‍ പുരോഗമനപരമായ ഒന്നു തന്നെയാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചുംബന-സദാചാരവിരുദ്ധ സമരത്തെ കാണേണ്ടതും. ഇതിനു തെളിവാണ് ഈ സമരത്തിനെ എതിര്‍ത്ത ഹൈന്ദവ/ഇസ്ലാമിക സദാചാരഗുണ്ടകളുടെ ഐക്യപ്പെടല്‍. ഇതൊരു പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടല്‍ കൂടിയാണെന്നു വ്യക്തമാകുന്നതോടെ ഫാസിസത്തിന്റെ സ്വഭാവം കൂടുതല്‍ തെളിമയോടുകൂടി കാഴ്ചപ്പെടുകയാണിവിടെ. നരേന്ദ്രമോഡി പിന്‍‌പറ്റുന്നതും ഇതേ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണെന്ന സത്യത്തെ അധികം നാള്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണിതിന്റെ രാഷ്ട്രീയ സാധ്യത.

5. പ്രയോറിറ്റികളുടെ രാഷ്ട്രീയം.
ദീപക്കിന്റെ മറ്റൊരു നിരീക്ഷണം പ്രയോറിറ്റികളുടേതാണ്. കേരളത്തിലെ മോറല്‍ പോലീസിംഗ് പരമ്പരകളെ കണക്കിലെടുത്താല്‍ താരതമ്യേനെ നിസ്സാരപ്പെട്ട ഒന്നിനു കിട്ടുന്ന പ്രതികരണം, ഇത് മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, സ്ത്രീകള്‍ക്ക് ഇതിലും വലിയ ഇഷ്യുകളുണ്ടെന്നും ചുംബനമല്ല പ്രയോറിറ്റിയെന്നതുമായ വാദങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ താരതമ്യങ്ങള്‍ക്ക് ഇവടെ പ്രസക്തിയില്ല കാരണം ഇവിടെ നമ്മള്‍ പല ചോയ്സുകള്‍ മുന്നില്‍ വച്ചിട്ട് അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്, അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ മാത്രമേ പ്രയോറിറ്റികള്‍ അപ്ലൈ ചെയ്യാനാകൂ. ഇവിടെ ഒരു സംഭവം ട്രിഗര്‍ ചെയ്ത് ഒരു ഇഷ്യു, അതിലൂടെ പത്തിവിടര്‍ത്തിയ ഫാസിസവും അതിനെതിരേയുള്ള പ്രതിരോധ സമരവും വിഷയമാകുന്നിടത്ത് പ്രയോറിറ്റികളുടെ താരതമ്യ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല അത് ഒരു ഡിസ്ട്രാക്ഷനുമാണ്.

ദീപക് ഉന്നയിക്കുന്ന വാദങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്, അത് പല തലങ്ങളിലാണെന്നു മാത്രം…

ആമുഖം nalanz
ആം ആദ്മി അല്ല

One Response to ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

  1. visaksankar says:

    ചുംബന സമരം പ്രശ്നാധിഷ്ഠിതവും പ്രതികരണാത്മകവുമായ ഒരു സമരമായിരുന്നു. അത്തരം ആൾക്കൂട്ട സമരങ്ങൾക്ക് ഇപ്പൊഴത്തെ സവിശേഷ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ തനതായ ഒരു പങ്ക് വഹിക്കാനുമുണ്ട്.മതേതര രാഷ്ട്രീയ സംഘടനകൾക്ക് തകർച്ചയും, മത രാഷ്ട്രീയ സംഘടനകൾക്ക് സ്വീകാര്യതയും ഏറിവരുന്ന ഒരു കാലഘട്ടത്തിൽ ഞങ്ങൾക്ക് ‘രാഷ്ട്രീയമില്ല’ എന്ന് അഭിമാനിക്കുന്ന മധ്യവർഗ്ഗ ആൾക്കൂട്ടത്തെ എല്ലാറ്റിനും രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ സമരത്തിനും അനുബന്ധ സംഭവങ്ങൾക്കും കഴിഞ്ഞു. സദാ ആചരിക്കേണ്ടവ എന്ന നിലയിൽ യുക്തിയുടെ, അതിന്റെ എമ്പെരിക്കൽ രീതിശാസ്ത്രത്തിന്റെ ചോദ്യങ്ങൾക്ക് പുറത്ത് കൂടി ഒളിച്ചുകടത്തപ്പെടുന്ന ഈ ‘സദാചാര’ ത്തിന്റെ വേരുകൾ അധികാരത്തിലാണെന്നും ആ അധികാരമാണ് സദാചാരത്തിന്റെ മറ്റൊരു നിർവചനമായ നല്ലാചാരത്തിലെ നന്മയെ നിർണ്ണയിക്കുന്നതെന്നും ഉള്ള വസ്തുതയിൽ നിന്നാണ് ആ തിരിച്ചറിവ് ഉത്പാദിപ്പിക്കുന്നത്. ഇതൊരു രാഷ്ട്രീയ സംഘടനയുടെ നയരേഖയിൽനിന്ന് മുന്നോട്ട് വയ്ക്കപ്പെട്ടതായിരുന്നുവെങ്കിൽ ജനം സംശയിച്ചേനെ.ചുംബന സമരത്തിന് രാഷ്ട്രീയമില്ലാത്തതുകൊണ്ട് അതിന് കൈവരുന്ന ഈ വിശ്വാസ്യതയെ പക്ഷേ മറ്റൊരു വീക്ഷണ കോണിൽനിന്ന് കൂടി നോക്കി കാണെണ്ടതുണ്ട്. പ്രത്യയ ശാസ്ത്രത്തിന്റെയോ, പൂർവ്വ പ്രവർത്തി ചരിത്രത്തിന്റെയോ ബാധ്യതകൾ ഇല്ലാതെ രൂപപ്പെടുന്ന ഇത്തരം ആസൂത്രിതമല്ലാത്ത ആൾക്കൂട്ട സമരങ്ങൾ ഒരു പ്രശ്നത്തിന്റെ ഒരു പ്രതികരണത്തിൽ തുടങ്ങി അവിടെ അവസാനിക്കുന്നവയാണ്. അവയ്ക്ക് സാംസ്കാരികമായ തുടർച്ചകൾ ഉണ്ടാവാം. പക്ഷേ സംഘടനാപരമായ തുടർച്ചകൾ ഉണ്ടാവില്ല.

    ദില്ലി കൂട്ട ബലാത്സംഗ കേസിനോട് അനുബന്ധിച്ച് ഫെയ്സ് ബുക്ക് കൂട്ടായ്മകളിലൂടെ വികസിച്ച ആൾക്കൂട്ട സമരം ഇതിനൊരു ഉദാഹരണമാണ്. അതിൽ ആവേശപൂർവ്വം പങ്കെടുത്ത കവിതാ കൃഷ്ണനെപ്പോലെയുള്ളവർ ഇതിന് ഒരു തുടർച്ച പ്രതീക്ഷിക്കുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം മണിപ്പൂരിലെ സ്ത്രീകൾക്കെതിരേ ഇന്ത്യൻ പട്ടാളം നടത്തുന്ന നിഷ്ഠൂരമായ അതിക്രമത്തിനെതിരെ ഇതുപോലെ സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ആ സമരത്തെ ഇതുപോലെ ഒരാൾക്കൂട്ടവും ഏറ്റെടുക്കാൻ എത്തിയില്ല. പക്ഷേ അതിന്റെ കർതൃത്വം ദില്ലി സമരത്തിൽ ചുമത്തി ഇരട്ടത്താപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു മാധ്യമവും സായാഹ്നം ചിലവഴിക്കില്ല.കാരണം ഓരോ ആൾക്കൂട്ടത്തിന്റെയും ചരിത്രം അതിൽ തുടങ്ങി അതിൽ അവസാനിക്കുന്നതാണ്. ദില്ലി സമരത്തിന് കേരളത്തിലെ ചുംബന സമരവുമായുള്ള ബന്ധം സാംസ്കാരികമാണ്, സംഘടനാപരമല്ല. സാംസ്കാരികമായി ഒരു സമരത്തിന്റെയും ഉള്ളടക്കത്തെ ചോദ്യം ചെയ്യാനാവില്ല. പറ്റുക അതിന്റെ കർതൃത്വം വഹിക്കുന്നത് ഒരു സംഘടനയാണെങ്കിൽ അതിന്റെ സംഘടനാ ചരിത്രത്തിൽനിന്ന് കൊത്തി പെറുക്കിയ സംഭവങ്ങൾ വച്ച് സമരത്തിന്റെ ഉദ്ദേശശുദ്ധിയുടെ ഉള്ളടക്കത്തെ റദ്ദ് ചെയ്യുക എന്നതാണ്.

    ഇത്തരം സമരങ്ങൾ നമ്മുടെ പൊതുബോധത്തിൽ നടത്തുന്ന ഒരു പരോക്ഷ പ്രതിപ്രവർത്തനം എന്നത് സമഗ്ര സ്വഭാവമുള്ള സംഘടിത സമരങ്ങളുടെ സാധ്യതകൾ എന്നെന്നേയ്ക്കുമായി അവസാനിച്ചു എന്ന ഒരു ധാരണയെ പ്രബലമാക്കുക എന്നതാണ്. പക്ഷേ, ആവർത്തിച്ച് പറയട്ടെ, അത് ഈ സമരങ്ങളുടെ കർതൃത്വ പരിധിയിൽ വരുന്നതല്ല. അതിന്റെ കർത്താവ് നമ്മുടെ പൊതുബോധം തന്നെയാണ്. ചുംബന സമരത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത പൊതുബോധം തന്നെ അതിനെ സംഘടിത സമരങ്ങളുടെ അന്ത്യ പ്രഖ്യാപനത്തിന് നിദാനമായി എണ്ണുന്നതിൽ തീർചയായും ഒരു പൊരുത്തക്കേടുണ്ട്. വൈരുദ്ധ്യങ്ങളുടെ, അധികാരം സ്പോണ്സർ ചെയ്യുന്ന കൂട്ടായ്മയെ ആണല്ലൊ പൊതുബോധം എന്ന് പറയുന്നത്. അതുകൊണ്ട് അതിൽ വൈരുദ്ധ്യം ഒന്നുമില്ലതാനും.എന്നുവച്ച് ഈ അവസ്ഥ ഉണ്ടാക്കുന്ന പ്രായോഗിക രാഷ്ട്രീയ സമസ്യകൾ ചെറുതുമല്ല.

    മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരത്തിൽ പങ്കെടുത്തത് പ്രശ്നാധിഷ്തിതമായി പ്രതികരിക്കുന്ന ഒരാൾക്കൂട്ടമായിരുന്നു. അതിൽ ഈ സമരത്തെ സമഗ്രമായ ഒരു സാംസ്കാരിക ദർശനത്തിന്റെ ഭാഗമായി വികസിപ്പിച്ചവരും ഉണ്ടായേക്കാം. പക്ഷേ സമരം സംഘടിപ്പിച്ച കിസ്സ്‌ ഓഫ് ലൗ എന്ന താല്കാലിക സംഘടന ആവശ്യപ്പെട്ടത് പ്രശ്നാധിഷ്ഠിത പ്രതികരണം മാത്രമായിരുന്നു. അത് കാണാൻ വന്ന, സമരക്കാരെ സംഖ്യകൊണ്ട് നിഷ്പ്രഭമാക്കിയ ജനക്കൂട്ടവും ഇതിനോട് പ്രശ്നാധിഷ്ഠിതമായി തന്നെയാണ് പ്രതികരിച്ചത്. അവരുടെ പ്രശ്നം എന്തിൽ അധിഷ്ഠിതമായിരുന്നു എന്നത് അവർ നമ്മുടെ വിശകലനത്തിന് വിട്ടുതന്നിരിക്കുകയാണെന്ന് മാത്രം.പിന്നെയുള്ളത് പ്രതിഷേധക്കാരാണ്. അവർ സംഘടിതരായിരുന്നു. അവരുടെ വിയോജിപ്പ് പ്രശ്നാധിഷ്ഠിതമായിരുന്നില്ല, സമഗ്രം തന്നെ ആയിരുന്നു.രാഷ്ട്രീയമോ അല്ലാത്തതോ എന്ന് അവകാശപ്പെടുന്ന ഏത് സമരത്തിനും അവർ അറിഞ്ഞാലും ഇല്ലെങ്കിലും സമഗ്രവും, കേന്ദ്രികൃതവുമായി രൂപപ്പെടുന്ന പ്രതിഷേധങ്ങളുടെ ഒരു മറുപക്ഷം ഉണ്ടാവും. ആ പ്രതിഷേധത്തിന്റെ രൂപീകരണത്തിന് കൃത്യമായ ഒരു രാഷ്ട്രീയവും ഉണ്ടാവും. ആ രാഷ്ട്രീയത്തെ എല്ലായിപ്പൊഴും നേരിടാനാവുമോ എന്നതാണ് രാഷ്ട്രീയമില്ലെന്ന് സ്വയം അവകാശപ്പെടുന്ന ആൾക്കൂട്ട സമരങ്ങൾ ആദ്യം നേരിടേണ്ട ചോദ്യം. ആ ചോദ്യത്തിന്റെ പരിസരത്ത് വച്ചാണ് ആൾക്കൂട്ട സമരങ്ങളുടെ, അവർ ഇല്ല എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയത്തിന്റെ വർഗ്ഗപരവും, ദേശീയവും ഒക്കെയായ ഉള്ളടക്കങ്ങൾ, ഇത്തരം സമരങ്ങളുടെ വർത്തമാന പ്രസക്തിയെ മുൻ നിർത്തിക്കൊണ്ട് തന്നെ പരിശോധിക്കപ്പെടെണ്ടത്.

ഒരു അഭിപ്രായം ഇടൂ