സദ്ദാം വധവും പ്രതികരണങ്ങളും

സദ്ദാം ആരാ‍യിരുന്നു ?

ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്ത ഒരു സ്വേച്ഛാധിപതി മാത്രമായിരുന്നോ ?
അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ മതേതര നായകണോ ?
കുവൈറ്റില്‍ അധിനിവേശം നടത്തിയ മറ്റോരു ബുഷ്ഷോ ?
സാമ്രാജിത്വത്തത്തിനു കൂട്ടുനിന്നിട്ടുള്ള മറ്റോരു നേതാവോ ?

ഇതൊക്കെയായിരിക്കാം.

പക്ഷെ ഇതുമാത്രമായിരുന്നില്ല.

മൂന്നാം ലോകത്തിലെ കരുത്തുറ്റ ഒരു ശബ്ദം കൂടിയായിരുന്നു.
അതിലുപരി സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.

സോവിയറ്റ് ചേരിയുടെ പതനത്തോടെ രണ്ടു ചേരികള്‍ മാറി ഒരു unipolar യുഗത്തിലേക്കു അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന്റെ സാക്ഷിപത്രങ്ങളാണു ഇറാഖ് അധിനിവേശവും അതിനുശേഷം നടന്ന സദ്ദാം വധവും. ഇന്നു ഇറാഖ്, നാളെ ഇറാന്‍, അതു കഴിഞ്ഞു മറ്റോന്ന് എന്നാണു സൂചന. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തയാരേയും നശിപ്പിക്കുകയെന്നതാണു സാമ്രാജിത്വസിദ്ധാന്തങ്ങളിലൊന്ന്. നേരിട്ടിടപെട്ടും സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റും അവരതു നടപ്പിലാക്കുന്നു.

ഇങ്ങനെയുള്ള സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക എന്ന ഒറ്റക്കാരണം മതി സദ്ദാം അതിന്റെ പ്രതീകം എങ്ങിനെയായിയെന്നു മനസ്സിലാക്കാന്‍. കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.

ഇറാഖ് അധിനിവേശത്തെപ്പറ്റി ഇങ്ങനെ പറഞ്ഞാല്‍ ചിലര്‍ക്കു മനസ്സിലാവാ‍ത്തതു കൊണ്ടിതിനെ “തെരിവുഗുണ്ടായിസം” എന്നു തന്നെ വിശേഷിപ്പിക്കണം. പച്ചമലയാളത്തില്‍ പോക്രിത്തരം !

ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്.

പിന്നെയീ പ്രതികരണം കൊണ്ടാര്‍ക്കെന്തു പ്രയോജനം എന്നു ചോദിക്കുന്നവരോട് , അതു ജനാധിപത്യത്തിലെ രീതിയാണു. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതുകൊണ്ടെന്തുപ്രയോജനം എന്നു ചോദിച്ചില്ലല്ലോ, ആശ്വാസം!