അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരുമ്പോള്‍ എന്തിനാണ് അടുക്കളയും ചുമന്നുകൊണ്ട് വരുന്നത് ?

http://malayal.am/node/22714

 

വി. ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ആദ്യമായി വേദിയിലവതരിപ്പിക്കപ്പെട്ടത് 1929 ലായിരുന്നു. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന വൈവാഹിക സംബന്ധിയായ ദുരാചാരങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങളുടെ തുടക്കം കുറിക്കല്‍ എന്നതിലുപരി നവോത്ഥാന ബോധത്തിന്റെ തന്നെയുള്ള തുടക്കമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു അരങ്ങറ്റമായിരുന്നു അത്. “നമ്പൂതിരിയെ മനുഷ്യനാക്കുക”, “അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക” തുടങ്ങിയ ആഹ്വാനങ്ങള്‍ ആ കാലഘട്ടത്തിന്റെ മറ്റു സംഭാവനകളാണ്. അടുക്കളയുടെ ഫ്യൂഡല്‍ മതിലുകള്‍ക്കുള്ളില്‍ നിന്നും പുരോഗമനാത്മകതയുടെ അരങ്ങിലേക്കുള്ള ആഹ്വാനം അടയാളപ്പെടുത്തിയ ആ ഘട്ടത്തില്‍ നിന്നും നമുക്ക് എത്ര ദൂരം സഞ്ചരിക്കാനായി എന്നു വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന പൊങ്കാല മഹാമഹങ്ങളുടെ മറവിലുള്ള സ്ത്രീവിരുദ്ധ ഘോഷങ്ങള്‍.

ആചാരങ്ങളുടെ ബലിയാടുകള്‍

ആചാരങ്ങളുടെ ബലിയാടുകള്‍, പ്രത്യേകിച്ചും മതാചാരങ്ങളുടെ, എന്നും സ്ത്രീകള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കേണ്ട യാഥാര്‍ത്ഥ്യം, പക്ഷെ ഒരു ഞെട്ടലും ഉളവാക്കില്ലെന്നു മാത്രമല്ല ഇതൊക്കെ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. മതത്തെയും സംസ്കാരത്തെയും സം‌രക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്റെ ആചാരങ്ങള്‍. സ്ത്രീ മുഖം മറച്ചില്ലെങ്കില്‍ പുരുഷനു നിയന്ത്രണം പോകും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്, ‘മുഖം മറയ്ക്കുക‘, അടിച്ചേല്പ്പിക്കുന്നതോ മതാചാരമെന്ന നിലയില്‍, സ്ത്രീവിരുദ്ധമാണെങ്കിലും ആചാരമെന്ന നിലയില്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മതത്തോടുള്ള വിമര്‍ശനമായും, അതുവഴി ആ മതസ്വത്വം പേറുന്നവരോടുള്ള ആക്രമണമായി ചിത്രീകരിച്ചു കൊണ്ട് അതിനെ നേരിടാന്‍ സ്ത്രീകളെ തന്നെ അണിനിരത്താന്‍ മതാധികാരങ്ങള്‍ക്കു സാധിക്കുന്നതിലൂടെ സ്ത്രീ തന്നെ ബലിയാടാക്കപ്പെടുന്നു. ഇതേ നീതിബോധമാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ അവളുടെ വസ്ത്രധാരണത്തില്‍ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്. പുരുഷന്റെ വൈകല്യങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ നീതിബോധം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ മതം വഹിക്കുന്ന പങ്കും നിസ്സാരമല്ല.

സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍

പടുവൃദ്ധന്മാരെക്കൊണ്ട് നമ്പൂതിരിയുവതികളെ കെട്ടിക്കുന്ന ആചാരമുണ്ടായിരുന്നു, വിധവകള്‍ക്ക് പുനര്‍ വിവാഹം നിഷേധിച്ചിരുന്ന ആചാരങ്ങള്‍, ‘സതി‘ യെന്ന ‘മനോഹരമായ‘ വേറൊന്ന്, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് മറ്റൊന്ന്. മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇതേ മതാധികാരം തന്നെ. ചുരീധാര്‍ധാരികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് പ്രശ്നം വച്ചു കണ്ടുപിടിച്ച നാടാണ്. ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (Female genital mutilation) മറ്റൊന്ന്‍. ഋതുമതികളായ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മതസംസ്കാരം അതിന്റെ ബീഭത്സമായ സ്ത്രീവിരുദ്ധതയുടെ അധികാര ധാര്‍ഷ്ട്യം പുറത്തെടുക്കുന്നു. അമ്പലം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ പോട്ടെ, വീടുനുള്ളില്‍ തന്നെ സ്ത്രീയെ കുറ്റവാളിയാക്കുന്നതില്‍ മതാധികാരം പ്രത്യേകശ്രദ്ധയാണ് ചെലുത്തുന്നത്. അടുക്കളയില്‍ പോലും പ്രവേശിപ്പിക്കാതെ പ്രത്യേകം മുറികളിലടച്ചിടുന്ന സമ്പ്രദായം വരെയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അനിവാര്യമായും മതം പ്രത്യക്ഷമായോ പരോക്ഷമായോ കടന്നു വരുന്നുണ്ട്. അത് അങ്ങിനെയാവുകയേ തരമുള്ളൂ കാരണം “പുരുഷനാല്‍, പുരുഷനുവേണ്ടി, പുരുഷന്റെ സൃഷ്ടിയാകുന്നു മതമെന്ന അധികാരസ്ഥാപനം”. “Religion is an institution of power created by men, for men and of men”

ദി പൊളിറ്റിക്കല്‍ ഇന്ത്യന്‍ തരുന്ന ലിസ്റ്റ് ചുവടെ
http://www.thepoliticalindian.com/women-not-allowed/
മറ്റൊന്ന് http://www.foxnews.com/travel/2013/01/09/no-women-allowed-tourist-destinations-where-females-are-forbidden/

ആധുനിക ഇന്ത്യയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ആര്‍. എസ്. എസ്. എന്ന സംഘടനയും പെടുന്നു. ആര്‍ എസ് എസ് എന്നാല്‍ ‘രാഷ്ട്രീയ “സ്വയം” സേവകര്‍’ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. “സ്വയം” ഒന്നിനും തീരുമാനനെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്തതുകൊണ്ടായിരിക്കാം അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്, പകരമായി രൂപവല്‍ക്കരിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പേര് ‘രാഷ്ട്ര സേവികാ സമിതി‘ എന്നാണ്, അതായത് ‘സ്വയം’ സേവകരല്ല. രാഷ്ട്രീയ സ്വയം സേവകരിലെ ‘സ്വയം‘ എന്ന വിശേഷണം സ്ത്രീകള്‍ക്ക് ബാധകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അടുക്കള മാഹാത്മ്യം.

ഋതുമതികളാകുന്ന സമയത്തൊഴികെ സ്ത്രീയുടെ തട്ടകം എന്നും അടുക്കളയായിരുന്നു. ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കുക എന്നത് ഭാര്യയുടെ പ്രാഥമിക ചുമതലകളിലൊന്നാണ്, അതൊകൊണ്ടു തന്നെ അടുക്കള എന്ന സ്ഥാപനത്തിനു അതിന്റേതായ ഭരണക്രമവും ജെണ്ടറില്‍ അധിഷ്ഠിതമായ മൂല്യങ്ങളും വന്നു ചേരുന്നുണ്ട്. ഒന്നാമതായും വീടിനുള്ളിലെ പാചകം സ്ത്രീയുടെ മാത്രം ചുമതലയാകുന്നു, അതോടൊപ്പം രുചിയുള്ള ഭക്ഷണത്തിനു ടാര്‍ഗറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. ‘അമ്മയുണ്ടാക്കിയ ഭക്ഷണ‘ത്തിന്റെ രുചി ഒരു സാംസ്കാരിക ഉല്പന്നമെന്ന നിലയില്‍, അത് മരുമകളായി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ മുന്നില്‍ സാംസ്കാരികമായി അസാധ്യമായ ഒരു ടാര്‍ഗറ്റ്, അടുക്കള എന്ന സ്ഥാപനത്തിലൂടെ സെറ്റ് ചെയ്യുന്നുണ്ട്. അവിടെ അനിവാര്യമായ തോല്‍‌വിക്ക് വിധേയപ്പെടുന്ന സ്ത്രീക്കുമേല്‍ അധികാരം ഒരു കുരുക്ക് കൂടിയിടുന്നു. കുറ്റബോധങ്ങളെ സൃഷ്ഠിക്കുകയും അതുവഴി വിധേയത്തം ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നത് അധികാരത്തിന്റെ രീതിയാണ്, മതാധികാരം പ്രത്യേകിച്ചും ഇതിന്റെ ഉദ്ദാഹരണമാണ്

അടുക്കളയെന്ന നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീയെ കുരുക്കിയിടാന്‍ പ്രാപ്തമായ മൂല്യബോധങ്ങളും കുറവല്ല. ചില കാരണവന്മാര്‍ തലേന്ന് പാചകം ചെയ്ത ഭക്ഷണം കഴിക്കില്ല, എല്ലാം ഫ്രഷ് ആയിരിക്കണമെന്നു നിര്‍ബന്ധമത്രെ! മിക്സിയിലരച്ച കൂട്ടുകള്‍ക്ക് ഇക്കൂട്ടര്‍ക്ക് രുചി കുറവാകുന്നു, അരകല്ലില്‍ അരച്ചുതന്നെ ഉണ്ടാക്കണം. സ്ത്രീയുടെ അദ്ധ്വാനഭാരം കുറയ്ക്കുന്ന യന്ത്രവല്‍‌ക്കരണത്തെയൊക്കെ ക്വാളിറ്റിയുടെ മറവില്‍ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. ഒരു തരം ഫ്യൂഡല്‍ നോസ്റ്റാള്‍ജിയ പാരമ്പര്യരീതിയിലുള്ള പാചകങ്ങളോട് ഇന്നും നമ്മള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്. ആധുനിക അടുക്കളയില്‍ ഇലക്ട്രിക് യന്ത്രങ്ങള്‍ കടന്നുകയറിയത് സമൂഹത്തില്‍ മൊത്തത്തില്‍ കടന്നുകൂടിയ മാറ്റങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍

മൊബിലിറ്റിയും പാചകവും

ഒട്ടുമിക്ക പൊതു ഇടങ്ങളും സ്ത്രീക്ക് നിഷിദ്ദമായിരിക്കുമ്പോഴും, സ്വകാര്യ ഇടം എന്ന നിലയില്‍ അടുക്കള എന്ന സ്ഥാപനം ഇതില്‍ പെടുന്നില്ല എന്നിരിക്കിലും, പൊതു ഇടങ്ങളിലെ പാചകം പക്ഷെ സ്ത്രീക്ക് നിഷിദ്ദമാണ്. ഈ നിഷേധത്തിനു പാചകവുമായി ബന്ധമില്ല, മറിച്ച് ഇത് സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവുമായിട്ടാണു ബന്ധപ്പെട്ടുകിടക്കുന്നത്. സ്ത്രീക്കുമേലുള്ള ഉടമസ്ഥത സൃഷ്ടിക്കുന്ന മൊബിലിറ്റിയുടെ നിഷേധമാണിവിടെ പ്രകടമാകുന്നത്. വീടു വിട്ട് പുറത്തേക്ക്, അത് സ്വന്തം വീട്ടിലേക്കാണെങ്കില്‍ പോലും അകമ്പടിയായി അമ്മായിയപ്പന്‍ അല്ലെങ്കില്‍ ഒരു ആണ്‍തുണ ഒരു പതിവ് കാഴ്ചയായിരുന്നു. സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകുന്നത് അപമാനമായി കണ്ടിരുന്ന ഒരു മൂല്യബോധത്തില്‍ നിന്നും നാം ഭാഗികമായെങ്കിലും പുറത്തു വന്നത് ഈ അടുത്ത കാലത്താണ്. സ്ത്രീക്ക് കൈവന്ന ഈ മൊബിലിറ്റി പക്ഷെ നിലനില്പിന്റെ ഭാഗമായി വന്നതായിട്ടു വേണം മനസ്സിലാക്കാന്‍, കാരണം അത് പ്രത്യേകിച്ച് സ്ത്രീയുടെ മൊബിലിറ്റി എന്ന വിപുലമായ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമായി വന്നതല്ല, അതുകൊണ്ടു തന്നെ പുരുഷന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സാരമായ മാറ്റമൊന്നും ഇതിനു വരുത്താനുമായിട്ടില്ല, അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയുടെ ചുമതലകളില്‍ നിന്നും പ്രത്യേകിച്ച് ഇളവുകളൊന്നും നേടിയെടുക്കാനായിട്ടില്ല.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്.

ഈ പച്ഛാത്തലത്തിലാണ് പൊങ്കാല ഉത്സവങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും അതില്‍ സ്ത്രീയുടെ മൊബിലിറ്റിയുടെ ഉള്‍ച്ചേരലും പരിശോധിക്കേണ്ടത്. സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള പൊതുവിടങ്ങളിലൊന്ന് അമ്പലങ്ങളാണ്. മതമെന്ന അധികാരസ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് വിധേയത്വ പ്രകടനത്തിനു മാത്രമായുള്ള നിയന്ത്രിത പൊതു ഇടങ്ങളായാണ് അമ്പലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ മതാധികാരത്തിന്റെയും അതുവഴി സംസ്കാരത്തിന്റെയും ഭൗതികസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ട്. അത് ഡിസ്കോര്‍സില്‍ ഇടപെടുന്നത് ഈ സാംസ്കാരിക ഹെജമണിയെ പുനരുത്‌പാദിപ്പിക്കാന്‍ മാത്രമാകുന്നതിനാല്‍ അത്തരത്തിലുള്ള ഒരു ഡിസ്കോര്‍സായിട്ടാണ് പൊങ്കാല മഹാമഹങ്ങള്‍ വായിക്കപ്പെടേണ്ടത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സൃഷ്ഠിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ പൊതു ഇടങ്ങള്‍ സാംസ്കാരിക ഹെജമണിയുടെ പുനരുത്‌പാദനം മാത്രമാണ് സാധ്യമാക്കുന്നത്. അമ്പലങ്ങളില്‍ നിന്നും വേറിട്ടൊരു പൊതു ഇടം എന്ന പ്രതീതി സ്രഷ്ഠിക്കുമ്പൊഴും അവിടെയും സ്ത്രീ എന്ന ജെണ്ടറിന്റെ അംഗീകൃതമായ സാംസ്കാരിക ചുമതലയായി പാചകത്തെ പുനരുദ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് അടുക്കളയില്‍ നിന്നും പുറത്തുള്ള ഒരു അരങ്ങിലേക്കല്ല സ്ത്രീ കടക്കുന്നത്, മറിച്ച ആ അരങ്ങിനെ അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ പരിഹാസ്യതയും അപകടവും.

അടുക്കളയും ചുമന്നുകൊണ്ട് എന്തിനു അരങ്ങത്തു വരുന്നു എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങളിലൊക്കെ ഇതിനെ ഭക്തിയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രാര്‍ത്ഥിക്കാനാണെന്ന ലളിതവും നിര്‍ദ്ദോഷകരവുമെന്നു തോന്നിപ്പിക്കുന്ന യുക്തികളിലെ പരിഹാസ്യത കിടക്കുന്നത് ഇത് ദൈവമെന്ന സങ്കല്പത്തെ തന്നെ പരിഹാസ്യമാക്കുന്നു എന്നിടത്താണ്. പ്രാര്‍ത്ഥന എന്ന കൈക്കൂലി കൊടുത്താല്‍ മാത്രം പ്രസാദിക്കുന്ന ദൈവം ഒരു കൈക്കൂലിക്കാരന്റെ പരിവേഷമാണ് സൃഷ്ടിക്കുന്നതെങ്കില്‍ പാടിപ്പുകഴ്ത്തലില്‍ പ്രസാദിക്കുന്ന ദൈവം കോമാളി എന്ന പരിവേഷമാണ് സൃഷ്ടിക്കുന്നത്.

ഭക്തിയെന്ന കേവലയുക്തിയിലെ പരിഹാസ്യത ഭക്തരെ ബാധിക്കാറില്ല കാരണം വിമര്‍ശനങ്ങളെ നേരിടാന്‍ അവര്‍ക്ക് ഹെജമണിയുടെ യുക്തി മാത്രമായിരിക്കും ആശ്രയം. അതിനപ്പുറം വിമര്‍ശനത്തെ മനസ്സിലാക്കണമെങ്കില്‍ പോലും വ്യക്തിയെന്ന നിലയില്‍ ബൗദ്ധികമായി വികാസം പ്രാപിക്കേണ്ടതുണ്ട്. ബൗദ്ധികമായ ഒരു പ്രയത്നവും ആവശ്യപ്പെടാത്ത ഒരു അവസ്ഥ, അഥവാ മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ ഹെജമണിയുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് ഏറ്റുപാടുന്ന ഒന്ന്, ഒരു മോബ് സൃഷ്ഠിക്കുന്ന അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന ഉന്മാദോത്തമായ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബൗദ്ധിക അധ്വാനത്തെ അപ്രസക്തമാക്കുന്ന ഒരു അന്തരീക്ഷം അഥവാ യുക്തിയുടെ അഭാവം അടയാളപ്പെടുത്തുന്ന ഒന്ന്, ഫാസിസത്തിന്റെ കടന്നുവരവിനു ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ഠിക്കുന്ന കാഴ്ച, ഒട്ടും നല്ല അനുഭവമല്ല പ്രദാനം ചെയ്യുന്നത്

ആമുഖം nalanz
ആം ആദ്മി അല്ല

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: