സൌന്ദര്യവും ലോഹിതദാസും

അവിട്ടം നാളില്‍ സൂര്യ റ്റി.വി. യില്‍ ലോഹിതദാസുമായുള്ള അഭിമുഖത്തിന്റെ കുറച്ചു ഭാഗം കാണാനിടയായി. ലോഹിതദാസ് സിനിമയായ കന്മദത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ലോഹിതദാസ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണു്.
ഒന്ന്:
ചോദ്യം കന്മദത്തിലെ മഞ്ചുവാര്യരുടെ കഥാപാത്രത്തെപ്പറ്റിയായിരുന്നു. ശക്തമായ ഒരു കഥാപാത്രമായിരുന്നിട്ടുകൂടി ഒടുവില്‍ മോഹന്‍ലാലിന്റെ നായകപാത്രത്തിനോടു കീഴടങ്ങുന്നതിനെക്കുറിച്ച്.
ലോഹിതദാസിന്റെ മറുപടി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൊതിവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴമയുടെ മഹത്വവല്‍ക്കരണത്തിലൂടെയായിരുന്നു. ഏതൊരു സ്ത്രീയുടേയും ആത്യന്തികാഭിലാഷം പുരുഷനു കീഴടങ്ങുക എന്നതു തന്നെയാണു. തനിക്കു കീഴടങ്ങാന്‍ പറ്റിയ ഒരു പുരുഷനെ കണ്ടെത്തിയ മഞ്ചു പിന്നീടു ശാന്തയാണു, അതിനു മുന്‍പു വരെയുള്ള പ്രകടനമെല്ലാം(തന്റേടവും മറ്റും) ഒരു മറയാണു് (അന്ത്യാഭിലാഷത്തിലേക്കുള്ള). അന്ത്യാഭിലാഷം (കീഴടങ്ങല്‍) സഫലമാകുന്നതോടെ ആ മറ നീങ്ങുന്നു.
ഇതിനോടു ചേര്‍ത്ത്, സ്ത്രീ-പുരുഷ സംഘര്‍ഷം അനാവശ്യമാണെന്നും, രണ്ടു പേരും തുല്യരാണെന്നും, പുരുഷനു കീഴടങ്ങുക ആത്യന്തിക കര്‍മ്മമാണെങ്കിലും സംഘര്‍ഷമല്ല മറിച്ച് സ്ത്രീ-പുരുഷ ലയനമാണു സംഭവമെന്നൊക്കെ സുഖിപ്പിക്കുന്ന വാക്കുകളും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
സ്ത്രീയും പുരുഷനും തുല്യരാണു, എന്നാലും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരു നൂറ്റാണ്ടു കൂടുതല്‍ തുല്യനാണെന്ന്!
ചുരുക്കിപ്പറഞ്ഞാല്‍ ഒരേ സമയം സ്ത്രീ-പുരുഷ തുല്യതയെന്ന ആധുനിക ആശയങ്ങളെ അംഗീകരിക്കുകയും, അതും പഴമയിലെ കാഴ്ചപ്പാടിനുതകുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു വരുത്താനുള്ള ശ്രമവുമാണിവിടെ.
ലോഹിതദാസുള്‍പ്പടെ പലരും പഴമയുടെ റൊമാന്റിക്സാണു. ഇതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ പഴമയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ചാല്‍ പോരെ? ശരികളും തെറ്റുകളുമൊക്കെ കാലചക്രത്തിലൂടെ മാറ്റത്തിനു വിധേയപ്പെടുമെന്നിരിക്കെ പഴയ തെറ്റുകളെ (അന്നത്തെ ശരികളെ) വെള്ളപൂശേണ്ടതുണ്ടോ ?
ഈ ഒരു വിഷയത്തില്‍ മാത്രമല്ല, നമ്മൂടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട പല കാര്യങ്ങളിലും കണ്ടുവരുന്ന പൊതുവായ ഒന്നാണിതു്.
തെറ്റുകളെ മനസ്സിലാക്കി തിരുത്തി മുന്നേറുന്ന സമൂഹത്തിനു ആ തെറ്റുകളേറ്റു പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തെറ്റുകള്‍ വരുത്താത്ത പെര്‍ഫെക്റ്റായ ഒരു സമൂഹമാണെന്നെന്തിനാണിത്ര വാശി. നമ്മള്‍ മനുഷ്യരല്ലെന്നുണ്ടോ?
 

രണ്ട്:
നാണം എന്നത് സ്ത്രീയുടെ സൌന്ദര്യത്തിന്റെ ഭാഗമാണു (ലജ്ജയ്ക്കും ഈ പറയുന്നത് ബാധകമാണു). അതു സ്ത്രീയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. നാണിക്കുന്നതിലെന്താണു തെറ്റ്. പുരുഷനും നാണിക്കുന്നുണ്ടല്ലോ! – ഇതായിരുന്നു രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാതല്‍.
പക്ഷെ ഇതിലൊക്കെ രസകരമായിത്തൊന്നിയത് ഇതിനായദ്ദേഹം നിരത്തിയ ഉദ്ദാഹരണമാണു്. കുട്ടികള്‍ നാണിക്കുന്നത് കാണാന്‍ നല്ല ചന്തമല്ലേ, നമ്മളതിഷ്ടപ്പെടുന്നില്ലേ. സത്യത്തില്‍ ചോദ്യം ചോദിച്ചയാള്‍ക്കുത്തരം മുട്ടിപ്പോയി.

കുട്ടികളുടെ നാണം മാത്രമല്ല, കുസൃതികളുള്‍പ്പടെ എല്ലാ പ്രവര്‍ത്തികളും നമ്മളിഷ്ടപ്പെടുന്നതാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല.  അത് സൌന്ദര്യാ‍ത്മകമായി തോന്നുന്നത് വാത്സല്യം മൂലവും നമ്മളതിഷ്ടപ്പെടുന്നതുകൊണ്ടുമാണു്. ഇഷ്ടപ്പെടാത്തവരുടെ നാണവും കുസൃതിയും ഒന്നും സൌന്ദര്യാത്മകമായി ഭവിക്കുമെന്നു തോന്നുന്നില്ല.
കുട്ടികളുടെ ഒരു പ്രവര്‍ത്തിയുമായി താരതമ്യപ്പെടുത്തുക വഴി തന്റെ കാഴ്ചപ്പാടിനുതകുന്ന തെറ്റായ ഒരുദ്ദാഹരണം സൌകര്യപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ബോധപൂര്‍വ്വമാണെന്നു പറയുന്നില്ല, എന്നാല്‍ അങ്ങിനെ ആകാനുള്ള സാധ്യതയില്ലെന്നില്ല.

നാണം സ്ത്രീയുടെ മാത്രം സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണോ അതോ പുരുഷന്‍ നാണിക്കുമ്പോ‍ള്‍ പുരുഷന്റെ സൌന്ദര്യവും വര്‍ദ്ധിപ്പിക്കുമോ? നാണിച്ചു നില്‍ക്കുന്ന പുരുഷനെ ഇഷ്ടപ്പെടുന്നതാരാണു് ? ആരുമില്ലെന്നര്‍ഥമില്ല, എന്നാല്‍ ആ ഇഷ്ടപ്പെടലിന്റെ കാര്യകാരണങ്ങളെക്കുറിച്ചന്വേഷിക്കുന്നത് രസകരമായിരിക്കും.
നാണത്തില്‍ വിധേയത്വത്തിന്റെ ഒരംശമുണ്ട്. ഒരു പക്ഷെ പുരുഷനതിഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം (നാണമല്ല വിധേയത്വം) നാണത്തില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്. നമ്മുടെ മേധാവിത്വമുറപ്പിക്കുന്ന ഏതു ഭാവവും നമ്മളിഷ്ടപ്പെടുക സ്വാഭാവികം മാത്രം, അതുവഴി അതില്‍ സൌന്ദര്യം ദര്‍ശിക്കുന്നതും. ഇപ്പറഞ്ഞതില്‍നിന്നും ഇഷ്ടപ്പെടുന്നവ മാത്രമാണു സൌന്ദര്യാത്മകമായി ഭവിക്കുന്നുവെന്നര്‍ഥമാക്കേണ്ടതില്ല, എന്നാല്‍ ഇഷ്ടപ്പെടുന്നതൊക്കെ അങ്ങിനെ ഭവിക്കുമെന്നുമാത്രം.

സൌന്ദര്യമെന്നത് സബ്ജക്റ്റീവായ ഒന്നാണല്ലോ. കാലം ചുരുളഴിയുന്നതിനനുസരിച്ച നമ്മുടെ സൌന്ദര്യ സങ്കല്പ്ങ്ങള്‍ക്കും മാറ്റം സംഭവിക്കുമന്നതില്‍ സംശയമില്ല.

ആമുഖം nalanz
ആം ആദ്മി അല്ല

8 Responses to സൌന്ദര്യവും ലോഹിതദാസും

  1. ഏതഭിപ്രായത്തിനും രണ്ടു വെര്‍ഷനുകള്‍ ഉണ്ടാകാമല്ലോ. ഇവിടെ എന്റേത് മെയില്‍ വെര്‍ഷനാണ്. അതനുസരിച്ച് ആണുങ്ങളില്‍ പ്രേമിക്കുന്നവരില്‍ ഏറെപ്പേരും ഒന്നുകില്‍ മകലെ അല്ലെങ്കില്‍ അമ്മയെ തേടുന്നവരാണ്. നമുക്ക് സംരക്ഷിക്കാന്‍ രക്ഷാകര്‍ത്താവു കളിക്കാന്‍ ആരെങ്കിലും എന്ന അര്‍ത്ഥത്തിലാണ്, മകള്‍ എന്നു പറഞ്ഞത്. സംരക്ഷിക്കപ്പെടാന്‍, കാര്യങ്ങള്‍ നോക്കി നടത്താന്‍ ആരെങ്കിലും എന്ന അര്‍ത്ഥത്തിലാണ് അമ്മ എന്നു പറഞ്ഞത്. ഭാര്യമാരെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ വിശകലം ചെയ്തു നോക്കുക. അയാള്‍ ഇതിലേതെങ്കിലും ഒന്നായി തന്റെ ഭാര്യയെ കാണുന്നുണ്ടാവും. തന്റേതിനു തുല്യം വ്യക്തിത്വമുള്ള കൂട്ടുകാരിയായി കാണാന്‍ വേണ്ട പക്വത ഇന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീയ്ക്കും പുരുഷനുമില്ല. കണ്ടുപഠിക്കാനും കേട്ടു പഠിക്കാനും ചുറ്റുമില്ല. അപ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ സര്‍വജന സാധാരനമാണെന്നു കാണാം.

  2. nalanz says:

    പ്രീയ വെള്ളെഴുത്ത് ,
    മെയില്‍ വേര്‍ഷന്‍ പഴയ ഫ്രോയിഡന്‍ കാഴ്ചപ്പാടല്ലേ (ഫ്രോയിഡോ മറ്റോ ഇങ്ങനെ പറഞ്ഞതായാണോര്‍മ്മ, തെറ്റാണെങ്കില്‍ തിരുത്തുക)

    പിന്നെ ഞാനെഴുതിയത് ഫീമെയില്‍ വേര്‍ഷന്‍ ആണെന്നു തോന്നാന്‍ കാരണമെന്താണു ?

    സര്‍വ്വജന സാധാരണമായ അഭിപ്രായങ്ങള്‍ ! അതാണല്ലോ പ്രശ്നം. നേരിട്ടും, അല്ലാതെയും, മീഡിയയിലൂടെയും മറ്റുമുള്ള ആവര്‍ത്തനം, അതിനെ അരക്കിട്ടുറപ്പിക്കാനല്ലേ സഹായിക്കൂ. ലോഹിതദാസ് ചെയ്തതും അതു തന്നെയല്ലേ. സാധാരണ കാര്യങ്ങള്‍ പറയാന്‍ ലോഹിതദാസിനെ വേണമെന്നില്ലല്ലോ, അല്ലേ?

  3. kathiravan says:

    Kanmadam was an example of Malayalm movie diving deep into male superiority. That was part of attempt to merge with hindi movies where women are objects to be reformed by men. Many of the mohan lal movies had to portray men this egotistic image for commercial purpose. Malayalm movies naayika oriented films (Oru Penninte kAthha for eg.) Araam Thampuran went further ahead in this women abuse-later- saviour image building.

  4. Devan says:

    നളാ,
    ഇഞ്ചിയുടെ ഷെയേര്‍ഡ് ലിസ്റ്റ് വഴി ഇന്നാണ്‌ ഇത് കണ്ടത്.
    ഒരടി പൊട്ടിച്ചാല്‍, ഓടിച്ചിട്ട് കെട്ടിപ്പിടിച്ചാല്‍ പെണ്ണ് മയിലെണ്ണ തേച്ച ചൂരലുപോലെ വളഞ്ഞോളുമെന്ന ഹിന്ദി സിനിമക്കാരനും സ്റ്റണ്ട് രവിയും മറ്റും ഊട്ടി ഉറപ്പിച്ച പ്രീഡിഗ്രീ ചെറുക്കന്റെ വിശ്വാസത്തെ ഒന്ന് എന്‍‌ക്യാഷ് ചെയ്തെന്നല്ലാതെ മറ്റൊരു ന്യായീകരവും വിലപ്പോകില്ല, ലോഹിതദാസിന്റെ ആ ചെയ്തിക്ക്. അതില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രസന്റ് ചെയ്യുമ്പോള്‍ വഴിയിലൂടെ പാവയെ തട്ടിക്കൊണ്ടു പോകുന്ന കുട്ടിയായി കാണിക്കുന്ന രംഗം പക്ഷേ മനസ്സില്‍ ഇന്നും കിടപ്പുണ്ട്.

  5. ഡാലി says:

    നളന്‍ ഗാന്ധി പോസ്റ്റ് വഴിയാണു ഇവിടെ വന്നതു. ചുരുക്കം ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണുന്നതില്‍ സന്തോഷം തോന്നുന്നു.

  6. ഇഷ്ടായി മാഷെ.

    മറ്റൊരു കാര്യം ഓര്‍മ വന്നു. പണ്ടു ‘ലജ്ജാവതിയേ…’ ഹിറ്റായ സമയത്താണ്‌. കൂട്ടുകാരിലാരോ ചോദിച്ചു, “എന്താ ഈ ലജ്ജാവതിയുടെ പുല്ലിംഗം?” കുറേ ആലൊചിച്ചിട്ടും കിട്ടിയില്ല. ‘ലജ്ജാവതന്‍’ എന്നൊരു വാക്കുള്ളതായി അറിയില്ല. ഇനി ‘ലജ്ജിതന്‍’ എന്നു പറഞ്ഞാല്‍, എന്റെ കെട്ടിയോനെ തട്ടിയെടുത്തേ എന്നു ‘ലജ്ജിത’ പരാതിപ്പെടില്ലേ. ഉത്തരം മുട്ടിയപ്പോള്‍ പതിവുപോലെ കൊഞ്ഞനം കുത്തി. “അതിനു പുല്ലിംഗം ഇല്ല കുട്ടികളേ. ഞങ്ങള്‍ പുരുഷന്മാര്‍ ലജ്ജിക്കാറില്ല എന്നറിയില്ലേ!!!”

    സ്ത്രീകള്‍ പുരുഷന്മാരെ എല്ലാത്തിലും overtake ചെയ്യുന്നു എന്നു Times of India യില്‍ അടുത്തിടെ article വായിച്ചു. അവര്‍ക്കിനി പുരുഷന്മാരുടെ ആവശ്യമേ വരില്ലായിരുന്നുവത്രേ, except for his ability to father childrn!!! Now she choses a man because she wants to and not because she has to. ലോകം മാറുന്നു. അതോടൊപ്പം താങ്കള്‍ പറഞ്ഞ ചിന്താഗതികളും മാറുമായിരിക്കും. മാറട്ടെ, മാറണം.

    പോസ്റ്റിലേക്കു വഴികാട്ടിത്തന്ന ഇഞ്ചിപ്പെണ്ണിനു നന്ദി 🙂

  7. roby says:

    ഇതും പിന്നെ കേട്ടാല്‍ അടികൊടുക്കാന്‍ തോന്നുന്ന ചില അഭിപ്രായങ്ങളും ലോഹിതദാസ് 2006-ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ പറഞ്ഞിരുന്നു. മലയാളസിനിമയെ നിശിപ്പിച്ചത് അടൂരും അരവിന്ദനും കൂടിയാണെന്നോ മറ്റോ. പൊതുജനത്തിന്റെ അഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്ന പലരും പലതരം ഷോവനിസ്റ്റുകള്‍ തന്നെയാണ്. മറ്റൊരാളാണ് ചുള്ളിക്കാട്. ഇവരുടെയടുത്ത് പൈങ്കിളി ചോദ്യം ചോദിക്കാനായി അഭിമുഖം നടത്തുന്ന മീഡിയക്കാരെ ആദ്യം തല്ലണം.

  8. nalanz says:

    കതിരവന്‍ : not only women- abuse -later saviour , even heroine misunderstands hero – hero’s self sacrifice – hero being islolated – finally truth revealed and heroine (+mother) begs mercy type are common. Very rarely are the roles switched. 🙂

    ദേവാ 🙂

    ഡാലി 🙂

    ബാബു കല്യാണം : പുരുഷന്മാരുടെ chromosome (Y) ന്റെ എണ്ണം (balance) കുറഞ്ഞുവരുന്നതായി എവിടയോ വായിച്ചാതായോര്‍മ്മ. 🙂

    റോബി : പദ്മപ്രീയയെ സംവിധായകന്‍ കരണത്തടിച്ച കേസില്‍ ലോഹിതദാസിന്റെ പ്രതികരണം ഇതിലും കഷ്ടമാണു. “അടിച്ചതിനെന്തെങ്കിലും കാരണമുണ്ടായിരിക്കും” എന്ന്, അതേ ശ്വാസത്തില്‍ അടിച്ചത് ശരിയായില്ലെന്നും കാച്ചി. (ഇതിന്റെ പ്രിന്റ് കൈയ്യിലുണ്ട്). (കാരണമുണ്ടെങ്കില്‍ അടിക്കാമെന്ന്!)

    മലയാള സിനിമയ്ക്കേറ്റവും ദ്രോഹം ചെയ്യുന്നത് സൂപ്പര്‍സ്റ്റാറുകളാണു. ഈ കിഴവന്മാര്‍ക്കുവേണ്ടി കഥയെഴുതുന്നവരും. മോഹന്‍ലാല്‍ ശ്വാസം പിടിച്ച് നടക്കുന്നതും ഡയലോഗ് കാച്ചുന്നതും “ഇപ്പൊ ചീറ്റുമോ” എന്നു ടെന്‍ഷനടിച്ചു നമ്മളും കാണണം. സൂപ്പര്‍സ്റ്റാറുകള്‍ക്കും retirment നിര്‍ബന്ധമാക്കണം.
    ഇവര്‍ക്കുവേണ്ടി കഥയെഴുതുന്നവര്‍ ബ്ലോഗിലെങ്ങാനമുണ്ടൊ ? രണ്ടു തെറി വിളിക്കാനാ !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: