ശാലീന സൌന്ദര്യം

അടുത്ത കാലത്ത് ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ചര്‍ച്ചചെയ്ത വിഷയം “ഡെയിഞ്ചറസ് മോഡത്സ്” ആയിരുന്നു. മോഡലിങ്ങിനുവേണ്ടി ആരോഗ്യകരമല്ലാത്ത ഡയറ്റിങ്ങിലേര്‍പ്പെടുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയായിരുന്നു ചര്‍ച്ച. തുടക്കം മുതല്‍ കാണാന്‍ സാധിച്ചില്ല. ഒരു ഡോക്ടറും ഒന്നുരണ്ടു മോഡലുകളും പങ്കെടുത്തവരില്‍ പെടും. ചര്‍ച്ചയ്ക്കിടയില്‍ സദസ്സിലെ ഒരു ചങ്ങാതിയുടെയൊരു പരാമര്‍ശമാണീ കുറിപ്പെഴുതാന്‍ പ്രചോദനം. ചങ്ങായിയുടെ മൊഴിയിപ്രകാരമോ മറ്റോ ആയിരുന്നു. “സ്ത്രീ സൌന്ദര്യം എന്നു പറയുമ്പോള്‍ ഞങ്ങളുടെയൊക്കെ മനസ്സിലുള്ളത് ഒരു ശാലീന സൌന്ദര്യമാ…..”

പണ്ടെപ്പോഴോ ബൂലോകക്ലബ്ബില്‍ ഈ വിഷയത്തെപ്പറ്റിയല്ലെങ്കിലും “കാമവും സ്നേഹവും” എന്ന വിഷയത്തെപ്പറ്റി ഫൈസലൊരു പോസ്റ്റിട്ടിരുന്നു (ലിങ്ക് തപ്പാനുള്ള ക്ഷമയില്ല). അബോധമനസ്സില്‍ ഗാഢനിദ്രയിലാണ്ടുകിടക്കുന്ന കാമത്തെപ്പറ്റിയായിരുന്നവിടെ പ്രതിപാദിച്ചിരുന്നത്. ഇവിടെ എന്നെയാകര്‍ഷിച്ചത് ശാലീന സൌന്ദര്യമെന്ന സങ്കല്പത്തിന്റെ അടിവേരുകളാണു്. പുരുഷമേധാവിത്വത്തിലൂന്നിയ പുരുഷന്റെ വീക്ഷണകോണിലൂടെയുള്ളയൊരു സൌന്ദര്യസങ്കല്പമാണിതെന്നു കാണുവാന്‍ ബുദ്ധിമുട്ടില്ല. സ്ത്രീയെങ്ങനെയായിരിക്കണം, എങ്ങനെ പെരുമാറണം എന്നുതുടങ്ങി എല്ലാ കാര്യങ്ങളിലും നിലനിന്നിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ പുരുഷവിവക്ഷയുടെ അടിവേരുകള്‍ കിടക്കുന്നത് പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയുടെ പാരമ്പര്യത്തില്‍തന്നെയാണു്.

ശാലീനതയെന്ന വാക്കില്‍ തന്നെ സ്ത്രീയുടെ പെരുമാറ്റത്തില്‍ അഭികാമ്യമായ (പുരുഷനു) വിനയഭാവം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതുപോലെ വിനയഭാവം ആവശ്യപ്പെടുന്ന പെരുമാറ്റച്ചട്ടങ്ങള്‍ വേറെയുമുണ്ട്. ഈശ്വരവിശ്വാസം, ഭര്‍തൃപരിചരണ തുടങ്ങിയ അഭികാമ്യമായ സ്വഭാവഗുണങ്ങള്‍ സിനിമ പോലുള്ള മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മുടെ സദാചാരബോധത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ നടീനടന്മാരും ഗായകരും(വോട്ട് !!) കിട്ടുന്ന അവസരങ്ങളിലും അനവസരങ്ങളിലുമൊക്കെ തങ്ങളുടെ ഈശ്വരവിശ്വാസം വിളംബരം ചെയ്യുന്നതിനു പിന്നിലും പറയാനുദ്ദേശിക്കുന്നതിപ്രകാരമൊക്കെ “നിങ്ങളെയൊക്കെപ്പോലെ ഞാനൊരു പാവമാണെ (ധിക്കാരിയല്ല !) എന്നോടു സഹതപിക്കണേ“ തന്നെയാണു്.

വിനയമെന്നത് മോശപ്പെട്ട ഒന്നാണെന്ന അഭിപ്രായമൊന്നുമില്ല. യുക്തിയെ നിഷ്ഭ്രമമാക്കുന്ന വിനയത്തിന്റെ ആപത്തു (വിനയത്തിന്റെ ചൂഷണം) പലപ്പോഴും കാണാതെ പോകുന്നുവെന്നുമാത്രം. മനുഷ്യദൈവങ്ങളുടെ ആയുധവും ഇതുതന്നെയല്ലേ. ദൈവവിശ്വാസം-വിനയം-ചാരിറ്റി കോമ്പിനേഷന്റെ മറയെങ്ങിനെ സമര്‍ത്ഥമായുപയോഗിക്കാമെന്നു ചൂഷണത്തിന്റെ ഈ മര്‍മ്മം തിരിച്ചറിഞ്ഞ മനുഷ്യദൈവങ്ങള്‍ കാണിച്ചുതന്നിട്ടുണ്ടല്ലോ.

ഇത്രയും പറഞ്ഞപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ലല്ലോയീ ശാലീനസൌന്ദര്യത്തിന്റെ വക്താക്കളെന്നുള്ളതുകൂടി പറയാതെ വയ്യ. പുരുഷനു വിധേയപ്പെട്ട് ജീവിച്ച മനസ്സിന്റെ സ്വാഭാവികമായ ഒരു സദാചാരബോധം മാത്രമാണു പ്രായംചെന്ന സ്ത്രീകളില്‍ പോലും കാണുന്ന പുരുഷകേന്ദ്രീകിതമായ സൌന്ദര്യസങ്കല്പങ്ങളും പെരുമാറ്റച്ചട്ടങ്ങളും.

സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്നുവെന്നാണു ഫാഷന്‍ ഷോകളെപ്പറ്റി പൊതുവെയുള്ള പരാമര്‍ശം, സത്യത്തിലീ പരാമര്‍ശം ശാലീന സൌന്ദര്യമെന്ന സങ്കല്‍പ്പത്തിനും ഒരുപോലെ ബാധകമാണെന്നുള്ളതാണു വസ്തുത.

വിനയത്തിന്റെ സ്വീകാര്യത, അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി, ശാലീന സൌന്ദര്യം തുടങ്ങിയ സങ്കല്പങ്ങള്‍:

നന്ദനമെന്ന സിനിമയുടെ സ്വീകാര്യത സാധാരണ ജനങ്ങളുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമെന്നനിലയ്ക്കാണു്. ശാലീന സൌന്ദര്യം, ഭക്തി തുടങ്ങിയവ നായികയുമായി സമവാക്യപ്പെടുമ്പോള്‍ ശാലീനതയില്ലാത്ത മോഡേണ്‍ സൌന്ദര്യത്തിനു സമവാക്യം കല്പിക്കുന്നത് ധിക്കാരം അഹങ്കാരം തുടങ്ങിയവയിലൂടെയാണെന്നു പല സൂചനകളും ഇത്തരം സിനിമകളിലുടനീളം കാണാന്‍ കഴിയും. ഇങ്ങനെ സ്വീകാര്യത കുറവായ(ഫ്യൂടലിസ്റ്റ് ചിന്താഗതിക്ക്) ഭാവങ്ങളെ പരിഹസിക്കുവാന്‍ അത്തരം കഥാപാത്രളെ കോമാളിവേഷങ്ങളാക്കുന്നതും പതിവാണു്. ഇപ്രകാരമൊക്കെയാണു മാധ്യമങ്ങളിലൂടെ നമ്മുടെ സൌന്ദര്യബോധത്തെയും രാഷ്ട്രീയസാമൂഹ്യബോധത്തേയും സ്വാധീനിക്കുന്നത്. ഇവിടെ സ്വീകാര്യതയുടെ വിധിനിര്‍ണ്ണയമെങ്ങിനെ പ്രേക്ഷകനില്‍നിന്നും തട്ടിമാറ്റപ്പെടുന്നുവെന്നും കാണാവുന്നതാണു്.

സമൂഹമനസ്ഥിതിയെന്നും കാംഷിക്കുന്നത് അതിനോടു കലഹിക്കാത്ത, വഴങ്ങുന്ന, അടിമപ്പെടുന്നയൊരു മനോഭാവം തന്നെയാണു്. ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ സൌന്ദര്യസങ്കല്പമാണു ശാലീനസൌന്ദര്യമെന്നു പറയുമ്പോഴും ഇതിന്റെ സൌന്ദര്യാത്മകവശം എന്നേയും മഥിപ്പിക്കുന്നുവെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. (ഈശ്വരാ ! ഞാനും ഫ്യൂടലിസ്റ്റോ ?) പക്ഷെ അത് മറ്റേതൊരു സൌന്ദര്യബോധം പോലെ സബ്ജക്റ്റീവാണെന്നു യുക്തി പറയുമ്പോഴും.

ആമുഖം nalanz
ആം ആദ്മി അല്ല

ഒരു അഭിപ്രായം ഇടൂ