സദ്ദാം വധവും പ്രതികരണങ്ങളും

സദ്ദാം ആരാ‍യിരുന്നു ?

ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്ത ഒരു സ്വേച്ഛാധിപതി മാത്രമായിരുന്നോ ?
അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ മതേതര നായകണോ ?
കുവൈറ്റില്‍ അധിനിവേശം നടത്തിയ മറ്റോരു ബുഷ്ഷോ ?
സാമ്രാജിത്വത്തത്തിനു കൂട്ടുനിന്നിട്ടുള്ള മറ്റോരു നേതാവോ ?

ഇതൊക്കെയായിരിക്കാം.

പക്ഷെ ഇതുമാത്രമായിരുന്നില്ല.

മൂന്നാം ലോകത്തിലെ കരുത്തുറ്റ ഒരു ശബ്ദം കൂടിയായിരുന്നു.
അതിലുപരി സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.

സോവിയറ്റ് ചേരിയുടെ പതനത്തോടെ രണ്ടു ചേരികള്‍ മാറി ഒരു unipolar യുഗത്തിലേക്കു അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന്റെ സാക്ഷിപത്രങ്ങളാണു ഇറാഖ് അധിനിവേശവും അതിനുശേഷം നടന്ന സദ്ദാം വധവും. ഇന്നു ഇറാഖ്, നാളെ ഇറാന്‍, അതു കഴിഞ്ഞു മറ്റോന്ന് എന്നാണു സൂചന. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തയാരേയും നശിപ്പിക്കുകയെന്നതാണു സാമ്രാജിത്വസിദ്ധാന്തങ്ങളിലൊന്ന്. നേരിട്ടിടപെട്ടും സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റും അവരതു നടപ്പിലാക്കുന്നു.

ഇങ്ങനെയുള്ള സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക എന്ന ഒറ്റക്കാരണം മതി സദ്ദാം അതിന്റെ പ്രതീകം എങ്ങിനെയായിയെന്നു മനസ്സിലാക്കാന്‍. കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.

ഇറാഖ് അധിനിവേശത്തെപ്പറ്റി ഇങ്ങനെ പറഞ്ഞാല്‍ ചിലര്‍ക്കു മനസ്സിലാവാ‍ത്തതു കൊണ്ടിതിനെ “തെരിവുഗുണ്ടായിസം” എന്നു തന്നെ വിശേഷിപ്പിക്കണം. പച്ചമലയാളത്തില്‍ പോക്രിത്തരം !

ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്.

പിന്നെയീ പ്രതികരണം കൊണ്ടാര്‍ക്കെന്തു പ്രയോജനം എന്നു ചോദിക്കുന്നവരോട് , അതു ജനാധിപത്യത്തിലെ രീതിയാണു. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതുകൊണ്ടെന്തുപ്രയോജനം എന്നു ചോദിച്ചില്ലല്ലോ, ആശ്വാസം!

ശാലീന സൌന്ദര്യം

അടുത്ത കാലത്ത് ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ചര്‍ച്ചചെയ്ത വിഷയം “ഡെയിഞ്ചറസ് മോഡത്സ്” ആയിരുന്നു. മോഡലിങ്ങിനുവേണ്ടി ആരോഗ്യകരമല്ലാത്ത ഡയറ്റിങ്ങിലേര്‍പ്പെടുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയായിരുന്നു ചര്‍ച്ച. തുടക്കം മുതല്‍ കാണാന്‍ സാധിച്ചില്ല. ഒരു ഡോക്ടറും ഒന്നുരണ്ടു മോഡലുകളും പങ്കെടുത്തവരില്‍ പെടും. ചര്‍ച്ചയ്ക്കിടയില്‍ സദസ്സിലെ ഒരു ചങ്ങാതിയുടെയൊരു പരാമര്‍ശമാണീ കുറിപ്പെഴുതാന്‍ പ്രചോദനം. ചങ്ങായിയുടെ മൊഴിയിപ്രകാരമോ മറ്റോ ആയിരുന്നു. “സ്ത്രീ സൌന്ദര്യം എന്നു പറയുമ്പോള്‍ ഞങ്ങളുടെയൊക്കെ മനസ്സിലുള്ളത് ഒരു ശാലീന സൌന്ദര്യമാ…..”

പണ്ടെപ്പോഴോ ബൂലോകക്ലബ്ബില്‍ ഈ വിഷയത്തെപ്പറ്റിയല്ലെങ്കിലും “കാമവും സ്നേഹവും” എന്ന വിഷയത്തെപ്പറ്റി ഫൈസലൊരു പോസ്റ്റിട്ടിരുന്നു (ലിങ്ക് തപ്പാനുള്ള ക്ഷമയില്ല). അബോധമനസ്സില്‍ ഗാഢനിദ്രയിലാണ്ടുകിടക്കുന്ന കാമത്തെപ്പറ്റിയായിരുന്നവിടെ പ്രതിപാദിച്ചിരുന്നത്. ഇവിടെ എന്നെയാകര്‍ഷിച്ചത് ശാലീന സൌന്ദര്യമെന്ന സങ്കല്പത്തിന്റെ അടിവേരുകളാണു്. പുരുഷമേധാവിത്വത്തിലൂന്നിയ പുരുഷന്റെ വീക്ഷണകോണിലൂടെയുള്ളയൊരു സൌന്ദര്യസങ്കല്പമാണിതെന്നു കാണുവാന്‍ ബുദ്ധിമുട്ടില്ല. സ്ത്രീയെങ്ങനെയായിരിക്കണം, എങ്ങനെ പെരുമാറണം എന്നുതുടങ്ങി എല്ലാ കാര്യങ്ങളിലും നിലനിന്നിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ പുരുഷവിവക്ഷയുടെ അടിവേരുകള്‍ കിടക്കുന്നത് പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയുടെ പാരമ്പര്യത്തില്‍തന്നെയാണു്.

ശാലീനതയെന്ന വാക്കില്‍ തന്നെ സ്ത്രീയുടെ പെരുമാറ്റത്തില്‍ അഭികാമ്യമായ (പുരുഷനു) വിനയഭാവം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതുപോലെ വിനയഭാവം ആവശ്യപ്പെടുന്ന പെരുമാറ്റച്ചട്ടങ്ങള്‍ വേറെയുമുണ്ട്. ഈശ്വരവിശ്വാസം, ഭര്‍തൃപരിചരണ തുടങ്ങിയ അഭികാമ്യമായ സ്വഭാവഗുണങ്ങള്‍ സിനിമ പോലുള്ള മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മുടെ സദാചാരബോധത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ നടീനടന്മാരും ഗായകരും(വോട്ട് !!) കിട്ടുന്ന അവസരങ്ങളിലും അനവസരങ്ങളിലുമൊക്കെ തങ്ങളുടെ ഈശ്വരവിശ്വാസം വിളംബരം ചെയ്യുന്നതിനു പിന്നിലും പറയാനുദ്ദേശിക്കുന്നതിപ്രകാരമൊക്കെ “നിങ്ങളെയൊക്കെപ്പോലെ ഞാനൊരു പാവമാണെ (ധിക്കാരിയല്ല !) എന്നോടു സഹതപിക്കണേ“ തന്നെയാണു്.

വിനയമെന്നത് മോശപ്പെട്ട ഒന്നാണെന്ന അഭിപ്രായമൊന്നുമില്ല. യുക്തിയെ നിഷ്ഭ്രമമാക്കുന്ന വിനയത്തിന്റെ ആപത്തു (വിനയത്തിന്റെ ചൂഷണം) പലപ്പോഴും കാണാതെ പോകുന്നുവെന്നുമാത്രം. മനുഷ്യദൈവങ്ങളുടെ ആയുധവും ഇതുതന്നെയല്ലേ. ദൈവവിശ്വാസം-വിനയം-ചാരിറ്റി കോമ്പിനേഷന്റെ മറയെങ്ങിനെ സമര്‍ത്ഥമായുപയോഗിക്കാമെന്നു ചൂഷണത്തിന്റെ ഈ മര്‍മ്മം തിരിച്ചറിഞ്ഞ മനുഷ്യദൈവങ്ങള്‍ കാണിച്ചുതന്നിട്ടുണ്ടല്ലോ.

ഇത്രയും പറഞ്ഞപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ലല്ലോയീ ശാലീനസൌന്ദര്യത്തിന്റെ വക്താക്കളെന്നുള്ളതുകൂടി പറയാതെ വയ്യ. പുരുഷനു വിധേയപ്പെട്ട് ജീവിച്ച മനസ്സിന്റെ സ്വാഭാവികമായ ഒരു സദാചാരബോധം മാത്രമാണു പ്രായംചെന്ന സ്ത്രീകളില്‍ പോലും കാണുന്ന പുരുഷകേന്ദ്രീകിതമായ സൌന്ദര്യസങ്കല്പങ്ങളും പെരുമാറ്റച്ചട്ടങ്ങളും.

സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്നുവെന്നാണു ഫാഷന്‍ ഷോകളെപ്പറ്റി പൊതുവെയുള്ള പരാമര്‍ശം, സത്യത്തിലീ പരാമര്‍ശം ശാലീന സൌന്ദര്യമെന്ന സങ്കല്‍പ്പത്തിനും ഒരുപോലെ ബാധകമാണെന്നുള്ളതാണു വസ്തുത.

വിനയത്തിന്റെ സ്വീകാര്യത, അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി, ശാലീന സൌന്ദര്യം തുടങ്ങിയ സങ്കല്പങ്ങള്‍:

നന്ദനമെന്ന സിനിമയുടെ സ്വീകാര്യത സാധാരണ ജനങ്ങളുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമെന്നനിലയ്ക്കാണു്. ശാലീന സൌന്ദര്യം, ഭക്തി തുടങ്ങിയവ നായികയുമായി സമവാക്യപ്പെടുമ്പോള്‍ ശാലീനതയില്ലാത്ത മോഡേണ്‍ സൌന്ദര്യത്തിനു സമവാക്യം കല്പിക്കുന്നത് ധിക്കാരം അഹങ്കാരം തുടങ്ങിയവയിലൂടെയാണെന്നു പല സൂചനകളും ഇത്തരം സിനിമകളിലുടനീളം കാണാന്‍ കഴിയും. ഇങ്ങനെ സ്വീകാര്യത കുറവായ(ഫ്യൂടലിസ്റ്റ് ചിന്താഗതിക്ക്) ഭാവങ്ങളെ പരിഹസിക്കുവാന്‍ അത്തരം കഥാപാത്രളെ കോമാളിവേഷങ്ങളാക്കുന്നതും പതിവാണു്. ഇപ്രകാരമൊക്കെയാണു മാധ്യമങ്ങളിലൂടെ നമ്മുടെ സൌന്ദര്യബോധത്തെയും രാഷ്ട്രീയസാമൂഹ്യബോധത്തേയും സ്വാധീനിക്കുന്നത്. ഇവിടെ സ്വീകാര്യതയുടെ വിധിനിര്‍ണ്ണയമെങ്ങിനെ പ്രേക്ഷകനില്‍നിന്നും തട്ടിമാറ്റപ്പെടുന്നുവെന്നും കാണാവുന്നതാണു്.

സമൂഹമനസ്ഥിതിയെന്നും കാംഷിക്കുന്നത് അതിനോടു കലഹിക്കാത്ത, വഴങ്ങുന്ന, അടിമപ്പെടുന്നയൊരു മനോഭാവം തന്നെയാണു്. ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ സൌന്ദര്യസങ്കല്പമാണു ശാലീനസൌന്ദര്യമെന്നു പറയുമ്പോഴും ഇതിന്റെ സൌന്ദര്യാത്മകവശം എന്നേയും മഥിപ്പിക്കുന്നുവെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. (ഈശ്വരാ ! ഞാനും ഫ്യൂടലിസ്റ്റോ ?) പക്ഷെ അത് മറ്റേതൊരു സൌന്ദര്യബോധം പോലെ സബ്ജക്റ്റീവാണെന്നു യുക്തി പറയുമ്പോഴും.

സംഭാഷണങ്ങളിലെ സംഘര്‍ഷങ്ങള്‍

നമ്മുടെ മിക്ക പ്രവര്‍ത്തികളിലും അന്തര്‍ലീനമായ അതിജീവനത്തിന്റെ അംശം പലപ്പോഴും തെളിഞ്ഞുവരാറുണ്ട്. സംഭാഷണങ്ങളില്‍ പോലും ഇത്തരമൊരു സംഘര്‍ഷം കാണാന്‍ സാധിക്കും.

റോബിയുടെ ഈ ലേഖനം വായിച്ചപ്പോഴാണു ‘തിന് റെഡ് ലൈന് ‘ വീണ്ടും കാണാന് തോന്നിയതും കുറച്ചുകാര്യങ്ങള് പറയാന് തോന്നിയതും.
ഒരു യുദ്ധവിരുദ്ധ സിനിയായിട്ടായിരിക്കും തിന് റെഡ് ലൈനറിയപ്പെടുക. മനുഷ്യന്റെ ബോധമണ്ഡലത്തില് കുടിയിരിക്കുന്ന സംസ്കാരവും അബോധമണ്ഡലത്തിലെ മൃഗത്തേയും പുറത്തുകൊണ്ടുവരുവാന് ഒരുപക്ഷെ യുദ്ധത്തിന്റെ പശ്ചാത്തലം പോലെ വേറെയൊന്നുണ്ടാവില്ല. പല യുദ്ധവിരുദ്ധസിനിമകളേയും പോലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങള് കൊണ്ടല്ല മാലിക് പക്ഷെ നമ്മെ യുദ്ധവിരുദ്ധരാക്കുന്നത്, മറിച്ച് പച്ചയായ മനുഷ്യന്റെ ബലഹീനതകളിലൂടെയും, അബോധമനസ്സില് കുടിയിരിക്കുന്ന മൃഗീയഭാവവും ഓര്മ്മപ്പെടുത്തിക്കൊണ്ടാണു്. മരണത്തെ മുഖാമുഖം കാണുമ്പോള്, അല്ല മരണത്തിലേക്കറിഞ്ഞുകൊണ്ടോടേണ്ടി വരുന്ന പച്ചയായ മനുഷ്യന്, പട്ടാളക്കാരനായാലും അവനും മനുഷ്യന് തന്നെ. ഭീതിക്കുമുന്നില് ഉരുകിയില്ലാതാകുന്ന അഭിമാനവും, മരണത്തെപ്പോലും വെല്ലുവിളിച്ചു മുന്നേറുന്ന അപാര ധീരതയും (?) , യുദ്ധം പുറത്തുകൊണ്ടുവരുന്ന മനുഷ്യനിലെ മൃഗത്തേയും, നിലനില്പ്പിന്റെ അര്ത്ഥമില്ലായ്മയും, പ്രകൃതിയിലും മരണത്തില്‍ തന്നെയും അര്‍ഥം കണ്ടെത്തുന്ന മനുഷ്യനും ഒക്കെ.

സിനിമയുടെ തുടക്കം തന്നെ പ്രകൃതിയില്ത്തന്നെ അന്തര്‍ലീനമായയൊരു സംഘര്ഷം അടങ്ങിയിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു്.

കരയോടു മല്ലിടുന്ന കടല്.

ഭൌതികവാദിയായ വെല്‍‌ഷ്(ഷോണ്‍ പെന്‍) പിന്നീടു സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കോണ്ട് മുറിവേറ്റുവീണുകിടക്കുന്ന തന്റെ സഖാവിനെ വീണ്ടെടുത്ത ശേഷം അഭിനന്ദനങ്ങള്‍ക്കുനേരെ പൊട്ടിത്തെറിക്കുന്നതും ഒടുവില് പിറുപിറുക്കുന്നത് ‘Its all about property”.

ഭൌതികവാദിയായ വെല്‍‌ഷും ആത്മീയവാദിയായ വിറ്റും(Jim Caviezel) തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധേയമാണു്. ഒരു AWOL (Absent without leave) ആയി കഴിയുന്ന വിറ്റിനെ പിടികൂടി ക്യാമ്പിലേക്കു തിരികെ കൊണ്ടുവരുന്നവേളയില്‍ വെല്‍‌ഷ് അയാളുടെ ഒളിച്ചോട്ടത്തെ (ആത്മീയതയേയും) ശരിക്കും പരിഹസിക്കുന്നുണ്ട്.

“look at you….How many times you’v been AWOL.. You’v been in the army for six years now. Ain’t it about time you smartened up..”

വിറ്റ് : “We cant all be smart”

വെല്‍‌ഷ്: “No we cant. It’s a shame. Look at you”

ഈ പരിഹാസത്തിലൂടെ പുറത്തുവരുന്ന മറ്റോരു വസ്തുതകൂടിയുണ്ട്. താത്വിക തലങ്ങള്‍ക്കുമപ്പുറം വെല്‍‌ഷ് സ്ഥാപിക്കാന് ശ്രമിക്കുന്നതയാളുടെ കേമത്തം തന്നെയാണു. നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും നാമറിയാതെ അബോധമായി പുറത്തുവരുന്നതുമിതുതന്നെയല്ലേ. ഒരാളെ പരിചയപ്പെടുന്നവേളകളിലെ ചോദ്യങ്ങള്. ജാതി , തൊഴില്‍, പദവി തുടങ്ങിയവയെ അറിയാനുള്ള ത്വര. കിട്ടിയ അറിവ് പിന്നീടുള്ള സംഭാഷണത്തിലും പെരുമാറ്റത്തിലും ചെലുത്തുന്ന സ്വാധീനം. സംഭാഷണങ്ങളിലന്തര്‍ലീനമായ സംഘര്‍ഷവും അതിന്റെ പരിണാമവും പിന്നീടുള്ള സംവേദനങ്ങള്‍ക്കടിത്തറയൊരുക്കുന്നു.

വിറ്റിനെ സുഹൃത്തെന്ന ഓദാര്യം കണക്കിലെടുത്ത് കോര്ട്ട് മാര്‍ഷലൊഴിവാക്കി പരിക്കേറ്റവരെ സംരക്ഷിക്കുന്ന ചുമതലയേല്പ്പിച്ചുകോണ്ടുള്ള വെല്‍‌ഷിന്റെ പരിഹാസത്തിനു വിറ്റിന്റെ മറുപടിയും അതേ ഭാവത്തോടുകൂടിത്തന്നെ.

“I can take anything you dish out, I am twice the man you are”. പരോക്ഷമായിത്തന്നെ വിറ്റ് താനാണു കേമനെന്നു പറയുന്നുണ്ടിവിടെ.

ഇതിനു വെല്‍ഷിന്റെ പുച്ഛിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണു.
“In this world a man himself is nothing, and there is no world but this one”.
തന്റെ സാങ്കല്പ്പിക ലോകം യാഥാര്‍ഥ്യമാകേണ്ടതേതാത്മീയവാദിയുടേയും അവകാശമാണു്. ഇവിടെ ആ ലോകത്തെപ്പറ്റിയുള്ള വെല്‍ഷിന്റെ അജ്ഞതയ്ക്കുമേലാണു വിറ്റിന്റെ വിജയം

“You are wrong there Top, I have seen another world. Sometimes I think it was just my imagination.”

ഇതിനു വെല്‍ഷിന്റെ മറുപടി ആ ലോകത്തെത്തന്നെ നിരാകരിച്ചുകൊണ്ടാണു.
“then you are seeing things that I never will”. പഴുതുകളില്ലാതെ വിറ്റിനുമേലുള്ള തന്റെ മികവിനെ സ്ഥാപിച്ചെടുക്കുന്നു.

——————-
-പിന്മൊഴി-
——————

പേരെന്താ ?

മുഴുവന്‍ പേരോ‍ ?

——————-

ജോലി?

മാനേജരാണോ?

തല തിരിഞ്ഞയൊരു ചികിത്സയും വിധേയത്വവും

മുസ്ലീം വനിതകള്‍ മുഖം മറയ്ക്കുന്ന കാഴ്ച കൂടുതലായി കണ്ടു വരുന്നുണ്ട്. കുറച്ചു ദിവസം മുമ്പ് ഹിന്ദു പത്രത്തിലൊരു ലേഖനവും, ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി ഇപ്പറയുന്ന വനിതകള്‍ തന്നെ കാണുന്നതിനെപ്പറ്റി..

ഇവിടെ രോഗി ആരാണു? പുരുഷനല്ലേ. സ്ത്രീയുടെ മുഖം ദര്‍ശിക്കുന്നതിലൂടെ മൃഗീയവാസനകള്‍ പുറത്തുവരുന്നുണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് പുരുഷനെയല്ലേ?. നിലവിലുള്ള സാമൂഹ്യക്രമത്തെ ഉള്‍ക്കൊള്ളുവാനും പാലിക്കുവാനുമുള്ള ബാധ്യത ആ സമൂഹത്തിലെ അംഗമായ പുരുഷനുണ്ട്. വയ്യെങ്കില്‍ മനുഷ്യരില്ലാത്ത വല്ല കാട്ടിലേക്കും മാറിപ്പാര്‍ക്കണം.
ഇതിനു പകരം സ്ത്രീകളെക്കൊണ്ട് മുഖം മറപ്പിക്കുന്നത് കാടത്തമാണു്.
ഈ തലതിരിഞ്ഞ ചികിത്സയ്ക്കു പിന്നില്‍ അധികാരത്തിന്റെ സ്വരമാണുള്ളതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. മതത്തിന്റെ നിലനില്‍പ്പുതന്നെ ഈ വിധത്തിലുള്ള പല അധികാരങ്ങളുടെ അവകാശം നിലനിറുത്തുന്നതിലൂടെയാണു.

സംഘടിതമല്ലാതിരുന്ന ഹിന്ദുമതത്തിനേയും ഒരു സംഘടിതരൂപത്തിലേക്കു കുടിയിരുത്താനുള്ള ശ്രമങ്ങള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ഹിന്ദുവനിതകള്‍ ധരിക്കേണ്ടുന്ന ‘വസ്ത്രക്രമങ്ങള്‍’ കോളെജുകളിലും മറ്റും നടപ്പിലാക്കാനുള്ള ശ്രമങ്ങളെപ്പറ്റി വായിച്ചതും ഇത്തരത്തിലുള്ള അധികാരം സ്വരൂപിക്കലിന്റെ ഭാഗമായിട്ടു വേണം കാണേണ്ടത്.
ഈ വിധത്തിലുള്ള ചൂഷണങ്ങള്‍ക്കുനേരെ പ്രതികരിക്കുന്നതിനു പകരം അവയ്ക്കുനേരെയൊരു വിധേയമനോഭാവം വച്ചു പുലര്‍ത്തുകയാണീ വിധേയര്‍ ചെയ്യുന്നത്. ഇവരെക്കൊണ്ടുതന്നെ ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി പറയിപ്പിക്കാന്‍ കഴിയുന്നത് മുമ്പ് പറഞ്ഞ അധികാരത്തിന്റെ പിന്‍ബലത്തിലാണു്. നാക്കു മുറിച്ചുകളയപ്പെട്ടാല്‍ മുറിഞ്ഞ നാക്കിന്റെ മേന്മയപ്പറ്റി പ്രഭാഷണം വരെ നടത്താന്‍ ഈ ഒരു മനോഭാവത്തിനു മാത്രമേ കഴിയൂ. ‘പട്ടേലരുടെ സെന്റിന്റെ മണം’ നുകരുന്ന തൊമ്മിയുടെ മുഖം.

ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ മാറ്റാതെയും, അധികാരത്തിന്റെ കേന്ദ്രങ്ങളെ വെല്ലുവിളിക്കാതെയും ഒരു നവോത്ഥാനത്തിനുള്ള സാധ്യത കാണുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ വരേണ്ടത് ഈ വിധേയരില്‍ നിന്നും അവരുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണു്. അടുത്ത കാലത്ത് ശബാനാ ആസ്മിയുടെ സ്വരം ഉയര്‍ന്നുകേട്ടെങ്കിലും അധികാരിവര്‍ഗ്ഗത്തിന്റെ ഗര്‍ജ്ജനത്തില്‍ മുങ്ങിപ്പോവുന്ന കാഴ്ചയാണു കാണേണ്ടി വന്നത്. നാളെ ഒരു പക്ഷെ അതേറ്റുപിടിക്കാന്‍ ആളുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.