ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഒന്നാം ഭാഗം – അയ്യപ്പ വിശ്വാസിയും, അയ്യപ്പ അവിശ്വാസിയും

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അയ്യപ്പ-അവിശ്വാസികളും ചില മത സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്, ഒപ്പം ബി.ജെ.പി യും കോൺഗ്രസും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ ഒരുങ്ങുകയാണ്. ഇവരുടെയൊക്കെ വാദങ്ങളിൽ പൊതുവായിട്ടുള്ളത് മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടേണ്ടതില്ല എന്നും അത് തീരുമാനിക്കേണ്ടത് വിശ്വാസികളാണ് എന്നതുമാണ്. ശബരിമല കേസിലെ വിധി പ്രാധാന്യമർഹിക്കുന്നത് ഈ ഒരു കാര്യത്തിലാണ്, അതായത് ഭരണഘടന അതിന്റെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കാനായി കോടതിക്ക് ഇടപെടാം എന്ന സുപ്രധാനമായ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്നത്, ഇത് 1951 ലെ The State Of Bombay vs Narasu Appa Mali കേസ് തൊട്ട് പിന്തുടർന്നു പോന്ന നയത്തെയാണ് അട്ടിമറിക്കുന്നത്. 1951 വിധി ഫണ്ടമെന്റൽ റൈറ്റ്സിനു മുകളിൽ മറ്റു വ്യക്തിനിയമങ്ങൾക്ക് അധികാരം നൽകുക വഴി ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കുന്നതിൽ ഒരു പരാജയമായിരുന്നു. ഈ നയം തിരുത്തുന്ന ഒന്ന് എന്ന നിലയിലും ഇപ്പോഴത്തെ വിധി ചരിത്രപ്രാധാന്യമുള്ളതാണ്. ഇതിനെ വ്യക്തമായി മനസ്സിലാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റെ നിലനിപ്പിന്റെ തന്നെ ആവശ്യകതയാണ്.

ഓരോ വ്യക്തിക്കും ഒരിന്ത്യൻ പൗരനായി മറ്റാർക്കും അടിമപ്പെടാതെ ജീവിക്കുവാനുള്ള അവകാശം ലഭിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ഫണ്ടമെന്റൽ റൈറ്റ്സ് എന്ന ഉറപ്പിന്മേലാണ്, ഓരോ വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യ പരിഗണനയും, തന്റെ വ്യക്തിപരമായ സ്‌പേസിലുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അഭിപ്രായ പ്രകടനത്തിനും, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും, ഇഷ്ടമുള്ള വിശ്വാസങ്ങൾ വച്ച് പുലർത്താനും ഒക്കെ സാധിക്കുന്നത് ഭരണഘടന ഈ അവകാശങ്ങൾ ഉറപ്പുവരുത്തുന്നത് കൊണ്ടാണ്. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നടപ്പിലാക്കാൻ പറ്റിയ ഒരു ഫ്രേംവർക്ക് സാധ്യമാകുന്നത് തന്നെ ഒരാളുടെയും അവകാശങ്ങൾ മറ്റൊരാൾക്ക് മുകളിലല്ല എന്ന അടിസ്ഥാന തത്വം ഈ ഫ്രേംവർക്കിൽ അന്തർലീനമായതുകൊണ്ടാണ്, അതായത് നിയമത്തിനു മുന്നിലും, ആവകാശങ്ങളിലുമുള്ള ‘തുല്യത’ എന്ന ഘടകമാണ് ഇത് സാധ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഇനി ഭക്തിയുടെ കാര്യത്തിലേക്കു വരികയാണെങ്കിൽ ഈ തുല്യത ബാധകമാക്കാതെ ഓരോ മനുഷ്യർക്കും അവരവരുടെ ഭക്തിയെ നിലനിർത്തിക്കൊണ്ട് പോകാനാകില്ല. ഒരാളുടെ ഭക്തിജീവിതത്തിനുള്ള സ്വാതന്ത്ര്യം (ഭക്തി മാത്രമല്ല മറ്റേതു കാര്യത്തിലായാലും) ഒരിക്കലും മറ്റൊരാളുടെ ഭക്തിജീവിതത്തിലുള്ള സ്വാതന്ത്ര്യത്തെ ധ്വംസിക്കുന്നതാകരുത് എന്നത് ഒരു അടിസ്ഥാന ജനാധിപത്യ മൂല്യം മാത്രമല്ല മറിച്ച് എല്ലാവർക്കും തുല്യത ഉറപ്പുവരുത്താനുള്ള മാർഗ്ഗം കൂടിയാണ്. ഒരു അയ്യപ്പ-അവിശ്വാസി മറ്റൊരു അയ്യപ്പ വിശ്വാസിയുടെ ശബരിമലയിൽ കയറാനുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുമ്പോൾ അവിടെ തകരുന്നത് തുല്യത എന്ന അടിസ്ഥാന ഘടകമാണ്, അത് തകരുമ്പോൾ തകരുന്നത് എല്ലാവർക്കും തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഭക്തിജീവിതം നയിക്കുവാനുള്ള അവസരം ഒരുക്കുന്ന ഫ്രയിംവർക്കാണ്. അതായത് നഷ്ടം രണ്ട് കൂട്ടർക്കുമാണ് എന്ന കാര്യം മനസ്സിലാക്കാതെ പോകുന്നതാണ് ഇവിടെ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. എല്ലാവർക്കും സ്വാതന്ത്ര്യം എന്നത് നടപ്പിലാക്കാൻ നമ്മൾ പാലിക്കേണ്ട ഏറവും കുറഞ്ഞ നിയമം അത് മറ്റൊരാളുടെ മൂക്കിൻ തുമ്പത്തിനപ്പുറം പോകാനനുവദിക്കാതിരിക്കുക എന്നതാണ്, അത് ലംഘിക്കുന്ന പക്ഷം തകരുന്നത് നമ്മുടെ കൂടി സ്വാന്തന്ത്ര്യമാണ്, കാരണം ആ ലഭിക്കുന്ന താൽക്കാലിക വിജയത്തിന്, ആ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഫ്രയിംവർക്കിന്റെ അഭാവത്തിൽ, അധികം നാൾ നിലനിൽക്കാനാകില്ല.

ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല എന്നാതാണ് ആത്യന്തികമായും മനസ്സിലാക്കേണ്ട കാര്യം. അവസാനത്തെ മനുഷ്യനും തുല്യ അവകാശങ്ങളും അവസരങ്ങളും ഒരുക്കുന്നതാണ് ജനാധിപത്യം, ആ അവസാനത്തെ മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നിടത്താണ് ജനാധിപത്യം പുലരുന്നത്, അതായത് ഭൂരിപക്ഷ അഭിപ്രായങ്ങൾ ന്യൂനപക്ഷങ്ങൾക്കു മേൽ അടിച്ചെല്പിക്കുന്നതിലല്ല ജനാധിപത്യമുള്ളത്. ഭരണഘടന നമുക്ക് ഈ ജനാധിപത്യം ഉറപ്പുവരുത്തുന്നത് ഈ ഫണ്ടമെന്റൽ റൈറ്റ്സിലൂടെയാണ്. നമ്മൾ ഇന്നനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും കാത്ത് സംരക്ഷിക്കുന്നത് ഭരണഘടനയാണ്, അതിനു മുകളിൽ ഭക്തിക്കെന്നല്ല ഒന്നിനും തന്നെ സ്ഥാനം വരാൻ പാടില്ല, അങ്ങിനെ വരുന്ന പക്ഷം തകരുന്നത് നമ്മുടെ ജനാധിപത്യത്തെ താങ്ങി നിർത്തുന്ന ഫ്രയിംവർക്ക് തന്നെയാണ്, ഫാസിസത്തിലേക്ക് പിന്നെ അധികം ദൂരമുണ്ടാവില്ല. ഭരണഘടനയ്ക്ക് സാധാരണ ഗതിയിൽ ഭക്തിയുടെ കാര്യത്തിലോ മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടേണ്ട ആവശ്യമില്ല, എന്നാൽ ഒരു പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സിനെ ബാധിക്കുന്ന വിഷയമാണെങ്കിൽ ഭരണഘടന ഇടപെട്ടേ മതിയാകൂ, മറിച്ച് വാദിക്കുന്നത് ജനാധിപത്യത്തിനു വില കല്പിക്കാത്ത ഒരു മനോനിലയിൽ നിന്നുകൊണ്ട് മാത്രമേ സാധിക്കൂ, കോൺഗ്രസ് – ബി.ജെ.പി. നേതൃത്വങ്ങൾ ഈ വിഷയത്തിലെടുക്കുന്ന നിലപാടുകൾ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കുവാനുള്ള ജനാധിപത്യബോധം അവർക്കില്ലാത്തതാണ് മറ്റൊരു ദുരന്തം,  ഇതിനെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് ഓരോ ജനാധിപത്യവാദിക്കും മുൻപിലുള്ള പ്രധാന ദൗത്യം.

(മൂന്നാമത്തെ വിഷയം അടുത്ത പോസ്റ്റിൽ)

ആമുഖം nalanz
ആം ആദ്മി അല്ല

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: