നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?
ഒക്ടോബര്‍ 19, 2012 5അഭിപ്രായങ്ങള്‍
നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?
ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചയുടെ അപ്രസക്തി.
ദൈവമെന്ന ആശയം മുന്നോട്ടുവച്ചവർക്ക് അതിനെ പിന്താങ്ങുന്ന ഒരു തെളിവും ഇന്നേവരെ കൊണ്ടുവരാനായിട്ടില്ല എന്നിടത്ത് ഒടുങ്ങേണ്ടതാണു ആ ആശയവും അതിനെപ്പറ്റിയുള്ള ചർച്ചകളും. എന്നാൽ മതമെന്ന അധികാരസ്ഥാപനത്തിന്റെ ബലത്തിൽ ദൈവമെന്ന ആശയം ഇന്നും നിലനിന്നു പോരുന്നു. ഈ ആശയത്തിന്റെ പരിഹാസ്യത മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നിരിക്കലും ദൈവമുണ്ടോ ഇല്ലയോ എന്ന ഒരു ചർച്ച അർത്ഥശൂന്യമാകുന്നതിനാലും, അതിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടക്കുന്നില്ല.
ദൈവവിശ്വാസത്തിന്റെ അപകടം.
ദൈവവിശ്വാസം കൊണ്ടുള്ള അപകടം മനസ്സിലാക്കാന്‍ ആദ്യം ദൈവസങ്കല്പം എങ്ങിനെ ഉണ്ടായി എന്നു തിരിച്ചറിയണം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുമ്പോഴൊക്കെ, “അറിയില്ല, അന്വേഷിച്ചുകൊണ്ടിരിക്കണം“ എന്നതിനു പകരം ഒരു നുണ കൊണ്ടു ‘അറിയല്ല’ എന്ന അവസ്ഥയെ ‘അറിയാം’ എന്നാക്കുക വഴി, ‘അറിയില്ല’ എന്ന അവസ്ഥ നല്‍കുന്ന ഭീഷണിയെ മറികടക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടുണ്ട്. ആ നുണയാണു ദൈവസങ്കല്പത്തിന്റെ കാതൽ.
ദൈവവിശ്വാസം പലരും ധരിച്ചു വച്ചിരിക്കുന്നതുപോലെ നിസ്സാരപ്പെട്ടതും വ്യക്തിപരവുമായ ഒന്നല്ല. ഒരു വ്യക്തിക്ക് തന്റെ അന്വേഷണബുദ്ധിയുടെ പരാജയം സമ്മതിച്ചു കൊണ്ട്’ ദൈവവിശ്വാസിയാകാനുള്ള അവകാശം ജനാധിപത്യത്തിന്റെ നിലനില്പിനു ആവശ്യമാകുമ്പോഴും, ഈ പരാജയം മറ്റുള്ളവർ കൂടി അനുകരിക്കാൻ നിർബന്ധിക്കപ്പെടുന്നിടത്ത് ഇതിനു ഒരാളുടെ വ്യക്തിപരതയ്ക്കപ്പുറം സാമൂഹികമായ മാനങ്ങൾ കൈവരുന്നു.. ഒരു വ്യക്തിയുടേതുമാത്രമാകേണ്ട പരാജയം ഒരു സമൂഹത്തിന്റെ തന്നെ പരാജയമായി അടിച്ചേല്പിക്കപ്പെടുന്ന രീതിയാണു സംഘടിതമതം വഴി സാധ്യമാക്കുന്നത്. മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുക്കളായി ദൈവവും, മതവും മാറുന്നു.. ഈ ഒരവസ്ഥയെ മറികടക്കേണ്ടത് മനുഷ്യന്റെ .ബൗദ്ധികമായ മുന്നോട്ടുപോക്കിനു ഒഴിവാക്കാൻ പറ്റാത്ത ഒന്നാണു.
ദൈവവിശ്വാസം ആരെയും അടിച്ചേല്‍പ്പിക്കുന്നില്ല എന്ന വാദവും കഴമ്പില്ലാത്തതാണു. കുട്ടികളെ മതവിശ്വാസികളും ദൈവവിശ്വാസികളുമായിട്ടു വളര്‍ത്തുന്നത് ഈ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗം തന്നെയാണു. മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം മനുഷ്യന്റെ തലച്ചോറാകുന്നു, അത് നല്‍കുന്ന അന്വേഷണ ബുദ്ധി, വിമർശനം, ചോദ്യം ചെയ്യൽ തുടങ്ങിയവയുടെ അനുശീലനത്തിൽ നിന്നും ഉരുത്തിയേണ്ട യുക്തിയിൽ അധിഷ്ഠിതമായ മനോഭാവത്തെ ബാല്യത്തിൽ തന്നെ നഷ്ടപ്പെടുന്ന കുട്ടികൾ, ഈ ഒരു മനോനിലയുടെ അഭാവത്തിൽ ബൗദ്ധികമായി വികലാംഗരാക്കപ്പെടുന്നു എന്നതാണു ദൈവവിശ്വാസം കൊണ്ടുള്ള അപകടം.
ആത്മീയതയും ദൈവവിശ്വാസവും.
പലപ്പോഴും ദൈവമെന്ന സങ്കല്പം അതിന്റെ ആത്മീയതലത്തിൽ മാത്രം കൊണ്ടുനടക്കുന്നതിൽ തെറ്റില്ല എന്നും മാർക്സ് നിരീക്ഷിച്ച പോലെ ‘heart of the heartless world’ എന്ന തലത്തിലും വിശ്വാസം അതിന്റെ യാഥാർത്ഥ്യത്തെ അഡ്രസ് ചെയ്യാതെ വരുന്നതും അപകടമാണു. കാരണം മാർക്സ് മതത്തെ ന്യായീകരിക്കുക അല്ല, മറിച്ചു ഇതാണു മനുഷ്യന്റെ അവസ്ഥ എന്നു നിരീക്ഷിക്കുക മാത്രമാണു ചെയ്തത്. ഫോയബാനെ വിമർശിച്ചുകൊണ്ടുള്ള തീസിസിൽ മാർക്സ് പറഞ്ഞത് ‘Thus, for instance, after the earthly family is discovered to be the secret of the holy family, the former must then itself be destroyed in theory and in practice.’ എന്നാണു.
കേവല ആത്മീയതയും ആശ്രയിക്കുന്നത് അയഥാർഥമായൊരു ദൈവത്തെയാണു. ദൈവം ഉണ്ടെന്നു ആത്മാർത്ഥമായും വിശ്വസിക്കുന്നതിനോളം തന്നെ അപകടമാണിത്. കാരണം ഈ ഒരു അയഥാർഥമായ വിശ്വാസത്തെ നിലനിർത്തിപ്പോരാൻ ബുദ്ധിമുട്ടാണു, പക്ഷെ അതിന്മേലുള്ള ആശ്രിതത്വം വിശ്വാസത്തെ എന്തു വിലകൊടുത്തും നിലനിർത്താൻ വിശ്വാസിയെ നിർബന്ധിക്കും, ഈ അയഥാർഥത്തെ നിലനിർത്താനുള്ള ബൗദ്ധികത ഇല്ലാത്ത അവസ്ഥയുടെ പരിണിതഫലമായിട്ടാണു അസഹിഷ്ണത കടന്നുവരുന്നതും അത് മതതീവ്രവാദത്തിലേക്കു (മതവിശ്വാസിയുടെ കാര്യത്തിൽ) നയിക്കുന്നതും. ഇതേ അസഹിഷ്ണതയുടെ അധികാരരൂപമാണു വിശ്വാസം /മതവികാരം വൃണപ്പെടൽ തുടങ്ങിയവയെ ശിക്ഷാർഹമാക്കുന്ന നമ്മുടെ നിയമവ്യവസ്ഥകൾ പോലും.
നഷ്ടമാവുന്ന യുക്തിയുടെ പരിസരം
യുക്തിയുടെ നിരാകരണമൊരുക്കുന്ന പരിസരം വിമർശനത്തോടുള്ള അസഹിഷ്ണുത സ്വാഭാവികമാക്കുന്നുണ്ട്. വിമർശനാവബോധം ചുരുങ്ങിക്കോണ്ടിരിക്കുന്നതിൽ മതത്തിന്റെ വർദ്ധിച്ചു വരുന്ന സ്വാധീനത്തിനു നല്ലൊരു പങ്കുണ്ട്. വിമർശനാവബോധം സ്വയം ഇല്ലാതാവുകയല്ല മറിച്ച് ഇല്ലാതാക്കപ്പെടുകയാണു ചെയ്യന്നത്. മതത്തെ വിമർശിക്കാൻ പാടില്ല എന്ന നിലയിലെത്തിനിൽക്കുന്ന അവസ്ഥയാണു നമുക്കു മുന്നിലുള്ളത്.
വിമർശനം ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ടൂളാണു. വിമർശിക്കപ്പെടാതിരിക്കാനുള്ള അവകാശം എങ്ങിനെയാണു മതത്തിനു കൈവന്നത് ? ഏതു യുക്തിക്കുമേലാണു മതം വിമർശിക്കപ്പെട്ടുകൂടാത്തത്. മതവികാരം എന്നതിനു എന്തിനാണു നിയമത്തിന്റെ സംരക്ഷണം? വികാരത്തെ എന്തിനു ബഹുമാനിക്കണം ? വികാരങ്ങളെ ബഹുമാനിക്കണമെന്നു നിർബന്ധം പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണു് ?
വികാരങ്ങൾ വൃണപ്പെടുന്നത് സഹിഷ്ണുതയുടെ അഭാവം മൂലമാണു. സഹിഷ്ണുത എന്നത് അടിസ്ഥാനപരമായ ജനാധിപത്യമൂല്യങ്ങളിലൊന്നുമാണു. ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് അതിന്റെ അടിസ്ഥാനമൂല്യങ്ങളെ അംഗീകരിക്കാതിരിക്കാൻ നിവർത്തിയില്ല. മതവികാരം വൃണപ്പെടുത്തുന്നതിനെതിരെ നിയമനിർമ്മാണം നടത്തുന്ന ഒരു രാജ്യം അസഹിഷ്ണുതയെ വാഴ്ത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടാണു സ്വീകരിക്കുന്നത്. യുക്തിയുടെ അഭാവം സൃഷ്ടിക്കുന്ന പരിസരം ഫാസിസത്തിനു വളക്കൂറുള്ളതാണെന്നുതന്നെയാണു അസഹിഷ്ണുതയ്ക്കുവരെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്ന ഭരണസംവിധാനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
മതാത്മകതയും സെക്കുലർ മൂല്യങ്ങളുടെ തിരോധാനവും.
ഹിന്ദുമതം ആചാരങ്ങളുടെ മതമാണു. ഭൂരിപക്ഷമതമെന്നിരിക്കെ അതിന്റെ സാംസ്കാരിക സ്വാധീനം കൊണ്ടുതന്നെ ഇതിന്റെ ആചാരങ്ങൾക്ക് സാധാരണത്വം കൈവരുന്നുണ്ട്. സാംസ്കാരികമായ ഒരു ഹെജിമണി സ്വാഭാവികമായും രൂപപ്പെടുകയും, അതിന്റെ പരിണിത ഫലമായി ഹൈന്ദവ ആചാരങ്ങൾ സെക്കുലർ ആയി വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. ഓണം ഒരു സെക്കുലർ ആഘോഷമായി വ്യാഖ്യാനിക്കുന്നത് ഇതേ കാരണം കൊണ്ടുതന്നെ. ഇതേ പോലെ തന്നെയാണു നിലവളക്ക് കൊളുത്തുന്നത് സെക്കുലറാണെന്ന അവകാശവും.
സെക്കുലറാക്കപ്പെട്ടതും ഹൈന്ദവുമായ ആചാരങ്ങൾ പബ്ലിക് സ്പേസിലേക്കു കടന്നുകയറുക വഴി ഭൂരിപക്ഷ ഹൈന്ദവത ദേശീയതയുമായി തദ്ദാത്മ്യം പ്രാപിക്കുന്നുണ്ട്.
ദേശീയവൽക്കരിക്കപ്പെടുന്ന ഹൈന്ദവത ആർജ്ജിക്കുന്ന അധികാരം സെക്കുലർ സ്പേസിനെ പൂർണ്ണമായും തകിടം മറിക്കുന്ന ഒന്നാണു. സെക്കുലറും വസ്തുനിഷ്ഠവുമായിരിക്കേണ്ട കോടതി വിധികളെ വരെ സ്വാധീനിക്കുന്ന തലത്തിലേക്ക് ഈ ഹൈന്ദവവൽകൃത ദേശീയത ചെന്നെത്തുന്നത് ബാബ്രി മസ്ജിദ് കേസിലെ കോടതിവിധിയിലൂടെ നമ്മൾ കണ്ടതാണു.
യെദ്യൂരപ്പ സർക്കാർ അമ്പലങ്ങൾക്കായി നീക്കി വച്ചത് 110 കോടി രൂപയാണു, സർക്കാരിന്റെ അല്ലെങ്കിൽ എല്ല്ലാ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണമാണിതെന്നോർക്കണം. പ്രഖ്യാപിത സെക്കുലറിസത്തെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള ഇടപെടലുകൾ വരുന്നത് മതാത്മകത ദേശീയവൽക്കരിക്കപ്പെട്ട പരിസരത്തിൽ നിന്നുമാണെന്നു കാണാൻ ബുദ്ധിമുട്ടില്ല. ഈ ദേശീയ-മതാത്മക പരിസരം സ്റ്റേറ്റിന്റെ അധികാരത്തെ കോമ്പ്ലിമെന്റ് ചെയ്യുന്ന അവസ്ഥ ഫാസിസത്തെ ജനാധിപത്യത്തിന്റെ ഉള്ളിൽ കുടിയിരുത്തുന്ന കർമ്മമാണു നിർവ്വഹിക്കുന്നത്.
യുക്തിയുടെ തിരിച്ചുവരവിന്റെ ആവശ്യകത
യുക്തിയുടെ നിരാകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പരിസരം ഫാസിസത്തിലേക്കുള്ള കൂപ്പുകുത്തൽ അനിവാര്യമാക്കുന്നുണ്ട്. അസഹിഷ്ണത നിയമവിധേയമാക്കപ്പെടുന്ന അവസ്ഥ സോഷ്യൽ ഡിസ്കോർസിനെത്തന്നെ പരിമിതപ്പെടുത്തും. സോഷ്യൽ മീഡിയയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഇത്തരത്തിലുള്ള അസഹിഷ്ണുതയുടെ അധികാരരൂപങ്ങൾ തന്നെയാണെന്നു കാണാൻ കഴിയും..
സോഷ്യൽ ഡിസ്കോർസിൽ യുക്തിയുടെ സ്വാധീനം ഉറപ്പുവരുത്താതെ നീതിയുക്തമായ ഒരു തലത്തിലേക്ക് അതിനെ ഉയർത്തുക സാധ്യമല്ല. വിമർശനാത്മകമായ ഒരു പരിസരം ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും പ്രസക്തമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നത്. മതവും അതിന്റെ നിലനില്പും ആവശ്യപ്പെടുന്ന ഫാസിസ്റ്റ് പരിസരത്തിൽ നിന്നും വ്യത്യസ്തമായ, വിമർശനോന്മുഖമായ ഒരു പരിസരം സൃഷ്ടിക്കേണ്ടതുണ്ട്. മതത്തിന്റെ അപ്രമാദിത്വം തകർത്തുകൊണ്ടല്ലാതെ ഇതു സാധ്യവുമല്ല.
നിലവിലുള്ള സാഹചര്യത്തിൽ അതായത് മതത്തെ വിമർശിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ മതത്തെ മൊത്തത്തിൽ നിരാകരിക്കുന്ന അല്ലെങ്കിൽ അപ്രസക്തമാക്കുന്ന ഒരു ഡിസ്കോർസിനു തുടക്കം കുറിക്കേണ്ട ആവശ്യമുണ്ട്. മതാധികാരം വിന്യസിക്കപ്പെടുന്ന ആചാരങ്ങളെത്തന്നെ നിരാകരിക്കാൻ കരുത്തുള്ള ഒരു ശ്രമം കൊണ്ടുമാത്രമേ പ്രയോജനമുള്ളൂ. മതത്തിന്റേതായ പ്രത്യേകളെ നേരിട്ടുതന്നെ കോർക്കുന്ന ഫോക്കസ്ഡായ ഒരു ശ്രമം നടപ്പിൽവരുത്തേണ്ടതുണ്ട്. ഇവിടെയാണു നിരീശ്വരവാദത്തിന്റെയും നിരീശ്വരവാദികളുടെയും പ്രസക്തി.
മതത്തെ ഫോക്കസ്ഡായിത്തന്നെ അഡ്രസ് ചെയ്യുന്ന ദൈവവിശ്വാസത്തെ നിരാകരിക്കുന്നതാണു നിരീശ്വരവാദ നിലപാടുകൾ. മതത്തിന്റെ അധികാരത്തിന്റെ ടൂളായ വിശ്വാസത്തെ നേരിട്ടു തന്നെ വിമർശന വിധേയമാക്കുന്ന നിരീശ്വരവാദികൾ ഉണ്ടായേ തീരൂ.
നിരീശ്വരവാദം നേരിടുന്ന വെല്ലുവിളികൾ
ദൈവിശ്വാസിയല്ലാതിരിക്കുക എന്നതാണു മനുഷ്യന്റെ സ്വാഭാവികമായ അവസ്ഥ, എന്നാൽ മതാധികാരത്തിന്റെ ഇടപെടൽകൊണ്ടു ഈ അവസ്ഥ കീഴ്മേൽ മറിയുന്നു. എന്നിരുന്നാലും അവഗണിക്കാവുന്ന ഒരു ന്യൂനപക്ഷമായിട്ടാണെങ്കിലും സമൂഹത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന നിരീശ്വരവാദികളുണ്ടാവുന്നു. ഈ അതിജീവനത്തിന്റെ കഥ മറ്റൊരു സമ്പൂർണ്ണവിഷയം തന്നെയാകുന്നതിനാൽ അതിലേക്കു കടക്കുന്നില്ല.
ബൗദ്ധികമായ ഒരു മുന്നേറ്റം കൊണ്ടു യുക്തിയിൽ അധിഷ്ഠിതമായ ഒരു മനോനില കൈവരിക്കാൻ കഴിയുന്നുണ്ടെങ്കിലും അതിനെ പ്രായോഗികമായ ഒരു നിലപാടുതറയിലേക്കു വികസിപ്പിക്കാൻ ഈ ഒറ്റപ്പെട്ടുകിടക്കുന്ന നിരീശ്വരവാദികൾക്കു കഴിയുന്നില്ല എന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ തങ്ങളുടെ നിരീശ്വരവാദനിലപാടുകൾ പലപ്പോഴും മറച്ചു വയ്ക്കാനോ, അല്ലെങ്കിൽ പ്രകടിപ്പിക്കാതിരിക്കാനോ ഇവർ നിർബന്ധിതരാകുന്നു. ഇതിന്റെ കാരണങ്ങളെപ്പറ്റി മനസ്സിലാക്കാൻ അധികാരത്തിന്റെ പ്രയോഗവും അതിന്റെ അദൃശ്യമായ സ്വാധീനതലങ്ങളെപ്പറ്റിയും കൂടി മനസ്സിലാക്കേണ്ടതുണ്ട്.
മതം അതിന്റെ നൈരന്തരികത അവകാശപ്പെടുന്നത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണു. ജീവിതത്തിന്റെ എല്ലാ ഏടുകളിലും മതത്തിന്റെ സാന്നിദ്ധ്യം ഈ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നിറഞ്ഞു നിൽക്കുന്ന ഒരു ചുറ്റുപാടിലാണു നാം വർത്തിക്കുന്നത്. ചുറ്റുമുള്ള വിശ്വാസികളുടെയും വിശ്വാസങ്ങളുടെയും നിരന്തരമായ ഇടപെടലിലൂടെയാണു നാം നിത്യവും കടന്നുപോകേണ്ടത്, അവരുടെ ഭാഷയിലും, ഭാഷ്യങ്ങളിലും കടന്നുവരുന്ന മതസ്വാധീനങ്ങൾ. വിവാഹം, മരണം, മരണാനന്തര ചടങ്ങുകൾ , ജനനം, പേരിടീൽ, പാലുകാച്ചൽ, ദേശീയ – പ്രാദേശീയ ഉത്സവങ്ങൾ തുടങ്ങിയവയും ഇതിനോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പ്രത്യക്ഷമായി കടന്നുവരുന്ന മതാത്മകത സമൂഹത്തിലെ ഓരോ വ്യക്തിക്കും, വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പാലിക്കേണ്ടതുണ്ട്. വിവാഹമാണെങ്കിൽ സ്വജാതിയിലുള്ള ഇണ, സമയം കുറിക്കൽ, ജ്യോതിഷം, പന്തലിലെ ആചാരങ്ങൾ, പോരാത്തതിനു അടുത്തകാലത്തായി വേദിയിലുള്ളവരെയെല്ലാം എഴുന്നേറ്റു നിർത്തിക്കൊണ്ടുള്ള ജനാധിപത്യവിരുദ്ധമായ പ്രാർത്ഥന. ഇവിടെയെല്ലാം നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ, അതിൽ പങ്കാളിയാകാതെ നിവർത്തിയില്ല. മരണമാണെങ്കിൽ അതിനോടനുബന്ധിച്ച ചടങ്ങുകൾ. ഇങ്ങിനെ നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക ഒത്തുചേരലുകളിലും മതം പ്രത്യക്ഷമായിത്തന്നെ അതിന്റെ അധികാരം നാട്ടുനടപ്പെന്ന പേരിൽ നമുക്കുമേൽ പ്രയോഗിക്കുന്നുണ്ട്. വിശ്വാസിയല്ലെങ്കിൽക്കൂടി ഈ ചടങ്ങുകളിലെ മതപരമായ ആചാരങ്ങളെ പാലിക്കാൻ സമൂഹത്തിലെ എല്ലാവരെയും പോലെ നിരീശ്വരവാദിയും ബാധ്യസ്ഥനാണു. ഈ അധികാരത്തെ ധിക്കരിച്ചാൽ ഒറ്റപ്പെടലായിരിക്കും ശിക്ഷയെന്നിരിക്കെ അതിനു വിധേയപ്പെടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. അതായത് ഒരു നിരീശ്വരവാദിക്കു തന്റെ വിശ്വാസമില്ലായ്മ എന്ന നിലപാടു് പ്രകടിപ്പിച്ചുകൊണ്ടൂ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണിവിടെ, ഇത് ജനാധിപത്യവിരുദ്ധമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്തുകൊണ്ട് നിരീശ്വരവാദ നിലപാട് പ്രകടിപ്പിക്കപ്പെടണം.
ഒരു നിരീശ്വരവാദിക്കു തന്റെ കുടുംബം, ബന്ധുക്കൾ, സമൂഹം തുടങ്ങിയവ ചെലുത്തുന്ന കളക്റ്റീവ് അധികാരത്തെ മറികടക്കാനാകാത്തത് അയാൾ ഒരു ഒറ്റപ്പെട്ട വ്യക്തിയായി നിലകൊള്ളുന്നതുകൊണ്ടാണു. മാതാപിതാക്കളുടെ സ്നേഹത്തിനു മുൻപിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നവരുണ്ട്, അവിടെ അധികാരം സ്നേഹത്തിന്റെ രൂപത്തിലാണു അതിന്റെ സ്വാധീനം പ്രകടമാക്കുന്നതെങ്കിൽ, മറ്റു ചിലപ്പോൾ ബന്ധുക്കൾ, സമൂഹം എന്നീ കളക്റ്റീവുകളിലെത്തുമ്പോൾ അത് ഭീഷണിയുടെ രൂപം പ്രാപിക്കുന്നു. നിലനില്പിന്റെ ഭൗതികതയ്ക്കു മുന്നിൽ വിട്ടുവീഴ്ച സ്വാഭാവികമാക്കപ്പെടുകയാണിവിടെ.
ഇവിടെ സംഭവിക്കുന്നത്, അധികാരത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്കപ്പുറമുള്ള ഒരു സാധ്യത ഇല്ലാതാക്കപ്പെടുന്നു എന്നതാണു. സോഷ്യൽ ഡിസ്കോർസിൽ അധികാരത്തിനു വിധേയപ്പെടാത്ത ഓരോ ഇടപെടലും, അത് അഭിപ്രായമായാലും, പ്രവർത്തിയായാലും, ഓരോ സാധ്യതയുടെ സ്പേസ് ഉല്പാദിപ്പിക്കുന്നുണ്ട്. ഇങ്ങിനെ ഉല്പാദിക്കപ്പെട്ട സാധ്യതകളുടെ സ്പേസിനെ വികസിപ്പിക്കുമ്പോഴാണു അതിനു സമാന്തരമായി നിലകൊള്ളാനും അധികാരത്തെ ചേറുക്കാനുമുള്ള പ്രാപ്തി കൈവരുന്നത്. ഇവിടെ ഇല്ലാതാക്കപ്പെടുന്ന സാധ്യതകൾ അധികാരത്തിന്റെ ആധികാരികത നിലനിർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ. വിരുദ്ധസാധ്യതളെ അതിജീവിക്കുന്ന അധികാരം കാലക്രമേണെ കൂടുതൽ കരുത്താർജ്ജിക്കുന്നു.
ഒരു നിരീശ്വരവാദി നാട്ടുനടപ്പെന്ന അധികാരത്തിനു വിധേയപ്പെട്ടുകൊണ്ടു തന്റെ നിലപാടു പ്രകടിപ്പിക്കാതിരിക്കുമ്പോൾ ഇല്ലാതാക്കപ്പെടുന്നത് ഒരു സാധ്യത തന്നെയാണു. ഈ ഇല്ലാതാക്കലിലൂടെയാണു അധികാരം മാറ്റത്തെ ചെറുക്കുന്നത്. മാറ്റത്തിലേക്കു നയിക്കപ്പെടേണ്ട സ്പേസ് ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണു നിരീശ്വരവാദിയുടെ വിട്ടുവീഴ്ചകളുടെ പരിണിത ഫലം. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരിക്കുക എന്നതുമാത്രമാണു ഈ ഒരവസ്ഥയിൽ നിന്നുമുള്ള മാറ്റം ആഗ്രഹിക്കുന്ന നിരീശ്വരവാദിയുടെ മുന്നിലുള്ള ഏക മാർഗ്ഗം. അതായത് തന്റെ നിരീശ്വരവാദ നിലപാടുകൾ നിരന്തരമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുക. മാറ്റങ്ങൾ ഒറ്റ ദിവസം കൊണ്ടു വരുന്നതല്ല, എന്നാൽ ഈ സാധ്യതകളെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണു കാരണം നിലനിർത്തപ്പെടുന്ന സാധ്യതകളെ മാത്രമേ വികസിപ്പിക്കാനാകൂ, ആ വികാസത്തിലൂടെ മാത്രമേ മാറ്റം സാദ്ധ്യമാകൂ.
ലൗഡാകേണ്ടതിന്റെ ആവശ്യം
ഉല്പാദിക്കപ്പെട്ട സാധ്യതകളെ നിലനിർത്തുന്നതിനോളം തന്നെ പ്രാധാന്യമുള്ളതാണു ഈ സ്പേസിന്റെ സാന്നിധ്യം കമ്യൂണിക്കേറ്റ് ചെയ്യുക എന്നത്. കമ്യൂണിക്കേറ്റ് ചെയ്യപ്പെടാത്തിടത്തോളം ആ സാധ്യതയുടെ സ്പേസിനെ വികസിപ്പിക്കാനുള്ള അവസരം സംജാതമാകുന്നില്ല. തദ്ഫലമായി സാധ്യതകൾ കാലഹരണപ്പെട്ടുപോവുകയും ചെയ്യുന്നു. അപ്പോൾ സാധ്യതൾ കമ്യൂണിക്കേറ്റ് ചെയപ്പെടേണ്ടത് അത്യാവശ്യമാണു. ഈ കമ്യൂണിക്കേഷനെ പരമാവധി ഇഫക്റ്റീവ് ആക്കുകയേ വഴിയുള്ളൂ. ഇതിനുള്ള ഏക മാർഗ്ഗം ഈ കമ്യൂണിക്കേഷൻ അവഗണിക്കപ്പെടാനാകാത്ത തരത്തിൽ ലൗഡാക്കുക എന്നതുമാത്രമാണു.
വിമതസ്വരങ്ങളെ ഡിസ്കോർസിൽ നിന്നും അകറ്റിനിർത്തുകയെന്ന തന്ത്രത്തിലാണു അധികാരത്തിന്റെ നിലനില്പ്. അതുകൊണ്ടു, വിമതസ്വരങ്ങൾ കേൾക്കപ്പെടാത്ത അവസ്ഥ സൃഷ്ടിക്കുക അല്ലെങ്കിൽ അടിച്ചൊതുക്കുക എന്നതിനെ ചെറുത്തുകൊണ്ടു അവഗണിക്കപ്പെടാനാവാത്ത അല്ലെങ്കിൽ കേൾക്കപ്പെടുന്ന രീതിയിൽ ലൗഡാവുക എന്നതു മാത്രമാണു സാധ്യതകളെ നിലനിർത്താനുള്ള ഏക മാർഗ്ഗം. ഈ കേൾവി അല്ലെങ്കിൽ കമ്യൂണിക്കേഷനാണു ഡിസ്കോർസിൽ ഇടപെടുകയും സാധ്യതകളെ നിലനിർത്തുന്നതും. വിമതസാധ്യതകളെ സോഷ്യൽ ഡിസ്കോർസിന്റെയുള്ളിലെത്തിക്കുകയെന്ന കർത്തവ്വ്യമാണു ലൗഡാകുന്നതിലൂടെ സാധ്യമാക്കപ്പെടുന്നത്.
മിലിട്ടന്റ് ഏത്തീസം
ജനാധിപത്യപരമല്ലാത്ത ഫാസിസ്റ്റ് നിയമങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ ഇതിലേക്കൊരു മാറ്റം കൊണ്ടുവരാൻ നിരീശ്വരവാദികൾ അല്ലെങ്കിൽ പുരോഗമനവാദികൾ നിശബ്ദരാക്കപ്പെടാൻ നിന്നുകൊടുക്കുന്നതിനു പകരം തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കേണ്ടതുണ്ട്. മതത്തിനു ഇതുവരെ കൊടുത്തു പോന്ന അല്ലെങ്കിൽ അതിന്റെ ഫാസിസ്റ്റ് പ്രഗയോഗത്തിലൂടെ ഡിമാൻഡ് ചെയ്തിരുന്ന ജനാധിപത്യവിരുദ്ധമായ ആനുകൂല്യങ്ങൾ നിർത്തിവയ്ക്കുക എന്നതാണു മിലിട്ടന്റ് ഏത്തീസം മുന്നോട്ടു വയ്ക്കുന്ന നിലപാട്.
മിലിട്ടന്റ് എന്നു പറഞ്ഞാൽ തോക്കും കത്തിയുമെടുത്ത് പടയൊരുക്കം നടത്തുകയെന്നല്ല. നിരന്തരമായി വിമർശനങ്ങൾ നടത്തുക, മതവികാരങ്ങളെ മാനിക്കേണ്ടതില്ല എന്ന സ്റ്റാൻഡ് എടുക്കുക തുടങ്ങി ബൗദ്ധികതലത്തിൽ മതത്തെയും വിശ്വാസത്തെയും എതിർത്തുകൊണ്ടു യുക്തിയുടെ സ്പേസിനെ തിരിച്ചുപിടിക്കുക എന്നതുമാത്രമാണു മിലിട്ടന്റ് ഏത്തീസം കൊണ്ടുദ്ദേശിക്കുന്നത്. അതു തന്നെയാണു കാലഘട്ടത്തിന്റെ ആവശ്യവും.
ഇതിന്റെ ഭാഗമായി മതപരമായ എല്ലാ ആചാരങ്ങളിൽ നിന്നും വിട്ടു നിൽക്കുക എന്ന ഒരു നിലപാടുകൂടി സ്വീകരിക്കേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചപോലെ മതം അതിന്റെ നൈരന്തരികത നിലനിർത്തിപ്പോരുന്നത് ആചാരങ്ങളിലൂടെയാണു. വിവാഹം, മരണം തുടങ്ങിയ എല്ലാ ഒത്തുചേരലുകളിലും മതപരമായ ആചാരങ്ങളിലും ജനാധിപത്യവിരുദ്ധമായി എല്ലാവരെയും അതിന്റെ അനുഷ്ഠാനങ്ങളിൽ പങ്കാളികളാക്കുന്നതിനെ ചെറുക്കുന്നതും ലൗഡാകേണ്ടതുണ്ട്. അങ്ങിനെ ലൗഡായ ചെറുത്തു നില്പുകൾക്കു മാത്രമേ അവഗണിക്കപ്പെടാനാവാത്ത വിധം സാധ്യതകളെ നിലനിർത്താനും ആ സാധ്യതകളെ മാറ്റത്തിലേക്കു നയിക്കാനും സാധിക്കുകയുള്ളൂ…
കൂട്ടായ്മയുടെ ആവശ്യകത
മതം പോലൊരു അധികാരകേന്ദ്രത്തോടേറ്റുമുട്ടുന്നതുകൊണ്ടു തന്നെ കൂട്ടായ്മയുടെ പ്രസക്തി വർദ്ധിക്കുന്നുണ്ട്. മതാധികാരത്തെ ചെറുക്കുന്നതിനുള്ള ശിക്ഷ പലപ്പോഴും ഒറ്റപ്പെടലാണെന്നിരിക്കെ ഈ ഒറ്റപ്പെടലിനെ അതിജീവിക്കുന്നതിൽ കൂട്ടായ്മകൾ സഹായകമാകും. കൂട്ടായ്മകളുടെ സാന്നിദ്ധ്യം തന്നെയായിരിക്കും നിരീശ്വരവാദികളെ ലൗഡാകാൻ പ്രാപ്തരാക്കുക. അങ്ങിനെയുള്ള ഉച്ചത്തിലുള്ള നിലപാടുകളുടെ സാന്നിദ്ധ്യത്തിൽ തങ്ങളുടെ മറച്ചുവെക്കപ്പെട്ട ബോധ്യങ്ങളെ ഭയമില്ലാതെ വിളിച്ചു പറയാനും നീതിയുക്തവും ജനാധിപത്യപരവുമായ നിലപാടുകൾ സ്വീകരിക്കുവാനും നിരീശ്വരവാദികൾക്കു കഴിയുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
സംഭവം കലക്കി..!!!
ലോകത്ത് ഏറ്റവും വലിയ ചാലക ശക്തിയായി നില നിന്ന ആദ്യ നിരീശ്വര വാദം ബുദ്ധിസമാണ്. കാരണം അത് വിശ്വാസത്തിനും മതത്തിനും എതിരായ മറ്റൊരു സംസ്ക്കാരത്തിനും ജീവിത ശൈലിക്കും രൂപം നല്‍കി. പിന്നീട് മാര്‍ക്സിസമാണ് അത്തരമൊരു മഹാ പ്രസ്ഥാനത്തെ നയിച്ചത്. ബൂര്‍ഷ്വാ നിരീശ്വര വാദം വന്‍ പരാജയമായിരുന്നു. കാരണം വിശ്വാസത്തെ നിരാകരിക്കുമ്പോള്‍ നാം മറ്റൊരു സംസ്ക്കാരത്തെ ജീവിത ശൈലിയെ പകരം പുനസ്ഥാപി ക്കേണ്ടതുണ്ട്. ബൂര്‍ഷ്വാ നിരീശ്വരവാദം അനാര്‍ക്കിയാവുകയാണ് ഉണ്ടായത്. മാര്‍ക്സിസം നേരിട്ട തിരിച്ചടികള്‍ തന്നെയാണ് ഇന്ന് മതവാദം പ്രബലമാകാന്‍ കാരണവും. അതുകൊണ്ട് വിശ്വാസത്തിന്റെ, മതവാദത്തിന്റെ സംസ്ക്കാരത്തിനും ആചാരങ്ങള്‍ക്കും എതിരായ ഒരു പ്രസ്ഥാനവും സാമൂഹിക ജീവിതവും സ്ഥാപിച്ചുകൊണ്ടേ നിരീശ്വര വാദത്തിനു നിലനില്പുള്ളൂ.
All my faith asks me is
* to love others
* do not commit rape, murder
* do not desire others property.
And I don’t understand how this is dangerous to the progress of this society.
AS this is already addressed in the post…………It does not need a faith to teach you these basics…it only needs a basic democratic sense/ sense of justice. It is blind adherence of faith that disallows questioning and thereby developing a state of being that is impotent as far as rational criticism is concerned. It is this impotency that is dangerous in that it helps to maintain the status quo which is really pathetic
മാതൃ സ്നേഹത്തെ എങ്ങിനെ അധികാരം എന്ന ലെവലില്‍ കാണുവാന്‍ പറ്റും?