മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.
സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.

പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.

സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു  വാസ്ഥവം.  സ്ത്രീയുടെ മുഖം കണ്ടാല്‍ കാമമിളകാനും, ബലാത്കാരം ചെയ്യാനുമുള്ള പുരുഷന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടു മുഖം മറയ്ക്കാതിരിക്കുന്നതിനു പകരം ആ അവകാശത്തെ താന്‍ മാനിക്കുന്നുവെന്നു സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മത-പുരുഷമേധാവിത്ത അധികാരങ്ങളിലൂടെ ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണു മുഖം മറയ്ക്കലും, അതിന്റെ ന്യായീകരണവും സ്ത്രീപക്ഷങ്ങളില്‍ നിന്നു പോലും കേള്‍ക്കേണ്ടി വരുന്നത്.

സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന അല്ലെങ്കില്‍ പിറകോട്ടു വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുന്ന വാദങ്ങള്‍ പൊളിച്ചടക്കപ്പെടുക തന്നെവേണം.  ഇത് വ്യക്തിസ്വാതന്ത്ര്യമല്ലെന്നും, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്യുപയോഗം മാത്രമാണെന്നും, ഇതിനെ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടുകാണാന്‍ സാധിക്കില്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത ആ സമൂഹത്തിലെ ഓരേ വ്യക്തിക്കുമുണ്ട്.

ഈ ഒരു പച്ഛാത്തലത്തിലാണു ഫ്രാന്‍സില്‍ പൊതു നിരത്തില്‍ മുഖം മറയ്ക്കുല്‍ നിരോധനം വായിക്കപ്പെടേണ്ടത്.
മറ്റൊരു  വാര്‍ത്തhttp://timesofindia.indiatimes.com/world/uk/British-MP-says-he-wont-meet-veiled-Muslim-women/articleshow/6181092.cms

മുഖം മറയ്ക്കുന്ന സ്ത്രീ ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ തീര്‍ത്തും ഒഫെന്‍സീവാണെന്നതാണു മറ്റൊരു വസ്തുത. പുരുഷന്മാരെല്ലാം ആഭാസന്മാരാണെന്നൊരു പരോക്ഷ പ്രഖ്യാപനമാണു അതു ചെയ്യുന്നത്, ഇതെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. മുഖം മറയ്ക്കുന്ന സ്ത്രീയോടു സംസാരിക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടിഷ് എം. പി. യുടെ നിലപാടു അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികവുമാണു. “എന്റെ മുഖം നിന്നെ ഞാന്‍ കാണിക്കില്ല, ഇനി ഇതുകണ്ട് നിനക്ക് കാമമിളകി എന്നെ ബലാത്കാരം ചെയ്യാന്‍ വരെ മടിക്കാത്ത ആഭാസനല്ലേ നീ ?“ എന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെ കാണാന്‍ വിസമ്മതിക്കുന്നതില്‍, ഈ ആഭാസവല്‍ക്കരണത്തോടുള്ള നിരാകരണം മാത്രമല്ല, മുഖം മറയ്ക്കലെന്ന സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധവും കൂടിയുണ്ട്.

മുസ്ലീങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ മാത്രെമേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു കഴിയൂ എന്നൊരു വാദം നിലവിലുണ്ട്. അതുമൊരു ട്രാപ്പാണു. വ്യക്തിസ്വാതന്ത്ര്യമെങ്ങിനെ സ്ത്രീവിരുദ്ധത്യ്ക്കായി മറയാക്കപ്പെടുന്നു, അത്രയും കഴമ്പേ ഒള്ളൂ ഈ വാദങ്ങള്‍ക്കും.

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

20 Responses to മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

 1. പിങ്ബാക്ക് മുഖമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും | indiarrs.net Classifieds | Featured blogs from INDIA.

 2. സയൂബ് says:

  സത്യം പറഞ്ഞാല്‍ വസ്ത്രധാരണത്തില്‍ സ്റ്റേറ്റ് ഇത്ര മാത്രം ഇടപെടുന്നത് തനി അള്‍ട്രസെകുലര്‍ താലിബാനിസം ആണ്.. അതും ഉടുക്കാതെ പോലും നടക്കാന്‍ സ്വാതന്ത്ര്യമുള്ള നാടുകളില്‍….

 3. nalanz says:

  വസ്ത്രധാരണത്തില്‍ സ്റ്റേറ്റ് ഇടപെട്ടു എന്നു തോന്നുന്നില്ല്… മുഖം മറയ്ക്കുന്നത് വെറു വസ്ത്രധാരണമായി കാണാന്‍ പറ്റില്ല.

  പുരുഷനു സ്ത്രീയെ ബലാത്കാരം ചെയ്യാനുള്ള അവകാശമില്ലെന്നു സ്റ്റേറ്റു പറഞ്ഞാല്‍, അത് താലിബാനിസമാവുകയുമില്ല.

 4. സയൂബ് says:

  ആദ്യമേ പറയട്ടെ… വ്യക്തിപരമായി ഈ മുഖം മൂടി നടക്കുന്നതിനോട് എനിക്ക് യോചിപ്പില്ല..

  പക്ഷേ ഉടുക്കാതെ പോലും നടക്കാന്‍ സ്വാതന്ത്ര്യമുള്ള നാടുകളില്‍ ഇന്ന രീതിയില്‍ വസ്ത്രം പാടില്ല എന്ന് പറയുന്നത് “താലിബാനിസം” തന്നെ.. എന്ത് ധരിക്കണം എന്നത് ആ സ്ത്രീയുടെ മാത്രം ചോയ്സ് ആവേണ്ടതാണ് .. സ്വന്തം മുഖം മറയ്ക്കുന്നത് ബലാല്‍സംഘം ചെയ്യുന്ന പോലെയാണോ നളന്‍…????

  പിന്നെ ഒരു കാര്യം മുഖം മൂടണമെന്നു വിശ്വസിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് അത് ഈശ്വരന്‍ കല്പിച്ചതാണ് എന്ന വിശ്വാസത്തിലാണ് ( ആണോ അല്ലേ എന്നത് വേറെ കാര്യം ).. അല്ലാതെ കാമം ഇളകുമെന്നോ മറ്റോ കരുതിയിട്ടല്ല… അത് തനി അസംബന്തമാണ്‌ ……………

  • nalanz says:

   സായൂബെ, താങ്കള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ തന്നെയുണ്ട്, ദയവായി അതു വായിച്ചു നോക്കുക. താങ്കള്‍ അതു വായിക്കാതെയാണു കമന്റുകള്‍ ഇടുന്നതെന്ന് വ്യക്തമാണു.

   വായിച്ചിട്ടു വ്യക്തമല്ലാത്തതുണ്ടെങ്കില്‍ സംസാ‍രിക്കാം

 5. സയൂബ് says:

  നളന്‍, ഞാന്‍ വായിച്ചിട്ട് തന്നെയാണ് പോസ്റ്റ്‌ കമ്മന്റ് ഇട്ടതു..

  മുഖം മൂടുന്ന സ്ത്രീ എപ്പോഴും ആരുടെയോ ബാലാല്‍കാരത്തിന് വിധേയമായിട്ടാണ് അത് ചെയ്യുന്നത് എന്നത് ഒരു തെറ്റാണ്.. (ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി മുഖം മറക്കുന്നതുല്പെടെ ഏതു വസ്ത്രമായാലും ധരിക്കുന്നവരുണ്ടാവം.. നിര്‍ബന്ദത്തിനു വഴങ്ങി ഒന്നും ധരിക്കാതവരെയും കാണും.. നിര്‍ബണ്ടിക്കുന്നതെതായാലും ശെരി അല്ല..) ഒരു സ്ത്രീ സ്വന്തം മുഖം മൂടിയാല്‍ സമൂഹത്തെ അതെങ്ങനെയാണ്‌ ബാധിക്കുന്നത്..?

  തീച്ചയായും ഈ പോസ്റ്റില്‍ ഉള്ളത് പോലെ മുഖം മൂടുന്നതിനെതിരെ വേണേല്‍ ആശയ പ്രചാരം നടത്താം. പക്ഷേ ഏതെങ്കിലും ഒരു സ്ത്രീ അങ്ങനെ വേണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ നിയമം മൂലം നിരോധിക്കുന്നത് “താലിബാനിസം” തന്നെ… (അവരും പല നിയമങ്ങള്‍ക്കും അവരുടെതായ ഇത്തരം ന്യായങ്ങള്‍ ആണല്ലോ പറയാറുള്ളത് എന്നാണല്ലോ നമ്മള്‍ വായിക്കുന്നത് )

  _”……….പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്)………..”_

  ഇതാണ് അല്ലേ കാര്യം .. മതം വ്യക്തിയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പെട്ടതാണ്. അത് വീടിലെ പാടുള്ളൂ എന്ന് പറയുന്നത് മതം അടിച്ചേല്പിക്കുന്ന പോലെ തന്നെയാണ്.. അതുകൊണ്ടാണ് ഞാന്‍ താലിബാനിസം എന്ന് പ്രയോഗിച്ചത്..

 6. സയൂബ് says:

  ബ്രിന്ദ കാരാട്ട് പറഞ്ഞത് വളരെ ശെരിയാണ്

  “There is no difference then, between countries who force the veil on their women and countries who force them not to wear it. Either way, the freedom of the woman is not respected, she said.

 7. nalanz says:

  (ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി മുഖം മറക്കുന്നതുല്പെടെ ഏതു വസ്ത്രമായാലും ധരിക്കുന്നവരുണ്ടാവം.. നിര്‍ബന്ദത്തിനു വഴങ്ങി ഒന്നും ധരിക്കാതവരെയും കാണും.. നിര്‍ബണ്ടിക്കുന്നതെതായാലും ശെരി അല്ല..) ഒരു സ്ത്രീ സ്വന്തം മുഖം മൂടിയാല്‍ സമൂഹത്തെ അതെങ്ങനെയാണ്‌ ബാധിക്കുന്നത്..?

  ഇതിനുള്ള ഉത്തരം പോസ്റ്റിലുണ്ട്. .ഒന്നൂടി പറയാം.
  വ്യക്തിസ്വാതന്ത്ര്യം എന്നത് ഒറ്റപ്പെട്ടു വായിക്കേണ്ട സംഗതിയല്ലെന്നാണു തുടക്കത്തില്‍ തന്നെ പറഞ്ഞത്… മുഖം മറയ്ക്കുന്നത് അതുകൊണ്ട് വെറും വ്യക്തിസ്വാതന്ത്ര്യമല്ല. ആ സ്വാതന്ത്ര്യം എന്തു ചെയ്യുന്നു എന്നതിനു ജനാധിപത്യ സമൂഹത്തില്‍ പ്രസക്തിയുണ്ട്.

  പുക വലിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണു, പക്ഷെ അതു പൊതു നിരത്തില്‍ നിരോധിക്കപ്പെടുന്നതെന്തു കൊണ്ട് ? മദ്യപിച്ചു വാഹനമോടിക്കുന്നതും അതുപോലെ ഒറ്റപ്പെടുത്തി വായിച്ചാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരും, എന്നാല്‍ ഇതൊക്കെ വിലക്കുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കിയാല്‍ കണ്‍ഫ്യൂഷന്‍ മാറിക്കിട്ടും.

  വിധവകള്‍ വെള്ള വസ്ത്രം ധരിക്കുന്നതും, ആഭരണങ്ങള്‍ അണിയുന്നതും വെറും വ്യക്തിസ്വാതന്ത്ര്യമായി മാത്രം കാണുന്നതും ചരിത്ര നിഷേധമാണു… കുറച്ചു പിറകോട്ടു പോയാല്‍ ചരിത്രത്തില്‍ ചീഞ്ഞു നാറുന്ന പലതും തടയും, മതാധികാരത്തിന്റെ ഭീകരത ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി വിധവകള്‍ക്കുണ്ടായിരുന്ന സൌഭാഗ്യങ്ങളിലേക്കൊരു എത്തിനോട്ടം ഉപകരിക്കും… സതി !! ഓര്‍മ്മയില്ലേ….. തല മുണ്ഡനം !!…….. വെള്ള വസ്ത്രം! …. ഇതില്‍ ബാക്കി നില്‍ക്കുന്നത് ഇപ്പറഞ്ഞ അവസാനത്തേതൊക്കെ മാത്രം. അതിനെ വ്യക്തിസ്വാതന്ത്ര്യമായി കാണുന്നത് ചരിത്ര നിഷേധമാണു.

  അതു പോലെ തന്നെ മുഖം മറയ്ക്കുന്നതും , സ്ത്രീകള്‍ സ്വയം കണ്ടുപിടിച്ചു നടപ്പിലാക്കിയ ഒന്നല്ല്. മതം അനുശാസിക്കുന്ന ഒന്നു ‘അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു പറയുമ്പോഴും’ അത് അടിച്ചേല്‍പ്പിക്കല്‍ തന്നെയാണു. സതിയും ഒരു കാലത്ത് അടിച്ചേല്‍പ്പിച്ചിരുന്നു. അന്നും അതു വ്യക്തി സ്വാതന്ത്ര്യമാണെന്ന വാദങ്ങള്‍ ഉണ്ടായിരുന്നു.

  പലതിനേയും മറികടക്കാന്‍ നിയമനിര്‍മ്മാണം തന്നെ വേണം, പ്രത്യേകിച്ചും അടിച്ചേല്‍പ്പിക്കുന്നത് മതാധികാരത്തിന്റെ പുറത്താകുമ്പോള്‍ (വ്യക്തിസ്വാതന്ത്ര്യമെന്നൊക്കെ പറഞ്ഞു ഇനിയും മനുഷ്യനെ വടിയാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല). ഇന്നു വിധവകള്‍ക്കു പുനര്‍വിവാഹം വരെ ആകാം …ഹോ ..മനു ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നേല്‍ ഹൃദയം പൊട്ടി ചത്തേനെ !
  അയിത്തവും , സതിയും പോലെ പല സാംസ്കാരിക അശ്ലീലതകളും നിര്‍ത്തലാക്കാന്‍ കഴിഞ്ഞത്, നിയമ നിര്‍മ്മാണം വഴിയാണ്, അല്ലാതെ ഇവയൊന്നും ബോധ്യപ്പെട്ടുപേക്ഷിക്കപ്പെട്ടവയല്ല.

  സതി നിര്‍ത്തലാക്കിയതും , അയിത്തം നിരോധിച്ചതും താലിബാനിസം എന്നു വിളിക്കാന്‍ അവകാശമുണ്ടെന്നു വേണമെങ്കില്‍ വാദിക്കാം.. പുല്ലു വില ഉണ്ടാകില്ല അത്രേയുള്ളൂ. അതു പോലെയെ ഉള്ളൂ മുഖം മറയ്ക്കുന്നത് നിരോധിച്ചാല്‍ ‘freedom of woman’ റെസ്പെക്റ്റാവുന്നില്ല എന്നു പറയുന്നതും !.

 8. സയൂബ് says:

  നളന്‍

  പുക വലിക്കുന്നതും മദ്യപിച്ചു വാഹനമോടിക്കുന്നതും പോലെയാണോ മുഖം മറയ്ക്കുന്നത്…? പുക വലിച്ചാലും മദ്യപിച്ചു വണ്ടിയോടിചാലും വേറെ ആള്‍ക്കാരുടെ ജീവന്‍ അപകടത്തിലാവും… അങ്ങനെയാണോ ഒരു വ്യക്തി സ്വന്തം മുഖം മറയ്ക്കുന്നത്..?

  വിധവകള്‍ സാമൂഹ്യ സമ്മര്‍ദം കൊണ്ടല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വെള്ള വസ്ത്രം ധരിക്കുക പോലെ വല്ലതും ചെയ്യുകയാണെങ്കില്‍ അതിലും തെറ്റില്ല.. മതം ഒന്നും അടിചെല്പിക്കുന്നില്ല.. (ഈ നിയമം മൂലം അടിചെല്പിക്കള്‍ മാത്രമാണ് ഈ പോസ്റ്റിന്റെ വിഷയത്തിലും എന്റെ പ്രശ്നം………… ) മതത്തില്‍ വിശ്വസിക്കുന്ന ആള്‍ എന്തൊക്കെ ചെയ്യണമെന്നു മതം അനുശാസിക്കുന്നു.. ഇഷ്ടമുള്ളവന്‍ വിശ്വസിക്കുന്നു ഇഷ്ടമില്ലാത്തവന്‍ നിഷേധിക്കുന്നു.. അത്രേ ഉള്ളൂ.. മതം ഏതെങ്കിലും വ്യക്തി മറ്റൊരു വ്യക്തിയുടെ നേരെ അടിചെല്പിക്കുക ആണെങ്കില്‍ അത് തെറ്റ് തന്നെ .. ബുര്‍ഖ നിരോധിക്കുന്ന അതേ പോലെയുള്ള തെറ്റ്…

  അടിചെല്പിക്കള്‍ എന്ന വാക്ക് ആവര്തിക്കൂ … അത് മതമായാലും മതരാഹിത്യമായാലും തെറ്റ് അല്ലേ…??

  “………..സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു വാസ്ഥവം. ……….”

  ഈ പറഞ്ഞതൊക്കെ നളന്റെ ഒരു വായന മാത്രമാണ്.. കാമം ഇളകും എന്ന് കരുതീട്ടൊന്നുമല്ല ആളുകള്‍ അവരുടെ വിശ്വാസപ്രകാരം ഉള്ള വസ്ത്രം ധരിക്കുന്നത്. ( മനുഷ്യര്‍ മതനിയമങ്ങള്‍ക്ക് സ്വന്തം ന്യായീകരണങ്ങള്‍ കണ്ടെതികൊടുക്കാരുന്ടെങ്കിലും…………..)

  സ്ത്രീക്കും പുരുഷം മതം വസ്ത്ര മര്യാദകള്‍ അനുശാസിക്കുന്നു. സ്ത്രീ എപ്പൊഴും മതകീയ വസ്ത്രം (അവരവരുടെ വിശ്വാസപ്രകാരം) സ്വയം ആഗ്രഹിക്കില്ല എന്ന് നളന്‍ അങ്ങ് പ്രഖ്യാപിച്ചു കളയുന്നതില്‍ തന്നെ ഒരു പുരുഷ മേധാവിത്വം മണക്കുന്നു…….

 9. nalanz says:

  ഈ പറഞ്ഞതൊക്കെ നളന്റെ ഒരു വായന മാത്രമാണ്.. കാമം ഇളകും എന്ന് കരുതീട്ടൊന്നുമല്ല ആളുകള്‍ അവരുടെ വിശ്വാസപ്രകാരം ഉള്ള വസ്ത്രം ധരിക്കുന്നത്. ( മനുഷ്യര്‍ മതനിയമങ്ങള്‍ക്ക് സ്വന്തം ന്യായീകരണങ്ങള്‍ കണ്ടെതികൊടുക്കാരുന്ടെങ്കിലും…………..)

  ഇതെന്റെ വായനയുടെ കുറ്റമാനെങ്കില്‍ അതു എന്തുകൊണ്ടാണെന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്.. എന്റെ വായനയില്‍ തെറ്റുണ്ടെങ്കില്‍ അതെന്താണെന്നു പറയാതെ, വെറുതെ തെറ്റുണ്ടെന്നു മാത്രം പറഞ്ഞാല്‍ അതിനു പുല്ലു വിലയേ കല്പിക്കുന്നുള്ളൂ.. അതായത് എന്റെ വായനയില്‍ തെറ്റില്ലെന്നു അനുമാനിക്കേണ്ടി വരും.

  ആവര്‍ത്തിച്ചതൊക്കെ വീണ്ടു ആവര്‍ത്തിക്കാം. സ്ത്രീകള്‍ ഒരു ദിവസം സ്വയം തോന്നി മുഖം മറയ്ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യാന്‍ തുടങ്ങിയെന്നു പറഞ്ഞാല്‍ അതു ചരിത്ര നിഷേധമാണു, അല്ലാതെ അത് ചൂണ്ടിക്കാണിച്ച ഞാന്‍ പുരുഷമേധാവിത്തമാണു കാണിക്കുന്നതെന്നു പറഞ്ഞാലും പുല്ലു വിലയേ ഉള്ളൂ, കാരണം അതു വെറുമൊരു declarative statement മാത്രമാണു. അതു പറഞ്ഞ ആള്‍ അതു വിശദീകരിക്കാത്തോളം കാലം. ഞാനിവിടെ പറഞ്ഞതോ എഴുതിയതുമായ എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ എനിക്കു ബാധ്യതയുണ്ടെ, അതു ചെയ്യുകയും ചെയ്യും.

  മതാചാരപ്രകരമാണു മുഖം മറയ്ക്കുന്നതല്ലെന്നാണെങ്കില്‍ മാത്രമേ ഞാന്‍ പറഞ്ഞതില്‍ അപാകതയുള്ളൂ…

  എന്താണു നിങ്ങള്‍ പറയുന്നത്,

  മുഖം മറയ്ക്കുന്നത് മതാചാരപ്രകാരമല്ലെന്നാണോ ?
  സ്വന്തം ഇഷ്ടപ്രകാരമാണൊ അല്ലയോ എന്നല്ല ചോദ്യം ,
  മതാചാരപ്രകാരം സ്വന്തം ഇഷ്ടത്തോടെ ആണോ അല്ലയോ എന്നുമല്ല ചോദ്യം.

  ഒരു ചോദ്യം കൂടി ?
  എന്തിനാണു മുഖം മറയ്ക്കുന്നത് ? വെറും ഇഷ്ടമാണെന്നു പറയല്ലേ

  • സയൂബ് says:

   നളന്‍.

   മുഖം മറക്കുന്നതിന്റെ ലളിതമായ കാരണം (അത് ചെയ്യുന്നവര്‍ വിശ്വസിക്കുന്നത് ) അങ്ങനെ ചെയ്യേണ്ടത് ഈശ്വര കല്പന ആണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.. അത് കൊണ്ട് മാത്രം..

   ഈശ്വരന്‍ അങ്ങനെ കല്പിക്കാന്‍ കാരണം കാമഭ്രാന്ത്‌ തടയാനാണ് എന്നൊക്കെ മനുഷ്യര്‍ക്ക്‌ നിഗമനം നടത്താം.. അത് പൂര്‍ണമായോ ഭാഗികമായോ ശെരിയോ തെറ്റോ ആകാം… അല്ല, ഒരു ഭൌതിക കാരണത്തിന്റെ പേരിലാണ് വിശ്വാസ അനുഷ്ടാനങ്ങള്‍ ചെയ്യുന്നത് എങ്കില്‍ പിന്നെ അതിനെ വിശ്വാസം എന്നോ മതം എന്നോ ഒക്കെ വിളിക്കേണ്ടതില്ലല്ലോ ..? അത് മതം അല്ലല്ലോ.. അത് വെറും ഭൌതിക കാരണം മാത്രം ആയിപ്പോവില്ലേ…

   മുഖം മൂടുന്നത് എന്തിനു എന്നതില്‍ പക്ഷേ നളന്റെ ആ വായനയെ ഞാന്‍ കുറ്റം പറയുന്നില്ല.. പക്ഷേ നളന്റെ വായന അല്ല എല്ലാവരുടെതും എന്നത് കൊണ്ട് ആ വായനയുടെ അടിസ്ഥാനത്തില്‍ മുഖം മൂടി നിരോധിക്കണമെന്ന നിഗമനം ശെരിയല്ല.

   പിന്നെ വിശ്വാസം .. ഈശ്വര കല്പന ഇങ്ങനെയാണ് എന്ന് വിശ്വസിക്കുന്നതും അത് അനുഷ്ടിക്കുന്നതും അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നതും അനുഷ്ടിക്കാതിരിക്കുന്നതും ഓരോരുതരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്…

   പിന്നെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖം മൂടുന്നത് മാത്രമല്ല സ്ത്രീയോ പുരുഷനോ ഉപയോഗിക്കുന്ന ഒരു വസ്ത്രവും പെട്ടെന്നൊരു ദിവസം ഇഷ്ടം തോന്നി അണിയുന്നതല്ല…. എന്ന് വെച്ച് അതൊക്കെ വ്യക്തിയുടെ ഇഷ്ടാനിഷ്ടമല്ല എന്നും പറയാന്‍ പറ്റില്ലല്ലോ..

   പിന്നെ ഞാന്‍ പുരുഷ മേധാവിത്വമെന്നു പറഞ്ഞത് സ്ത്രീ എപ്പൊഴും മതകീയ വസ്ത്രം (അവരവരുടെ വിശ്വാസപ്രകാരം) സ്വയം ആഗ്രഹിക്കില്ല എന്ന രീതിയിലുള്ള ഒരു തീര്‍പ്പ്‌ നളന്‍ കല്പിക്കുന്ന പോലെ തോന്നിയത് കൊണ്ടാണ്.. സ്ത്രീക്ക് അങ്ങനെയും ആഗ്രഹിക്കാമല്ലോ..?

 10. nalanz says:

  മുഖം മറക്കുന്നതിന്റെ ലളിതമായ കാരണം (അത് ചെയ്യുന്നവര്‍ വിശ്വസിക്കുന്നത് ) അങ്ങനെ ചെയ്യേണ്ടത് ഈശ്വര കല്പന ആണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.. അത് കൊണ്ട് മാത്രം..

  ഈശ്വര കല്പന !! ഇതു ഈശ്വര കല്പനയാണെന്നത് മതം പറഞ്ഞുകൊടുത്തതുമാണു എന്നു കൂടി പറഞ്ഞാലേ ഉത്തരം പൂര്‍ണ്ണമാകൂ… അല്ലാതെ അവര്‍ ഇതു ഈശ്വരകല്പനയാണെന്നു സ്വയം തിരിച്ചറിഞ്ഞതല്ല.. അതാണു കാതലായ പോയിന്റ്…

  ഈശ്വരന്‍ അങ്ങനെ കല്പിക്കാന്‍ കാരണം കാമഭ്രാന്ത്‌ തടയാനാണ് എന്നൊക്കെ മനുഷ്യര്‍ക്ക്‌ നിഗമനം നടത്താം.. അത് പൂര്‍ണമായോ ഭാഗികമായോ ശെരിയോ തെറ്റോ ആകാം… അല്ല, ഒരു ഭൌതിക കാരണത്തിന്റെ പേരിലാണ് വിശ്വാസ അനുഷ്ടാനങ്ങള്‍ ചെയ്യുന്നത് എങ്കില്‍ പിന്നെ അതിനെ വിശ്വാസം എന്നോ മതം എന്നോ ഒക്കെ വിളിക്കേണ്ടതില്ലല്ലോ ..? അത് മതം അല്ലല്ലോ.. അത് വെറും ഭൌതിക കാരണം മാത്രം ആയിപ്പോവില്ലേ…

  ഭൌതിക കാരണങ്ങളുമായി മതത്തിനൊരു ബന്ധവുമില്ലേ ? മതപരമായ വിശ്വാസങ്ങളെല്ലാം ഭൌതികതയുമായി വായിക്കാന്‍ പറ്റില്ലെന്നാണൊ ? ഇതിന്റെ ഉത്തരം കേട്ടിട്ടു വേണം ഒരുപാടു സംവാദങ്ങള്‍ തുടങ്ങിവയ്ക്കാന്‍ !!

  ഏതായാലും ദൈവം മനുഷ്യനോടു ഇങ്ങിനെ പറയുമെന്നാ‍ണോ നിങ്ങള്‍ പറയുന്നത്… ‘ഞാന്‍ പറയുന്നതൊക്കെ കണ്ണടച്ചങ്ങു കേട്ടാല്‍ മതി, ഇങ്ങോട്ടു ചോദ്യമൊന്നും വേണ്ട‘ എന്നു… ദൈവമെന്നുണ്ടെങ്കില്‍ അതങ്ങിനെയായിരിക്കാന്‍ വഴിയില്ല. മനുഷ്യനെ അവന്റെ തെറ്റുകള്‍ ബോദ്ധ്യപ്പെടുത്തി, അതു തിരുത്തിക്കുയെന്ന മാര്‍ഗ്ഗത്തിനു പകരം , ‘നീ ഇതൊക്കെ അങ്ങു അനുസരിച്ചാല്‍ മതി ‘ എന്നു ദൈവം പറയുമെന്നു തോന്നുന്നുണ്ടോ ? അതായത് ദൈവത്തിനു മനുഷ്യനു മനസ്സിലാവുന്ന മനുഷ്യയുക്തിയില്‍ ഊന്നിയേ മനുഷ്യനെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കുകയുള്ളൂ, അല്ലാതെ ഒരു തേഡ് റേറ്റ് ഡിക്റ്റേറ്ററായിട്ടല്ലെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണു. ദൈവം മനുഷ്യനു മനസ്സിലാവുന്ന മനുഷ്യയുക്തിയിലൂന്നി, അവനെ ബോദ്ധ്യപ്പെടുത്തി, അവനെ നേര്‍വഴിയിലേക്കു നടത്തുന്നതിനു പകരം മനുഷ്യയുക്തിക്കു നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുമെന്നു പറയുകയാണെങ്കില്‍ നിങ്ങള്‍ ദൈവത്തെ കുറിച്ചായിരിക്കില്ല സംസാരിക്കുന്നത്, ചെകുത്താനെ കുറിച്ചവാനാണു സാധ്യത.

  അതുകൊണ്ടു ഭൌതിക കാരണങ്ങളുമായി മതത്തിനു ബന്ധമില്ലെന്നു പറയുകയാണെങ്കില്‍ മതങ്ങള്‍ ചെകുത്താനെയാണു ആചരിക്കുന്നതെന്നു പറയുന്നതിനു തുല്യമാണു

  പിന്നെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖം മൂടുന്നത് മാത്രമല്ല സ്ത്രീയോ പുരുഷനോ ഉപയോഗിക്കുന്ന ഒരു വസ്ത്രവും പെട്ടെന്നൊരു ദിവസം ഇഷ്ടം തോന്നി അണിയുന്നതല്ല…. എന്ന് വെച്ച് അതൊക്കെ വ്യക്തിയുടെ ഇഷ്ടാനിഷ്ടമല്ല എന്നും പറയാന്‍ പറ്റില്ലല്ലോ..
  പിന്നെ ഞാന്‍ പുരുഷ മേധാവിത്വമെന്നു പറഞ്ഞത് സ്ത്രീ എപ്പൊഴും മതകീയ വസ്ത്രം (അവരവരുടെ വിശ്വാസപ്രകാരം) സ്വയം ആഗ്രഹിക്കില്ല എന്ന രീതിയിലുള്ള ഒരു തീര്‍പ്പ്‌ നളന്‍ കല്പിക്കുന്ന പോലെ തോന്നിയത് കൊണ്ടാണ്.. സ്ത്രീക്ക് അങ്ങനെയും ആഗ്രഹിക്കാമല്ലോ..?

  സുഹൃത്തേ, നിങ്ങള്‍ മുഖം മറയ്ക്കുന്നത് വസ്ത്രധാരണവുമായി ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇതു മതമേധാവികള്‍ പണിഞ്ഞ ട്രാപ്പാണു. മുഖം മറയ്ക്കുന്നത് വസ്ത്രധാരണത്തിന്റെ ഭാഗമായി മുന്നോട്ടു വച്ചാലല്ലേ ഇവര്‍ക്കിതു വ്യക്തി സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടനൊക്കൂ.. അതില്‍ വീഴാതെ നോക്കുക.. നിങ്ങളെ തെറ്റിദ്ധരിപ്പിക്കനുള്ള മതാധികാരികളുടെ തന്ത്രമാണിതു. സതി അനുഷ്ഠിച്ച സ്ത്രീ ഇതു വ്യക്തിസ്വാതന്ത്ര്യമായി തെറ്റിദ്ധിരിച്ചതും ഇതേ ട്രാപ്പില്‍ പെട്ടാണു.
  ദൈവം എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും നിങ്ങളെ വിലക്കുന്നുണ്ടെങ്കില്‍ അതെന്തിനാണെന്നു ബോദ്ധ്യപ്പെടുത്തി മാത്രമേ ചെയ്യുകയുള്ളൂ. മുഖം മറയ്ക്കാന്‍ പറഞ്ഞാലും അതിന്റെ കാരണം തരാതെയാവില്ല. മനുഷ്യയുക്തിക്കു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ ദൈവം നിങ്ങളോടാവശ്യപ്പെടുന്നതായി മതാധികാരികള്‍ നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതു തിരിച്ചറിയുക, ഇതൊരു വ്യാജ ദൈവമാകാനാണു സാധ്യത. ജാഗ്രതൈ !

 11. Prince says:

  http://kalluslate.blogspot.com/2007/10/blog-post.html

  This blog tells something about woman’s destiny. Could read in between.

 12. nalanz says:

  http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443#

  ഇതു കൂടി ഇരിക്കട്ടെ….വ്യക്തി സ്വാതന്ത്ര്യം എന്നും പറഞ്ഞു വരുന്നവര്‍ക്കായി

 13. സയൂബ് says:

  വ്യക്തിസ്വാതന്ത്ര്യമെന്നാല് സ്റ്റേറ്റിന് ഇഷ്ടമുള്ള മതങ്ങള് (ആശയങ്ങള്) സ്വീകരിക്കലാണെന്ന് കരുതുന്നവറ്ക്കായി….
  ഇത് കുടി വായിക്കുക. പറ്ദയും ജനാധിപത്യവും……………..

  http://www.jihkerala.org/htm/malayalam/Mediawatch/PDF/KP%20Salva_MATHRUBHUMI%20Weekly%2022.11.09.pdf

  I do not agree with what you have to say, but I’ll defend to the death your right to say it.
  – Voltaire …

 14. മറ്റുചില കാര്യങ്ങളും കൂടി ഇതോടൊപ്പം ചിന്തിക്കാന്‍ തോന്നി-

  ആരാണു സ്ത്രീകളെക്കൊണ്ട്, ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഇടുവിക്കുന്നത്? ആരാണു ഫാഷന്റെ പേരില്‍, വസ്ത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ അല്പവസ്ത്രധാരിണികള്‍ ആക്കുന്നത്?

 15. nalanz says:

  ജ്യോതിര്‍മയി,
  ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെ….
  പുരുഷനു തന്നെ റേപ്പ് (rape) ചെയ്യാനുള്ള അവകാശമുണ്ടെന്നു സ്ത്രീയെക്കൊണ്ടു പറയിപ്പിച്ചിട്ട് അതു വ്യക്തി സ്വാതന്ത്ര്യമായി വായിക്കപ്പെടുന്നതിലെ സ്ത്രീവിരുദ്ധതയാണിവിടെ പറയാന്‍ ശ്രമിച്ചത്.

  സ്ത്രീ ശരീരം മാത്രമാണെന്നു വരുമ്പോഴാണു അതു കമോഡിറ്റിയാകുന്നത്. ഇത് കമ്പോള വ്യവസ്ഥിതിയുടെ രീതിയാണു.
  കമ്പോള വ്യവസ്ഥിതിയിലെ ഫാഷന്‍ ഷോകളില്‍ ഈ കമോഡിറ്റി വിക്കപ്പെടുകയാണു, ശരീരം പ്രദശിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിലൂടെ. ഇതു മൂലം സ്ത്രീ കമോഡിറ്റിയാണെന്ന ആശയം ഊട്ടിഉറപ്പിക്കപ്പെടുകയാണു ചെയ്യുന്നത്. ഇതിനെ ചെറുക്കേണ്ടതൂണ്ട്.

  എന്നാല്‍ സ്ത്രീ ശരീരം മാത്രമല്ലെന്ന തിരിച്ചറിവു ഉണ്ടാകേണ്ടത് സമൂഹത്തിനാണു. അങ്ങിനെയുള്ള സമൂഹത്തില്‍
  അല്പവസ്ത്രധാരണം മൂലം സ്ത്രീ ഒരു കമോഡിറ്റിയായി വായിക്കപ്പെടുകയില്ല, അങ്ങിനെ വന്നാല്‍ ഫാഷന്‍ ഷോകളില്‍ ഈ തന്ത്രമുപയോഗിക്കാന്‍ പറ്റുകയുമില്ല. അങ്ങിനെയുള്ള സമൂഹത്തില്‍ അല്പവസ്ത്രധാരണം ഒരു സ്വാതന്ത്ര്യം കൂടിയാകുമെന്നു തോന്നുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: