ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും.

സ്വാതന്ത്ര്യം എന്ന സംജ്ഞയ്ക്കുള്ള നിര്‍വചനം പലപ്പോഴും പരാജയപ്പെടുന്നത് കൂടുതല്‍ ആഴമേറിയ ഉള്‍നോട്ടങ്ങളിലാണ്. സ്വാതന്ത്ര്യത്തിന്റെ പരിമിതികളെപ്പറ്റി ബോധ്യം കൂടി വരുന്തോറും അതിന്റെ അര്‍ഥങ്ങളെ വീണ്ടും ചികഞ്ഞെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

സ്വാതന്ത്ര്യത്തിന് ഇന്നു നല്‍കിപ്പോരുന്ന പ്രാധാന്യം, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നതാണ്. ഒരു ജനാധിപത്യ സമൂഹം തങ്ങളില്‍ സ്വയമര്‍പ്പിക്കുന്ന അവകാശം. അതിനാലാകണം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യവും, അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്ര്യവും പരമപ്രധാനമാകുന്നത്. ഓരോ അഭിപ്രായവും ഓരോ സാധ്യതകളാണ്. മുന്നോട്ടുവയ്ക്കുന്നത്, കൂടെ സൃഷ്ടിക്കപ്പേടുന്നത് ആ സാധ്യതകളുടെ ഇടവും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളെ മാറ്റത്തിന്റെ തോണികളാക്കി വികസിപ്പിക്കുമ്പോഴാണല്ലോ ജനാധിപത്യം ചലനാത്മകമാകുന്നത്.

ഇടങ്ങളെ ക്രിയാത്മകമായി ചൂഷണം ചെയ്യേണ്ടതുണ്ട് എന്നു സമ്മതിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മറ്റൊരു  ചോദ്യമുണ്ട്. എല്ലായിപ്പോഴും അങ്ങിനെ സംഭവിക്കാറുണ്ടോ ? ഇല്ല എന്നു തന്നെയാണു ചരിത്രം.സാധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണ്ണായക പങ്കുണ്ട്. കേരളത്തെപ്പോലെ രാഷ്ട്രീയപ്രക്ഷുബ്ദമായ സാമൂഹ്യ അന്തരീക്ഷങ്ങളില്‍ സാ‍ധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളോടൊപ്പം മാധ്യമങ്ങളും ഭാഗഭാക്കാകുമ്പോള്‍, കേരളത്തിനു പുറത്ത് ഇത് ഏറെക്കുറേ മാധ്യമങ്ങള്‍ മാത്രമാണു നിര്‍വ്വഹിക്കുന്നത്. അതായത് മുതല്‍മുടക്കുള്ളവര്‍ കോര്‍പ്പൊറേറ്റുകളാകുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍‌ഗണന ലഭിക്കുന്നത് സ്വാഭാവികം മാത്രം. അരാഷ്ട്രീയവല്‍ക്കരണത്തിലേക്കുള്ള അധഃപതനം അനിവാര്യ ദുരന്തവും.

പറഞ്ഞു വന്നത് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാകുന്നതിലെ അപകടത്തെക്കുറിച്ചാണ്.(മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണെന്നാണല്ലോ വയ്പ്). ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം, അതു വോട്ടു ചെയ്യുമ്പോള്‍ മാത്രമായി ചുരുങ്ങുന്നതിന്റെ, അല്ലെങ്കില്‍ ചുരുക്കുന്നതിന്റെ അപകടത്തെക്കുറിച്ചു. ഉപരിവര്‍ഗ്ഗത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ഒരു ഔപചാരികത മാത്രമായി തിരഞ്ഞെടുപ്പ് അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയുള്ളില്‍ കുടിയേറിയ ഫാസിസ്റ്റ് ഭൂതത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ബുദ്ധിജീവികളും മാധ്യമങ്ങളും.

സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ (പരമ്പരാഗത മാധ്യമങ്ങളെയാണുദ്ദേശിച്ചത്, ആധുനിക മാധ്യമമായ ബ്ലോഗ് ഒരു അപവാദം)  ഇടം നേടാറില്ല, എന്നാല്‍ ബുദ്ധിജീവികളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അങ്ങിനെയല്ല, സാധാരണക്കാരന്‍ ഉറ്റുനോക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയും.

സാധാരണക്കാരന്‍ തന്നേക്കാള്‍ ഉള്‍‍ക്കാഴ്ചയുള്ളവനെന്ന നിലയിലോ (അതങ്ങിനെയാവണമെന്നില്ല), ഒരു വഴികാട്ടിയെന്ന നിലയിലോ ബുദ്ധിജീവികളെക്കാണുമ്പോള്‍, മാധ്യമങ്ങളാകട്ടെ ഇതിനെ തന്ത്രപൂര്‍വ്വം ഉപരിവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ജനാധിപത്യത്തിന്റെ ചലനാത്മകതയെ മാധ്യമങ്ങള്‍ മാത്രം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥിതിയില്‍ ബുദ്ധിജീവികളെയും അതുവഴി അഭിപ്രായങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നിടത്ത് നമ്മളറിയാതെ കുടിയേറിയ ഫാസിസ്റ്റ് ഭൂതം പത്തിവിരിക്കുന്നു.

ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ. ഈ ഒരു ആശ്രിതത്വമാണ് മാധ്യമങ്ങളുടെ അധികാരത്തെ സമ്പൂര്‍ണ്ണമാക്കുന്നതും, അഭിപ്രായങ്ങളെ സ്വാധീക്കുകയെന്നത് ക്ലേശകരമല്ലാത്ത പ്രവൃ‍ത്തിയാക്കി മാറ്റുന്നതും. ഇപ്രകാരം അഭിപ്രായങ്ങളെ സ്വാധീനിക്കുക വഴി ബുദ്ധിജീവികള്‍ എന്തു പറയണമെന്നും, എന്തു പറയരുതെന്നും മാത്രമല്ല മാധ്യമ അധികാരത്തിന്റെ പരിധിക്കുള്ളില്‍ വരുന്നത്, ബുദ്ധിജീവിയെന്നു വിളിക്കപ്പെടാനുള്ള മാനദണ്ഡം കൂടിയാണ്. അതായത്  സ്വീകാര്യതയുടെ ഈ മാനദണ്ഡങ്ങള്‍ പരിപാലിച്ചാല്‍ മാത്രമേ മാധ്യമങ്ങളൊരുക്കുന്ന വരേണ്യവേദിയില്‍ സ്ഥാനം നേടാനാകൂ.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു ഹിതകരമല്ലാതെ വരുന്നത് അവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രീയ അനിശ്ചിതത്തങ്ങളുമാണ്. മുംബായ് സംഭവം നടന്ന നാളുകളില്‍ മാധ്യമങ്ങളുണര്‍ത്തിവിട്ട അരാഷ്ട്രീയത നമ്മള്‍ കണ്ടതാണ്. ഭീകരതയുടെ കാരണങ്ങളെ(രാഷ്ട്രീയത്തെ) വിഷയമാക്കാന്‍ വിസമ്മതിച്ച പാടവം, ഒരിക്കല്‍പ്പോലും അത് ചര്‍ച്ചചെയ്യപ്പേടേണ്ടതേയില്ലെന്ന ശാഠ്യം എത്ര ബീഭത്സമായിരുന്നുവെന്ന് ഓര്‍ക്കുക.(കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്കു നേരെ കൂടിയായിരുന്നല്ലോ ഭീകരര്‍ നിറയൊഴിച്ചത്)

ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പരണത്തു വെച്ച്, നാടു പട്ടാളം ഭരിക്കട്ടെ,  നോ സെക്യൂരിറ്റി – നൊ ടാക്സ്, തുടങ്ങി ഉപരിവര്‍ഗത്തിന്റെ ഇന്‍സ്റ്റന്റ് അരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമായാണ് മാധ്യമങ്ങള്‍ മുംബെ സംഭവത്തെ ഉപയോഗിച്ചത്. അരാഷ്ട്രീയതയെ ഒറ്റമൂലിയാക്കി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പഴുതുകളത്രയുമടച്ച് നിഷ്ഠുരമായ അധികാരമാണ് കുടിയിരുത്തപ്പെടുന്നത്. ഏതുതരം ഉപജാപങ്ങള്‍ക്കും വഴങ്ങുന്ന ഒരു ജനതയും നിസാരമായി സൃഷ്ടിക്കപ്പെടും.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മോഡി അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാകുന്നത്.  കോര്‍പ്പറേറ്റ് അധികാരങ്ങളെയും അവരുടെ ചൂഷണങ്ങളെയും  ചെറുക്കുന്ന ഇടതു പാര്‍ട്ടികള്‍ അവര്‍ക്കു അനഭിമതരുമാകുന്നു.

കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധമാകുന്നതില്‍ വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ സാധാരണക്കാരന്‍ ഇപ്പോഴും മാതൃകാസ്ഥാനത്ത് വാഴ്ത്തുന്ന ബുദ്ധിജീവികളുടെ മേല്‍, കോര്‍പറേറ്റ് മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയായി രൂപപ്പെടുമ്പോള്‍ ഫാസിസത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞേ മതിയാകൂ.

നിരന്തരം തങ്ങളുടെ ഇടതുവിരുദ്ധത തെളിയിക്കേണ്ട ബാധ്യത, ആവശ്യപ്പെടാതെ തന്നെ വെളിപ്പെടുത്തേണ്ട ബാധ്യത, ഒളിഞ്ഞും തെളിഞ്ഞും ഇടതുവിദ്ധത ദ്യോതിപ്പിക്കുന്ന വാക്കുകളിലെ അഭയം, സ്വീകാര്യതയുടെ ഈ കടമ്പകളേക്കാള്‍ ഭീകരം പക്ഷെ തങ്ങളുടെ ഇടതുപക്ഷാനുഭാവം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്താണ്. ഇടതുപക്ഷമെന്നു പറയുമ്പോള്‍ സി പി യെമ്മെന്നു മാത്രം വായിക്കപ്പെടേണ്ടതല്ല എന്നാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഇടതുപക്ഷമെന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണെന്നു വായിക്കുന്നതുചിതമായിരിക്കും.

അതായത് ഉള്ളില്‍ സി പി എം അനുഭാവിയായിരിക്കുമ്പോഴും ഒരു സി പി എം അനുഭാവിയെന്നു മുദ്രകുത്തപ്പെടാതെ വായിക്കപ്പെടാനും കേള്‍ക്കപ്പെടാനുമുളള നിതാന്ത ജാഗ്രത പാലിക്കേണ്ടി വരുന്നത് ആത്യന്തികമായി സ്വാതന്ത്ര്യം നിഷേധിക്കല്‍ തന്നെയാണ്, അതു കൊണ്ടു തന്നെ ഫാസിസവും.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, നഷ്ടമാവുന്നത് ഇടങ്ങളുടെ സാധ്യതകളാണ്, ജനാധിപത്യത്തിന്റെ ചലനാത്മകതയും.

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

6 Responses to ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും.

 1. Renjith says:

  ബ്ലോഗ് വായിച്ചു
  ഒത്തിരി നാളായുള്ള ഒരു സംശയം ആണ്
  ”ബുജികള്‍” എന്ന് നമ്മള്‍ വിളിക്കുന്ന വ്യക്തികള്‍ക്ക് ഈ നാമം ആരേലും നല്‍കുന്നതാണോ അതോ അവര്‍ സ്വയം പറയുന്നതാണോ.
  സാധാരണകാരനും ബുജിയും തമ്മില്‍ എന്താണ് വ്യതാസം ?

 2. രാജീവ് ചേലനാട്ട് says:

  നളന്‍

  അഭിപ്രായങ്ങള്‍ നിര്‍മ്മിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങളും, സ്ഥാപനങ്ങളും, (അവയിലൂടെയും അല്ലാതെയും) ബുദ്ധിജീവികളും എല്ലാം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്.

  ഉള്ളിലും പുറത്തും കമ്മ്യൂണിസ്റ്റ് ആയിരുന്നുകൊണ്ട് സി.പി.എം-നെയും സി.പി.ഐ.യെയും മറ്റു ഇടതു കക്ഷികളെയും വിലയിരുത്തുകയും തിരിച്ചറിയുകയും, പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യുക എന്നതാണ് ഇന്ന് ഏതൊരാളുടെയും ദൌത്യം. അല്ലാത്തപക്ഷം, കമ്മ്യൂണിസത്തിന്റെ ഇന്നത്തെ അപചയങ്ങള്‍ ഇനിയും വര്‍ദ്ധിക്കുകയേയുള്ളു. പല ബുദ്ധിജീവികള്‍ക്കും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. കമ്മ്യൂണിസത്തിന്റെയും (മാനവികതയുടെയും) അടിസ്ഥാനപ്രമാണങ്ങളെപ്പോലും അംഗീകരിക്കാന്‍ വിമുഖരാണവര്‍.

  ഇനി, ഈ ‘അനുഭാവം‘ എന്ന പ്രയോഗം തന്നെ സംശയിക്കപ്പെടേണ്ട ഒന്നല്ലേ? കൃത്യതയില്ലാത്ത ഒന്നാണത്. എന്താണ് ഈ അനുഭാവത്തിന്റെ മാനദണ്ഡം? അത് ഏതറ്റം വരെ പോകാം? അങ്ങിനെ പലതിനും ഉത്തരം കണ്ടെത്തേണ്ടിവരും.

  അഭിവാദ്യങ്ങളോടെ

 3. nalanz says:

  രഞ്ചിത്ത്,
  ബുജ്ജികളെപ്പറ്റി വിക്കി പറയുന്നത്..

  “ബുജികള്‍ എന്ന് നമ്മള്‍ വിളിക്കുന്ന വ്യക്തികള്‍ക്ക് ഈ നാമം ആരേലും നല്‍കുന്നതാണോ അതോ അവര്‍ സ്വയം പറയുന്നതാണോ”

  തങ്ങളുടെ പ്രവര്‍ത്തിയിലൂടെയും, എഴുത്തിലൂടെയുമൊക്കെ ആര്‍ജ്ജിക്കുന്ന ഒന്നാണു. സ്വയം നല്‍കുന്നതിനു വലിയ പ്രസക്തിയില്ല.

  “സാധാരണകാരനും ബുജിയും തമ്മില്‍ എന്താണ് വ്യതാസം ?”

  സാധാരണക്കാരന്‍ ബൗദ്ധികവ്യായാമങ്ങള്‍ക്കു കൊടുക്കുന്നതിനേക്കാള്‍ അധികം സമയം ചെലവഴിക്കുന്നു, അല്ലെങ്കില്‍ കണ്ടെത്തുന്നു ബുദ്ധിജീവികള്‍. പക്ഷെ അറിയപ്പെടണമെങ്കില്‍ മാധ്യമങ്ങളുകൂടി വിചാരിക്കണം. (കുറച്ചുകൂടി ജനാധിപത്യസ്വഭാവമുള്ള ബ്ലോഗിലിതിനു വ്യത്യാസമുണ്ട്)

 4. nalanz says:

  രാജീവ്,
  യോജിക്കുന്നു.. ഇടതുപാര്‍ട്ടികളുടെ നയങ്ങളേയും നിലപാടുകളേയും വിലയിരുത്തുകയും, അതനുസരിച്ച് എതിര്‍ക്കുകയോ, യോജിക്കുകയോ ഒക്കെ ചെയ്യണം. പക്ഷെ യോജിക്കുന്ന സമയത്തു മൗനം പാലിക്കുകയും, എതിര്‍ക്കേണ്ട സമയത്തു വഴിവിട്ടു എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചാണു പറയാന്‍ ശ്രമിച്ചത്. അവിടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍ ഒരു ഇടതനായി മുദ്രകുത്തപ്പെടുകയെന്നാല്‍ വലിയ അപരാധമായിക്കാണുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നുവെന്നത് രാജീവ് ശ്രദ്ധിച്ചിട്ടുണ്ടോ ? രാഷ്ട്രീയ എതിരാളിയെ നിര്‍വീര്യനാക്കാന്‍ ‘നീ ഒരിടതനാണെന്ന’ ഒറ്റ ആരോപണം കൊണ്ടു സാധ്യമാകുന്ന അവസ്ഥ ഭീകരമല്ലേ? ഇത് ഒറ്റദിവസം കൊണ്ടു നേടിയെടുത്തതല്ല. വളരെ ശക്തമായ മാധ്യമ ഉപജാപങ്ങളിലൂടെ സൃഷ്ടിച്ച ഒന്ന്‍. അരാഷ്ട്രീയതയുടെ വിജയം.

  പല ബുദ്ധിജീവികള്‍ക്കും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. കമ്മ്യൂണിസത്തിന്റെയും (മാനവികതയുടെയും) അടിസ്ഥാനപ്രമാണങ്ങളെപ്പോലും അംഗീകരിക്കാന്‍ വിമുഖരാണവര്‍.

  കമ്യൂണസത്തെ തള്ളിപ്പറയുകയോ തള്ളിപ്പറയാതിരിക്കുകയോ ആവാം. യൂറോപ്പിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേരില്‍ കമ്യൂണിസ്റ്റെന്നുള്ളതു തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. ഇടതുപക്ഷമാകുമ്പോഴും കമ്യൂണിസ്റ്റാകണമെന്നില്ല. ഇടതുപക്ഷത്തിന്റെ ഇടം വിശാലമാണു, ആയിരിക്കണം.

  ഇനി, ഈ ‘അനുഭാവം‘ എന്ന പ്രയോഗം തന്നെ സംശയിക്കപ്പെടേണ്ട ഒന്നല്ലേ? കൃത്യതയില്ലാത്ത ഒന്നാണത്. എന്താണ് ഈ അനുഭാവത്തിന്റെ മാനദണ്ഡം? അത് ഏതറ്റം വരെ പോകാം?

  അനുഭാവത്തിന്റെ കൃത്യതക്കുറവ് ഒരു പ്രശ്നമായിക്കണേണ്ടതില്ല, നിലപാടുകള്‍ക്കാണു പ്രാധാന്യം, ആ നിലപാടുകളില്‍ പരസ്യമായി നിലകൊള്ളാനുള്ള സ്വാതന്ത്ര്യമാണു പ്രാധാന്യമര്‍ഹിക്കുന്നത്.
  അനുഭാവത്തിന്റെ മാനദണ്ഡവും ഏതറ്റം വരെ പോകാമെന്നതും നിശ്ചയിക്കുന്നത് അനുഭാവകനല്ലേ ?

 5. Bijin says:

  നളന്‍,

  അരാഷ്ട്രീയവാദികളായ ‘യോ’ തലമുറയുടെ ഈറ്റില്ലമായ എന്റെ പഴയ കോളേജില്‍ ഒരു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങളെപറ്റി എസ്.എഫ്.ഐക്കാരാണ്‌ എന്ന ‘ആക്ഷേപം’ എതിരാളികള്‍ ഉപയോഗിച്ചിരുന്നു !
  അത് വിജയം കാണുകയും ചെയ്തു. ഇന്നത് പലേയിടത്തും ചിലവാകുന്ന അടവാണ്‌.. സംഘടിതമായ ഈ ആക്രമണം നേരിടാന്‍ പരമ്പരാഗത രീതികള്‍ മതിയാകില്ല.. പുതിയ രീതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്..

  അഭിവാദ്യങ്ങളോടെ..

 6. nalanz says:

  യോജിക്കുന്നു ബിജിന്‍,
  രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ആഭിമുഖ്യത്തെ ചെറുക്കാന്‍ അരാഷ്ട്രീയതയുടെ വക്താക്കള്‍ ഇത്തരം പ്രയോഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ‘തുക്കട സി പി യെം കാരന്‍’ മറ്റൊരു വകഭേദം. വൃത്തികെട്ട എലീറ്റിസത്തേക്കാള്‍ അരാഷ്ട്രീയതയുടെ ഭാഗമായിട്ടു വേണമിതിനെ കാണാന്‍. പരിഹാസത്തിനു വ്യക്തമായ രാഷ്ട്രീയമുണ്ട്, അത് അരാഷ്ട്രീയവാദികളുപയോഗിക്കുമ്പോഴും.

  ശരിയാണു സംഘടിതമായ ഇത്തരം അരാഷ്ട്രീയതയെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: