വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!

ആമുഖം nalanz
ആം ആദ്മി അല്ല

10 Responses to വിജു വി. നായരുടെ പുസ്തകം

 1. നളന്‍,

  വിജുവിന്റെ മറ്റൊരു ബൌദ്ധികനിരീക്ഷണം കണ്ടിരുന്നില്ലേ? ഇന്ദിരാഭവന്‍ മൂത്താല്‍ ഏ.കെ.ജി സെന്ററാകുമെന്ന് (അതോ മറിച്ചോ?). പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചീകൊണ്ട് കുത്തുന്ന നവലിബറല്‍ പരീക്ഷണത്തിനെക്കുറിച്ച് വിജുവെഴുതിയത് വായിച്ചപ്പോള്‍ ഓറിയന്റലിസ്റ്റുകളെക്കുറിച്ച് എഡ്വേര്‍ഡ് സെയ്‌ദ് പറഞ്ഞത് ഓര്‍മ്മ വന്നു..

  here of course, is the most familiar of orientalism’s themes-they cannot represent themselves, they must therefore be represented by others who know more about islam than islam know about itself. (orientalism reconsidered).

  വെള്ളെഴുത്ത് പറഞ്ഞത് അല്‍പ്പം മാറ്റിയിട്ടാല്‍, ആണ്ടി നല്ല അടിക്കാരനാണെന്ന് പറയുന്നത്, ആണ്ടിയെ കണ്ടിട്ടുപോലുമില്ലാത്തവരാണ്. അടിയാണ്ടീ..അടി.

 2. റോബി says:

  ‘പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം’ പോലെയുള്ള പ്രയോഗങ്ങളുടെ അര്‍ത്ഥം അയാള്‍ക്കുതന്നെ അറിവുണ്ടാകില്ല. ഇതയാളുടെ ഒരു ശൈലിയാണ്; പ്രാസമൊപ്പിച്ച് വാചകങ്ങള്‍ നിര്‍മ്മിക്കുക, ഇടയ്ക്ക് ബിരിയാണിയില്‍ ഉണക്കമുന്തിരി ഇടുന്ന പോലെ ‘നവലിബറല്‍’ തുടങ്ങിയ വാക്കുകള്‍ തൂവിയിടുക.

  ഇതും പൊക്കിപ്പിടിച്ചുകൊണ്ടു വന്ന വെള്ളെഴുത്തിനോട്‌ ഈ ലേഖനത്തിനെ ആസ്പദമാക്കി ചില ചോദ്യങ്ങള്‍ കേരളീയന്‍ ചോദിച്ചപ്പോള്‍ ‘എന്ത് ഏത്’ എന്നു പറഞ്ഞ് വെള്ളെഴുത്ത് കൈ കഴുകി.

  സത്യം പറയാമല്ലോ, വെള്ളെഴുത്തിനെ ഇങ്ങനെയായിരുന്നില്ല മുന്‍പ് മനസ്സിലാക്കിയിരുന്നത്.

 3. 🙂 ഇഷ്ടങ്ങള്‍ മാത്രം പറയുന്ന ഒരാളായിട്ടാണോ റോബി എന്നെ മനസ്സിലാക്കി വച്ചിരുന്നത്? ഇങ്ങനെയൊക്കെയാണ് മനസ്സിലാക്കേണ്ടത് എന്ന് എത്ര പ്രാവശ്യം എഴുതി. എനിക്കു വിഷമമുണ്ട്. എന്തൊരു ബോറാണ് ലേബലുകള്‍! കേരളീയന്റെ ചോദ്യങ്ങള്‍ സത്യമായിട്ടും മനസ്സിലായിരുന്നില്ല. അതൊക്കെ എന്നോടു ചോദിക്കുന്നതെന്തിന്? അതിലെ വസ്തുനിഷ്ഠതയെക്കുറിച്ചാണ് ഞാന്‍ തിരിച്ചു ചോദിച്ചത് (അല്ലെങ്കില്‍ കാര്യം പറയണമായിരുന്നു ആദ്യം. ഞാന്‍ വിജുവിന്റെ വ്യാഖ്യാതാവായത് എന്നു മുതല്‍?)
  നളന്‍സ്.
  താങ്കളുടെ ആദ്യകമന്റു വായിച്ചാണ് ഞാന്‍ സ്തബ്ധനായത്. സ്വന്തം അഭിപ്രായം പോലും പറയരുത് എന്നു പരയുന്ന ഫാസിസത്തിനകത്തു നിന്നാണ് നാം ജനാധിപത്യം എന്നു പറയുന്നത്.
  നാം പറയുന്ന രാഷ്ട്രീയമല്ല പ്രായോഗിക രാഷ്ട്രീയം. അതറിയാന്‍ വയ്യാത്ത വിധം അന്ധരാണ് നിങ്ങള്‍ എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല.
  1.മതം രാഷ്ട്രീയം..രണ്ടു കണ്ണുമതി, മൂന്നാം കണ്ണു ഭീതി പടര്‍ത്തുന്നു എന്നാണ് താങ്കള്‍ എഴുതുന്നത്. മതരാഷ്ട്രീയങ്ങളെ ഒരേ ചരടിലല്ല കോര്‍ത്തത്, ഒരു പാമ്പിന്റെ രണ്ടറ്റത്ത് പിടിപ്പിക്കയായിരുന്നു ആ വാക്യത്തില്‍ പണ്ട് പാലാഴി ആരൊക്കെയോ ചേര്‍ന്ന് കടഞ്ഞ ഓര്‍മ്മയില്‍..
  2. അത്രയുമല്ല അടുത്ത വരി കൂടി വായിക്കണം. ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ക്കറിയാമായിരുന്നു അതവര്‍ ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. മൂലധനം ഭാഷാശാസ്ത്രപരമായും വായിക്കാം, തത്ത്വചിന്താപരമായും വായിക്കാം സാമ്പത്തികശാസ്ത്രപരമായും വായിക്കാം..
  3. ഈ “പാഠപുസ്തകനിര്‍മ്മാതാവ്’ എന്നെ വെള്ളം കുടിപ്പിച്ചതുപോലെ മറ്റാരും ചതി ചെയ്തിട്ടില്ല. അയാള്‍ സാധാരണ ഒരു വാദ്ധ്യാരാണ്. പണ്ട് ലേഖനങ്ങള്‍ക്കു കീഴെ അഭ്യാസമെഴുതുകമാത്രമായിരുന്നു ടി കക്ഷിയുടെ ജോലി. പുതിയ പാഠപുസ്തകത്തില്‍ അയാളാണ് മുന്നിട്ട് നില്‍ക്കുന്നത്. അതാര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്ന കാര്യം. അത്രയേ പറഞ്ഞുള്ളൂ.. അതിനെ‍ന്തൊരു ബഹളം.! എനിക്കു കൂടി സംശയമായിപ്പോയി എന്നെ!
  താവോ ഓഫ് ഫിസിക്സിന്റെ കാര്യം ഞാനെഴുതിയത് തീരെ ഓര്‍മ്മയില്ല സത്യമായിട്ടും!

 4. നളന്‍,
  ഞാനും വിജുവിന്റെ ലേഖനത്തിന്റെ ഒരു സംഗ്രഹം ഉണ്ടാക്കിയിരുന്നു. ഇതൊരു വല്ലാത്ത ലേഖനമാണ്, മഹാഭാരതത്തെപ്പറ്റി പറയണ പോലെ: ഇതിലുള്ളത് മറ്റിടങ്ങളില്‍ കണ്ടേക്കാം, ഇതിലില്ലാത്തത് മറ്റെവിടെയും കാണുകയില്ല. എന്തെല്ലാം വിഷയങ്ങളാണ് ഒരിത്തിരിപ്പോന്ന ലേഖനത്തില്‍!

 5. surajrajan says:

  ഓഹോ, വിജുവണ്ണന്‍ അപ്പോള്‍ Tao of Physics-നെയും എടുത്ത് അമ്മാനമാടിയിറ്റുണ്ട് ?

  ആറ് മാസം മുമ്പ് അണ്ണന്‍ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന് പറഞ്ഞ് 4 പേജ് നീളത്തിന് രായസമെഴുതി ! ഒറ്റ ഇക്വേഷന്‍ പോലുമില്ലാതെ ഒരു തിയറി തെറ്റാണെന്ന് തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ച ഡോണ്‍ ക്വിക്സോട്ടിന് (ക്വിക് ഹോതേ എന്ന് കൃഷ്ണന്‍ നായര്‍ സാറ്) ഇപ്പോള്‍ ശരിക്കും ഉണ്ടിരിക്കുന്നേരം വരുന്ന വിളികള്‍ കൂടിയിട്ടുണ്ട് !

  നളന്‍സിന് ഒരു ‘തൊപ്പി ഊരി വണക്കം‘ !

  വെള്ളെഴുത്ത്,

  ഈ “പാഠപുസ്തകനിര്‍മ്മാതാവ്’ എന്നെ വെള്ളം കുടിപ്പിച്ചതുപോലെ മറ്റാരും ചതി ചെയ്തിട്ടില്ല. അയാള്‍ സാധാരണ ഒരു വാദ്ധ്യാരാണ്. പണ്ട് ലേഖനങ്ങള്‍ക്കു കീഴെ അഭ്യാസമെഴുതുകമാത്രമായിരുന്നു ടി കക്ഷിയുടെ ജോലി. പുതിയ പാഠപുസ്തകത്തില്‍ അയാളാണ് മുന്നിട്ട് നില്‍ക്കുന്നത്. അതാര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്ന കാര്യം. അത്രയേ പറഞ്ഞുള്ളൂ.. അതിനെ‍ന്തൊരു ബഹളം.!

  ലേഖനങ്ങള്‍ക്ക് കീഴില്‍ അഭ്യാസമെഴുത്ത് എന്ന് പറയുമ്പോള്‍ “കാനന ഛായയില്‍ ആടു മേയ്ക്കാന്‍ പോകുന്ന രമണന്‍ കണ്ട കാഴചകള്‍ ഒന്നരപ്പുറത്തില്‍ കവിയാതെ എഴുതുക” എന്നെഴുതുന്ന ആ മറ്റേ അണ്ണനെ അല്ലേ ഉദ്ദേശിച്ചത് ?

  വിവാദപാഠത്തില് ‘മുന്നിട്ട് നിക്കണ‘ പുതിയ അണ്ണന്‍ എഴുതി വയ്ക്കണ അഭ്യാസം : “നിങ്ങളുടെ നാട്ടില്‍ ആടിനെ മേയ്ക്കുന്നവരുണ്ടോ? ഉണ്ടെങ്കില്‍ അവരില്‍ ചിലരുമായി മുഖാമുഖം നടത്തി അവരുടെ ജീവിതത്തെ കുറിച്ച് കുറിപ്പ് തയാറാക്കി ക്ലാസില്‍ വായിക്കുക ”

  വരട്ട് വാദം എവിടെയാനെന്ന് ക്ലിയറല്ലേ ?

  പിള്ളേരെല്ലാം കലപില കലപില….. “സൈലന്‍സ് !”

 6. റോബി says:

  വെള്ളെഴുത്തേ,
  വെള്ളെഴുത്തിനെ ഇഷ്ടം മാത്രം പറയുന്ന ആളായിട്ടല്ല ഇതുവരെ മനസ്സിലാക്കിയത്, യുക്തിഭദ്രമായി, മികവുള്ള ഭാഷയില്‍ വാദങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന ഒരാളായിട്ടാണ്‌. നമ്മളൊക്കെ ആകുലരായ ഒരു വിഷയത്തെക്കുറിച്ച് താങ്കളെഴുതിയ ഒരു ലേഖനത്തില്‍ ആദ്യവാചകത്തില്‍ തന്നെ അവതരിപ്പിച്ച മറ്റൊരു ലേഖനത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും എല്ലാ യുക്തിയും മറന്ന് കൈ കഴുകുന്നതു പോലെ തോന്നിയപ്പോള്‍ തോന്നിയ സങ്കടമാണ്‌ മുകളിലെ കമന്റ്.

  ഏതായാലും കാണാമറയത്തിരിക്കുന്ന ആ പാഠപുസ്തകനിര്‍മ്മാതാവിനെക്കുറിച്ച് ഇത്രയെങ്കിലും വിട്ടു പറഞ്ഞല്ലോ…നമുക്ക് ഈ വരട്ടുവാദത്തിന്റെ ചരിത്രമടക്കം ഒന്നു അന്വേഷിച്ചാലോ? എന്നു വച്ചാല്‍, പണ്ടത്തെ ‘ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ’ പാഠം മുതല്‍ ഇന്നു വരെ…

 7. nalanz says:

  വെള്ളെഴുത്ത്,
  എന്റെ ആദ്യ കമന്റ് ഫാസിസത്തിലൂന്നിയാണെന്ന കണ്ടുപിടുത്തം ഏറ്റില്ല. ഒന്നുകൂടി വായിച്ചു നോക്ക്.
  താങ്കളുടെ ലേഖനത്തിനു Label ഇട്ടിരിക്കുന്നതില്‍ “രാഷ്ട്രീയം” എന്നു വച്ചതു “ചുമ്മാ” താണെന്നാണോ ? അതോ ഇനി “രാഷ്ട്രീയം“ വേറെ വല്ല കുന്ത്രാണ്ടമാണോ ?
  ലേഖനത്തിന്റെ അനവസരത്തെപ്പറ്റിയാണു പറഞ്ഞതെന്നു മനസ്സിലാകാഞ്ഞിട്ടാണോ? ‘മരണവീട്ടിലെ ബക്കറ്റുപിരിവ്‘ എന്നൊക്കെ പറഞ്ഞാലേ മനസ്സിലാവുകയുള്ളോ ?

  മതം രാഷ്ട്രീയം..രണ്ടു കണ്ണുമതി, മൂന്നാം കണ്ണു ഭീതി പടര്‍ത്തുന്നു എന്നാണ് താങ്കള്‍ എഴുതുന്നത്. മതരാഷ്ട്രീയങ്ങളെ ഒരേ ചരടിലല്ല കോര്‍ത്തത്, ഒരു പാമ്പിന്റെ രണ്ടറ്റത്ത് പിടിപ്പിക്കയായിരുന്നു ആ വാക്യത്തില്‍ പണ്ട് പാലാഴി ആരൊക്കെയോ ചേര്‍ന്ന് കടഞ്ഞ ഓര്‍മ്മയില്‍..

  എന്റെ വള്ളെഴുത്തേ! തമാശയാണോ ? എവിടെയാ മാഷെ “രണ്ടു കണ്ണുമതി“ എന്നു പറഞ്ഞത്. മൂന്നാം കണ്ണു മാത്രം മതിയോ എന്നു ചോദിച്ചതിനെയാണോ രണ്ടു കണ്ണുമതിയെന്നാക്കിയത്.
  അച്ഛനെയിഷ്ടമാണെന്നു പറഞ്ഞാല്‍ അമ്മയെ ഇഷ്ടമല്ലെന്നു വാദിക്കുമ്പോഴുള്ള മൂഡു വേറെയല്ലേ.
  താങ്കളുടെ ലേഖനം അവതരിപ്പിച്ചതു തന്നെ മതരാഷ്ട്രീയതയ്ക്കതീതമായി മൂന്നാം കണ്ണിലൂടെയുള്ള നോട്ടമായിട്ടാണെന്നാണു മനസ്സിലാക്കിയത്. അതു മോശമാണെന്നല്ല. അതു മാത്രം പോരാ, കണ്മുല്ലിള്ളതു കാണാതെയാകരുതെന്നാണു പറഞ്ഞത്.

  മതരാഷ്ട്രീയങ്ങളെ ഒരേ ചരടിലല്ല കോര്‍ത്തത് – ഇതെന്റെ പിഴ. ക്ഷമിക്കുമല്ലോ.
  താവോ ഓഫ് ഫിസിക്സും ഓര്‍മ്മയില്‍ നിന്നും ഇട്ടതാണു. താങ്കളല്ലെന്നു പറഞ്ഞ സ്ഥിതിക്കു മാറ്റുന്നു.

  പാഠപുസ്തക നിര്‍മ്മാതാവിനെക്കുറിച്ച്, പോസ്റ്റില്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ല. താങ്കളുടെ ആധി അസ്ഥാനത്താണു. ഇപ്പോഴത്തെ രീതി കൂടുതല്‍ മെച്ചപ്പെട്ടതായിട്ടാണനുഭവപ്പെട്ടത്.

 8. Moorthy says:

  പക്ഷമില്ലായ്മയും ഒരു പക്ഷം പിടിക്കലാണെന്ന് മാത്രം പറഞ്ഞ് നിര്‍ത്തട്ടെ. ക്ലീഷെ ആണെന്നറിയാഞ്ഞിട്ടല്ല…

 9. പിങ്ബാക്ക് പാഠപുസ്തക വിവാദം - ബ്ലോഗ് പോസ്റ്റുകള്‍, മറ്റ് ലിങ്കുകള്‍ « കേരള വിദ്യാഭ്യാസം

 10. യാത്രാമൊഴി says:

  നളന്‍,

  ഈ വിവാദം കൊണ്ട് ഒരു ഗുണമുണ്ടായി.
  ആരും പഠിപ്പിക്കാതെ തന്നെ ചില നല്ല സാമൂഹ്യപാഠങ്ങള്‍ പരീക്ഷയ്ക്ക് വേണ്ടി പഠിച്ച് മറക്കുന്നതിനെക്കാള്‍ ആഴത്തില്‍ കുട്ടികളും, ഒപ്പം മുതിര്‍ന്നവരും പഠിച്ചു!
  അത് കൊണ്ട് തന്നെ ഈ പാഠപുസ്തകത്തിന്റെ പിന്നിലെ “മസ്തിഷ്കങ്ങള്‍ക്ക്” അഭിവാദ്യങ്ങള്‍!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: