സാരിയും പീഡനവും.
നവംബര്‍ 2, 2007 6അഭിപ്രായങ്ങള്‍
ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.
മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.
സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.
ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.
രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?
രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.
സാരിയും പീഡനവും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. സാരി ഒരു മാന്യമായ വസ്ത്രധാരണത്തിന്റെ മാനദണ്ഡമായി കരുതുന്നത് വഴി സ്ത്രീക്ക് സ്വശരീരത്തില്‍ നേരിടുന്ന ഏലിയനേഷന്‍ മാത്രം ഞാന്‍ ലേഖനത്തില്‍ ഫോക്കസ ചെയ്യാന്‍ ശ്രമിച്ചത് ഇതേ കാഴ്ചപ്പാട് പങ്കുവയ്ജ്ക്കുന്നതു കൊണ്ടാണ്. ഈ അനാരോഗ്യകരമായ സ്റ്റാന്‍ഡേഡൈസേഷനപ്പുറം സാരി മറ്റേത് വസ്ത്രത്തെയും പോലെ ന്യൂട്രല്‍ ആണ്.
ഒളിഞ്ഞുനോട്ടം ലൈംഗിക ചൂഷണം എന്നിവയില്‍ ഇരയുടെ സ്ഥാനത്ത് ‘സ്ത്രീ’യും ഇരപിടിയന്റെ സ്ഥാനത്ത് ‘പുരുഷന്‍’ഉം അല്ല വരുന്നത് എന്ന കാഴ്ച്ചപ്പാടാണെന്റേത്. ഇരക്കും വേട്ടയാടുന്നയാളിനും വര്‍ഗമില്ല. വ്യക്തികളിലൂടെ ഇത്തരം പ്രശ്നങ്ങളെ സമീപിക്കണം എന്നാണ് എന്റെ അഭിപ്രായം. സാമൂഹ്യമനശാസ്ത്രപ്രകാരം വ്യക്തികളെന്ന നിലയില്‍ സ്ത്രീകള്‍ കൂടി പങ്കുചേരുന്ന ചില സാമൂഹ്യഘടനകളാണ് വിക്റ്റിമൈസേഷനുപിന്നില്‍ -ഇര സ്ത്രീയായാലും പുരുഷനായാലും – ഉള്ളതെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ അപവര്‍ഗീകരണത്തിനു വേണ്ടി ഞാന്‍ നിലകൊള്ളുന്നത്. സജീവരാഷ്ട്രീയതയെ വര്‍ഗീകരണത്തില്‍ നിന്ന് വേര്‍തിരിച്ചുകാണാന്‍ കഴിയാത്തിടത്തോളം ആഴമുള്ള ഒരു മാര്‍ക്സിയന്‍ കോമ്പ്ലക്സ് മലയാളിയുടെ സാമൂഹ്യബോധത്തെ ബാധിച്ഛിട്ടുണ്ട്. അതുകൊണ്ട് വിക്റ്റിമൈസേഷന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ‘കേയ്സുകളിലെ’ പുരുഷശതമാനവും’ സ്ത്രീശതമാനവും ആയുധമാക്കി പുരോഗമന വാദികള്‍ എന്റെ നേരേ കുതിരകയറും എന്നുറപ്പാണ്. (അത് മറ്റൊരു കോമ്പ്ലക്സ്. വ്യയമില്ലാത്ത വ്യാപാരമാണ് വിപ്ലവം / പുരോഗമനവാദം എന്നാണ് പിണറായി യുഗത്തിനും അല്പം മുന്നേ മുതല്‍ ഉള്ള ചരിത്രപാഠം; എല്ലാറ്റിനും ആന്റി തീസിസ് ഉണ്ടെന്നു പറഞ്ഞുവച്ച ഹേഗലിനെക്കൂടി കമ്യൂണിസ്റ്റുകള്‍ ഫ്രെയിം ചെയ്ത് വയ്ക്കണം) അപ്പോള്‍ പറഞ്ഞുവന്നത്: ഈ കുതിരകയറ്റം ഭയന്ന് അല്പം സാവധാനമാണ് ആ ലേഖനത്തിലും അഹത്തില്‍ പൊതുവേയും നീങ്ങാന്‍ ആലോചിച്ചത്/ ആലോചിക്കുന്നത്. പ്രയോജനം ഒന്നും ഉണ്ടാവില്ല. കല്പിത പ്രതിലോമവാദത്തിന്റെ ഇരയായി വായിക്കപ്പെടാന്‍ അതായത് വായിക്കപ്പെടാതിരിക്കാന്‍ ആണ് ആ ബ്ലോഗിന്റെ വിധി എന്ന് എനിക്കറിയാം :).
അത് ശ്രദ്ധിച്ചെന്നറിയുന്നതില്‍ സന്തോഷം. ഇവിടുത്തെ എഴുത്തിനോട് പൊതുവേ എനിക്ക് ബഹുമാനം ഉണ്ട്. വീണ്ടും കാണാം.
ഓടോ. മുകലിലെ കമന്റ് കളഞ്ഞേക്കൂ. വേഡ് പ്രസ്സില്‍ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് എനിക്ക് നിശ്ചയം പോര. ബട്ടണ്‍ ഒന്നും കാണുന്നും ഇല്ല.
മനു,
ധൃതിയില്ലല്ലോ..
രണ്ടുകാര്യങ്ങളാണു മനുവിനുള്ള മറുപടിയില്‍ പറയേണ്ടത്.
ഒന്ന്:
മനു: “ഒളിഞ്ഞുനോട്ടം ലൈംഗിക ചൂഷണം എന്നിവയില്‍ ഇരയുടെ സ്ഥാനത്ത് ‘സ്ത്രീ’യും ഇരപിടിയന്റെ സ്ഥാനത്ത് ‘പുരുഷന്‍’ഉം അല്ല വരുന്നത് എന്ന കാഴ്ച്ചപ്പാടാണെന്റേത്. ഇരക്കും വേട്ടയാടുന്നയാളിനും വര്‍ഗമില്ല. വ്യക്തികളിലൂടെ ഇത്തരം പ്രശ്നങ്ങളെ സമീപിക്കണം എന്നാണ് എന്റെ അഭിപ്രായം”
തത്വത്തില്‍ ഇതു വളരെ ശരിയാണു. എന്നിരുന്നാലും ഒരു ഐഡിയല്‍ സമൂഹത്തിലല്ലേ അങ്ങിനെ തീര്‍ത്തും പറയാന്‍ കഴിയുകയുള്ളൂ. സ്ത്രീയ്ക്കും പുരുഷനും തുല്യതയുള്ളയൊരൈഡിയല്‍ സമൂഹത്തെയാണു നമ്മള്‍ നോക്കിക്കാണുന്നതെന്നു പറയാനൊക്കുമോ?
കൊട്ടിഘോഷിക്കപ്പെടുന്ന കേസുകള്‍ വിട്, ശതമാനക്കണക്കുകളും നമുക്ക് വിടാം. (മുന്നിലുള്ള് യാഥാര്‍ഥ്യങ്ങളെ കാണാന്‍ കണക്കുകളും, റെഫറന്‍സുകളും ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ആവശ്യമായി വരുന്നത് എന്നെ ഭയപ്പെടുത്തുന്നു. വര്‍ച്യുവല്‍ ലോകത്ത് ജീവിക്കുന്നതിന്റെ വില യഥാര്‍ഥലോകത്തുനിന്നുള്ള അകല്‍ചയും അതുവഴി നഷ്ടമാകുന്ന യാഥാര്‍ഥ്യബോധവുമാണു ) കുതിരകയറ്റവും തല്‍ക്കാലം അവഗണിക്കാം. എന്നിരുന്നാലും ഇരയായി ഭവിക്കുന്ന് അധികവും സ്ത്രീയാണെന്ന യാഥാര്‍ഥ്യം(ഇതു വരെയെങ്കിലും) കാണാതിരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതൊരു യാഥാര്‍ഥ്യം തന്നെയാണു. ഒരുപക്ഷെ മനു തന്നെ പറഞ്ഞ പോലെ “വ്യക്തികളെന്ന നിലയില്‍ സ്ത്രീകള്‍ കൂടി പങ്കുചേരുന്ന ചില” സാമൂഹ്യഘടനകളാണ് വിക്റ്റിമൈസേഷനുപിന്നില്‍. ഈ ഘടനകള്‍ ഒരു പുരുഷമേധാവിത്ത സമൂഹത്തിലൂടെ ഉരിത്തിരിഞ്ഞ ഒന്നാണെന്നും, ആ ഘടനകളെ പൊളിച്ചെഴുതുമ്പോള്‍ സമൂഹയാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ടാകരുത്, കുതിര കയറ്റം ഭയന്നിട്ടായാലും.
രണ്ട്: കുതിരകയറ്റത്തെപ്പറ്റിത്തന്നെ.(ഗാന്ധി പോസ്റ്റിലും മറുപടി ഇടാനുണ്ട്) സാവകാശം ആവാം അല്ലേ ?
മറുപടികള്‍ പതുക്കെയാവുന്നതില്‍ പരിഭവമില്ല. പലപ്പോഴും സാവകാശമുള്ള പ്രതികരണങ്ങളേ പ്രതികരണങ്ങളാകാറുള്ളൂ. ഞാന്‍ വായിച്ച ഉടനെ ഒരു കാര്യത്തില്‍ -ഗൌരവമുള്ള വിഷയമാണെങ്കില്‍ – പ്രതികരിക്കാറില്ല; പിന്നീട് പറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍.
ആകുന്നിടത്തോളം ചുരുക്കത്തില്‍ ആ നിലപാടിനുള്ള കാരണം പറയാം. സമൂഹത്തിനുള്ളില്‍ അര്‍ത്ഥപൂര്‍ണമായ ഏത് രാഷ്ട്രീയനിലപാടിനും രണ്ടുമുഖങ്ങള്‍ ഉണ്ട്. ഒന്ന് ക്രിയാത്മകം: പൊളിറ്റിക്കല്‍ ലൈഫിലെ ‘കൃഷി വ്യവസായ മാനവശേഷിവികസന വകുപ്പുകളും’ ‘സാംസ്കാരികവകുപ്പും’ ഒക്കെ ചേരുന്ന (സിവില്‍ നിയമങ്ങളും യഥാര്‍ത്ഥത്തില്‍ ഈ കൂട്ടത്തിലാണ് വരിക എന്നറിയാമല്ലോ)ഒരു നിലപാടുതറയാണത്. പ്രൊഡക്റ്റീവ് യൂണിറ്റ്. ഈ വശത്ത് പ്രശ്നങ്ങള്‍ക്ക് ആനുപാതികമായ ശ്രദ്ധ സമൂഹഘടനയിലെ ഓരോ ഓര്‍ഗനൈസ്ഡ് യൂണിറ്റിനും കിട്ടണം. ദരിദ്രരോട് പക്ഷം ചേരേണ്ടിടത്ത് ചേരണം; ദളിതരോട് പക്ഷം ചേരേണ്ടിടത്ത് ചേരണം; സ്ത്രീയോട് പക്ഷം ചേരേണ്ടീടത്ത് ചേരണം. ഈ ആഭിമുഖ്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ദരിദ്രരെ/ ദളിതരെ/ സ്ത്രീകളെ ഒക്കെ cohesive organized units ആക്കി വളര്‍ത്തിക്കൊണ്ട് വരികയും വേണം. ഇവിടെയാണ് സോഷ്യലിസത്തിനും ദലിതവിമോചനവാദത്തിനും സ്ത്രീപക്ഷത്തിനും ഒക്കെ ഒഴിച്ചുകൂടാനാകാത്ത പ്രസക്തി ഉള്ളത്. ഈ പ്രസക്തി ഞാന്‍ ആ ആമുഖക്കുറിപ്പില്‍ (ഗാന്ധിപോസ്റ്റ്: നല്ലപേര് ഹഹഹ. ഗാന്ധിപ്രശ്നം എന്ന ഉദാഹരണം ആ പോസ്റ്റിനെ വിഴുങ്ങും വിധം വലിച്ചുനീട്ടി ഞാന്‍ അല്ലേ ? സത്യം.)പറഞ്ഞിട്ടുമുണ്ട്. കൃത്യമായോര്‍ക്കുക: ഞാന്‍ പറയുന്നത് പക്ഷം ചേരണം എന്നാണ്. അതിജീവനകലയുടെ ജീവനും ചൈതന്യവുമായി ഈ ദര്‍ശനങ്ങളും മാറൂം അവിടെ.
രാഷ്ട്രീയത്തില്‍ പക്ഷെ സഖിയെപ്പോലെ ജീവിതത്തിന്റെ സ്ഥലം അപഹരിക്കുന്നവനാണ് പ്രതിയോഗിയും. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ രണ്ടാം ഭാവമാകുന്നു പ്രതിരോധം. പ്രതിരോധത്തിനു രണ്ടുതലമുണ്ട്. ഒന്ന് എല്ലാ വിഭവങ്ങളൂം കൊടുത്ത് പൂര്‍ണമായ ശ്രദ്ധയോടെ നാം പ്രതിരോധത്തിലേക്കു തിരിയേണ്ടുന്ന ഒരു തലം: ഭരണരാഷ്ട്രീയത്തില്‍ ഒരു യുദ്ധത്തെ അഭിമുഖീഭവിക്കുന്ന തീവ്രതയും അവധാനതയും വേണം അതിന്. രണ്ടാമത്തേത് കൂടുതല്‍ ക്ഷമയോടെയും ശ്രദ്ധയോടെയും കൂടി കൈകാര്യം ചെയ്യേണ്ടതാണ്. രോഗത്തെ ചികിത്സിക്കുന്നവന്‍ ശരീരത്തെ നശിപ്പിക്കരുത്. ഇവിടെ പ്രശ്നകാരണം സൂക്ഷ്മമായി പഠിക്കുകയും അനാവശ്യമായ സാമാന്യവല്‍ക്കരണങ്ങള്‍ ഒഴിവാക്കി യഥാര്‍ത്ഥത്തില്‍ പ്രശ്നകരമായ എലമെന്റിനെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് അതിന്റെ ദൂഷ്യഫലങ്ങളെ തടയാന്‍ മറ്റുസമീപയൂണിറ്റുകളെ ശക്തിപ്പെടുത്തുകയും വേണം. കീമോതെറാപ്പി വിത്ത് ബാലന്‍സ്‌ഡ് ന്യുട്രീഷന്‍. പ്രതിരോധത്തിന്റെ ഈ തലത്തില്‍ ആണ് സമീപനം വൈയക്തികമാവണം – വര്‍ഗീകരണത്തെ നിരാകരിക്കണം – എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രശ്നത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കണോ പോലീസും നീതിപീഠവും മതിയോ എന്നതാണ് വിഷയം.
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് സങ്കീര്‍ണമായ സാംസ്കാരികപശ്ചാത്തലം ഉണ്ട്. അതിന്റെ കാന്‍സറിനുതുല്യമായ ബഹിര്‍സ്ഫുരണങ്ങള്‍ക്ക് ഞാന്‍ മുന്‍പ് പറഞ്ഞ കീമോതെറാപ്പി ആണുവേണ്ടത്. വര്‍ഗീകരിക്കാതെ സാമാന്യവല്‍ക്കരിക്കാതെ പ്രശ്നങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യുക. പക്ഷേ സമൂഹശരീരം മൊത്തമായി മെച്ചപ്പെടാന്‍ ആവശ്യമായ ഒരു ചികിത്സ ഇതിന്റെ പശ്ചാത്തലത്തില്‍ നല്‍കാനുണ്ട്. ഇവിടെ അപ്രോച്ച് പ്രതിരോധാത്മകം ആവരുത്; ക്രിയാത്മകം ആവണം. (എന്റെ തന്നെ വിലയിരുത്തലില്‍ പക്ഷം ചേരാവുന്ന പക്ഷം ചേരേണ്ടുന്ന മേഖലയാണത്; ശ്രദ്ധിക്കുമല്ലോ). സ്ത്രീശാക്തീകരണം. വിദ്യാഭ്യാസം, തൊഴില്‍മേഖലയുടെ ആധുനികവല്‍ക്കരണം, കൂടുതല്‍ തുറന്ന ലൈംഗികബോധനം, കുടുംബത്തിലുംസമൂഹത്തിലും പ്രായോഗികപ്രത്യാഖാതമുള്ള ജീവതമണ്ഡലങ്ങളില്‍ തുല്ല്യതയുള്ള സാഹചര്യവും പരിഗണനയും ഇതൊക്കെ സ്ത്രീ എന്ന മുന്‍ഗണയെ ബോധപൂര്‍വം വരിച്ച് നടപ്പിലാക്കേണ്ടതാണ്.
ഒളിഞ്ഞുനോട്ടവും ലൈംഗികചൂഷണവുമല്ല സ്തീ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാതല്‍; അതല്ല ഏറ്റവും ഗൌരവമായ പ്രശ്നവും. ഗാര്‍ഹിക അക്രമം ആണ്‍കുട്ടികള്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന വൈകാരികവും അധ്യയനപരവുമായ മുന്‍ഗണനകള്‍ ഇതെല്ലാം ഇപ്പറഞ്ഞ പ്രശ്നങ്ങളെക്കാള്‍ ഗുരുതരവും ആപല്‍ക്കരമായവിധത്തില്‍ സാധാരണവും ആണ്. എന്തിനും മുന്നില്‍ സെക്സിനെ പ്രതിഷ്ടിച്ച് അതിന്റെ ‘ശുദ്ധിക്കും’ അതുമായി ബന്ധപ്പെട്ട വിലക്കുകള്‍ക്കും വിഗ്രഹ പരിവേഷം നല്‍കി ശീലിച്ചതിന്റെ ഫലമാണ് മുന്‍പ് പറഞ്ഞ പ്രശ്നങ്ങളോടുള്ള ചില പെണ്‍പക്ഷികളുടെ ഒബ്സഷന്‍. സ്വന്തം ലൈംഗികതയില്‍ ആനന്ദം കണ്ടെത്താന്‍ വ്യക്തിപരമായി കഴിഞ്ഞാല്‍ അവരുടെ ആ പ്രശ്നം തനിയെ ഇല്ലാതായിക്കൊള്ളും. സ്ത്രീശാക്തീകരണം (സ്ത്രീവിമോചനമല്ല : Goodness , how much I hate that word!) ഗൌരവമായി എടുക്കുന്നവര്‍ക്ക് ഒരുപാട് ജോലി ഇതിനൊക്കെ മുന്നേ തീര്‍ക്കാനുണ്ട് മാഷേ.. ഒരുപാട്.
– മനു (എന്റെ ഇവിടുത്തെ യൂസര്‍നെയിം മാനവ് എന്നാണ് :))
മനു,
മനു പറഞ്ഞത് (ഇതൊരു പൊസ്റ്റാക്കാമായിരുന്നല്ലോ)ഒന്നൂടി വായിച്ചിട്ടു അഭിപ്രായം പറയാം.
ഒരു തെറ്റിദ്ധാരണ മാറ്റാന്‍ മാത്രം ഈ കമന്റ്- ഗാന്ധിപോസ്റ്റിനു മറുപടിയെന്നുദ്ദേശിച്ചത് എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ കണ്ണൂസിനുള്ള മറുപടിയാണു. സമയത്തിന്റെ പരിമിതി മൂലം സാവകാശം ആകാമെന്നു കരുതി. ധൃതി പിടിച്ചുള്ള മറുപടികളുടെ കാലം കഴിഞ്ഞു. അത്രെയുള്ളൂ.
manu,
സ്ത്രീശാക്തീകരണം. വിദ്യാഭ്യാസം, തൊഴില്‍മേഖലയുടെ ആധുനികവല്‍ക്കരണം, കൂടുതല്‍ തുറന്ന ലൈംഗികബോധനം, കുടുംബത്തിലുംസമൂഹത്തിലും പ്രായോഗികപ്രത്യാഖാതമുള്ള ജീവതമണ്ഡലങ്ങളില്‍ തുല്ല്യതയുള്ള സാഹചര്യവും പരിഗണനയും ഇതൊക്കെ സ്ത്രീ എന്ന മുന്‍ഗണയെ ബോധപൂര്‍വം വരിച്ച് നടപ്പിലാക്കേണ്ടതാണ്.
ഒളിഞ്ഞുനോട്ടവും ലൈംഗികചൂഷണവുമല്ല സ്തീ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാതല്‍; അതല്ല ഏറ്റവും ഗൌരവമായ പ്രശ്നവും.
ഇതെല്ലാം ശരിയാണ്. എനിക്കിതെല്ലാം ഒരു കാപ്സ്യൂള്‍ പോലേ പ്യൂര്‍ എക്കണോമിക്സില്‍ കൊണ്ടെത്തിക്കാന്‍ സാധിക്കും. പക്ഷെ അതുകൊണ്ട് ചെറിയ നിലയില്‍ തുടങ്ങുന്ന പ്രതിരോധങ്ങള്‍ ശരിയല്ലാന്ന് മനു എപ്പോഴും എല്ലായിടത്തും ആവര്‍ത്തിക്കുന്നത് എനിക്ക് മനസ്സിലാവുന്നേയില്ല.
ഈ ലിങ്കില്‍ തെരേസ എന്ന പെണ്‍കുട്ടിയുടെ ചെറിയൊരു പ്രതിരോധം അഞ്ചു വിവരിക്കുന്നുണ്ട്. അതുപോലെയൊരു ചെറിയ തന്നാലാവുന്ന പ്രതിരോധമേ ഡാലിയുടെ കഥയില്‍ ആ കന്യാസ്ത്രീയും ചെയ്യുന്നുള്ളൂ..അതില്‍ ഇത്ര ഖണ്ഡിക്കാന്‍ എന്ത് ഇരിക്കുന്നു? മുകളില്‍ നിന്നല്ലല്ലോ മനൂ എല്ലാം തുടങ്ങുന്നത്.
നളന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞ ‘നാണം’ ഡീപോള്‍ട്ടായിട്ട് സ്ത്രീകളില്‍ കാണുന്നത് അസഹനീയം പോലെ തന്ന്യാണ് ഈ ഒളിഞ്ഞുനോട്ടം എന്ന പ്രശ്നവും. അതൊരു ലൈംഗിക ചൂഷണമാണ് . അത് ശ്രദ്ധിക്കേണ്ട കാര്യമില്ല എന്ന് പറയുന്നതിലെ സാംഗത്യം ഞാന്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
പാശ്ചാത്യ നാടുകളില്‍ ചെല്ലുമ്പൊള്‍ സ്കിന്‍ ഹെഡ്സിന്റെ മുന്നിലൂടെ അല്ലെങ്കില്‍ ഗാംഗുകളുടെ മുന്നിലൂടെ
നമ്മള്‍ പുരുഷനും സ്ത്രീയും നടക്കാന്‍ ധൈര്യപ്പെടാറില്ലല്ലോ. അവിടെ നമ്മളെ ഇര എന്ന് നമ്മള്‍ ആക്ഷേപിക്കാറില്ലല്ലോ. അങ്ങിനെയുള്ളത് ദാരിദ്രത്തിന്റെ പ്രശ്നങ്ങളാണ്, ദാരിദ്ര്യം നിര്‍മ്മാജനം ചെയ്താല്‍ എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടെങ്കില്‍ ഈ വക ‘ബാഡ് എലമന്റ്സ്’ സൊസൈറ്റിയില്‍ ഇണ്ടാവില്ല്യാന്ന് ഒരു അപ്പര്‍ വ്യൂ പറയാമെങ്കിലും ചെറിയ തോതില്‍ അതിനെ പ്രതിരോധിക്കാനും സാധിക്കണം. രണ്ട് അറ്റത്തു നിന്നും വേണ്ടേ എല്ലാ പ്രതിരോധവും? അതോ ഞാന്‍ മനു പറയുന്നത് ശരിയായി മനസ്സിലാക്കുന്നില്ലേ?
ഇഞ്ചി
1. അന്ന ബാരറ്റിന്റെ പ്രശ്നം ലൈഗികചൂഷണവുമായി നേരിട്ട് ഞാന്‍ ഒരിടത്തും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. സാരിയുട്ടെ പ്രശ്നം കവലയിലെ കമന്റും ഒളിഞ്ഞുനോട്ടവും അല്ല – ഐ മീന്‍ പ്രധാനമായും അതല്ല- എന്നു പറയാനാണ് ഞാന്‍ അഹം ബ്ലോഗില്‍ ആ പോസ്റ്റ് ഇട്ടതുതന്നെ.
2. അന്നയുടെ പ്രതിരോധം ദുര്‍ബലമാണെന്നേ ഞാനും ആ പോസ്റ്റിനെ പിന്നീടുവിലയിരുത്തിയ ഹരിയേട്ടനും അവിടെ പറഞ്ഞിട്ടുള്ളൂ. അതായത് പര്യാപ്തമല്ല എന്ന്. അത് തെറ്റാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
3. പ്രതിരോധം വേണ്ട എന്നല്ല മുകളില്‍ പറഞ്ഞത്. പ്രതിരോധം കീമോതെറാപ്പി പോലെ തെറ്റായ ബേസിക് യൂണിറ്റിനെ -വ്യക്തിയെ/വ്യക്തികളെ- ഉന്നം വച്ചായിരിക്കണം എന്നേ ഞാന്‍ പറയുന്നുള്ളൂ. അതായത് പ്രതിരോധം വര്‍ഗീകരിക്കപ്പെടരുത്. ഇഞ്ചിയെ എന്റെ മുന്നില്‍ വച്ച് ഒരാള്‍ harass ചെയ്താല്‍ പ്രതികരിക്കേണ്ടത് പുരുഷനായ ഞാനുംകൂടിയാണ്. അതായത് harassment എന്നുപറയുന്നിടത്തെ കുറ്റക്കാരന്‍ ‘പുരുഷന്‍’ എന്ന വര്‍ഗമല്ല. X എന്നവ്യക്തിയാണ്. ഇരയാകുന്നവരുടെ കൂട്ടത്തില്‍ by psychological affinity, at least പുരുഷനും ഉണ്ട്.ആ ഉദാഹരണം അത്ര കണ്‍വിന്‍സിംഗ് അല്ല എങ്കില്‍ മറ്റൊന്നുപറയാം. എന്റെ പെങ്ങളെ ഒരാള്‍ കമന്റടിച്ചാല്‍ ഒരുപക്ഷേ അവളെക്കാള്‍ നോവുന്നത് എനിക്കായിരിക്കും. ആരാണ് വിക്റ്റിം? (ഇക്കാര്യമാണ് ആണെഴുത്തു എന്ന് നിങ്ങള്‍ വകതിരിച്ചെടുത്ത ഏറ് എന്നകഥയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതും.) വിക്റ്റിമൈസേഷനിലെയും അതിനെതിരായ പ്രതിരോധത്തിലെയും അതിരുവിട്ട വര്‍ഗീകരണത്തിനുമാത്രം എതിരാണ് ഞാന്‍. അല്ലാതെ പ്രതിരോധത്തിന് എതിരല്ല.