തല തിരിഞ്ഞയൊരു ചികിത്സയും വിധേയത്വവും

മുസ്ലീം വനിതകള്‍ മുഖം മറയ്ക്കുന്ന കാഴ്ച കൂടുതലായി കണ്ടു വരുന്നുണ്ട്. കുറച്ചു ദിവസം മുമ്പ് ഹിന്ദു പത്രത്തിലൊരു ലേഖനവും, ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി ഇപ്പറയുന്ന വനിതകള്‍ തന്നെ കാണുന്നതിനെപ്പറ്റി..

ഇവിടെ രോഗി ആരാണു? പുരുഷനല്ലേ. സ്ത്രീയുടെ മുഖം ദര്‍ശിക്കുന്നതിലൂടെ മൃഗീയവാസനകള്‍ പുറത്തുവരുന്നുണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് പുരുഷനെയല്ലേ?. നിലവിലുള്ള സാമൂഹ്യക്രമത്തെ ഉള്‍ക്കൊള്ളുവാനും പാലിക്കുവാനുമുള്ള ബാധ്യത ആ സമൂഹത്തിലെ അംഗമായ പുരുഷനുണ്ട്. വയ്യെങ്കില്‍ മനുഷ്യരില്ലാത്ത വല്ല കാട്ടിലേക്കും മാറിപ്പാര്‍ക്കണം.
ഇതിനു പകരം സ്ത്രീകളെക്കൊണ്ട് മുഖം മറപ്പിക്കുന്നത് കാടത്തമാണു്.
ഈ തലതിരിഞ്ഞ ചികിത്സയ്ക്കു പിന്നില്‍ അധികാരത്തിന്റെ സ്വരമാണുള്ളതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. മതത്തിന്റെ നിലനില്‍പ്പുതന്നെ ഈ വിധത്തിലുള്ള പല അധികാരങ്ങളുടെ അവകാശം നിലനിറുത്തുന്നതിലൂടെയാണു.

സംഘടിതമല്ലാതിരുന്ന ഹിന്ദുമതത്തിനേയും ഒരു സംഘടിതരൂപത്തിലേക്കു കുടിയിരുത്താനുള്ള ശ്രമങ്ങള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ഹിന്ദുവനിതകള്‍ ധരിക്കേണ്ടുന്ന ‘വസ്ത്രക്രമങ്ങള്‍’ കോളെജുകളിലും മറ്റും നടപ്പിലാക്കാനുള്ള ശ്രമങ്ങളെപ്പറ്റി വായിച്ചതും ഇത്തരത്തിലുള്ള അധികാരം സ്വരൂപിക്കലിന്റെ ഭാഗമായിട്ടു വേണം കാണേണ്ടത്.
ഈ വിധത്തിലുള്ള ചൂഷണങ്ങള്‍ക്കുനേരെ പ്രതികരിക്കുന്നതിനു പകരം അവയ്ക്കുനേരെയൊരു വിധേയമനോഭാവം വച്ചു പുലര്‍ത്തുകയാണീ വിധേയര്‍ ചെയ്യുന്നത്. ഇവരെക്കൊണ്ടുതന്നെ ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി പറയിപ്പിക്കാന്‍ കഴിയുന്നത് മുമ്പ് പറഞ്ഞ അധികാരത്തിന്റെ പിന്‍ബലത്തിലാണു്. നാക്കു മുറിച്ചുകളയപ്പെട്ടാല്‍ മുറിഞ്ഞ നാക്കിന്റെ മേന്മയപ്പറ്റി പ്രഭാഷണം വരെ നടത്താന്‍ ഈ ഒരു മനോഭാവത്തിനു മാത്രമേ കഴിയൂ. ‘പട്ടേലരുടെ സെന്റിന്റെ മണം’ നുകരുന്ന തൊമ്മിയുടെ മുഖം.

ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ മാറ്റാതെയും, അധികാരത്തിന്റെ കേന്ദ്രങ്ങളെ വെല്ലുവിളിക്കാതെയും ഒരു നവോത്ഥാനത്തിനുള്ള സാധ്യത കാണുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ വരേണ്ടത് ഈ വിധേയരില്‍ നിന്നും അവരുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണു്. അടുത്ത കാലത്ത് ശബാനാ ആസ്മിയുടെ സ്വരം ഉയര്‍ന്നുകേട്ടെങ്കിലും അധികാരിവര്‍ഗ്ഗത്തിന്റെ ഗര്‍ജ്ജനത്തില്‍ മുങ്ങിപ്പോവുന്ന കാഴ്ചയാണു കാണേണ്ടി വന്നത്. നാളെ ഒരു പക്ഷെ അതേറ്റുപിടിക്കാന്‍ ആളുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

31 Responses to തല തിരിഞ്ഞയൊരു ചികിത്സയും വിധേയത്വവും

 1. സൂ | su says:

  ഇതൊക്കെ ഒരു വശത്ത്. മറുവശം, എല്ലാ സമുദായങ്ങളും, വിഭാഗങ്ങളും, ഒരുപോലെ കാണുന്ന ചാനലുകളും, സിനിമകളും ആണ്. വസ്ത്രങ്ങള്‍, നിര്‍മ്മാതാവിനെ സഹായിക്കുന്ന മട്ടില്‍, കുറച്ചുകൊണ്ടുവരികയാണ്, അഭിനേതാക്കള്‍. പട്ടുസാരി ചുറ്റിയും, പര്‍ദ ധരിച്ചും കാണാന്‍ പോകുന്നത് ഇത്തരം കാഴ്ചകളാണ്. പുരുഷന്മാര്‍, അതേ കാഴ്ച, ജീവനോടെ കാണുമ്പോള്‍ നോക്കുന്നതാവും. അവരെ കുറ്റം പറയാന്‍ പറ്റില്ല.പിന്നെ, ഒരുകാര്യവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാര്യമില്ല. നല്ലതും ചീത്തയും തിരിച്ചറിയട്ടെ. അടിച്ചേല്‍പ്പിക്കുന്നവരും, അനുസരിക്കാന്‍ നിര്‍ബന്ധിതരാവുന്നവരും, ഒരേ സമൂഹത്തിന്റെ ഭാഗമല്ലേ?qw_er_ty

 2. ആണില്‍നിന്നുള്ള സംരക്ഷണത്തിനുവേണ്ടി പെണ്ണാണു പര്‍ദ്ദ ധരിക്കേണ്ഡതെങ്കില്‍ അതേ യുക്തിവച്ചുതന്നെ കുറ്റവാളികളില്‍നിന്നും സംരക്ഷണത്തിനായി സാധാരണപൌരന്മാരെയല്ലേ ജയിലിലിടേണ്ടത്‌?

 3. നളന്‍ says:

  സൂ,
  നോക്കുന്നതിനെയാണു കുറ്റം പറയുന്നതെങ്കില്‍ ആരാണു കുറ്റവാളി?
  അതെ നല്ലതും ചീത്തതും സ്വയം തിരിച്ചറിയട്ടെ, അതുതന്നെയാണു കാര്യം. തിരിച്ചറിവില്ലാത്തവരെ ശിക്ഷിക്കട്ടെ, അതുള്ളവനെ ശിക്ഷിക്കേണ്ട കാര്യമില്ല.

  ചന്ദ്രക്കാരാ,
  തലതിരിഞ്ഞ ചികിത്സ. അല്ലേ!

 4. ഡാലി says:

  നളന്‍, ഇതൊക്കെ ഇപ്പോഴാ കാണുന്നത്.
  എപ്പോഴെങ്കിലും പര്‍ദ്ദയെ കുറിച്ച് മുസ്സീം ആണുങ്ങളുട് സംസ്സാരിച്ചീട്ടുണ്ടോ? ഉണ്ടനെ അവര്‍ പറയുന്നത് പുരുഷ്യന്മാര്‍ക്കും ഡ്രസ്സ് കോഡ് ഉണ്ട് ഇസ്ലാമില്‍ എന്നാണ്.
  കേരളത്തിലെ വസ്ത്രധാരണരീതി ആ ഡ്രസ്സ് കോഡ് പാലിക്കുനുണ്ട്.
  പിന്നെ പര്‍ദ്ദ ഇടണം എന്ന് ഇസ്ലാം ന്നിര്‍ബ്ബന്ധിക്കുന്നില്ല എന്നും വിവരമുള്ള മുസ്ലീ‍മുകള്‍ പറയുന്നു. ചില ഭാഗങ്ങള്‍ സ്ത്രീകളെ കാണീക്ക്കാതെ പുരുഷ്യന്മാരും പുരുഷ്യന്മാരെ കാണിക്കാതെ സ്ത്രീകളും മറയ്ക്കേണ്ടത് ആവശ്യമെന്നാ‍ണ് ഈപക്ഷക്കാരുടെ വാദം.

  (കൊടും വേനലീല്‍ തിരൂര്‍ പോയപ്പോള്‍ കണ്ട പര്‍ദ്ദകള്‍ മറക്കാന്‍ ഒരു പാട് കാലം വേണ്ടി വന്നു )

 5. nalanz says:

  ഡാലി,
  പര്‍ദ്ദയെക്കാളുപരി, മുഖം മറയ്ക്കുന്നതിനോടാണെതിര്‍പ്പ്.
  മുസ്ലീം ആണുങ്ങളോടു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രമിക്കാം.

 6. ഡാലി says:

  നളാ, രാജീവിന്റെ പോസ്റ്റിലെ ചര്‍ച്ചകള്‍ വായിച്ചപ്പോഴാണ് ഈ ലിങ്ക് പിന്നേയും കണ്ടത്. അവിടത്തെ കടലില്‍ കായം കലക്കാനുള്ള സമയവും ഊര്‍ജ്ജവും ഇല്ല.

  ഫാഷന്റെ സിമ്പലായല്ലാതെ “പ്രാദേശിക ഗോത്രങ്ങളുടെ സംസ്കാരസവിശേഷതകള്‍“ നിലനിര്‍ത്താന്‍ പര്‍ദ്ദ ധരിക്കുന്നതിനെ കുറിച്ച് എന്താണ് നളന്റെ അഭിപ്രായം?
  ചോദ്യം ഈ പോസ്റ്റിന്റെ http://workersforum.blogspot.com/2008/05/blog-post_18.html അധികരിച്ചാണ്.നളന്‍ കാണാതെയിരിക്കാന്‍ സാധ്യത കുറവാണെന്നറിയാം. എന്നാലും ഇനി കണ്ടീട്ടില്ലെങ്കിലോ ?

 7. nalanz says:

  ആ പോസ്റ്റ് കണ്ടിരുന്നില്ല ഡാലി.
  വായിച്ചിട്ട് പറയാം. എന്നാലും ഇത്രയും പറയാന്‍ വായിക്കാത്തത് തടസ്സമാകുമെന്നു തോന്നുന്നില്ല.

  “പ്രാദേശിക ഗോത്രങ്ങളുടെ സംസ്കാരസവിശേഷതകള്“ എന്നല്ല എത്ര കൊടികുത്തിയ സംസ്കാരമായാലും, എന്തിന്റെ പേരിലായാലും പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കുന്ന കാര്യത്തില്‍ രണ്ടഭിപ്രായം കാണുമെന്ന് ഡാലി ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. ഇല്ല എന്നു വ്യക്തമാക്കിക്കോട്ടെ.
  “സംസ്കാരസവിശേഷതകള്‍“ നിലനിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണു. ?

 8. ഈ ലേഖനത്തോട് പൂര്‍ണ്ണമായ് യോജിക്കുന്നു.

 9. ഡാലി says:

  പോസ്റ്റ് വായിച്ചു നോക്കൂ. അല്പം ട്രിക്കി ആയാണ് “പ്രാദേശിക ഗോത്രങ്ങളുടെ സംസ്കാരസവിശേഷതകള്“ എന്ന വാചകം അനുഭവപ്പെട്ടത്. ഇവിടെ പുരുഷന്‍ നേരിട്ട് വരുന്നില്ല. എന്നാല്‍ ഖാമോശ് പാനി എന്ന പാകിസ്താന്‍ സിനിമ ചോദിക്കുന്ന ചോദ്യം തീര്‍ച്ചയായും വരുന്നുണ്ട്. നളന്‍ ചോദിച്ചത് തന്നെ(“സംസ്കാരസവിശേഷതകള്‍“ നിലനിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണു. ?) മറ്റൊരു രീതിയില്‍ “സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം ബാധ്യതയോ?:

 10. പ്രസക്തമായ വിഷയം. രാജീവ് ജീയുടെ ബ്ലോഗിലെ പൂരം കണ്ട് കണ്ണ് കലങ്ങിയാണ് ഇവിടെയെത്തിയത്.

  പുരുഷന്റെ ‘രതിവാഞ്ഛകള്‍ ‘ അടക്കിവയ്ക്കാന്‍ സ്ത്രീയെ പര്‍ദ്ദയുടുപ്പിക്കുന്ന പരിപാടി ഏതായാലും ചന്ത്രക്കാറന്‍ പറഞ്ഞപോലെ ക്രിമിനലുകളെ തുറന്നുവിട്ടിട്ട് പൌരന്മാരെ ജയിലിലിടുന്നതിനു തുല്യമാണ്.

  പിന്നെ, സ്വാതന്ത്ര്യമെന്നത് ആരെങ്കിലും കെട്ടിയിറക്കിക്കൊടുക്കുന്നതല്ല, ജനം അതിലേക്കുയരുകയാണു വേണ്ടത് എന്ന് പണ്ടേതോ മണ്ടന്‍ പറഞ്ഞിട്ടുണ്ടല്ലോ. ബുര്‍ഖയെക്കുറിച്ച് അഭിമാനിക്കുന്നവര്‍ അഭിമാനിക്കട്ടെ, അഭിമാനിച്ചുകൊണ്ടേയിരിക്കട്ടെ 🙂

 11. nalanz says:

  ഡാലി,
  അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിക്കാനുള്ള മാധ്യമതന്ത്രങ്ങളിലൊന്നുമാത്രമായിരുന്നു “ബുര്‍ഖക്കുള്ളില്‍ കുടുങ്ങിപ്പോയ അഫ്‌ഗാനിലെ സ്ത്രീകളെ വിമോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തിയത്“ എന്നത്.
  അധിനിവേശത്തെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് വേറെയും ഉണ്ടായിരുന്നല്ലോ കാരണങ്ങള്‍.

  മഖ്‌മല്‍ബഫിന്റെ സിനിമയും അതിന്റെ പ്രചാരവാഹകനായിപ്പോയിയെന്നു നിരൂപകന്‍ വിധിയെഴുതിയതുകൊണ്ട് ബുര്‍ഖയെ ന്യായീകരിക്കുന്നുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. മേലുദ്ധരിച്ച സംസ്കാരസവിശേഷതകളില്‍ ബുര്‍ഖയും ഉള്‍പ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെ അധിനിവേശം, അല്ലെങ്കില്‍ സാംസ്കാരിക അധിനിവേശം എതിര്‍ക്കപ്പെടേണ്ടതാകുമ്പോള്‍ സാംസ്കാരിക സവിശേഷതകള്‍ നിലനിര്‍ത്തണമെന്നാണു പറയുന്നതെന്നര്‍ഥമാക്കേണ്ടതില്ല.

  “സംസ്കാരസവിശേഷതകള്‍“ നിലനിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണു. ?) മറ്റൊരു രീതിയില്‍ “സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം ബാധ്യതയോ?:“

  വളരെ പ്രസക്തമായ ചോദ്യം.
  സംസ്കാരവും അതിന്റെ സവിശേഷതകളും എന്നും നിലനിര്‍ത്തേണ്ടത് അതിന്റെ അധികാരം പിന്‍പറ്റുന്നവര്‍ക്കുതന്നെയായിരുന്നു, ഇന്നും അങ്ങിനെ തന്നെ. അതായത് സ്ത്രീയുള്‍പ്പെടുന്ന പട്രിയാര്‍ക്കിക്കു തന്നെ.
  അധിനിവേശം ഇത് സങ്കീര്‍ണ്ണമാക്കുന്നത് ഒരു സംസ്കാരത്തിന്റെ അസ്തിത്വത്തിനു നേരേയുള്ള കടന്നാക്രമണമാകുമ്പോഴാണു. അധിനിവേശത്തെ ചെറുക്കേണ്ടതുള്ളപ്പോള്‍ സ്വാഭാവികമായും അസ്തിത്വസംരക്ഷണം അതിനുള്ളില്‍പെട്ടുപോകുന്നു. ശരിയായ രാഷ്ട്രീയബോധം ഇല്ലാത്ത അവസ്ഥയില്‍ ഇതിനെ പട്രിയാര്‍ക്കി പൂര്‍ണ്ണമായും ഹൈജാക്ക് ചെയ്യുകയും ചെയ്യും. രാഷ്ട്രീയത്തില്‍ പ്രയോറിറ്റീസിനു പ്രാധാന്യമുണ്ടെന്നതിനാല്‍ ഇവിടെ പ്രയോറിറ്റീസിനെ നിര്‍ണ്ണയിക്കാന്‍ ശരിയായ രാഷ്ട്രീയബോധം നിര്‍ണ്ണായകമാണു.

  “സാംസ്കാരിക സവിശേഷതയുടെ“ ഇരയെ സംബന്ധിച്ചിടത്തോളം ഈ അസ്തിത്വസംരക്ഷണം അവരുടെ ബാധ്യതയല്ല. എന്നാല്‍ അധിനിവേശം അതങ്ങിനെയാക്കിമാറ്റും, അല്ലെങ്കില്‍ നിലവിലുള്ള പട്രിയാര്‍ക്കല്‍ സംവിധാനം അതുറപ്പുവരുത്തും.
  അധിനിവേശത്തെ ചെറുക്കേണ്ടതുള്ളപ്പോള്‍തന്നെ സാംസ്കാരിക സവിശേഷതകളേയും ചേറുക്കേണ്ടിവരുമ്പോഴാണു പ്രയോറിറ്റീസ് പ്രസക്തമാകുന്നത്. ഒരു കാര്യം വക്തമാക്കട്ടെ, സാംസ്കാരിക സവിശേഷതകള്‍ മൊത്തമായും ഉപേക്ഷിക്കണമെന്ന അര്‍ഥത്തിലല്ല, മറിച്ച് അതിലെ തിന്മകള്‍, സ്ത്രീവിരുദ്ധവും, മാനവികവിരുദ്ധവും, ചൂഷണവും ഉള്‍പ്പെടുന്ന തിന്മകളുമാണുപേക്ഷിക്കേണ്ടത്‍. ഒരു സംസ്കാരവും സ്ഥായിയായി നിലനിര്‍ത്തേണ്ടതില്ല. മഹത്തായ സംസ്കാരം, പാരമ്പര്യം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കി ആരാണതു പറയുന്നതെന്നുകൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആ അധികാരത്തിന്റെ കരിനിഴല്‍ മിക്കപ്പോഴും കാണാതെപോകുന്നതാണു വലിയ അബദ്ധം.

  പറഞ്ഞു വന്നത് പ്രയോറിറ്റീസിന്റെ അടിസ്ഥാനത്തില്‍ അധിനിവേശത്തോടോ, അല്ലെങ്കില്‍ സാംസ്കാരിക സവിശേഷതകളുടെ അധികാരം പിന്‍പറ്റുന്നവരോടോ താല്‍ക്കാലികമായെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നേക്കാം (ഒഴിവാക്കാനാകില്ലയെന്നല്ല). ശരിയായ രാഷ്ട്രീയബോധം മാത്രമേ ഉചിതമായ ഒരു നിലപാടെടുക്കാന്‍ സഹായിക്കുകയുള്ളൂ.

 12. ഡാലി says:

  അപ്പോ നളന്‍ പറഞ്ഞ് വന്നത് അധിനിവേശം, സംസ്കാരിക പാട്രിയാര്‍ക്കിസം ഇവ രണ്ടിനേയും ഒരുമിച്ച് നേരിടേണ്ടി വരുമ്പോള്‍ പ്രിഫരന്‍സസ് വരും. അങ്ങിനെ വന്നാല്‍ അധിനിവേശത്തിനെത്തിരെ ബൂര്‍ഖപോലുള്ള സിംബലുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന്, അല്ലെ?

  വര്‍ക്കേഴ്സ് ഫോറം ഈ പോസ്റ്റില്‍ മാത്രമല്ല ഈ നിലപാടെടുത്തീട്ടുള്ളത്. വളരെ ഗൌരവമായി കേരളത്തിലെ വായ്നോട്ടത്ത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്ത പോസ്റ്റിലും http://workersforum.blogspot.com/2008/05/blog-post_04.html ഇതേകാര്യം പരാമര്‍ശിക്കുകയുണ്ടായി. അതിനു നളന്റെ ചോ‍ാദ്യവും ആ ലേഖകന്റേയും വര്‍ക്ക്കേഴ്സ് ഫോറത്തിന്റ്റേയും നിലപാടുകളും കണ്ടതാണ്. അതിലെ താരതമ്യം വളരെ ശ്രദ്ധേയമാണ്. സാരി മതേതരവും പര്‍ദ്ദ മതചിഹന്നവുമെന്ന രീതിയിലൊരു നിലപാട്. അതായത് ഇങ്ങ് കേരളത്തിലും പര്‍ദ്ദ ഒരു മതചിഹ്നം മാത്രമാണെന്ന്. സ്ത്രീ‍ സ്വാതത്ര്യവുമാ‍ായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന്.അതിനുശേഷം വന്ന പോസ്റ്റാണ് ബൂര്‍ഖയും ഭീതിയും. തികച്ചൂം പ്ലാന്‍ഡ് ആയ ഒരു രാഷ്ട്രീയം ആണിതില്‍ കാണുന്നത്. ബൂര്‍ഖയെ വെറുമൊരു സാംസ്കാരിക ചിഹ്നം മാത്രമായി ഗ്ലോ‍റിഫൈ ചെയ്യുക. പാത്രിയാര്‍ക്കിയുടെ എല്ലാ അപ്പസ്തോലന്മാരും ചെയ്യുന്നതത് തന്നെ. എന്നീട്ട് അതിനെ സംരക്ഷിക്കാനെന്നപേരില്‍, അധിനിവേശത്തിനെത്തിരെ എന്ന പേരില്‍ ഉപയോഗിക്കുക. അങ്ങനെ മനസ്സിലാക്കുമ്പോള്‍ “സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത സ്ത്രീയ്യ്ക്ക് മാത്രമോ എന്നത് കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുന്നു. ഒരു തിന്മയെ എതിര്‍ക്കാന്‍ മാറ്റൊരൂ തിന്മ ഉപയോഒഗിക്കുന്നതിലെ അപഹാസ്യതയും പ്രത്യക്ഷപ്പെടുന്നു. അധിനിവേശം ഇല്ലാതായാലൂം ഇല്ലാതാകുന്നതല്ലല്ലോ സംസ്കാരിക ദുരഭിമാനം. പറഞ്ഞു വന്നത്, അധിനിവേശത്തിനെതിരെ പോലും ഇത്തരം അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ അപഹാസ്യതയാണ്.

 13. nalanz says:

  ഡാലി,
  ആ പോസ്റ്റുകളുടെ കിടപ്പ് ഇങ്ങനെയാനെന്നു ഉറപ്പില്ലായിരുന്നുവെങ്കിലും ഡാലിയുടെ ചോദ്യം കണ്ടപ്പോള്‍ ഈ ഒരു ആരോപണം മുന്നില്‍കണ്ടുകൊണ്ടു തന്നെയാണു എഴുതിയത്.
  വ്യക്തിപരമായി ഒരു കാരണവശാലും സാസ്കാരിക ദുരഭിമാനത്തിനോടു വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല എന്ന നിലപാടുകാരനാണു ഞാന്‍.
  അതായത്

  “അപ്പോ നളന്‍ പറഞ്ഞ് വന്നത് അധിനിവേശം, സംസ്കാരിക പാട്രിയാര്‍ക്കിസം ഇവ രണ്ടിനേയും ഒരുമിച്ച് നേരിടേണ്ടി വരുമ്പോള്‍ പ്രിഫരന്‍സസ് വരും. അങ്ങിനെ വന്നാല്‍ അധിനിവേശത്തിനെത്തിരെ ബൂര്‍ഖപോലുള്ള സിംബലുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന്, അല്ലെ?“

  ഈ ചോദ്യത്തിനുത്തരം അങ്ങിനെ ഉപയോഗിക്കരുത് എന്നു തന്നെ.
  ആ കമന്റെഴുതി വന്നപ്പോള്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ തന്നെ. സംസ്കാരത്തെപ്പറ്റി ഉള്ള ധാരണകള്‍ കുറച്ചുകൂടി ബോദ്ധ്യപ്പെട്ടു. പക്ഷെ രാഷ്ടീയമായി അതൊരു തന്ത്രപരമായ അബദ്ധമാകുമോ എന്ന സംശയമുണ്ടായിരുന്നു. തെറ്റു തിരുത്താനുള്ള വൈമസ്യമില്ലാത്തതുകൊണ്ട് നൂറു വട്ടം ആലോചിക്കാറില്ല അഭിപ്രായം പറയുമ്പോള്‍. അത്രേയുള്ളൂ. കമന്റ് പോസ്റ്റ് ചെയ്തു കഴിഞ്ഞുള്ള അനാലിസിസില്‍ അതൊഴിവാക്കാമായിരുന്നുവെന്നു തോന്നിയെങ്കിലും അതിനു മുന്‍പേ ഡാലി വന്നു.
  (താല്‍ക്കാലികമായെങ്കിലും, അതും ഒഴിവാക്കാമെങ്കില്‍ അതും എന്നൊക്കെ മുന്‍‌കൂറ് ജാമ്യമെടുത്തത് വെറുതേയായി)

  വര്‍ക്കേര്‍സ് ഫോറത്തിലെ എന്റെ കമന്റ് വായിച്ചിരുന്നെങ്കില്‍ ഈ ശങ്കയ്ക്കിടവരേണ്ടതില്ല. ബുര്‍ക്കയെ അങ്ങിനെ ഉപയോഗിക്കുന്നതിനെ അര്‍ത്ഥശങ്കയ്ക്കിടവരാതെ തന്നെയാണെതിര്‍ത്തത്. സാരിയുമായുള്ള കമ്പാരിസണില്‍ ചില അപാകതകളുണ്ട് (സാരിയെ ന്യായീകരിക്കുകയല്ല) അതു വ്യക്തമാക്കണമെങ്കില്‍ ഒരു പോസ്റ്റ് തന്നെ വേണ്ടിവരും. അതവിടെ പരാമര്‍ശിക്കാതെ വിട്ടത് അതുകൊണ്ടാണു.
  അതിനു ശേഷമുള്ള പോസ്റ്റിനുവേണ്ടി ഞാനും നോക്കിയിരിക്കയായിരുന്നുവെങ്കിലും കണ്ടിരുന്നില്ല.

  “സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത സ്ത്രീയ്യ്ക്ക് മാത്രമോ“

  ഇതെനിക്കിനിയും മനസ്സിലായിട്ടില്ല. സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കേണ്ടതാരുടെ ആവശ്യമാണെന്നു വ്യക്തമായിപ്പറഞ്ഞതു വായിക്കാതെയാണൊ ? പക്ഷെ അതു ഡാലി പറയുന്നത് പോലെ സ്ത്രീ മാത്രമല്ല ഇരയായി വരുന്നത്. സ്ത്രീ അതില്‍ ഒന്നു മാത്രമാകുന്നുവെന്നുമാത്രം.

  മൊത്തതിലുള്ള എന്റെ കമന്റ് സംസ്കാര സംരക്ഷണത്തിനെതിരേ തന്നെയെന്നിരിക്കെ, ഡാലിയുടെ മറുപടി കണ്ടിട്ട് വെറും തര്‍ക്കമാണോ ഉദ്ദേശമെന്നു തോന്നാതിരുന്നില്ല.
  ഏതായാലും ഡാലിയുടെ ഈ കമന്റിനു എന്റെ അഭിനന്ദനങ്ങള്‍. നമ്മുടെ മഹത്തായ സംസ്കാരിക ബോദ്ധ്യങ്ങളും ബോധങ്ങളും പൊളിച്ചെഴുതേണ്ടതു തന്നെ. അതില്‍ സമാന ചിന്താഗതിക്കാരുണ്ടെന്നതു ആശാവഹമാണു.

 14. nalanz says:

  അധിനിവേശത്തിന്റെ പ്രശ്നത്തിനിടയില്‍ സംസ്കാര ദുരഭിമാനത്തിനെതിരേ നിലപാടെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സംസ്കാരാധികാരം കൈപറ്റുന്നവര്‍ ഉപ്യോഗിക്കുന്ന ഫലപ്രദമായ ഒരായുധമാണു ‘രാജ്യസ്നേഹം’ അല്ലെങ്കില്‍ പേട്രിയോട്ടിസം.
  ഇതുകൂടി പൊളിച്ചെഴുതാതെ അധിനിവേശസാഹചര്യങ്ങളില്‍ സംസ്കാര ദുരഭിമാനത്തിനെതിരെ ശക്തമായൊരു നിലപാടെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

  മറ്റൊന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
  യുദ്ധം പോലുള്ള ആപല്‍ഘട്ടങ്ങളില്‍, രാഷ്ട്രീയമായി നോക്കുമ്പോള്‍ ചില ഗ്രൂപ്പുകളെ ഒഴിച്ചു നിര്‍ത്തേണ്ടതുണ്ടോ എന്നത് തര്‍ക്കവിഷയമാണു. നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളില്‍ രാഷ്ടീയമായി യോജിപ്പില്ലാത്തവരെ (ഇവിടെ ബുര്‍ഖയെ ന്യായീകരിക്കുന്നവര്‍) പൊതുശത്രുവിനെതിരെ കൂടെ നിര്‍ത്തേണ്ടുതുണ്ടോ എന്നാണു ചോദ്യം. കൂടെ നിര്‍ത്തുന്നതുകൊണ്ട് അവരെയോ അവരുടെ നയങ്ങളെയോ പിന്തുണയ്ക്കുന്നുവെന്നര്‍ത്ഥമാക്കേണ്ടതില്ല.
  ഇതാണു പ്രയോറിറ്റീസിന്റെ അടിസ്ഥനത്തിലുള്ള താല്‍ക്കാലിക വിട്ടുവീഴ്ചകൊണ്ടുദ്ദേശിച്ചത് (അതും ഒഴിവാക്കാമെങ്കില്‍ അത്), അല്ലാതെ അവരെ ന്യായീകരിക്കുന്നുവെന്നര്‍ത്ഥത്തിലല്ല.

 15. ഡാലി says:

  നളന്‍ തെറ്റിദ്ധരിക്കരുത്. ഒരു തര്‍ക്കത്തിനു വേണ്ടി അല്ല ചോദ്യം. ഇതിനെ കുറിച്ച് അല്പമെങ്കിലും ചിന്തിക്കുന്ന ഒരാളൂടെ വീക്ഷണം അറിയുകയായിരുന്നു. നളന്റെ രണ്ടാമത്തെ കമന്ന്റ്റില്‍ ഛെറിയൊരൂ സംശയം പോലെ തോന്നിയപ്പോള്‍ എന്നെ ചിന്ത സംശയമില്ലാതെ പറഞ്ഞതാ‍ണ്. അതിനു റെഫറന്‍സ വച്ചിരിക്കുന്നത് വായ്നോട്ടം പൊസ്റ്റിലെ നളന്റെ കമന്റ് തന്നെയാണ്.അതു കണ്ണ്റ്റില്ലേ. (ഞാന്‍ നളന്റ്റ്റെ കമന്റ് കണ്ടില്ല എന്നു പറഞ്ഞത്‍ ചോദിച്ചതാണ്)

  ചര്‍ച്ചകളില്‍ വരുന്ന നല്ല അഭിപ്രായങ്ങള്‍ക്ക് വേണ്ടിയാണ് ചര്‍ച്ച എന്ന് കരുതുന്ന ഒരാളായതു കൊണ്ട് അഭിപ്രായങ്ങളെ തിരുത്താന്‍ എനിക്കും മടിയില്ല. അങ്ങനെയാണു വേണ്ടതും

  “സംസ്കാരത്തിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത സ്ത്രീയ്യ്ക്ക് മാത്രമോ“
  ഇതെനിക്കിനിയും മനസ്സിലായിട്ടില്ല.- ആദ്യകമന്റില്‍ അത് എവിടെ നിന്ന് വന്നുവെന്ന് പറഞ്ഞല്ലോ? ഖാമോശ് പാനി എന്ന പാകിസ്താനി പടം. അതില്‍ അഭിമാനം സംരക്ഷിക്കാന്‍ സ്ത്രീകളെ കൊല്ലുകയാണ് ചെയ്യുന്നത്. അങ്ങനെ മരിക്കാന്‍ തയ്യാറാവതിരുന്ന ഊരു സ്ത്രീയുടെ കഥ.

  തീര്‍ച്ചയായും സംസ്കാരകത്തിന്റെ ദുരഭിമാനത്തിന്റെ ഇരകള്‍ ആണുങ്ങളും ആവുന്നുണ്ട്. പക്ഷേ ബൂര്‍ഖ, ആത്മഹത്യ എന്നതിലൂടെ അടിച്ചേല്‍പ്പിക്കപ്പെടൂന്ന സ്ത്രീകളുമായി താരതമ്യപ്പെടുത്ത്തുമ്പോള്‍ അത്ര വലുതായി ത്തോന്നിയിട്ടില്ല. (ക്രിസ്ത്യാനി സ്ത്രീകള്‍ക്കുള്ള ചില വേഷവിധാന നിയന്ത്രണങ്ങള്‍ ഓര്‍ക്കുക). സാംസ്കാരിക ദുരഭിമാനിരായായി ജീവന്‍ ത്യജിക്കേണ്ടി വന്ന ആണ്ണുങ്ങളുടെ കഥകള്‍ കുറവാണ്.

  കടുത്ത രാജ്യസ്നേഹം അഥവാ എക്സ്ട്രീം പേട്രിയോടിസം എന്ന ജിംഗോയിസം ഇപ്പോഴേ ധാരാ‍ളമായി ചര്‍ച്ചചെയ്യുന്നുണ്ട്. അനാര്‍ക്കിസം സ്വപ്നം കാണാത്ത മലയാളി ഇല്ല എന്ന് പറയും. ആ മലയാളികള്‍ എല്ലാം തന്നെ ജിംഗോയിസത്തെ അറിയാതെയെങ്കിലും എതിര്‍ക്കുന്നുണ്ട്. യുദ്ധത്തിന്റെ കാലത്ത് അമേരിക്ക എങ്ങനെ ജിംഗോയിസം ഫലപ്രദമായി ഉപയോഗിച്ചു എന്ന് അറിവുള്ളതാണല്ലോ. എതിര്‍ക്കപ്പെടേണ്ടതാണ് അതില്‍ രണ്ടഭിപ്രായം ഇല്ല.

  അവസാനം പറഞ്ഞ കാര്യത്തിന് സംസ്കാരിക സവിശേഷതകളുടെ അധികാകാരികളുടെ കൂടെ വിട്ടുവീഴ്ച എന്നതിന് നളന്‍ പറഞ്ഞതിനോട് യോജിക്കുന്നു. തീര്‍ച്ചയായും അപ്പോള്‍ അവരുടെ സംസ്കാരിക നയങ്ങളെ പടിക്കു പുറത്ത് നിര്‍ത്താന്‍ വേണ്ടത്ര ശ്രദ്ധിക്കണം. അല്ലെങ്കില്‍ യുദ്ധം കഴിയുമ്പോള്‍ പതിയെ പതീയെ രാജ്യം കീഴടക്കുന്നത് ഈ സംസ്കാരിക അധികാരികളാവും.

  (തര്‍ക്കമാണെന്ന് ധരിക്കരുത്. ആ രണ്ടാമത്തെ ബൂര്‍ഖ പോസ്റ്റ് കണ്ടപ്പോള്‍ അതിനെ ക്കുറിച്ച് നളനോട് ചോദിക്കണമെന്ന് തന്നെ വിചാരിച്ചിരുന്നു. ചിന്തകള്‍ കൂടുതല്‍ സമൂര്‍ത്തമാവാനാണ് പലരോടും ചോദിക്കുന്നത്. പര്‍ദ്ദയെ കുറിച്ച് ഞാന്‍ ഇവിടെ ഉള്ള സ്ത്രീ‍കളോടും പുരുഷന്മാരോടും അഭിപ്രായം ചോ‍ദിക്കാറുണ്ട്. ഒരു സംസ്കാരിക സിംബലായി ഇവിടെ ഉള്ളവരും അതിനെ കാണുന്നു.)

 16. nalanz says:

  ഡാലി,
  ശരിയാണു, ഞാനും തെറ്റിദ്ധരിച്ചു. എന്നോടു അങ്ങിനൊരു ചോദ്യത്തിനുശേഷം വന്ന നിരീക്ഷണങ്ങള്‍ എന്നെക്കൂടെ അഡ്രസ് ചെയ്യുന്നതായി എനിക്കു തോന്നി. വ്യക്തമാക്കിയതിനു നന്ദി.

  ഡാലി വര്‍ക്കേര്‍സ് ഫോറത്തിനെ ഉദ്ധരിച്ച് നടത്തിയ നിരീക്ഷണത്തിലൊരപാകതയുണ്ടെന്നാണു തോന്നുന്നത്.

  ഡാലിയുടെ കമന്റില്‍…

  അതിലെ താരതമ്യം വളരെ ശ്രദ്ധേയമാണ്. സാരി മതേതരവും പര്‍ദ്ദ മതചിഹന്നവുമെന്ന രീതിയിലൊരു നിലപാട്. അതായത് ഇങ്ങ് കേരളത്തിലും പര്‍ദ്ദ ഒരു മതചിഹ്നം മാത്രമാണെന്ന്. സ്ത്രീ‍ സ്വാതത്ര്യവുമാ‍ായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന്.അതിനുശേഷം വന്ന പോസ്റ്റാണ് ബൂര്‍ഖയും ഭീതിയും. തികച്ചൂം പ്ലാന്‍ഡ് ആയ ഒരു രാഷ്ട്രീയം ആണിതില്‍ കാണുന്നത്. ബൂര്‍ഖയെ വെറുമൊരു സാംസ്കാരിക ചിഹ്നം മാത്രമായി ഗ്ലോ‍റിഫൈ ചെയ്യുക. പാത്രിയാര്‍ക്കിയുടെ എല്ലാ അപ്പസ്തോലന്മാരും ചെയ്യുന്നതത് തന്നെ. എന്നീട്ട് അതിനെ സംരക്ഷിക്കാനെന്നപേരില്‍, അധിനിവേശത്തിനെത്തിരെ എന്ന പേരില്‍ ഉപയോഗിക്കുക

  എന്റെ ചോദ്യത്തിനുള്ള മറുപടി വര്‍ക്കേര്‍സ് ഫോറം പറഞ്ഞത്

  “പര്‍ദ മത ചിഹ്നവും സാരി മതേതര ചിഹ്നവുമാകുന്ന മറിമായമാണ് പൊതുബോധത്തിലുള്ളത്. നിസ്ക്കാരത്തഴമ്പ് മത ചിഹ്നവും നെറ്റിയിലെ ചന്ദനക്കുറി അങ്ങിനെയല്ലാതിരിക്കുന്നതുമായ അവസ്ഥ കേരളത്തിലും കുരിശ് അങ്ങിനെയല്ലാതിരിക്കുന്ന അവസ്ഥ യൂറോപ്പിലുമുണ്ട്“

  ഡാലി പറഞ്ഞപോലെ പര്‍ദ്ദയെ മതചിഹ്നമായി ഗ്ലോറിഫൈ ചെയ്യുകയല്ല പുള്ളി ചെയ്തെന്നാണു ഞാന്‍ മനസ്സിലാക്കിയത്. ന്യൂനപക്ഷത്തിന്റെ പര്‍ദ്ദ മത ചിഹ്നമാകുമ്പോള്‍ ഭൂരിപക്ഷത്തിന്റെ (ഹിന്ദുക്കളുടെയന്ന്) സാരി മതേതരചിഹ്നമാക്കപ്പെടുന്നതിലെ മറ്റൊരുതരത്തിലുള്ള ‘പുള്ളിയുടെ’ വീക്ഷണത്തിലുള്ള അധിനിവേശത്തെയാണു അദ്ദേഹം പരാമര്‍ശിച്ചത്. അതായത് ഭൂരിപക്ഷം ന്യൂനപക്ഷത്തിനെ സ്വന്തം സംസ്കാരസവിശേഷത അടിച്ചേല്‍പ്പിക്കുന്നത് ഒരു തരം അധിനിവേശം തന്നെയന്ന്.
  സാരിയെപ്പറ്റി ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതുകോണ്ടും പര്‍ദ്ദയിലടങ്ങിയിരിക്കുന്ന പീഡനത്തിന്റെ വശം വേണ്ട ഗൌരവത്തില്‍ കണക്കിലെടുക്കാതെ സാരിയുമായി കമ്പയര്‍ ചെയ്യുന്നതിലെ സാംഗത്യമില്ലായ്മയും കൊണ്ടാണു അക്കാര്യം അടുത്തപോസ്റ്റില്‍ ചര്‍ച്ചചെയ്യാമെന്നു കരുതി നോക്കിയിരുന്നത്. അധിനിവേശത്തിനു കൂടുതല്‍ പ്രാധാന്യന്യം കൊടുക്കുന്നതീനിടയില്‍ പുള്ളി ഇതു കാണാതെപോയി (overlooked) എന്നേ എനിക്കു തോന്നിയുള്ളൂ.

  അടുത്ത പോസ്റ്റ് ഡാലി ചൂണ്ടിക്കാട്ടിയപ്പോഴാണു കണ്ടത്. അതിലും എനിക്കു പര്‍ദ്ദയെ ഗ്ലോരിഫൈ ചെയ്യുന്നതായി തോന്നിയില്ല. പാശ്ചാത്യമാധ്യമങ്ങള്‍ ചെയ്യുന്ന പോലെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ബുര്‍ഖയെ ഉപയോഗിച്ചപോലെ ആ സിനിമയും ചെയ്തുവെന്നാണു അദ്ദേഹം പറഞ്ഞത്. പിന്നെ “സംസ്കാരസവിശേഷതകള്‍“ എന്ന പരാമര്‍ശമുള്ളതുകൊണ്ടുമാത്രം അത് ബുര്‍ഖയെ ന്യായീകരിക്കുന്നുവെന്നനുമാനിക്കാനാവില്ല.

  ഇത്രയുമാണു ഞാന്‍ മനസ്സിലാക്കിയത്. തെറ്റാണെങ്കില്‍ പറയുക.

  ഖാമോഷി ഞാന്‍ കണ്ടിരുന്നില്ല.
  ശരിയാണു സാംസ്കാരിക സവിശേഷതകളുടെ ബാധ്യത കൂടുതലും സ്ത്രീകളുടെ ബാധ്യതയായി മാറുന്നുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി.
  അതുപോലെ, അതുകൊണ്ടുകൂടിയായിരിക്കാം സാംസ്കാരിക മാറ്റങ്ങള്‍ക്ക്, നവോത്ഥാനത്തിനു സ്ത്രീകളുടെ പങ്ക് പുരുഷനെ അപേക്ഷിച്ച് വളരെ വലുതാണെന്നാണു എനിക്കു തോന്നിയിട്ടുള്ള, ഇപ്പോഴുള്ളാ അവസ്ഥയില്‍. അതായത് ഇന്നത്തെ അവസ്ഥയില്‍ പുരുഷന്‍ മാത്രം വിചാരിച്ചാല്‍ നവോത്ഥാനം സാധ്യമല്ല എന്ന്. നവോത്ഥാനം പുരുഷന്റെ മാത്രമാവശ്യമാണെന്നല്ല.
  ഈ വിഷയത്തിലൊരു സംവാദത്തിനു വകുപ്പുണ്ടെന്നു തോന്നുന്നു.
  ബാധ്യതയുടെ പങ്കിലെ പോരായ്മ നികത്തുന്നതോടെ ഇതില്‍ മാറ്റം വരുമായിരിക്കാം.

 17. scertkerala says:

  നളാ,

  “സാരി മതേതരചിഹ്നമാക്കപ്പെടുന്നതിലെ മറ്റൊരുതരത്തിലുള്ള ‘പുള്ളിയുടെ’ വീക്ഷണത്തിലുള്ള അധിനിവേശത്തെയാണു അദ്ദേഹം പരാമര്‍ശിച്ചത്. അതായത് ഭൂരിപക്ഷം ന്യൂനപക്ഷത്തിനെ സ്വന്തം സംസ്കാരസവിശേഷത അടിച്ചേല്‍പ്പിക്കുന്നത് ഒരു തരം അധിനിവേശം തന്നെയന്ന്.“

  ഇതിനു പ്രസക്തി ഉണ്ടെന്ന് തോന്നുന്നുണ്ടോ? ഇന്നു സാരിയില്‍ നിന്ന് കൂടുതല്‍ സൌകര്യപ്രദമാ‍യ ചുരിദാറിലേക്ക് സ്ത്രീകള്‍ മാറിയില്ലേ? ചുരിദാര്‍ ആരുടെ വേഷമാണ്? സാരി വിവാദമായപ്പോള്‍ ഉമ്പാച്ചി എഴുതിയത് ഓര്‍ക്കുന്നു.
  “ഇതൊക്കെ വായിച്ചപ്പോള്‍ ഒരു പുതിയ പ്രഷ്നം.
  മുമ്പ് സാരിയുടുത്തതിന്‍റെ
  പേരില്‍ ചീത്ത കേട്ട
  അവരിപ്പോള്‍ സാരി ഉടുക്കുന്നേയില്ല.
  നമ്മുടെ അങ്ങേതിലെ ബേനസീറില്ലേ അവള്‍…”

  സാരി ആരും അടിച്ചേല്‍പ്പിച്ചതല്ല, സ്ത്രീകള്‍ അവരുടെ സൌകര്യത്തിന്/സ്വാതന്ത്ര്യത്തിന് മുണ്ടും ചട്ടയും, തട്ടവും, സെറ്റും മുണ്ടും ഉപേക്ഷിച്ച് സ്വയം സ്വീകരിച്ചതാണ്. സാരി കേരളത്തിന്റെ വേഷം പോലും ആയിരുന്നില്ല. പിന്നെ എങ്ങനെ ആണ് അത് കേരളത്തില്‍ ഭൂരിപക്ഷത്തിന്റെ അധിനിവേശം ആകുന്നത്?

  മറ്റൊരു കാര്യം ഇവിടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നത് 10 വര്‍ഷം മുന്‍പ് യാഥാസ്സ്തിഥിക മിതവാദി മുസ്ലീം പുരുഷന്മാര്‍ അവതരിപ്പിച്ചിരിക്കുന്ന വാദമാണ്. വാദം ഇങ്ങനെ ആയിരുന്നു. ചന്ദനകുറി ഒരു ശാലീന ലക്ഷണമായി കാണുകയും മുസ്ലീമിന്റെ നിസ്കാര തഴമ്പ് ഒരു അശ്ലീലമാകുകയും ചെയ്യുന്നതെപ്പോഴാണ്?

  എന്റെ അഭിപ്രായം പറയട്ടെ – ഞാന്‍ രണ്ടിനേയും ഒരേ സ്നേഹത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ചന്ദനക്കുറിക്ക് പകരം ചുവന്ന കുറിയും തൊപ്പിക്കു പകരം അടിച്ചേല്‍പ്പിക്കപ്പെട്ട പര്‍ദ്ദായും കൃസ്ത്യാനികള്‍ പള്ളിയില്‍ പെട്ട് ഉപേക്ഷിക്കണമെന്ന ആഹ്വാനങ്ങളേയും ഭയപ്പാടോടെ മാത്രമെ നോക്കാന്‍ കഴിയുന്നുള്ളൂ.

  കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷത്തില്‍ നിന്ന് തങ്ങളുടെ സംസ്കാരം മൌലീകമായി നിലനിര്‍ത്തണം എന്ന് എന്തുകാരണം കൊണ്ട് പറഞ്ഞാലും അത് പ്രതിലോമകരമായാണ് അനുഭവപ്പെട്ടുക. ഇടത് ചിന്താഗതിക്കാരില്‍ നിന്നാകുമ്പോള്‍ പേടിയും. മതമില്ലാത്ത ജീവന്‍, മിശ്രവിവാഹം ഒക്കെ വിവാദമാകുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ ചിന്തിച്ചു നോക്കുമ്പോഴോ?

  ബൂര്‍ഖയും ഭീതിയും എന്നതിലെ പരാമര്‍ശം ഒരേതെറ്റ് രണ്ട് കൂട്ടരും അനുവര്‍ത്തിക്കുക എന്നതാണ് ചെയ്യുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ല. ഒരു സാംസ്കാരിക ചിഹ്നമായി ബൂര്‍ഖയെ ഗ്ലോ‍റിഫൈ ചെയ്യുകയ്യല്ലെങ്കില്‍ പിന്നെന്താണ് എന്ന് എനിക്കു മനസ്സിലകുന്നുമില്ല.

  തീര്‍ച്ചയായും നവോത്ഥാനത്തിനു കൂടുതല്‍ സ്ത്രീപങ്കാളിത്തം ആവശ്യമാണ്. ഒരോ കാലഘട്ടത്തിലും അധികാരഘടനയിലെ പുരോഗമനപരമായ ഇടപ്പെടലുകള്‍ ആരാണ് നടത്തുന്നത് എന്നനുസരിച്ച് അധികാര ശക്തിയും അവര്‍ക്കായിരിക്കും. സ്ത്രീസമത്വം എന്നൊക്കെയുള്ള സ്വപ്നം സ്വപ്നാവസ്ഥ കടക്കണമെങ്കില്‍ അധികാരത്തില്‍ സ്ത്രീയുടെ സ്ഥാനം പ്രധാനമാണ്. സംവരണബില്‍ പാസ്സാകേണ്ടുന്നതിന്റെ ആവശ്യത്തെ കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോ‍ധ്യം വരുന്നത് ഇത്തരം ചിന്തകള്‍ കൂടുതല്‍ സമൂര്‍ത്തമാവുമ്പോഴാണ്.

  ഓഫ്:
  ബ്ലോഗ് റ്റെമ്പ്ലീ‍റ്റ് വായന ബുദ്ധിമുട്ടാക്കുന്നു. റ്റെക്സ്റ്റ് വലുതാക്കിയാലും കമന്റ് കോളത്തിലെ ഫോണ്ട് വലുതാകുന്നില്ല.
  കമന്റ്സ് എങ്ങനെ ആണു മെയിലില്‍ കിട്ടുക?

 18. ഡാലി says:

  നളാ, scertkerala ഞാനാണു . മറ്റൊരു ബ്ലോഗില്‍ ലോഗിന്‍ ചെയ്തിരിക്കുകയായിരുന്നു. ക്ഷമിക്കണം

 19. nalanz says:

  “സാരി മതേതരചിഹ്നമാക്കപ്പെടുന്നതിലെ മറ്റൊരുതരത്തിലുള്ള ‘പുള്ളിയുടെ’ വീക്ഷണത്തിലുള്ള അധിനിവേശത്തെയാണു അദ്ദേഹം പരാമര്‍ശിച്ചത്. അതായത് ഭൂരിപക്ഷം ന്യൂനപക്ഷത്തിനെ സ്വന്തം സംസ്കാരസവിശേഷത അടിച്ചേല്‍പ്പിക്കുന്നത് ഒരു തരം അധിനിവേശം തന്നെയന്ന്.“

  ഇതിനു പ്രസക്തി ഉണ്ടെന്ന് തോന്നുന്നുണ്ടോ?

  ഇതെന്റെ അഭിപ്രായമല്ല. ലേഖകന്റേതെന്നു ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണെന്നാണു പറഞ്ഞത്. ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നുകൂടി സൂചിപ്പിച്ചിരുന്നല്ലോ.
  ലേഖകനു ഇവിടെ പിഴച്ചുവെന്നുതന്നെയാണെന്റേയും അഭിപ്രായം. പക്ഷെ പര്‍ദ്ദയെ ഗ്ലോറിഫൈചെയ്യാന്‍ ശ്രമിക്കുന്നുവെന്നതിനിയും ബോദ്ധ്യപ്പെട്ടിട്ടില്ല. ലേഖകന്റെ ഊന്നല്‍ സാരിയിലാണു, പര്‍ദ്ദയിലല്ല. മതേതരചിഹ്നമാകുന്നതുവഴി അതു മുസ്ലിങ്ങള്‍ക്കുള്‍പ്പടെ എല്ലാവരുടേയും വസ്ത്രമായി മാറുന്നു. സാരി ഭൂരിപക്ഷത്തിന്റേതെന്ന വ്യാഖ്യാനമാണിതിലെ പിഴവ്. ഇന്ന് ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്നും (മുസ്ലിം ഉള്‍പ്പടെ), ഹിന്ദുവെന്നത് ജീവിതരീതിയാണെന്നുമുള്ള നവ ഹൈന്ദവ പ്രചരണത്തിന്റേ കൂടെ വേണമിതിനെ ചേര്‍ത്തു വായിക്കാന്‍. ഒരുതരം അടിച്ചേല്‍പ്പിക്കല്‍ കാണാതിരിക്കാന്‍ വയ്യ.

  കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷത്തില്‍ നിന്ന് തങ്ങളുടെ സംസ്കാരം മൌലീകമായി നിലനിര്‍ത്തണം എന്ന് എന്തുകാരണം കൊണ്ട് പറഞ്ഞാലും അത് പ്രതിലോമകരമായാണ് അനുഭവപ്പെട്ടുക. ഇടത് ചിന്താഗതിക്കാരില്‍ നിന്നാകുമ്പോള്‍ പേടിയും.

  എന്ന് ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ?

  ഈ ആക്രമണത്തിനുള്ള പ്രതിരോധമെന്ന നിലക്ക് മതചിഹ്നങ്ങളിലേക്കും സ്വത്വ പ്രകാശനത്തിലേക്കും ജനങ്ങളും വിപ്ലവകാരികളും അഭയം തേടി എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഒരു സ്വത്വം അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരത്തിലുണ്ടാവും. ആ കാലഘട്ടത്തില്‍ പര്‍ദ സമരായുധമായി എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. വേഷത്തെ സംബന്ധിച്ച രാഷ്ട്രീയചര്‍ച്ചയിലേക്ക് ഈ സംവാദം വളരേണ്ടതുണ്ട്.”

  ഈ മറുപടിയില്‍ ഒരു നിരീക്ഷണം നടത്തുകയാണു ചെയ്തത്, അഭിപ്രായപ്രകടനമല്ലയെന്നാണു മനസ്സിലാക്കിയത്.

  “ബൂര്‍ഖയും ഭീതിയും എന്നതിലെ പരാമര്‍ശം ഒരേതെറ്റ് രണ്ട് കൂട്ടരും അനുവര്‍ത്തിക്കുക എന്നതാണ് ചെയ്യുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ല. ഒരു സാംസ്കാരിക ചിഹ്നമായി ബൂര്‍ഖയെ ഗ്ലോ‍റിഫൈ ചെയ്യുകയ്യല്ലെങ്കില്‍ പിന്നെന്താണ് എന്ന് എനിക്കു മനസ്സിലകുന്നുമില്ല.“

  അധിനിവേശത്തെ ന്യായീകരിക്കാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ പര്‍ദ്ദയെ ഉപയോഗിച്ച പോലെ സംവിധായകനും ഉപയോഗിച്ചുവെന്നാണു ലേഖകന്‍ പറഞ്ഞത്. പര്‍ദ്ദയിലെ പ്രാകൃതത്തത്തെയും പീഡനത്തെയും ചൂണ്ടിക്കാട്ടിയതുകൊണ്ട് ഒരു രാജ്യത്തിന്മേലുള്ള അധിനിവേശത്തെ ന്യായീകരിക്കാനാകുമെന്നു ഡാലി കരുതുന്നുണ്ടോ ? ഈ തന്ത്രത്തിന്റെ പ്രചാരവാഹകനാകുകയാണു സംവിധായകനെന്നു പറയുമ്പോള്‍ എങ്ങിനെയാണു അതു പര്‍ദ്ദയെ ഗ്ലോറിഫൈ ചെയ്യുകയാവുന്നത് ? ഒരു നിരീക്ഷണം മാത്രമല്ലേ. ?

 20. ഡാലി says:

  കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷത്തില്‍ നിന്ന് തങ്ങളുടെ സംസ്കാരം മൌലീകമായി നിലനിര്‍ത്തണം എന്ന് എന്തുകാരണം കൊണ്ട് പറഞ്ഞാലും അത് പ്രതിലോമകരമായാണ് അനുഭവപ്പെട്ടുക. ഇടത് ചിന്താഗതിക്കാരില്‍ നിന്നാകുമ്പോള്‍ പേടിയും.

  എന്ന് ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ?

  “നിസ്ക്കാരത്തഴമ്പ് മത ചിഹ്നവും നെറ്റിയിലെ ചന്ദനക്കുറി അങ്ങിനെയല്ലാതിരിക്കുന്നതുമായ അവസ്ഥ “ – എന്നു വായിക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത് രണ്ട് കാര്യങ്ങളാണ്..
  1. നിസ്കാരത്തഴമ്പിനെ കൂടി മതേതരമാക്കുക. ഇസ്ലാം മതത്തിനു പുറത്ത് നിസ്കാരത്തഴമ്പ് വരണമെങ്കില്‍ എന്ന്തു ചെയ്യണം? അപ്പോള്‍ നിസ്കാരത്തഴമ്പ് മതേതരമായി നിലനിര്‍ത്തുക എന്നാല്‍ മുസ്ലീം ന്യൂനപക്ഷ ചിഹ്നം പൊതുബോധത്തില്‍ നിലനിര്‍ത്തുക എന്നല്ലേ?
  2. ചന്ദനക്കുറിയെ മതപരം മാത്രമാക്കുക!!
  രണ്ടും പ്രതിലോമകമായാണ് അനുഭവപ്പെടുന്നത്. എന്റെ വീക്ഷണത്തിന്റെ പോരായ്മയാവാം. ഇടത്പക്ഷത്തില്‍ നിന്നാവുമ്പോള്‍ പേടി കൂടുന്നു. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദത്തെ മുസ്ലീം/ക്രിസ്ത്യന്‍ തീവ്രവാദത്തേക്കാള്‍ ഭയക്കുന്നതെന്തുകൊണ്ടോ അതേ പോ‍ലെ.
  സൊലൂഷനായി തോന്നുന്നത്. മതം/ മതേതരം ഒഴിവാക്കി ബഹുമാനത്തിന്റെ തലത്തിലേക്ക് ചര്‍ച്ചമാറ്റുക.

  ഇടത്പക്ഷ നിരീക്ഷണങ്ങളെ ഗൌരവബുദ്ധിയോടെ കാണുന്നത് കൊണ്ടാവും അഭിപ്രായത്തിന്റെ അടുത്ത് തന്നെയൂള്ള തീവ്രത ഈ നിരീക്ഷണത്തിന് തോന്നിയത്.

  പര്‍ദ്ദയിലെ പ്രാകൃതത്തത്തെയും പീഡനത്തെയും ചൂണ്ടിക്കാട്ടിയതുകൊണ്ട് ഒരു രാജ്യത്തിന്മേലുള്ള അധിനിവേശത്തെ ന്യായീകരിക്കാനാകുമെന്നു ഡാലി കരുതുന്നുണ്ടോ ?

  തീര്‍ച്ചയായൂം ഇല്ല. പര്‍ദ്ദ എന്ന ഇഷ്യൂവിന്റെ പേരിലോ ആരാജ്യ്യത്തിന്റെ ഏകാധിപത്യത്തിന്റെ പേരീലോ‍ ഒരു പരമാധികാര രാജ്യത്തെ മറ്റൊരു രാജ്യത്തിന് ആക്രമിക്കാനാവുമെന്ന് കരുതുന്നേ ഇല്ല. ഇത് വേറെ ഒരു ചര്‍ച്ചയാണ്. ഡെമോക്രസി, ആക്രമണം എന്നിവയെ കുറിച്ചുള്ള യു.എന്‍ ഡിഫിനിഷനില്‍ നിന്ന് തുടങ്ങുന്നത്.

  ഈ തന്ത്രത്തിന്റെ പ്രചാരവാഹകനാകുകയാണു സംവിധായകനെന്നു പറയുമ്പോള്‍ എങ്ങിനെയാണു അതു പര്‍ദ്ദയെ ഗ്ലോറിഫൈ ചെയ്യുകയാവുന്നത് ?

  സംവിധായകന്‍ ആണോ എന്നറിയില്ല. ഞാനാ സിനിമ കണ്ടില്ല. അതിനെ കുറിച്ചെഴുതിയ ലേഖകന്‍ ക്ലാസ്സ്മേറ്റിനെ കുറിച്ചുള്ള ലേഖനത്തിലും ഇവിടെയും സംസ്കാരിക സിംബലാ‍യി പര്‍ദ്ദയെ ഗ്ലോറിഫൈ ചെയ്യുക തന്നെയാണു ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സമരായുദ്ധം എന്ന നിലയില്‍ പര്‍ദ്ദ എത്ര ദുര്‍ബലമാണ് എന്ന് തീരിച്ചറിയുമ്പോള്‍ പ്രത്യേകിച്ചും.

  ഓഫ്:
  റ്റെമ്പ്ലീറ്റ് മാറ്റിയതിനു നന്ദി.
  കമന്റ്സ് എങ്ങിനെ ആണു മെയിലില്‍ കിട്ടുക?

 21. nalanz says:

  ഇതെവിടെയുമെത്തുമെന്നു തോന്നുന്നില്ല ഡാലി… 🙂

  നിസ്കാരത്തഴമ്പിനെയും ചന്ദനക്കുറിയേയും പറ്റിയുള്ള പരാമര്‍ശങ്ങളോടുള്ള ഡാലിയുടെ നിരീക്ഷണങ്ങളോടു യോജിക്കുന്നു.
  പര്‍ദ്ദയെ ഗ്ലോറിഫൈ ചെയ്യാനുള്ള ശ്രമം ആദ്യ ലേഖനത്തിലുണ്ടായിരുന്നതുകൊണ്ടാണല്ലോ ഞാനും അതവിടെ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ ഞാന്‍ ഡാലിയോടൊപ്പം നില്‍ക്കുന്നു. ഇടതുപക്ഷക്കാരില്‍ നിന്നും ഇത്തരം വീഴ്ചകള്‍ ഗൌരവത്തോടു കാണേണ്ടതു തന്നെ.

  പക്ഷെ രണ്ടാമത്തെ ലേഖനത്തിലിതിന്റെ തുടര്‍ച്ചയുണ്ടെന്നു കരുതാന്‍ വയ്യ.

  ഞാന്‍ പറഞ്ഞതിത്ര മാത്രം.
  സിനിമയെപ്പറ്റിയുള്ള ലേഖനം
  ഡാലിയായിരുന്നു ആ ലേഖനമെഴുതിയതെങ്കില്‍. അതില്‍ സംവിധായകന്‍ ചെയ്തത് തെറ്റാണു എന്നു വിധിയെഴുതിയെങ്കില്‍, കാരണം പര്‍ദ്ദയിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി അധിനിവേശത്തെ ന്യായീകരിക്കാന്‍ സിനിമകൂടി ഉപകരണമായി എന്നു പറഞ്ഞാല്‍, അത് പര്‍ദ്ദയെ ഗോറിഫൈ ചെയ്യാനുള്ള ശ്രമമായി ഡാലിയില്‍ ആരോപിക്കാ‍നാവില്ല.

  “തീര്‍ച്ചയായൂം ഇല്ല. പര്‍ദ്ദ എന്ന ഇഷ്യൂവിന്റെ പേരിലോ ആരാജ്യ്യത്തിന്റെ ഏകാധിപത്യത്തിന്റെ പേരീലോ‍ ഒരു പരമാധികാര രാജ്യത്തെ മറ്റൊരു രാജ്യത്തിന് ആക്രമിക്കാനാവുമെന്ന് കരുതുന്നേ ഇല്ല. ഇത് വേറെ ഒരു ചര്‍ച്ചയാണ്“

  ആ സിനിമയെപ്പറ്റിയുള്ള ലേഖനം ഡാലി പറഞ്ഞ ‘വേറൊരു ചര്‍ച്ച‘യായിരുന്നുവെന്നാണു ഞാന്‍ മനസ്സിലാക്കിയത്. അല്ലാതെ പര്‍ദ്ദയെ ഗ്ലോറിഫൈ ചെയ്യലല്ല അതിന്റെ ഉദ്ദേശം

  മറ്റൊന്ന്.
  പര്‍ദ്ദ, മുസ്ലിങ്ങള്‍ മാത്രമുപയോഗിക്കുന്നതുകൊണ്ട് മതചിഹ്നമായി കരുതപ്പെടും. ഇതിനെ (പര്‍ദ്ദയെ) എതിര്‍ക്കുമ്പോള്‍ അതു മതത്തെയെതിര്‍ക്കുന്നുവെന്നാക്കിത്തീര്‍ക്കാന്‍ എളുപ്പമാണു. ഇതു പല ഇടതുപക്ഷക്കാരും മനസ്സിലാക്കാതെ പോകുന്നുണ്ട്. അതുകാരണം മതത്തെ സംരക്ഷിക്കുന്ന കൂട്ടത്തില്‍ അറിയാതെ പര്‍ദ്ദയും സംരക്ഷിക്കപ്പെടും.
  ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാലേ ശ്രദ്ധയില്‍പ്പേടൂ. അതിനു നമുക്ക് ബ്ലോഗുഗള്‍ പ്രയോജനപ്പെടുത്താം.
  സത്യത്തില്‍ മതങ്ങള്‍ തന്നെ സംരക്ഷിക്കേണ്ടതില്ലെനന്നും എതിര്‍ക്കപ്പെടേണ്ടതാണുമെന്നുമുള്ള ബോധം വളര്‍ത്തേണ്ടതുണ്ട്

  ഓഫ്: കമന്റു മെയിലില്‍ വരാന്‍, കുറച്ചു കാശു ചിലവുണ്ട്, css എഡിറ്റ് ചെയ്യേണ്ടിവരും എന്നാണു മനസ്സിലാക്കിയത്. ഇത് ഫ്രീ ഓപ്ഷനാക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്

 22. ഡാലി says:

  ചര്‍ച്ച എവിടെയുമെത്തില്ല എന്ന മുന്‍‌വിധി എന്തിനാ‍ണ് നളാ? എനിക്കങ്ങനെ പിടിവാശികള്‍ ഒന്നും ഇല്ല. 🙂

  “സത്യത്തില്‍ മതങ്ങള്‍ തന്നെ സംരക്ഷിക്കേണ്ടതില്ലെനന്നും എതിര്‍ക്കപ്പെടേണ്ടതാണുമെന്നുമുള്ള ബോധം വളര്‍ത്തേണ്ടതുണ്ട്.” ഇത്രയേ ഉള്ളൂ കാര്യം. സാംസ്കാരിക ചിഹ്നങ്ങളായ് പ്രതിലോമകരമായ മതചിഹ്നങ്ങളെ വളര്‍ത്തേണ്ടതില്ല തന്നെ. അത് ഭൂരീപക്ഷത്തിന്റെ ആയാലും ന്യൂനപക്ഷത്തിന്റെ ആയാലും.

  ഡാലി ആയിരുന്നു ആ ലേഖനം അതില്‍ സംവിധായകന്‍ ചെയ്തത് തെറ്റാണ് എന്ന് ചിന്തിക്കാന്‍ ന്യായം കാണുന്നില്ല.സുന്ദരമായ ഒരു കോണിലൂടെ സിനിമയെ നോക്കി കാണാനാവും എന്ന് ഈ ലേഖനം തന്നെ അവസാന പാരയില്‍ ഒഴിച്ച് കാണിച്ചു തരുന്നുണ്ട്. അവസാന പാര വല്ലാതെ മുഴച്ചിരിക്കുന്നതായി തോന്നുന്നത് കേരളത്തിലെ ഇടത് പക്ഷത്തിന്റെ ഭൂരിപക്ഷത്തെ കുറിച്ചുള്ള അനാവശ്യമായ ആധിയല്ലാ‍തെ മറ്റൊന്നുമല്ല. ആ അവസാന പാരയില്ലെങ്കീലും ലേഖനം പൂ‍ര്‍ണ്ണമാണ്. അതില്ലാതിരിക്കുന്നതാണ് കൂടുതല്‍ സുന്ദരവും. ആ പാര വന്നത് മുന്‍പോസ്റ്റിന്റെ അബോധത്തില്‍ പര്‍ദ്ദയെ ഒരു സാംസ്ക്കാരികചിഹ്നമായി ഗ്ലോറീഫൈ ചെയ്യുന്നതില്‍ നിന്നാണെന്ന് ഞാന്‍ കരുതുന്നു. ‘അല്ല‘ എന്ന് നളന്‍ പറഞ്ഞാല്‍ ഒരു വാദത്തിന് സമ്മതിച്ച് തരാനും എനിക്ക് മടിയില്ല.

  എന്നാല്‍ മതങ്ങളും അവയെ പിന്‍‌പറ്റിയ സംസ്കാരിക ചിഹ്നങ്ങളും സംരക്ഷിക്കേണ്ട ബാധ്യത എന്തുകാരണങ്ങള്‍ക്ക് മുകളില്‍ ആയാലും നമുക്കില്ലെന്ന് പറയുന്നിടത്ത് നമ്മള്‍ ഒരേ പോയിന്റില്‍ എത്തി എന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

  ഞാന്‍ പറഞ്ഞ ‘വേറൊരു ചര്‍ച്ച‘ ആ ലേഖനം അഡ്രസ്സ് ചെയ്യുന്നുണ്ടെന്ന് തോന്നിയില്ല.ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അഫ്ഗാന്‍ ആക്രമണത്തിനു മുന്‍പ് ‘ആര്‍ ആരെ ആക്രമിച്ചാല്‍ തെറ്റ്‘ എന്ന യു.എന്‍ ഡെഫിനിഷന്‍ മാറ്റം വന്നതിനെ കുറിച്ചാണ്.

  ഓഫ്: കേരളവിദ്യാഭ്യാസം ഉപയോഗിക്കുന്ന റ്റെമ്പ്ലീറ്റ് ഉപയോഗിച്ചാല്‍ കമന്റ്സിന്റെ ഫീഡ് എടുക്കുവാന്‍ സൌകര്യമുണ്ട്.

 23. nalanz says:

  മുന്‍‌വിധിയൊന്നുമല്ല ഡാലി, പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു അത്രേയുള്ളൂ. 🙂

  വേറൊരു ചര്‍ച്ച എന്നു പറഞ്ഞത്, അത് ഡാലിയുടെ കമന്റിലെ വാക്കുകളെ ഉപയോഗിച്ചുവെന്നേ ഉള്ളൂ, പ്രത്യേകിച്ചു ‘വേറോരു’ (ഡാലി ഉദ്ദേശിച്ച) ചര്‍ച്ചയെ ഉദ്ദേശിച്ചിട്ടില്ല.

  ഓഫ്: ആ ടെമ്പ്ലേറ്റ് ഉപയോഗിച്ചു നോക്കാം, എങ്കിലും സംശയമാണു. ഉടമസ്ഥര്‍ക്കാല്ലാതെ മറ്റാര്‍ക്കെങ്കിലും കമന്റ് നോട്ടിഫിക്കേഷന്‍ കിട്ടുന്നുണ്ടോ?

 24. nalanz says:

  To subscribe to comments feed in reader you can use this.
  http://xxxxx.wordpress.com/comments/feed – substitute xxxx accordingly

 25. ഡാലി says:

  നളാ അവസാന കമന്റിലെ കാര്യം ആദ്യ കമന്റുകളില്‍ നിന്നും തിരിഞ്ഞു കിട്ടിയിരുന്നില്ല. ക്ഷമയോടെ മറുപടി കമന്റിട്ടതിന് നന്ദി, ഫീഡിനും.

 26. nalanz says:

  http://workersforum.blogspot.com/2008/05/blog-post_18.html?showComment=1214848920000#c964264156736005951

  വര്‍ക്കേര്‍സ് ഫോറത്തിന്റെ ബുര്‍ഖ പോസ്റ്റിനെപ്പറ്റിയുള്ള എന്റെ ചോദ്യത്തിനുള്ള മറുപടി വന്നിട്ടുണ്ട്. കോം‌പ്രിഹെന്‍സിവ് ബുര്‍ഖ പോസ്റ്റ് ഉടനേ ഇടാമെന്ന്.

 27. ഡാലി says:

  അതില്‍ കമന്റ്സ് സബ്‌സ്ക്രൈബ് ചെയ്തിരുന്നത് കൊണ്ട് ഇത് കണ്ടിരുന്നു. പോ‍സ്റ്റിനായി വെയ്റ്റ് ചെയ്യാം.
  കേരളത്തില്‍ മാറാടും, ഇന്ത്യയില്‍ ഗുജറാത്തിലും ബൂര്‍ഖയെ എങ്ങനെ കാണുന്നു ലേഖകന്‍ എന്നേ അറിയേണ്ടൂ.

 28. വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം

 29. പിങ്ബാക്ക് Muslim Woman TV Anchor Faces Backlash in India Over ‘Uncivilized’ Veil Comment · Global Voices

 30. പിങ്ബാക്ക് Muslim Woman TV Anchor Faces Backlash in India Over ‘Uncivilized’ Veil Comment | OccuWorld

 31. പിങ്ബാക്ക് Kazna Šibanjem Spikerki na Muslimanskoj TV u Indiji Zbog ‘Necivilizovanog’ Komentara o Feredži · Global Voices na srpskom

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: