Responsibility

Vote For LDF

Say NO to Fascism
Say NO to Corporate Raj
Vote for LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!

മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!

പണ്ട് ഭൂമി ഉരുണ്ടതാനെന്നു പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയ മതാധികാരികളൊക്കെ ഇന്നു മറ്റൊരു സത്യം കേട്ടപ്പോള്‍ വീണ്ടു തുള്ളുകയാണു, കൂടെ തുള്ളാന്‍ കുറേ ഏമ്പോക്കികളും. 

സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു. മനുഷ്യാവകാ‍ശലംഘനത്തെ പ്രോത്സാഹിപ്പിക്കാനും തെരുവിലിറങ്ങുന്ന വിചിത്രമായ കാഴ്ചയാണു നമ്മുടെ നാട്ടില്‍ ഏഴാ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ ഇപ്പോഴരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സഭാധികാരികള്‍ ഇതു പറയുന്നത് മനസ്സിലാക്കാം. മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് സഭയെങ്ങനെ സഹിക്കും, അതും സ്വാതന്ത്ര്യത്തെ മുട്ടുതല്ലിയൊടിച്ച് ‘മുടന്തന്‍ സ്വാതന്ത്ര്യത്തെ‘ കുഞ്ഞാടുകള്‍ക്കു വലിയൊരു ഔദാര്യമെന്ന മട്ടില്‍ കൊടുത്തു ശീലിച്ച സഭാധികാരികള്‍ക്ക് യഥാര്‍ത്ഥ സ്വാ‍തന്ത്ര്യം പേടിസ്വപ്നമാകുന്നതില്‍ അത്ഭുതപ്പേടേണ്ടതില്ല. ഒലിച്ചു പോകുന്നത് അധികാരമാകുമ്പോള്‍ പ്രത്യേകിച്ചും.

മനുഷ്യാവകാശങ്ങളെയോ ജനാധിപത്യ അവകാശങ്ങളെയോ അംഗീകരിക്കാത്തവര്‍ക്ക് ആ സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള അവകാശമില്ല. സഭയ്ക്കു ഇതംഗീകരിക്കാത്ത കുഞ്ഞാടുകളുമായി ഇന്ത്യ വിട്ടുപോകാനുള്ള അവകാശമുണ്ട്, കാട്ടിലേക്കോ, വത്തിക്കാനിലേക്കോ..

ഇതിനെ പിന്തുണച്ചുകൊണ്ട് കെ.എസ്.യു. കോമാളികളും തെരുവിലിറങ്ങിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ക്കും പെട്ടെന്നു ജനാധിപത്യവും, മനുഷ്യാവകാശങ്ങളും ഹറാമാ‍യിരിക്കുന്നു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു കുരുതികൊടുക്കാന്‍ ഇവര്‍ക്കു ‘മനുഷ്യാവകാശങ്ങളെ’ മാത്രമേ കിട്ടിയുള്ളോ? എരണം കെട്ട വര്‍ഗ്ഗം.

മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കുതിരകയറ്റത്തിനുനേരെയുള്ള പ്രതിഷേധംകൂടിയാണീ കുറിപ്പ്.

സാരിയും പീഡനവും.

ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍‌മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.

മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.

സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.

ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.

രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?

രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.

സൌന്ദര്യവും ലോഹിതദാസും

അവിട്ടം നാളില്‍ സൂര്യ റ്റി.വി. യില്‍ ലോഹിതദാസുമായുള്ള അഭിമുഖത്തിന്റെ കുറച്ചു ഭാഗം കാണാനിടയായി. ലോഹിതദാസ് സിനിമയായ കന്മദത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ലോഹിതദാസ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണു്.
ഒന്ന്:
ചോദ്യം കന്മദത്തിലെ മഞ്ചുവാര്യരുടെ കഥാപാത്രത്തെപ്പറ്റിയായിരുന്നു. ശക്തമായ ഒരു കഥാപാത്രമായിരുന്നിട്ടുകൂടി ഒടുവില്‍ മോഹന്‍ലാലിന്റെ നായകപാത്രത്തിനോടു കീഴടങ്ങുന്നതിനെക്കുറിച്ച്.
ലോഹിതദാസിന്റെ മറുപടി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൊതിവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴമയുടെ മഹത്വവല്‍ക്കരണത്തിലൂടെയായിരുന്നു. ഏതൊരു സ്ത്രീയുടേയും ആത്യന്തികാഭിലാഷം പുരുഷനു കീഴടങ്ങുക എന്നതു തന്നെയാണു. തനിക്കു കീഴടങ്ങാന്‍ പറ്റിയ ഒരു പുരുഷനെ കണ്ടെത്തിയ മഞ്ചു പിന്നീടു ശാന്തയാണു, അതിനു മുന്‍പു വരെയുള്ള പ്രകടനമെല്ലാം(തന്റേടവും മറ്റും) ഒരു മറയാണു് (അന്ത്യാഭിലാഷത്തിലേക്കുള്ള). അന്ത്യാഭിലാഷം (കീഴടങ്ങല്‍) സഫലമാകുന്നതോടെ ആ മറ നീങ്ങുന്നു.
ഇതിനോടു ചേര്‍ത്ത്, സ്ത്രീ-പുരുഷ സംഘര്‍ഷം അനാവശ്യമാണെന്നും, രണ്ടു പേരും തുല്യരാണെന്നും, പുരുഷനു കീഴടങ്ങുക ആത്യന്തിക കര്‍മ്മമാണെങ്കിലും സംഘര്‍ഷമല്ല മറിച്ച് സ്ത്രീ-പുരുഷ ലയനമാണു സംഭവമെന്നൊക്കെ സുഖിപ്പിക്കുന്ന വാക്കുകളും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
സ്ത്രീയും പുരുഷനും തുല്യരാണു, എന്നാലും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരു നൂറ്റാണ്ടു കൂടുതല്‍ തുല്യനാണെന്ന്!
ചുരുക്കിപ്പറഞ്ഞാല്‍ ഒരേ സമയം സ്ത്രീ-പുരുഷ തുല്യതയെന്ന ആധുനിക ആശയങ്ങളെ അംഗീകരിക്കുകയും, അതും പഴമയിലെ കാഴ്ചപ്പാടിനുതകുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടും തമ്മില്‍ വൈരുദ്ധ്യമില്ലെന്നു വരുത്താനുള്ള ശ്രമവുമാണിവിടെ.
ലോഹിതദാസുള്‍പ്പടെ പലരും പഴമയുടെ റൊമാന്റിക്സാണു. ഇതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ പഴമയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ചാല്‍ പോരെ? ശരികളും തെറ്റുകളുമൊക്കെ കാലചക്രത്തിലൂടെ മാറ്റത്തിനു വിധേയപ്പെടുമെന്നിരിക്കെ പഴയ തെറ്റുകളെ (അന്നത്തെ ശരികളെ) വെള്ളപൂശേണ്ടതുണ്ടോ ?
ഈ ഒരു വിഷയത്തില്‍ മാത്രമല്ല, നമ്മൂടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട പല കാര്യങ്ങളിലും കണ്ടുവരുന്ന പൊതുവായ ഒന്നാണിതു്.
തെറ്റുകളെ മനസ്സിലാക്കി തിരുത്തി മുന്നേറുന്ന സമൂഹത്തിനു ആ തെറ്റുകളേറ്റു പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ല. തെറ്റുകള്‍ വരുത്താത്ത പെര്‍ഫെക്റ്റായ ഒരു സമൂഹമാണെന്നെന്തിനാണിത്ര വാശി. നമ്മള്‍ മനുഷ്യരല്ലെന്നുണ്ടോ?
 

രണ്ട്:
നാണം എന്നത് സ്ത്രീയുടെ സൌന്ദര്യത്തിന്റെ ഭാഗമാണു (ലജ്ജയ്ക്കും ഈ പറയുന്നത് ബാധകമാണു). അതു സ്ത്രീയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. നാണിക്കുന്നതിലെന്താണു തെറ്റ്. പുരുഷനും നാണിക്കുന്നുണ്ടല്ലോ! – ഇതായിരുന്നു രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാതല്‍.
പക്ഷെ ഇതിലൊക്കെ രസകരമായിത്തൊന്നിയത് ഇതിനായദ്ദേഹം നിരത്തിയ ഉദ്ദാഹരണമാണു്. കുട്ടികള്‍ നാണിക്കുന്നത് കാണാന്‍ നല്ല ചന്തമല്ലേ, നമ്മളതിഷ്ടപ്പെടുന്നില്ലേ. സത്യത്തില്‍ ചോദ്യം ചോദിച്ചയാള്‍ക്കുത്തരം മുട്ടിപ്പോയി.

കുട്ടികളുടെ നാണം മാത്രമല്ല, കുസൃതികളുള്‍പ്പടെ എല്ലാ പ്രവര്‍ത്തികളും നമ്മളിഷ്ടപ്പെടുന്നതാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല.  അത് സൌന്ദര്യാ‍ത്മകമായി തോന്നുന്നത് വാത്സല്യം മൂലവും നമ്മളതിഷ്ടപ്പെടുന്നതുകൊണ്ടുമാണു്. ഇഷ്ടപ്പെടാത്തവരുടെ നാണവും കുസൃതിയും ഒന്നും സൌന്ദര്യാത്മകമായി ഭവിക്കുമെന്നു തോന്നുന്നില്ല.
കുട്ടികളുടെ ഒരു പ്രവര്‍ത്തിയുമായി താരതമ്യപ്പെടുത്തുക വഴി തന്റെ കാഴ്ചപ്പാടിനുതകുന്ന തെറ്റായ ഒരുദ്ദാഹരണം സൌകര്യപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ബോധപൂര്‍വ്വമാണെന്നു പറയുന്നില്ല, എന്നാല്‍ അങ്ങിനെ ആകാനുള്ള സാധ്യതയില്ലെന്നില്ല.

നാണം സ്ത്രീയുടെ മാത്രം സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണോ അതോ പുരുഷന്‍ നാണിക്കുമ്പോ‍ള്‍ പുരുഷന്റെ സൌന്ദര്യവും വര്‍ദ്ധിപ്പിക്കുമോ? നാണിച്ചു നില്‍ക്കുന്ന പുരുഷനെ ഇഷ്ടപ്പെടുന്നതാരാണു് ? ആരുമില്ലെന്നര്‍ഥമില്ല, എന്നാല്‍ ആ ഇഷ്ടപ്പെടലിന്റെ കാര്യകാരണങ്ങളെക്കുറിച്ചന്വേഷിക്കുന്നത് രസകരമായിരിക്കും.
നാണത്തില്‍ വിധേയത്വത്തിന്റെ ഒരംശമുണ്ട്. ഒരു പക്ഷെ പുരുഷനതിഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം (നാണമല്ല വിധേയത്വം) നാണത്തില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്. നമ്മുടെ മേധാവിത്വമുറപ്പിക്കുന്ന ഏതു ഭാവവും നമ്മളിഷ്ടപ്പെടുക സ്വാഭാവികം മാത്രം, അതുവഴി അതില്‍ സൌന്ദര്യം ദര്‍ശിക്കുന്നതും. ഇപ്പറഞ്ഞതില്‍നിന്നും ഇഷ്ടപ്പെടുന്നവ മാത്രമാണു സൌന്ദര്യാത്മകമായി ഭവിക്കുന്നുവെന്നര്‍ഥമാക്കേണ്ടതില്ല, എന്നാല്‍ ഇഷ്ടപ്പെടുന്നതൊക്കെ അങ്ങിനെ ഭവിക്കുമെന്നുമാത്രം.

സൌന്ദര്യമെന്നത് സബ്ജക്റ്റീവായ ഒന്നാണല്ലോ. കാലം ചുരുളഴിയുന്നതിനനുസരിച്ച നമ്മുടെ സൌന്ദര്യ സങ്കല്പ്ങ്ങള്‍ക്കും മാറ്റം സംഭവിക്കുമന്നതില്‍ സംശയമില്ല.

male gaze ഉം സാരിത്തുമ്പും

ഇഞ്ചിയുടെ വേലി പോസ്റ്റിലെ കമന്റുകാളാണീ പോസ്റ്റിനു പ്രേരകമായത്.

സാരിത്തുമ്പ് അറിയാതെ മാറുമ്പോള്‍ സംഭവിക്കുന്ന പുരുഷനോട്ടത്തിനെ പുരുഷ വര്‍ഗ്ഗത്തിന്റെ male gaze ആയി വ്യാഖ്യാനിക്കുന്നതിലൊരുപാകത കാണുന്നു. രണ്ടും രണ്ടാണെന്നാണു പറയാന്‍ ശ്രമിക്കുന്നത്

അതിനല്പം പിറകോട്ടു പോകണം. വേട്ടയാടിയും വേട്ടയാടപ്പെട്ടും കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ചുറ്റുമുള്ള ചലനങ്ങളെപ്പറ്റി ജാഗരൂപനാകുവാന്‍ പഠിച്ചത് വേട്ടയാടപ്പെടുന്ന ഇര എന്ന നിലയ്ക്കാണു. നേരിയ ഒരു ചലനം, അതു കരിയില അനങ്ങുന്നതായാലും വൈക്കോല്‍കൂനിലെ അനക്കമായാലും, എന്തിനു സാരിത്തുമ്പു മാറുമ്പോഴുള്ള ചലനമായാലും അതു നമ്മുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ പോന്നതാണു, മാത്രമല്ല ഇതിനു ആണ്‍-പെണ്‍ ഭേദമുണ്ടാവുകയുമില്ല. ഈ നോട്ടം തികച്ചും involuntary ആയിട്ടുള്ള reflex action മാത്രമാണുതാനും. ഇഞ്ചിയുടെ കൂടെയുണ്ടായിരുന്നതൊരനുജത്തിയായിരുന്നേലും ഇതേ നോട്ടം തന്നെയാവുമുണ്ടാവുക. അതുകൊണ്ടാണു പറഞ്ഞത്, ഇതിനെ ഒഴിവാക്കണമെങ്കില്‍ നേരത്തെ കൂട്ടി ബോധപൂര്‍വ്വമായൊരു തയ്യാറെടുപ്പു വേണം. അതായത് സാരിത്തുമ്പിതാ മാറാന്‍ പോകുന്നുവെന്നു സ്ത്രീക്കു മുന്നറിയിപ്പു തരാന്‍ കഴിയണം :)

male gaze എന്നത് ഇഞ്ചി പറഞ്ഞ പോലെ മുന്തിയ വര്‍ഗ്ഗത്തിന്റെ നോട്ടമാണെന്നു തോന്നുന്നില്ല. പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ മാത്രമേ അങ്ങിനെയൊരു വാദത്തിനു പ്രസക്തിയുള്ളൂ. കേരളമുള്‍പ്പടെ ചിലയിടങ്ങളില്‍ ഇപ്പോഴും ഇങ്ങനെയുള്ള ഫ്യൂടല്‍ അവശിഷ്ടങ്ങളുണ്ടെന്നു സമ്മതിക്കുന്നു. എങ്കിലും ഇതും ഇഞ്ചിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലന്നാണു തോന്നുന്നത്. വിമതന്‍ ഉന്നയിച്ച male gaze എന്നത് പൊതുവേ പുരുഷവര്‍ഗ്ഗത്തിന്റെ ലൈംഗീഗതയുടെ കറപുരണ്ട നോട്ടമാണെന്നാണു തോന്നുന്നത്. സ്ത്രീ ശരീരത്തോടുള്ള ആസക്തിപൂണ്ട നോട്ടം. എങ്കിലും ആനോട്ടത്തിലെപ്പോഴും ആസക്തിയുണ്ടാവണമെന്നില്ല. പല വര്‍ണ്ണങ്ങളുള്ള നോട്ടമായിതിനെ കാണാമെന്നാണെന്റെ പക്ഷം. വിഷയം അല്പം നീണ്ട വിശകലനമര്‍ഹിക്കുന്ന തായതുകൊണ്ടതിലേക്കു കടക്കുന്നില്ല. മാത്രമല്ല മംസിയുള്‍പ്പടെ പലരും അതിനെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് (male gaze) ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും എന്നതാണു ഇതിനെ involuntary ആയിട്ടുള്ള ആദ്യത്തെ നോട്ടത്തില്‍ നിന്നും വേര്‍തിരിക്കുന്നത്.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവര്‍ഗ്ഗം എന്തുകൊണ്ട് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ഈ involuntary പ്രതികരണത്തെ male gaze ആയി വ്യാഖ്യാനിക്കുന്നു ? സത്യത്തില്‍ അതിനുള്ള ഉത്തരം ഇഞ്ചി തന്നെ പറഞ്ഞ പോലെ മറ്റൊരു പ്രതിരോധം തന്നെ. സ്ത്രീ-പുരുഷ സാമൂഹ്യ കല്പനകളില്‍ വേട്ടയാടുന്നവനും-ഇരയും എന്നുള്ള സമവാക്യം പഴയ ഫ്യൂടല്‍ സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ സ്ത്രീ മനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ തെളിവാണു.

സദ്ദാം വധവും പ്രതികരണങ്ങളും

സദ്ദാം ആരാ‍യിരുന്നു ?

ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്ത ഒരു സ്വേച്ഛാധിപതി മാത്രമായിരുന്നോ ?
അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ മതേതര നായകണോ ?
കുവൈറ്റില്‍ അധിനിവേശം നടത്തിയ മറ്റോരു ബുഷ്ഷോ ?
സാമ്രാജിത്വത്തത്തിനു കൂട്ടുനിന്നിട്ടുള്ള മറ്റോരു നേതാവോ ?

ഇതൊക്കെയായിരിക്കാം.

പക്ഷെ ഇതുമാത്രമായിരുന്നില്ല.

മൂന്നാം ലോകത്തിലെ കരുത്തുറ്റ ഒരു ശബ്ദം കൂടിയായിരുന്നു.
അതിലുപരി സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.

സോവിയറ്റ് ചേരിയുടെ പതനത്തോടെ രണ്ടു ചേരികള്‍ മാറി ഒരു unipolar യുഗത്തിലേക്കു അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന്റെ സാക്ഷിപത്രങ്ങളാണു ഇറാഖ് അധിനിവേശവും അതിനുശേഷം നടന്ന സദ്ദാം വധവും. ഇന്നു ഇറാഖ്, നാളെ ഇറാന്‍, അതു കഴിഞ്ഞു മറ്റോന്ന് എന്നാണു സൂചന. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തയാരേയും നശിപ്പിക്കുകയെന്നതാണു സാമ്രാജിത്വസിദ്ധാന്തങ്ങളിലൊന്ന്. നേരിട്ടിടപെട്ടും സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റും അവരതു നടപ്പിലാക്കുന്നു.

ഇങ്ങനെയുള്ള സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക എന്ന ഒറ്റക്കാരണം മതി സദ്ദാം അതിന്റെ പ്രതീകം എങ്ങിനെയായിയെന്നു മനസ്സിലാക്കാന്‍. കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.

ഇറാഖ് അധിനിവേശത്തെപ്പറ്റി ഇങ്ങനെ പറഞ്ഞാല്‍ ചിലര്‍ക്കു മനസ്സിലാവാ‍ത്തതു കൊണ്ടിതിനെ “തെരിവുഗുണ്ടായിസം” എന്നു തന്നെ വിശേഷിപ്പിക്കണം. പച്ചമലയാളത്തില്‍ പോക്രിത്തരം !

ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്.

പിന്നെയീ പ്രതികരണം കൊണ്ടാര്‍ക്കെന്തു പ്രയോജനം എന്നു ചോദിക്കുന്നവരോട് , അതു ജനാധിപത്യത്തിലെ രീതിയാണു. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതുകൊണ്ടെന്തുപ്രയോജനം എന്നു ചോദിച്ചില്ലല്ലോ, ആശ്വാസം!

ശാലീന സൌന്ദര്യം

അടുത്ത കാലത്ത് ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ചര്‍ച്ചചെയ്ത വിഷയം “ഡെയിഞ്ചറസ് മോഡത്സ്” ആയിരുന്നു. മോഡലിങ്ങിനുവേണ്ടി ആരോഗ്യകരമല്ലാത്ത ഡയറ്റിങ്ങിലേര്‍പ്പെടുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയായിരുന്നു ചര്‍ച്ച. തുടക്കം മുതല്‍ കാണാന്‍ സാധിച്ചില്ല. ഒരു ഡോക്ടറും ഒന്നുരണ്ടു മോഡലുകളും പങ്കെടുത്തവരില്‍ പെടും. ചര്‍ച്ചയ്ക്കിടയില്‍ സദസ്സിലെ ഒരു ചങ്ങാതിയുടെയൊരു പരാമര്‍ശമാണീ കുറിപ്പെഴുതാന്‍ പ്രചോദനം. ചങ്ങായിയുടെ മൊഴിയിപ്രകാരമോ മറ്റോ ആയിരുന്നു. “സ്ത്രീ സൌന്ദര്യം എന്നു പറയുമ്പോള്‍ ഞങ്ങളുടെയൊക്കെ മനസ്സിലുള്ളത് ഒരു ശാലീന സൌന്ദര്യമാ…..”

പണ്ടെപ്പോഴോ ബൂലോകക്ലബ്ബില്‍ ഈ വിഷയത്തെപ്പറ്റിയല്ലെങ്കിലും “കാമവും സ്നേഹവും” എന്ന വിഷയത്തെപ്പറ്റി ഫൈസലൊരു പോസ്റ്റിട്ടിരുന്നു (ലിങ്ക് തപ്പാനുള്ള ക്ഷമയില്ല). അബോധമനസ്സില്‍ ഗാഢനിദ്രയിലാണ്ടുകിടക്കുന്ന കാമത്തെപ്പറ്റിയായിരുന്നവിടെ പ്രതിപാദിച്ചിരുന്നത്. ഇവിടെ എന്നെയാകര്‍ഷിച്ചത് ശാലീന സൌന്ദര്യമെന്ന സങ്കല്പത്തിന്റെ അടിവേരുകളാണു്. പുരുഷമേധാവിത്വത്തിലൂന്നിയ പുരുഷന്റെ വീക്ഷണകോണിലൂടെയുള്ളയൊരു സൌന്ദര്യസങ്കല്പമാണിതെന്നു കാണുവാന്‍ ബുദ്ധിമുട്ടില്ല. സ്ത്രീയെങ്ങനെയായിരിക്കണം, എങ്ങനെ പെരുമാറണം എന്നുതുടങ്ങി എല്ലാ കാര്യങ്ങളിലും നിലനിന്നിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ പുരുഷവിവക്ഷയുടെ അടിവേരുകള്‍ കിടക്കുന്നത് പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയുടെ പാരമ്പര്യത്തില്‍തന്നെയാണു്.

ശാലീനതയെന്ന വാക്കില്‍ തന്നെ സ്ത്രീയുടെ പെരുമാറ്റത്തില്‍ അഭികാമ്യമായ (പുരുഷനു) വിനയഭാവം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതുപോലെ വിനയഭാവം ആവശ്യപ്പെടുന്ന പെരുമാറ്റച്ചട്ടങ്ങള്‍ വേറെയുമുണ്ട്. ഈശ്വരവിശ്വാസം, ഭര്‍തൃപരിചരണ തുടങ്ങിയ അഭികാമ്യമായ സ്വഭാവഗുണങ്ങള്‍ സിനിമ പോലുള്ള മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മുടെ സദാചാരബോധത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ നടീനടന്മാരും ഗായകരും(വോട്ട് !!) കിട്ടുന്ന അവസരങ്ങളിലും അനവസരങ്ങളിലുമൊക്കെ തങ്ങളുടെ ഈശ്വരവിശ്വാസം വിളംബരം ചെയ്യുന്നതിനു പിന്നിലും പറയാനുദ്ദേശിക്കുന്നതിപ്രകാരമൊക്കെ “നിങ്ങളെയൊക്കെപ്പോലെ ഞാനൊരു പാവമാണെ (ധിക്കാരിയല്ല !) എന്നോടു സഹതപിക്കണേ“ തന്നെയാണു്.

വിനയമെന്നത് മോശപ്പെട്ട ഒന്നാണെന്ന അഭിപ്രായമൊന്നുമില്ല. യുക്തിയെ നിഷ്ഭ്രമമാക്കുന്ന വിനയത്തിന്റെ ആപത്തു (വിനയത്തിന്റെ ചൂഷണം) പലപ്പോഴും കാണാതെ പോകുന്നുവെന്നുമാത്രം. മനുഷ്യദൈവങ്ങളുടെ ആയുധവും ഇതുതന്നെയല്ലേ. ദൈവവിശ്വാസം-വിനയം-ചാരിറ്റി കോമ്പിനേഷന്റെ മറയെങ്ങിനെ സമര്‍ത്ഥമായുപയോഗിക്കാമെന്നു ചൂഷണത്തിന്റെ ഈ മര്‍മ്മം തിരിച്ചറിഞ്ഞ മനുഷ്യദൈവങ്ങള്‍ കാണിച്ചുതന്നിട്ടുണ്ടല്ലോ.

ഇത്രയും പറഞ്ഞപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ലല്ലോയീ ശാലീനസൌന്ദര്യത്തിന്റെ വക്താക്കളെന്നുള്ളതുകൂടി പറയാതെ വയ്യ. പുരുഷനു വിധേയപ്പെട്ട് ജീവിച്ച മനസ്സിന്റെ സ്വാഭാവികമായ ഒരു സദാചാരബോധം മാത്രമാണു പ്രായംചെന്ന സ്ത്രീകളില്‍ പോലും കാണുന്ന പുരുഷകേന്ദ്രീകിതമായ സൌന്ദര്യസങ്കല്പങ്ങളും പെരുമാറ്റച്ചട്ടങ്ങളും.

സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്നുവെന്നാണു ഫാഷന്‍ ഷോകളെപ്പറ്റി പൊതുവെയുള്ള പരാമര്‍ശം, സത്യത്തിലീ പരാമര്‍ശം ശാലീന സൌന്ദര്യമെന്ന സങ്കല്‍പ്പത്തിനും ഒരുപോലെ ബാധകമാണെന്നുള്ളതാണു വസ്തുത.

വിനയത്തിന്റെ സ്വീകാര്യത, അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി, ശാലീന സൌന്ദര്യം തുടങ്ങിയ സങ്കല്പങ്ങള്‍:

നന്ദനമെന്ന സിനിമയുടെ സ്വീകാര്യത സാധാരണ ജനങ്ങളുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമെന്നനിലയ്ക്കാണു്. ശാലീന സൌന്ദര്യം, ഭക്തി തുടങ്ങിയവ നായികയുമായി സമവാക്യപ്പെടുമ്പോള്‍ ശാലീനതയില്ലാത്ത മോഡേണ്‍ സൌന്ദര്യത്തിനു സമവാക്യം കല്പിക്കുന്നത് ധിക്കാരം അഹങ്കാരം തുടങ്ങിയവയിലൂടെയാണെന്നു പല സൂചനകളും ഇത്തരം സിനിമകളിലുടനീളം കാണാന്‍ കഴിയും. ഇങ്ങനെ സ്വീകാര്യത കുറവായ(ഫ്യൂടലിസ്റ്റ് ചിന്താഗതിക്ക്) ഭാവങ്ങളെ പരിഹസിക്കുവാന്‍ അത്തരം കഥാപാത്രളെ കോമാളിവേഷങ്ങളാക്കുന്നതും പതിവാണു്. ഇപ്രകാരമൊക്കെയാണു മാധ്യമങ്ങളിലൂടെ നമ്മുടെ സൌന്ദര്യബോധത്തെയും രാഷ്ട്രീയസാമൂഹ്യബോധത്തേയും സ്വാധീനിക്കുന്നത്. ഇവിടെ സ്വീകാര്യതയുടെ വിധിനിര്‍ണ്ണയമെങ്ങിനെ പ്രേക്ഷകനില്‍നിന്നും തട്ടിമാറ്റപ്പെടുന്നുവെന്നും കാണാവുന്നതാണു്.

സമൂഹമനസ്ഥിതിയെന്നും കാംഷിക്കുന്നത് അതിനോടു കലഹിക്കാത്ത, വഴങ്ങുന്ന, അടിമപ്പെടുന്നയൊരു മനോഭാവം തന്നെയാണു്. ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ സൌന്ദര്യസങ്കല്പമാണു ശാലീനസൌന്ദര്യമെന്നു പറയുമ്പോഴും ഇതിന്റെ സൌന്ദര്യാത്മകവശം എന്നേയും മഥിപ്പിക്കുന്നുവെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. (ഈശ്വരാ ! ഞാനും ഫ്യൂടലിസ്റ്റോ ?) പക്ഷെ അത് മറ്റേതൊരു സൌന്ദര്യബോധം പോലെ സബ്ജക്റ്റീവാണെന്നു യുക്തി പറയുമ്പോഴും.

സംഭാഷണങ്ങളിലെ സംഘര്‍ഷങ്ങള്‍

നമ്മുടെ മിക്ക പ്രവര്‍ത്തികളിലും അന്തര്‍ലീനമായ അതിജീവനത്തിന്റെ അംശം പലപ്പോഴും തെളിഞ്ഞുവരാറുണ്ട്. സംഭാഷണങ്ങളില്‍ പോലും ഇത്തരമൊരു സംഘര്‍ഷം കാണാന്‍ സാധിക്കും.

റോബിയുടെ ഈ ലേഖനം വായിച്ചപ്പോഴാണു ‘തിന് റെഡ് ലൈന് ‘ വീണ്ടും കാണാന് തോന്നിയതും കുറച്ചുകാര്യങ്ങള് പറയാന് തോന്നിയതും.
ഒരു യുദ്ധവിരുദ്ധ സിനിയായിട്ടായിരിക്കും തിന് റെഡ് ലൈനറിയപ്പെടുക. മനുഷ്യന്റെ ബോധമണ്ഡലത്തില് കുടിയിരിക്കുന്ന സംസ്കാരവും അബോധമണ്ഡലത്തിലെ മൃഗത്തേയും പുറത്തുകൊണ്ടുവരുവാന് ഒരുപക്ഷെ യുദ്ധത്തിന്റെ പശ്ചാത്തലം പോലെ വേറെയൊന്നുണ്ടാവില്ല. പല യുദ്ധവിരുദ്ധസിനിമകളേയും പോലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങള് കൊണ്ടല്ല മാലിക് പക്ഷെ നമ്മെ യുദ്ധവിരുദ്ധരാക്കുന്നത്, മറിച്ച് പച്ചയായ മനുഷ്യന്റെ ബലഹീനതകളിലൂടെയും, അബോധമനസ്സില് കുടിയിരിക്കുന്ന മൃഗീയഭാവവും ഓര്മ്മപ്പെടുത്തിക്കൊണ്ടാണു്. മരണത്തെ മുഖാമുഖം കാണുമ്പോള്, അല്ല മരണത്തിലേക്കറിഞ്ഞുകൊണ്ടോടേണ്ടി വരുന്ന പച്ചയായ മനുഷ്യന്, പട്ടാളക്കാരനായാലും അവനും മനുഷ്യന് തന്നെ. ഭീതിക്കുമുന്നില് ഉരുകിയില്ലാതാകുന്ന അഭിമാനവും, മരണത്തെപ്പോലും വെല്ലുവിളിച്ചു മുന്നേറുന്ന അപാര ധീരതയും (?) , യുദ്ധം പുറത്തുകൊണ്ടുവരുന്ന മനുഷ്യനിലെ മൃഗത്തേയും, നിലനില്പ്പിന്റെ അര്ത്ഥമില്ലായ്മയും, പ്രകൃതിയിലും മരണത്തില്‍ തന്നെയും അര്‍ഥം കണ്ടെത്തുന്ന മനുഷ്യനും ഒക്കെ.

സിനിമയുടെ തുടക്കം തന്നെ പ്രകൃതിയില്ത്തന്നെ അന്തര്‍ലീനമായയൊരു സംഘര്ഷം അടങ്ങിയിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു്.

കരയോടു മല്ലിടുന്ന കടല്.

ഭൌതികവാദിയായ വെല്‍‌ഷ്(ഷോണ്‍ പെന്‍) പിന്നീടു സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കോണ്ട് മുറിവേറ്റുവീണുകിടക്കുന്ന തന്റെ സഖാവിനെ വീണ്ടെടുത്ത ശേഷം അഭിനന്ദനങ്ങള്‍ക്കുനേരെ പൊട്ടിത്തെറിക്കുന്നതും ഒടുവില് പിറുപിറുക്കുന്നത് ‘Its all about property”.

ഭൌതികവാദിയായ വെല്‍‌ഷും ആത്മീയവാദിയായ വിറ്റും(Jim Caviezel) തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധേയമാണു്. ഒരു AWOL (Absent without leave) ആയി കഴിയുന്ന വിറ്റിനെ പിടികൂടി ക്യാമ്പിലേക്കു തിരികെ കൊണ്ടുവരുന്നവേളയില്‍ വെല്‍‌ഷ് അയാളുടെ ഒളിച്ചോട്ടത്തെ (ആത്മീയതയേയും) ശരിക്കും പരിഹസിക്കുന്നുണ്ട്.

“look at you….How many times you’v been AWOL.. You’v been in the army for six years now. Ain’t it about time you smartened up..”

വിറ്റ് : “We cant all be smart”

വെല്‍‌ഷ്: “No we cant. It’s a shame. Look at you”

ഈ പരിഹാസത്തിലൂടെ പുറത്തുവരുന്ന മറ്റോരു വസ്തുതകൂടിയുണ്ട്. താത്വിക തലങ്ങള്‍ക്കുമപ്പുറം വെല്‍‌ഷ് സ്ഥാപിക്കാന് ശ്രമിക്കുന്നതയാളുടെ കേമത്തം തന്നെയാണു. നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും നാമറിയാതെ അബോധമായി പുറത്തുവരുന്നതുമിതുതന്നെയല്ലേ. ഒരാളെ പരിചയപ്പെടുന്നവേളകളിലെ ചോദ്യങ്ങള്. ജാതി , തൊഴില്‍, പദവി തുടങ്ങിയവയെ അറിയാനുള്ള ത്വര. കിട്ടിയ അറിവ് പിന്നീടുള്ള സംഭാഷണത്തിലും പെരുമാറ്റത്തിലും ചെലുത്തുന്ന സ്വാധീനം. സംഭാഷണങ്ങളിലന്തര്‍ലീനമായ സംഘര്‍ഷവും അതിന്റെ പരിണാമവും പിന്നീടുള്ള സംവേദനങ്ങള്‍ക്കടിത്തറയൊരുക്കുന്നു.

വിറ്റിനെ സുഹൃത്തെന്ന ഓദാര്യം കണക്കിലെടുത്ത് കോര്ട്ട് മാര്‍ഷലൊഴിവാക്കി പരിക്കേറ്റവരെ സംരക്ഷിക്കുന്ന ചുമതലയേല്പ്പിച്ചുകോണ്ടുള്ള വെല്‍‌ഷിന്റെ പരിഹാസത്തിനു വിറ്റിന്റെ മറുപടിയും അതേ ഭാവത്തോടുകൂടിത്തന്നെ.

“I can take anything you dish out, I am twice the man you are”. പരോക്ഷമായിത്തന്നെ വിറ്റ് താനാണു കേമനെന്നു പറയുന്നുണ്ടിവിടെ.

ഇതിനു വെല്‍ഷിന്റെ പുച്ഛിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണു.
“In this world a man himself is nothing, and there is no world but this one”.
തന്റെ സാങ്കല്പ്പിക ലോകം യാഥാര്‍ഥ്യമാകേണ്ടതേതാത്മീയവാദിയുടേയും അവകാശമാണു്. ഇവിടെ ആ ലോകത്തെപ്പറ്റിയുള്ള വെല്‍ഷിന്റെ അജ്ഞതയ്ക്കുമേലാണു വിറ്റിന്റെ വിജയം

“You are wrong there Top, I have seen another world. Sometimes I think it was just my imagination.”

ഇതിനു വെല്‍ഷിന്റെ മറുപടി ആ ലോകത്തെത്തന്നെ നിരാകരിച്ചുകൊണ്ടാണു.
“then you are seeing things that I never will”. പഴുതുകളില്ലാതെ വിറ്റിനുമേലുള്ള തന്റെ മികവിനെ സ്ഥാപിച്ചെടുക്കുന്നു.

——————-
-പിന്മൊഴി-
——————

പേരെന്താ ?

മുഴുവന്‍ പേരോ‍ ?

——————-

ജോലി?

മാനേജരാണോ?

തല തിരിഞ്ഞയൊരു ചികിത്സയും വിധേയത്വവും

മുസ്ലീം വനിതകള്‍ മുഖം മറയ്ക്കുന്ന കാഴ്ച കൂടുതലായി കണ്ടു വരുന്നുണ്ട്. കുറച്ചു ദിവസം മുമ്പ് ഹിന്ദു പത്രത്തിലൊരു ലേഖനവും, ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി ഇപ്പറയുന്ന വനിതകള്‍ തന്നെ കാണുന്നതിനെപ്പറ്റി..

ഇവിടെ രോഗി ആരാണു? പുരുഷനല്ലേ. സ്ത്രീയുടെ മുഖം ദര്‍ശിക്കുന്നതിലൂടെ മൃഗീയവാസനകള്‍ പുറത്തുവരുന്നുണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് പുരുഷനെയല്ലേ?. നിലവിലുള്ള സാമൂഹ്യക്രമത്തെ ഉള്‍ക്കൊള്ളുവാനും പാലിക്കുവാനുമുള്ള ബാധ്യത ആ സമൂഹത്തിലെ അംഗമായ പുരുഷനുണ്ട്. വയ്യെങ്കില്‍ മനുഷ്യരില്ലാത്ത വല്ല കാട്ടിലേക്കും മാറിപ്പാര്‍ക്കണം.
ഇതിനു പകരം സ്ത്രീകളെക്കൊണ്ട് മുഖം മറപ്പിക്കുന്നത് കാടത്തമാണു്.
ഈ തലതിരിഞ്ഞ ചികിത്സയ്ക്കു പിന്നില്‍ അധികാരത്തിന്റെ സ്വരമാണുള്ളതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. മതത്തിന്റെ നിലനില്‍പ്പുതന്നെ ഈ വിധത്തിലുള്ള പല അധികാരങ്ങളുടെ അവകാശം നിലനിറുത്തുന്നതിലൂടെയാണു.

സംഘടിതമല്ലാതിരുന്ന ഹിന്ദുമതത്തിനേയും ഒരു സംഘടിതരൂപത്തിലേക്കു കുടിയിരുത്താനുള്ള ശ്രമങ്ങള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ഹിന്ദുവനിതകള്‍ ധരിക്കേണ്ടുന്ന ‘വസ്ത്രക്രമങ്ങള്‍’ കോളെജുകളിലും മറ്റും നടപ്പിലാക്കാനുള്ള ശ്രമങ്ങളെപ്പറ്റി വായിച്ചതും ഇത്തരത്തിലുള്ള അധികാരം സ്വരൂപിക്കലിന്റെ ഭാഗമായിട്ടു വേണം കാണേണ്ടത്.
ഈ വിധത്തിലുള്ള ചൂഷണങ്ങള്‍ക്കുനേരെ പ്രതികരിക്കുന്നതിനു പകരം അവയ്ക്കുനേരെയൊരു വിധേയമനോഭാവം വച്ചു പുലര്‍ത്തുകയാണീ വിധേയര്‍ ചെയ്യുന്നത്. ഇവരെക്കൊണ്ടുതന്നെ ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി പറയിപ്പിക്കാന്‍ കഴിയുന്നത് മുമ്പ് പറഞ്ഞ അധികാരത്തിന്റെ പിന്‍ബലത്തിലാണു്. നാക്കു മുറിച്ചുകളയപ്പെട്ടാല്‍ മുറിഞ്ഞ നാക്കിന്റെ മേന്മയപ്പറ്റി പ്രഭാഷണം വരെ നടത്താന്‍ ഈ ഒരു മനോഭാവത്തിനു മാത്രമേ കഴിയൂ. ‘പട്ടേലരുടെ സെന്റിന്റെ മണം’ നുകരുന്ന തൊമ്മിയുടെ മുഖം.

ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ മാറ്റാതെയും, അധികാരത്തിന്റെ കേന്ദ്രങ്ങളെ വെല്ലുവിളിക്കാതെയും ഒരു നവോത്ഥാനത്തിനുള്ള സാധ്യത കാണുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ വരേണ്ടത് ഈ വിധേയരില്‍ നിന്നും അവരുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണു്. അടുത്ത കാലത്ത് ശബാനാ ആസ്മിയുടെ സ്വരം ഉയര്‍ന്നുകേട്ടെങ്കിലും അധികാരിവര്‍ഗ്ഗത്തിന്റെ ഗര്‍ജ്ജനത്തില്‍ മുങ്ങിപ്പോവുന്ന കാഴ്ചയാണു കാണേണ്ടി വന്നത്. നാളെ ഒരു പക്ഷെ അതേറ്റുപിടിക്കാന്‍ ആളുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.

Follow

Get every new post delivered to your Inbox.